ചത്ത പാമ്പിൽ നിന്നും ചിലപ്പോൾ വിഷം ഏൽക്കാം, എന്നാൽ വിഷമുള്ള പാമ്പ് കടിച്ചാലും ചില സാഹചര്യങ്ങളിൽ വിഷം ഏൽക്കാതെയും ഇരിക്കാം

240

Dr Ganga S

ചത്ത പാമ്പിൽ നിന്നും ചിലപ്പോൾ വിഷം ഏൽക്കാം. എന്നാൽ വിഷമുള്ള പാമ്പ് കടിച്ചാലും ചില സാഹചര്യങ്ങളിൽ വിഷം ഏൽക്കാതെയും ഇരിക്കാം! എന്നത് അടക്കം പാമ്പ് കടിച്ചാൽ ഉള്ള ലക്ഷണങ്ങളും പ്രാഥമിക ശിശ്രൂഷകളും അടക്കം ധാരാളം കാര്യങ്ങൾ അറിയാൻ ഡോക്ടർ Ganga S എഴുതിയ ഈ പോസ്റ്റ് വായിക്കുക.

പാമ്പ് കടിയേൽക്കുമ്പോൾ -1

പാമ്പ് കടിയെ ചുറ്റിപ്പറ്റി ആണല്ലോ ഇപ്പോൾ വിവാദം ഉണ്ടായത്.

കടിച്ചത് പാമ്പ് ആണോ ആണി കുത്തിയത് ആണോ കല്ല് കൊണ്ടത് ആണോ എന്നൊക്കെ സംശയം ന്യായമായും ഉണ്ടാവാം.(വയനാട് സംഭവം ഇതുമായി ചേർക്കേണ്ടതില്ല )

കടിയേൽക്കുന്നയാളുടെ പരിസരത്ത് പാമ്പോ മാളമോ എല്ലായ്‌പോഴും ഉണ്ടായിക്കൊള്ളണം എന്നില്ല.

ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന കാലം.

മെഡിസിനിൽ അത്യാഹിത വിഭാഗം ഡ്യൂട്ടിയിൽ ചെന്ന ഉടനെ കിട്ടിയ നിർദേശം ആരായാലും എപ്പോൾ ആയാലും, “എന്തോ (വേണം ന്നില്ല) കടിച്ചു “എന്ന് പറഞ്ഞു വന്നാൽ ഒന്നും നോക്കണ്ട വാർഡിൽ അഡ്മിറ്റ്‌ ആക്കിക്കോളൂ.

അത്‌ യൂണിറ്റ് ചീഫിന്റെ സ്റ്റാന്റിംഗ് ഇൻസ്ട്രക്ഷൻ ആണ്.

അതിന് കാരണം, കുറച്ചു ദിവസങ്ങൾ ക്ക് മുൻപ് കാഷ്വാലിറ്റിയിൽ രാത്രിയിൽ രണ്ട് വയസ്സ് ആയ ഒരു കുഞ്ഞിനെ എലി കടിച്ചു എന്നും പറഞ്ഞു കൊണ്ടു വന്നു. കുഞ്ഞിന് പ്രത്യക്ഷത്തിൽ കുഴപ്പമില്ലായിരുന്നു. അത്‌ കളിയ്ക്കുകയാണ്.

എന്നാലും രാത്രിയിൽ വന്നതല്ലേ, ഡ്യൂട്ടി ഡോക്ടർ ഒബ്സെർവഷൻ റൂമിൽ ആക്കി.

പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ കുഞ്ഞു അപസ്മാര ലക്ഷണം കാണിയ്ക്കുകയും, രക്തം ടെസ്റ്റ് ചെയ്തപ്പോൾ വിഷ ബാധ ഏറ്റു എന്ന് കണ്ടെത്തി എങ്കിലും, Asv കൊടുക്കും മുൻപ് കുഞ്ഞു മരിയ്ക്കുകയും ചെയ്തു.

അത്‌ നെഗ്‌ളിജൻസ് വിഷയത്തിൽ കേസ് ആവുകയും ചെയ്തു.

