ഒരു കാര്യം ഉറപ്പ് ആണ്, ലോകം പഴയ പോലെ ആയിത്തീരാൻ മാസങ്ങൾ, ചിലപ്പോൾ ചിലയിടങ്ങൾ ഏതാനും വർഷങ്ങൾ എടുക്കും

85

ഡോ ഗംഗ എസ്

ലോക്ക് ഡൗൺ നീണ്ടു പോയാലും ഇല്ലെങ്കിലും, കൊറോണയെ കഠിന പ്രയത്നം കൊണ്ട് പിടിച്ചു കെട്ടിയാലും , ഒരു കാര്യം ഉറപ്പ് ആണ്, ലോകം പഴയ പോലെ ആയിത്തീരാൻ മാസങ്ങൾ, ചിലപ്പോൾ ചിലയിടങ്ങൾ ഏതാനും വർഷങ്ങൾ എടുക്കും. ഇപ്പോൾ നമുക്ക് ഏതാനും മാസങ്ങൾക്കു ആവശ്യത്തിന് ഭക്ഷണം സംഭരിച്ചിട്ടിട്ടുണ്ട്. പക്ഷെ ഒരു വറുതിക്കാലം , ചെറുതോ വലുതോ പിന്നാലെ കാത്തിരിക്കുന്നു. കൃഷി കാലാവസ്ഥയും ഋതുക്കളും അനുസരിച്ചു ചെയ്യുന്നതാണ്.കൃഷി ചെയ്യേണ്ടവർ, ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിയ്ക്കേണ്ട മനുഷ്യ ഊർജ സ്രോതസ് ആണ് ലോക്ക് ഡൗണിൽ പെട്ടത്. അവർക്ക് വിത്തും വളവും നൽകാനുള്ള കച്ചവടക്കാർ ആണ് അടച്ചു പൂട്ടി ഇരിയ്ക്കുന്നത്. ഇനി അഥവാ ഉണ്ടാക്കുന്നുണ്ടെങ്കിൽ തന്നെ ഭക്ഷ്യ വസ്തുക്കൾ മേടിയ്ക്കാൻ ശേഷി ഉള്ളവർ, വരുമാനം ഇല്ലാതെ, തൊഴിൽ ഇല്ലാതെ ഇരിയ്ക്കുന്നു. അത്‌ കൊണ്ട് ഭക്ഷണ വസ്തുക്കൾ പാകം ചെയ്തത് ആകട്ടെ പാകം ചെയ്യാത്തത് ആകട്ടെ പാഴാക്കരുത്.
.
ദീർഘ നാൾ ഇരിയ്ക്കുന്ന സാധനങ്ങൾ പ്രത്യേകിച്ച്, കഴിവതും കരുതി വയ്ക്കാം. അല്ലെങ്കിൽ തന്നെ ലോകത്ത് ഉല്പാദിപ്പിയ്ക്കുന്ന 50% ഭക്ഷ്യ വസ്തുക്കളും പാഴായിപ്പോകുന്നു എന്നാണ് . ഇപ്പോൾ ഈ വെറുതെ ഇരിയ്ക്കുന്ന കാലത്ത്, വിശ്രമ വേളകളിൽ, ആവുന്നിടത്തോളം കൃഷി ചെയ്യാൻ സാധിയ്ക്കുന്നവർക്ക് ചെയ്യാം. ഒന്നും പാഴായിപ്പോകില്ല.ഭാവിയിൽ നല്ല വില കിട്ടാനും സാധ്യത ഉണ്ട്.( ഞാൻ ഒരു കുഞ്ഞു ഫ്ലാറ്റിൽ ആയത് കൊണ്ട് കൃഷിയ്ക്ക് വലിയ സ്കോപ്പ് ഇല്ല. എന്നാലും ഇഷ്ടം ആണ്.) ഇറക്കുമതി ചെയ്യാം എന്ന് വച്ചാലോ മിക്കവാറും രാജ്യങ്ങളിൽ കൊറോണ എന്ന വെട്ടുക്കിളി ശല്യം കൊണ്ട് കൃഷി കുറേ ഒക്കെ ശ്രദ്ധയും പരിപാലനവും ശരിയായ വിധത്തിൽ കിട്ടാതെ നഷ്ടപ്പെട്ടു പോയിട്ടുണ്ടാവും. എല്ലാ രാജ്യങ്ങളും പഴയ പോലെ ആകാൻ സമയം എടുക്കും. വികസിത സമ്പന്ന രാജ്യങ്ങളെ പോസ്റ്റ്‌ കൊറോണക്കാലത്തു ദാരിദ്ര്യമോ ക്ഷാമമോ കാര്യമായി ബാധിയ്ക്കില്ല എങ്കിലും മൂന്നാം ലോകത്തെ ബാധിയ്ക്കില്ല എന്ന് പറയാൻ വയ്യ.

കൂട്ടത്തിൽ വളർത്തു പക്ഷി മൃഗാദികളുടെ എണ്ണത്തിലും കുറവ് വന്നേക്കും. നമ്മുടെ നാട്ടിൽ ഹോട്ടലുകളും കടകളും മറ്റും പൂട്ടിപ്പോയത് കൊണ്ട് , ഇറച്ചി പച്ചക്കറി അവശിഷ്ടങ്ങൾ കിട്ടാനില്ലാത്തത് കൊണ്ട്, അവയും ദുരിതത്തിൽ ആവും.ഇനി ചെറിയ തോതിൽ എങ്കിലും ഇക്കോ സിസ്റ്റത്തിൽ മാറ്റം വന്നേക്കാം. നീണ്ടു പോകുന്നതല്ലെങ്കിൽ കൂടി ലോക്ക് ഡൗൺ വളർത്തു മൃഗങ്ങളുടെ എണ്ണത്തെയും സാരമായി ബാധിയ്ക്കാം. അത്കൊണ്ട് നമ്മുടെ ഭക്ഷണം കരുതുന്ന കൂട്ടത്തിൽ വളർത്തു മൃഗങ്ങൾക്ക് വേണ്ടുന്ന തീറ്റ സാധനങ്ങളും കരുതേണ്ടതുണ്ട്.(ഇപ്പോൾ ഒരു വാർത്ത കണ്ടു കാലിത്തീറ്റ, കോഴിത്തീറ്റകളുടെ ക്ഷാമം ഉണ്ടെന്ന്. )

