ക്ഷേത്രത്തിൽ ഉറഞ്ഞു തുള്ളിയ കുലസ്ത്രീകൾ വായിക്കാൻ പുരാണകഥ ഉദ്ധരിച്ചു ഡോക്ടറുടെ കുറിപ്പ്

169
Dr Ganga S
ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ഉഗ്ര ഭാവത്തിൽ ഗര്ജിയ്ക്കുന്നത് കേട്ടു ഒരു വീഡിയോയിൽ, ഏതോ സിന്ദൂര കാക്ക? യെ കുറിച്ച്.ഞാൻ ഞെട്ടിപ്പോയി. ഇത്രയ്ക്ക് ഉറഞ്ഞു തുള്ളാൻ എന്താണ് സംഭവിച്ചത്?
അവരുടെ മുഖഭാവം കണ്ടപ്പോൾ സാക്ഷാൽ ഭദ്ര കാളിയെ ഓർത്ത് പോയി.ആ അമ്പലത്തിൽ, ചെറുപ്പക്കാരിയ്ക്ക് മാത്രം അല്ല വൃദ്ധർക്കും കാളിയുടെ രൗദ്ര ഭാവം ആവേശിച്ച മുഖവും ശരീര ഭാഷയും വാക്കുകളും.അതിൽ വധ ഭീഷണിയും.പരിപാവനമാണെന്ന് വിശ്വാസികൾ ധരിച്ചു വച്ചിരിയ്ക്കുന്ന ക്ഷേത്രത്തിൽ ആണ് സംഭവം എന്നത് വൈരുധ്യാത്മകം.കുറച്ചു പിന്നോട്ട് പോയി, വായിച്ചിട്ടുള്ള പുരാണകഥകൾ പുറത്തെടുത്തു പരിശോധിച്ചു.
ഇനി അൽപ്പം ഹിന്ദു പുരാണ, ഇതിഹാസ ചരിത്രം ചുരുക്കി പ്രസക്തമായ ഭാഗങ്ങൾ ചേർക്കുന്നു.
വിശ്വാസികൾ പ്രത്യേകിച്ച് ശ്രദ്ധിയ്ക്കുക ! അവിശ്വാസികൾക്കും വായിയ്ക്കാം. കഥ പോലെ. കുഴപ്പമില്ല.
പുരാണത്തിൽ, ശാന്ത സ്വരുപിയായ ഭദ്ര ദുർഗ്ഗ ആയി മാറിയത് എന്തിനായിരുന്നു.?
ദാരികൻ എന്ന സ്ത്രീ വിരുദ്ധനെ വധിയ്ക്കാൻ ആയിരുന്നു അത്‌. ദാരികൻ ഭദ്രയെ ആക്ഷേപിച്ചു. വെല്ലുവിളിച്ചു.മറ്റ് നിവർത്തി ഇല്ലാതെ രൗദ്ര ഭാവം പൂണ്ടു കാളിയായി. ദാരിക വീര പോരിന് വാടാ എന്ന് കാളി. ദാരികന്റെ ശിരസ്സ് അറുത്തിട്ടും ദേവിയുടെ രോഷം ശമിച്ചില്ല. അത്‌ പോലെ ശുംഭ നിശുംഭന്മാരെ വധിയ്ക്കാനും ദേവി രൗദ്ര ഭാവം പൂണ്ടു.ദക്ഷൻ ശിവനെ പരിഹസിച്ചത് കേട്ടിട്ട് ആണ്, സതി അച്ഛനോട് രോഷത്തോടെ സംസാരിച്ചിട്ട് , യാഗാഗ്നിയിൽ ചാടി ആത്മഹത്യ ചെയ്തത്.
പാഞ്ചാലി കൗരവ സഭയിൽ അപമാനിയ്ക്കപ്പെട്ടു. അവർ കോപാകുലയായി ദുര്യോധനൻ, ദുശ്ശാസനൻ, ഭീഷ്മർ, കൃപർ, ശല്യർ, തുടങ്ങിയവരെ എണ്ണിപ്പറഞ്ഞു ശപിച്ചു.
കോപ താപം കൊണ്ട് ജ്വലിച്ച ദ്രൗപദി തന്റെ ശാപ വാക്കുകൾ കൊണ്ട് സഭയെ കിടിലം കൊള്ളിച്ചു.