തിരുവനന്തപുരത്തു രാത്രി എത്തുന്നവർക്ക് താമസസൗകര്യം കിട്ടിയില്ലെങ്കിൽ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തി, എന്തോ കടിച്ചു എന്ന് പറഞ്ഞാൽ മതി രാത്രി വാർഡിൽ കഴിഞ്ഞിട്ട് പിറ്റേന്ന് രാവിലെ പോകാം എന്ന് ഒരു തമാശ വർത്തമാനം കൂടി ഞങ്ങൾക്കിടയിൽ ഉണ്ടായി.

പാമ്പുകൾ വിഷം ഇല്ലാത്തവയും വിഷം ഉള്ളവയും ഉണ്ടല്ലോ.

കടിച്ചത് വിഷം ഉള്ളത് ആണോ അല്ലയോ എന്നതാണ് പലപ്പോഴും രോഗിയോടൊപ്പം ഡോക്ടർക്കും വെല്ലുവിളി ആകുക.

വിഷം ഉള്ളത് ആണെങ്കിൽ എത്രയും പെട്ടെന്ന് asv കൊടുക്കണം.

ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്ന വിഷമുള്ള ഇനങ്ങൾ മൂന്ന് ആണ്

1.Elapids ( മൂർഖൻ, രാജവെമ്പാല, ശംഖുവരയൻ ) neuro toxic ആണ് വിഷം. ഞരമ്പുകളെ ബാധിയ്ക്കുന്നു.

 1. Viperids (അണലി മൂന്ന് തരം russell’s viper, saw scaled viper, pit viper ) haemotoxic വിഷം രക്തം കട്ടി യാവുന്നതിനെ ബാധിയ്ക്കുന്നു

3.Hydropids ( കടൽ പാമ്പ്‌ ) myotoxic
വിഷം. പേശികളെ ബാധിയ്ക്കുന്നു.

സാധാരണ പാമ്പ് കടിച്ചാൽ പെട്ടെന്ന് തന്നെ അത്‌ അവിടെ നിന്ന് ഇഴഞ്ഞു പോകും. ചിലപ്പോൾ പാമ്പ് പിന്തുടർന്ന എലിയെ ആവും നമ്മൾ കാണുക.

വിഷം ഇല്ലാത്തത് കടിച്ചാൽ ഒരു നിര പല്ലുകളുടെ ആഴമില്ലാത്ത അടയാളങ്ങൾ കാണും.

വിഷപ്പാമ്പ് കടിച്ചാൽ രണ്ട് സൂചിപ്പാട് കാണും കാണണം എന്നാണ് പൊതു ധാരണ.

ഒരു മി മി തൊട്ട് 4 സെ മി വരെ അകലം ഉണ്ടാവും പാടുകൾ തമ്മിൽ. കടിയ്ക്കുന്ന പാമ്പിന്റെ ഇനം അനുസരിച്ചു ആണ്.

മുറിവിന്റെ ആഴം 1- 8 mm.

എല്ലായ്പോഴും അങ്ങനെ ഇരട്ട അടയാളം കാണണം എന്നില്ല.

ചിലപ്പോൾ വസ്ത്രത്തിൽ തട്ടിയിട്ടോ, ധൃതി യ്ക്കിടെ പല്ല്‌ വഴുതി പോയിട്ടോ, ഒറ്റപ്പാടോ പോറലോ ആയിട്ട് കാണപ്പെടും.

റോസിന്റെയോ തൊട്ടാവാടിയുടെയോ, കള്ളിച്ചെടിയുടെയോ മുള്ള് കൊണ്ടു എന്നും, കുപ്പിച്ചില്ലിൽ ചവിട്ടി എന്നൊക്കെ ആവും ധരിയ്ക്കുക. വിഷ ലക്ഷണം കാണുമ്പോഴേ മനസ്സിലാവൂ.

അങ്ങനെ നിരവധി കേസുകൾ കേട്ടിട്ടുണ്ട്. ഒന്ന് രണ്ടെണ്ണം കണ്ടിട്ടുണ്ട്.

ചിലപ്പോൾ നിരവധി തവണ കടിച്ചിട്ടുള്ള പാടുകൾ കാണും. അതും വിഷം ഉള്ള ഇനം തന്നെ ആവും.