കൊറോണ വളർത്തു പക്ഷിമൃഗാദികളെ നേരിട്ട് ബാധിയ്ക്കില്ലെങ്കിലും മനുഷ്യരെ ആശ്രയിച്ചു ജീവിയ്ക്കുന്നതായത് കൊണ്ട് പരോക്ഷമായി ബാധിയ്ക്കാൻ സാധ്യത ഉണ്ട്. അത്കൊണ്ട്, സർവ്വ ജീവ ജാലങ്ങളുടെയും രക്ഷയെ കരുതി, എത്രയും പെട്ടെന്ന് കൊറോണ നിയന്ത്രിക്കാൻ സാധിയ്ക്കട്ടെ. മറ്റ് പല രാജ്യങ്ങളിൽ ഇപ്പോൾ തന്നെ കുറച്ചു ഇടങ്ങളിൽ എങ്കിലും കൃഷിയും മൃഗങ്ങളുടെ ജീവിതവും അനശ്ചിതാവസ്ഥയിൽ ആയിരിയ്ക്കാം. അതിന്റെ കണക്കെടുപ്പിനുള്ള സമയമോ സന്ദർഭമോ ഇതല്ല എങ്കിലും ഭാവിയിൽ നമ്മൾ അതും അഭിമുഖീകരിയ്ക്കേണ്ടി വരും. മനുഷ്യർക്ക് മുൻഗണന കൊടുക്കുന്നത് കൊണ്ട്, പക്ഷിമൃഗാദികളുടെ പരിപാലന കാര്യത്തിൽ മനഃപൂർവം അല്ലാതെ തന്നെ വീഴ്ച വന്നിട്ടുണ്ട്. നമുക്ക് കൊറോണയിൽ നിന്ന് എത്രയും പെട്ടെന്ന് കര കേറണ്ടതുണ്ട്.
നീണ്ടു പോകുന്ന കൊറോണക്കാലം നമ്മുടെ ഭക്ഷ്യ സമൃദ്ധിയെക്കൂടെ ആണ് തിന്ന് തീർക്കുക. ഏറെക്കുറെ എല്ലാ രാജ്യങ്ങളും ഭക്ഷ്യ വസ്തുക്കൾ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നുണ്ട്. നമ്മൾ ഉൾപ്പെടെ. കൊറോണ ഒരു മഹാമാരി മാത്രം അല്ല ലോക മഹായുദ്ധം കൂടി ആണ്. മനുഷ്യ രാശി ഒരുവശത്തും കൊറോണ മറുവശത്തും നിന്ന് കൊണ്ടുള്ള യുദ്ധം.ആര് ജയിച്ചാലും തോറ്റാലും,
എല്ലാ യുദ്ധങ്ങൾക്കു ശേഷവും ക്ഷാമം ലഘു ആയോ തീവ്രമായൊ ഉണ്ടാവാറുണ്ട്. ഈ കൊറോണക്കാലം കഴിഞ്ഞു വേണം ഭാവിയിലേക്ക് ഉള്ള ഭക്ഷണസാധനങ്ങൾ ഉണ്ടാക്കേണ്ടത്.

കൊറോണ ആൾ നാശവും രോഗകാലവും മാത്രം അല്ല സമയത്തെ കർമ്മ ശേഷിയെക്കൂടി ഇല്ലാതാക്കുന്നു. അത്കൊണ്ട് എത്രയും പെട്ടെന്ന് ഇതിനെ തുരത്തി ഓടിയ്ക്കുകയും ചെറുത്തു നിൽക്കുകയും ചെയ്തില്ലെങ്കിൽ, ശേഷം ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് മുതലായവ കൊണ്ട് വീണ്ടും നമ്മുടെ സാമ്പത്തികത്തിന്റെ , വിഭവസമൃദ്ധിയുടെ, ക്രയവിക്രയ ശേഷിയുടെ, തുടങ്ങി എല്ലാ രംഗത്തും ക്ഷതമേൽക്കും. ഇന്ത്യ ജനസമ്പത്തു ഉണ്ടെങ്കിലും ഭൂരിഭാഗവും ദരിദ്രരും സാധാരണക്കാരും അന്നന്നു കിട്ടുന്ന കൂലി കൊണ്ട് ജീവിയ്ക്കുന്നവരും ആകയാൽ, കൊറോണയെ അതി ജീവിച്ചാലും പിന്തുടർന്ന് വരുന്ന ക്ഷാമത്തെ കൂടി അതിജീവിയ്ക്കേണ്ടി വരുമോ ? അങ്ങനെ ഒരു ദുരന്തം ഉണ്ടാവാതെ ഇരിയ്ക്കട്ടെ. കർഫ്യൂവിനോട് പൂർണ്ണമായും സഹകരിയ്ക്കൂ. ക്വാറന്റൈൻ കാലം പൂർണ്ണമാക്കൂ. ഓർക്കുക. പൂർണ്ണമായും കൊറോണയെ പിടിച്ച് കെട്ടാതെ ലോക്ക് ഡൗണും പൂർണ്ണമായും പിൻവലിയ്ക്കാൻ സാധ്യത ഇല്ല.