ഗാന്ധാരീ വിലാപത്തിൽ ഇര കൃഷ്ണൻ ആയിരുന്നു. നിന്റെ സന്തതി പരമ്പരകൾ ചത്തു യാദവ വംശം നശിച്ചു പോകട്ടെ കൃഷ്ണാ എന്ന് നൂറു മക്കളും മരിച്ച ഒരമ്മയുടെ ശാപം.ആ അമ്മയുടെ കണ്ണീര് വീണു കൃഷ്ണന്റെ പെറുവിരലിലെ നഖം ഉരുകി എന്ന് കഥ.സീതയും അങ്ങനെ തന്നെ. ലക്ഷ്മണനോടും രാമനോടും രാവണനോടും ഒരു വേള ഹനുമാനോടും സന്ദർഭം അനുസരിച്ചു അസഹ്യതയോടെ രോഷത്തോടെ സംസാരിച്ചിട്ടുണ്ട്.ഇതെല്ലാം ഹിന്ദു പുരാണങ്ങളിലും ഇതിഹാസങ്ങളിലും എഴുതപ്പെട്ടതാണ്.ശക്തരായ, മാനുഷികവും ദൈവികവും ആയ ഭാവങ്ങളിൽ നിറഞ്ഞാടിയ സ്ത്രീ കഥാപാത്രങ്ങൾ, ഈ സന്ദർഭങ്ങളിൽ എല്ലാം തന്നെ ഗതികെട്ട് പുരുഷന്മാരോട് ആണ് അലറുകയും ശപിയ്ക്കുകയും ദേഷ്യപ്പെടുകയും ചെയ്തത്.സ്ത്രീകളോടല്ല എന്നത് ശ്രദ്ധേയം ആണ്.സ്ത്രീകൾ തമ്മിൽ അല്ല മിക്കവാറും ഏറ്റുമുട്ടലുകളും എഴുതപ്പെട്ടിരിയ്ക്കുന്നത്.
തീർച്ചയായും സ്ത്രീ അല്ല സ്ത്രീയുടെ ശത്രു എന്ന് യുഗങ്ങൾക്ക്? മുൻപ് തന്നെ മനസ്സിൽ ആക്കിയിട്ടും, ഇക്കാലത്തെ സ്ത്രീകൾക്ക് എന്താണ് മനസ്സിൽ ആകാത്തത്?അതോ മനസിലായില്ല എന്ന് അഭിനയിയ്ക്കുക ആണോ?
ഹിന്ദു മതത്തിൽ ആയിരിയ്ക്കുമ്പോൾ ഈ പുരാണങ്ങൾ, ഇതിഹാസങ്ങൾ ഒക്കെ വിശ്വാസികൾ ആയ സ്ത്രീകൾ പ്രത്യേകിച്ച്, വായിച്ചു നോക്കുകയും അതിനെ കുറിച്ച് ചിന്തിയ്ക്കുകയും മനസ്സിൽ ഇട്ട് മനനം ചെയ്യുകയും വേണ്ടേ !തലച്ചോർ എന്നത്, വെറും തലയോട്ടി ശൂന്യം ആയി ഇടാതിരിയ്ക്കാൻ വേണ്ടിയുള്ള അലങ്കാര വസ്തു അല്ല.അല്ല സ്വയം ചിന്തിയ്ക്കാത്ത, സ്വന്തം രാഷ്ട്രീയ ബോധം ഇല്ലാത്ത, അടിമകൾ ആയ കുലസ്ത്രീകൾ എന്തിനാണ് വോട്ട് ചെയ്യുന്നത്? ഇനി അഥവാ ചെയ്യുന്നെങ്കിൽ പുരുഷൻ രണ്ട് വോട്ട് ചെയ്താൽ പോരെ?താ ൻ ചെയ്യുന്ന പ്രവർത്തികൾ എന്തെന്നും, വോട്ട് ചെയ്യുന്നത് ഉൾപ്പെടെ, അതിന്റെ പരിണിത ഫലം ഇന്നത് ആണെന്നും അജ്ഞർ ആയിരിയ്ക്കുന്നിടത്തോളം, വരും തലമുറയെ രക്ഷിയ്ക്കാൻ വേണ്ടത് ചെയ്യാത്ത,
മേല്പറഞ്ഞ ക്ഷേത്രത്തിൽ ഉറഞ്ഞു തുള്ളിയ കുല സ്ത്രീകൾ പൗരർ ആയിരിയ്ക്കാൻ യോഗ്യത ഉണ്ടോ?