അണലി വർഗ്ഗത്തിൽ പെട്ടവ ആണ് അങ്ങനെ കടിയ്ക്കുന്നത്. മാത്രം അല്ല അവ മറ്റ് പാമ്പുകളിൽ നിന്ന് വ്യത്യസ്തമായി തല പിന്നിലേയ്ക്ക് തിരിച്ചും കടിയ്ക്കും.

ചിലപ്പോൾ കാണത്തക്ക കടിപ്പാട് ഒന്നും ഉണ്ടാവില്ല.

ഉദാ ശംഖുവരയൻ, കടൽ പ്പാമ്പ്, ഫിലിപ്പൈൻ മൂർഖൻ എന്നിവ കടിച്ചാൽ പാടോ വീക്കമോ രക്തമോ നീല നിറമോ ഒന്നും കാണണം എന്നില്ല.

രക്തം പരിശോധിയ്ക്കുമ്പോഴാവും മനസിലാവുക. പ്രത്യകിച്ചു ശംഖു വരയൻ മറ്റുള്ളവയെ അപേക്ഷിച്ചു അപകടകാരി ആണ്.

ഉറക്കത്തിൽ കടിയേൽക്കുകയും മരിയ്ക്കുകയും ചെയ്യുന്നതിൽ പ്രധാന വില്ലൻ ശംഖുവരയൻ ആണ്.വില്ലൂന്നി എന്നും പേരുണ്ട്. അത്‌ കടിച്ചിട്ട് പെട്ടെന്ന് തന്നെ സ്ഥലം വിടും.

ശംഖു വരയൻ കെട്ടിടങ്ങളുടെ ചുവരിലെ വിള്ളലിൽ, പൊത്തിൽ ഒക്കെ കാണപ്പെടാറുണ്ട്. പൂച്ച എലിയെ കൊണ്ടു വന്നു കിടക്കയിൽ ഇട്ടാൽ പാമ്പിനെ ആകർഷിയ്ക്കും.

ചിലപ്പോൾ മരണ കാരണം പോസ്റ്റ്മോർട്ടത്തിൽ ആവും തിരിച്ചറിയുക.

(ഉറക്കത്തിൽ മരിയ്ക്കുന്ന എല്ലാവരെയും പോസ്റ്റ്‌ മോർട്ടം ചെയ്യണം എന്നാണ് അഭിപ്രായം).

അതേ സമയം മൂർഖൻ കടിച്ചാൽ ആ ഭാഗത്ത്‌ വേദനയും, നീല നിറവും കാണാം. ചിലപ്പോൾ രക്തം വന്നേക്കാം. വിഷം Neuro toxic ആണ്. അത്‌ ഞരമ്പുകളെ ആണ് ബാധിക്കുക.

30-50% കേസുകളിലും വിഷപ്പാമ്പുകളുടെ കടിയിൽ വിഷം ശരീരത്തിൽ കയറാറില്ല.

അത്‌ കൊണ്ടു കടിപ്പാടിൽ അധികം ശ്രദ്ധ കൊടുക്കേണ്ടതില്ല. വിഷം കയറിയോ ഇല്ലയോ എന്നതാണ് പ്രധാനം.

മറ്റ് ജീവികൾ എലി, പൂച്ച, പല്ലി, തേൾ എന്നിവയുടെ കടിയും ഏതാണ്ട് പാമ്പിന്റെ പോലെ തോന്നിയ്ക്കും ചില അവസരങ്ങളിൽ. അങ്ങനെ തെറ്റിദ്ധരിയ്ക്കാറുണ്ട്.

എന്നാലും കടിച്ച ഭാഗത്ത്‌ വേദന, വീക്കം വരിക, നീല നിറം ഉണ്ടാവുക ചെയ്താൽ വിഷം ഉള്ളത് ആണെന്ന് അനുമാനിയ്ക്കാം.

രാജവെമ്പാലയുടെ ഒറ്റ കടിയിൽ ഒരു ആനയെ കൊല്ലാൻ ഉള്ള വിഷം ഉണ്ട്.

