അനവധി വൈദേശിക അധിനിവേശത്തെ അതിജീവിച്ച ഡൽഹി ഈ ഫാസിസ്റ്റുകളെയും അതിജീവിക്കും

111

ഗംഗ എസ്

ഡൽഹി, 132 കോടി ജനങ്ങളുടെ ഭരണ സിരാകേന്ദ്രം.
ഡൽഹി, രാഷ്ട്രീയ, സാംസ്‌കാരിക, പൈതൃക, ശ്രദ്ധാകേന്ദ്രം.
ഡൽഹി, ഏറ്റവും വലിയ ജനാധിപത്യ രാജ്യ മെന്ന് തലയുയർത്തിപ്പിടിച്ച ഭാരത മാതാവിന്റെ ഹൃദയം.
ആ നെഞ്ചിൽ മുറിവേറ്റിരിയ്ക്കുന്നു. ഇനിയും അത്‌ തകർക്കരുത്.
ഡൽഹി, ഇന്ത്യയിലെ, ഏറ്റവും കൂടുതൽ വായു മലിനീകരണം കൊണ്ട് വീർപ്പുമുട്ടിയ നഗരം.
അത്‌ മതവിദ്വേഷത്താൽ കൂടുതൽ വിഷ ലിപ്തമാക്കരുത്.

ഡൽഹി അതിന്റെ മുഴുനീള ചരിത്രത്തിൽ 7 തവണ തകർക്കപ്പെട്ടതും അത്രയും തവണ പുനർ നിർമ്മിയ്ക്കപ്പെട്ടതും ആയ നഗരം.
ഇനിയും ഡൽഹി അതിജീവിയ്ക്കും. പുനർജീവിയ്ക്കും. പുനർസൃഷ്ടിയ്ക്കപ്പെടും
ഡൽഹി, മഹാഭാരതത്തിൽ, പുരാതന ഹസ്തിനപുരം !
ഡൽഹിയെ ഇപ്പോൾ അധിനിവേശിച്ചത് വിദേശികൾ അല്ല. സ്വദേശികൾ ആയ മത വിദ്വേഷികൾ !
ഡൽഹിയെ ഭ്രാന്താലയം ആക്കരുത്.

പ്രകൃതി ദുരന്തം അല്ല മനുഷ്യ നിർമ്മിത ദുരന്തം ആണ് ഡൽഹിയെ ബാധിച്ചിരിയ്ക്കുന്നത്.
നിസ്സഹായരായ ജനം ഒരു വശത്തും ഭരണാധികാരികളും വർഗീയ ശക്തികളും മറുവശത്തും നിന്ന് പോരാടരുത്.
സമാധാനം എന്നത് ഒരു ഭരണകൂടത്തിന്, ജനങ്ങൾക്ക് നൽകാവുന്ന ഏറ്റവും രുചിയുള്ള ഭക്ഷണം ആണ്. ആഭ്യന്തര കലാപം ആകട്ടെ ഏറ്റവും കയ്പേറിയതും.
പാവങ്ങളുടെ ജീവിതോപാധികൾ നശിപ്പിയ്ക്കരുത്. അവർ നിരാലംബർആണ്.

വെറുപ്പിന്റെ വിത്തിൽ മത വിദ്വേഷത്തിന്റെ വടവൃക്ഷം കടുക് മണി പോലെ ഒളിച്ചിരിയ്ക്കുന്നു.
അത്‌ ഡൽഹിയിൽ നിന്ന് വളർന്നു രാജ്യം മുഴുവനും പടർന്നു പന്തലിയ്ക്കാതെ നോക്കേണ്ടത് മനുഷ്യ സ്നേഹികൾ ആയ നിഷ്പക്ഷ മതികളുടെ കടമ ആണ്.
ഡൽഹി ഭരണാധികാരി കേജരിവാൾ ഗൾഫ് യുദ്ധ കാലത്ത് ഇറാഖിനും ഇസ്രായേലിനും ഇടയിൽപ്പെട്ടു ഞെരുങ്ങിയ അമ്മാനെ (ജോർദാൻ ) പ്പോലെ ആണ്.

അധികാരം ഉണ്ടെങ്കിലും ആയുധം എടുക്കാനാവാതെ, കുരുക്ഷേത്ര യുദ്ധത്തിൽ കൃഷ്ണനെപ്പോലെ ഡൽഹിയെ തെളിക്കുന്ന നിരായുധൻ ആയ സാരഥിയാണ് കേജരിവാൾ.
കൃഷ്ണൻ നിരായുധനാവാൻ സ്വയം തീരുമാനിച്ചത് ആണെങ്കിൽ കേജരിവാൾ നിരായുധൻ ആക്കപ്പെട്ടതും ആണ്.
സാധാരണ ജനതയ്ക്ക് അധികാരം ഒന്നും ഇല്ല. വോട്ട് ചെയ്യുക എന്നത് കടമ അല്ലെങ്കിൽ കർത്തവ്യം മാത്രം.
ജീവിയ്ക്കാൻ വേണ്ടി കഷ്ടപ്പെടുന്ന മനുഷ്യർക്ക് ഒപ്പം,
ഡൽഹിയിലെ നിസ്സഹായരും നിരപരാധി കളും കലാപത്തിനിര ആയവരുമായ സാധാരണ മനുഷ്യർക്ക് ഒപ്പം.