(വാവാ സുരേഷ് അത്ര ലാഘവത്തോടെ പിടിയ്ക്കുന്നത് കാണുമ്പോൾ ഇത്രേ ഉള്ളോ എന്ന് നമ്മൾ കരുതും. )

Envenomation ( വിഷബാധ ) ന്റെ പരിണിത ഫലം, ലഘുവാണോ ഗുരുതരം ആണോ എന്നത് നിശ്ചയിയ്ക്കുന്നത് രണ്ട് ഘടകങ്ങൾ ആണ്.

ഒന്ന് കടിച്ച പാമ്പിന്റെ തരവും അവസ്ഥ യും

രണ്ട് കടിയേറ്റ ആളിന്റെ അവസ്ഥ.

 1. പാമ്പിന്റെ ഇനം —

(രാജവെമ്പാല, ആഫ്രിക്കയിൽ കാണപ്പെടുന്ന ബ്ലാക്ക് മാമ്പ, മൂർഖൻ, ശംഖു വരയൻ, ചേനത്തണ്ടൻ അണലി, കടൽ പാമ്പ്‌ ). മുതലായവ കടുത്ത വിഷം ഉള്ളതാണ്.
ബ്ലാക്ക് മാമ്പ നമ്മുടെ നാട്ടിൽ ഇല്ല. രാജ വെമ്പാല കഴിഞ്ഞാൽ ഏറ്റവും വിഷം ഉള്ള പാമ്പ് ആണ്.

വലിപ്പം – —

കുഞ്ഞു പാമ്പ്, (മൂർഖൻ ജനിച്ച ഉടനെ തൊട്ടു വിഷം ഉണ്ട് ,എങ്കിലും മുതിർന്നവർക്ക് മരണ കാരണം ആവില്ല ) നു അത്ര വിഷം ഉണ്ടാവില്ല.

പ്രായപൂർത്തി ആയവയ്ക്കും വലിപ്പം ഉള്ളവയ്ക്കും താരതമ്യേന വിഷം കൂടുതൽ ആയിരിയ്ക്കും.

പാമ്പ് കടിയ്ക്കുന്ന സാഹചര്യം ——

ചവിട്ടുകയോ ഉപദ്രവിയ്ക്കുകയോ ചെയ്‌യുക. അതായത് അതിന് പേടിയും ദേഷ്യവും വേദനയും ഉണ്ടാവുക, വിശന്നിരിയ്ക്കുക, വിഷസഞ്ചിയിൽ വിഷം നിറഞ്ഞിരിയ്ക്കുക എന്നീ സന്ദർഭങ്ങളിൽ കൂടിയ അളവിൽ വിഷം കയറും.

തീറ്റക്കടി അതായത് ഇര ആണെന്ന് കരുതി കടിയ്ക്കുക ആണെങ്കിൽ അത്ര കൂടിയ അളവിൽ വിഷം കുത്തിവയ്ക്കില്ല.

അത്പോലെ മുൻപേ വേറെ ആരെ എങ്കിലും കടിച്ചശേഷം വരുന്ന രണ്ടാം കടി യിൽ താരതമ്യേന വിഷത്തിന്റെ അളവ് കുറവ് ആയിരിയ്ക്കും.

ചത്ത പാമ്പിൽ നിന്ന് ചിലപ്പോൾ വിഷം ഏൽക്കാം. പ്രത്യേകിച്ച് കടൽ പാമ്പിന്റെ.

കടിയേറ്റാൽ എന്തൊക്കെ ചെയ്യാം

ആളിനെ പാമ്പിന്റെ സമീപത്തു നിന്ന് മാറ്റുക.

ആയാസപ്പെടാൻ സമ്മതിയ്ക്കരുത്. ഓടാനോ വേഗത്തിൽ നടക്കാനോ അനുവദിയ്ക്കരുത്. പറ്റുമെങ്കിൽ എടുത്തു മാറ്റുക.

സമാധാനിപ്പിയ്ക്കുക, പറ്റുമെങ്കിൽ കിടത്തുക.

തിന്നാനോ കുടിയ്ക്കാനോ ഒന്നും, പ്രത്യേകിച്ച് മദ്യം, കൊടുക്കരുത്.

നീര് വരാൻ സാധ്യത ഉള്ളതിനാൽ കടിയേറ്റ ഭാഗത്ത്‌ ആഭരണം ഉണ്ടെങ്കിൽ ഊരിമാറ്റുക.

കടിയേറ്റ ഭാഗം ഇളക്കാതെ വയ്ക്കുക..കൈയോ കാലോ ആണെങ്കിൽ ഇളകാതിരിയ്ക്കാൻ ക്രേപ് ബാൻഡേജ് ഉപയോഗിയ്ക്കാം.

വിഷം രക്തത്തിലേക്ക്, ലിംഫിലേയ്ക്ക് വേഗത്തിൽ കയറാതെ ഇരിയ്ക്കുക എന്നതാണ് ആണ് ലക്ഷ്യം.

കടിപ്പാടിൽ കീറൽ, മുറിവ് വലുതാക്കുക തുടങ്ങി ഒന്നും ചെയ്യരുത്. വിഷം രക്തത്തിൽ കലരാനും ബ്ലീഡിങ് ഉണ്ടാവാനും സാധ്യത ഉണ്ട്. പിന്നീട് അണുബാധ ഉണ്ടാവാം.

കടിച്ച ഭാഗം ഹൃദയത്തിന്റെ ലെവൽ നേക്കാൾ ഉയരരുത്. താഴ്ന്നിരിയ്ക്കണം.

വിഷം വായിലൂടെ വലിച്ചെടുക്കാൻ ശ്രമിയ്ക്കരുത്. വായിൽ മുറിവ് ഉണ്ടെങ്കിൽ അതിലൂടെ രക്തത്തിൽ വിഷം കലരാൻ സാധ്യത ഉണ്ട്.

കടിസ്ഥാനം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം.

ഐസ് ബാഗ് ടവ്വലിൽ പൊതിഞ്ഞു വയ്ക്കാം വേദന കുറയ്ക്കാൻ.

കടി ഭാഗത്ത്‌ ഐസ് വയ്ക്കുകയോ ഐസ് പോലെ തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുകയോ ചെയ്യരുത്.

പാമ്പിനെ കഴിയുമെങ്കിൽ തിരിച്ചറിയുക.

നമുക്ക് polivalent anti snake venom (asv)
എന്ന പ്രതി വിഷം ആണുള്ളത്.

വിദേശത്ത് monovalent asv കിട്ടും. അത്‌ ഇവിടെ ലഭ്യമല്ല. വിലക്കൂടുതൽ ആണ്.

അത്‌ കൊണ്ടു കടിച്ചത് ഏതിനം എന്നത് അത്ര പ്രധാനം അല്ല, എങ്കിലും മറ്റ് ലക്ഷണങ്ങൾ ചികിൽസിയ്‌ക്കാൻ പാമ്പിന്റെ ഇനം അറിയുന്നത് ഉപയോഗപ്രദം ആകും.

മുകളിൽ എഴുതിയ വിവിധ ഇനം വിഷങ്ങൾ ഉണ്ടാക്കുന്ന പ്രത്യേകവും വെവ്വേറെയായതും സങ്കീർണ്ണവുമായ അവസ്ഥകൾ കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്.

കടിച്ചയിടത്തിനു മുകളിൽ ആയി മുറുക്കി കെട്ടരുത്.

അണലി, മൂർഖൻ എന്നിവയുടെ കടിയേറ്റ ഭാഗം നീരും വീക്കവും വന്നു കോശങ്ങൾ നശിച്ചു ആ ഭാഗം തന്നെ ഭാവിയിൽ നഷ്ടപ്പെട്ടേക്കാം.

കഴിവതും വേഗം ആളിനെ വിഷത്തിന് മരുന്നും മറ്റ് സൌകര്യങ്ങളും ഉള്ള ആശുപത്രിയിലേക്ക് മാറ്റുക.

സാധാരണ ആശുപത്രികളിൽ കൊണ്ടു പോയി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.

സമയം ഏറ്റവും വിലയേറിയതാണ്.

 1. കടിയേൽക്കുന്ന ആളിന്റെ
  വലിപ്പം, പ്രായം.

ചെറിയ സൈസ് ഉള്ള വരെയും അതുപോലെ കുട്ടികളെയും വിഷം പെട്ടെന്ന് ബാധിയ്ക്കും, മറ്റുള്ളവരെ അപേക്ഷിച്ച്.

സ്ഥാനം —

രക്ത കുഴലിൽ നേരിട്ട് (ധമനിയിലോ സിരയിലോ ) ഉള്ള വിഷ പ്രയോഗം .

കഴുത്ത്, മുഖം, തല, തുടങ്ങിയ ഭാഗത്തുള്ള കടി കൂടുതൽ ഗുരുതരം ആണ്.

മറ്റസുഖങ്ങൾ —-

കടിയേറ്റയാളിന് ഉള്ള രോഗങ്ങൾ
(ഹൃദ്രോഗം, വൃക്ക രോഗം, ശ്വാസ കോശ രോഗം, കരൾ രോഗം ) ഇതൊക്കെ ചികിത്സയ്ക്കും വിഷശമനത്തിനും തടസ്സങ്ങൾ ഉണ്ടാക്കാം.

ഗർഭിണി ആണെങ്കിലും asv കൊടുക്കണം.

അലർജി, ആസ്തമ തുടങ്ങി അസുഖങ്ങൾ ഉള്ളവർക്ക് മുൻകൂട്ടി വേറെ ചില മരുന്നുകൾ sabutamol inhalation, atropine, adrenaline, തുടങ്ങി മരുന്നുകൾ കൊടുക്കേണ്ടി വരും.

Hydrocortisone എന്ന steroid ഉം അത്യാവശ്യം ആണ്.

Tracheostomy (ശ്വാസ നാളം തുറക്കുക ), air way, ventilator, തുടങ്ങിയ സൗകര്യങ്ങൾ വിഷം കൊണ്ടോ asv കൊണ്ടോ ഉണ്ടാവുന്ന നാടിത്തളർച്ച (paralysis ) യ്ക്കും ശ്വാസ നാളവീക്കത്തിനും (laryngeal oedema ) യ്ക്കും വേണ്ടി വരാം.

വിഷ ബാധ കൊണ്ടു പ്രത്യേകിച്ച് അണലിയുടെ, വൃക്കയുടെ പ്രവർത്തനം കുറയുകയോ നിലയ്ക്കുകയോ ചെയ്താൽ dialysis ചെയ്യേണ്ടി വരും.

പാമ്പ് കടിയേറ്റാലുണ്ടാവുന്ന ലക്ഷണങ്ങൾ

രണ്ട് തരം ഉണ്ട്.

ഒന്ന് ഭയവും ഉത്കണ്ഠയും മൂലം ഉണ്ടാവുന്ന ലക്ഷണങ്ങൾ

രണ്ട്, വിഷം കൊണ്ടുള്ള യഥാർത്ഥ ലക്ഷണങ്ങൾ

.പാമ്പ് കടിയേൽക്കുന്നത്, സാധാരണ ഭയത്തിനും ഉത്ഖണ്ഠയ്ക്കും കാരണം ആകുന്നു.

അത്‌ വിഷം ഉള്ളതോ ഇല്ലാത്തതോ എന്നത് തല്ക്കാലം വിഷയം അല്ല.

കടിയേറ്റു എന്ന മാനസിക ആഘാതം മൂലം ഉള്ള ലക്ഷണങ്ങൾ.

1.കൈകാലുകളിൽ സൂചി കുത്തും പോലുള്ള അനുഭവം, കൈയ്ക്ക് വിറ, തല കറക്കം, വേഗത്തിൽ ശ്വാസോശ്ച്വസം.

 1. ബോധം കെടുക, നെഞ്ചിടിപ്പ് മന്ദഗതിയിൽ ആവുക.
 2. കടുത്ത ഉത്കണ്ഠ ഉണ്ടായിട്ട് യുക്തിരഹിതമായി സംസാരിയ്ക്കുക.

4.ഓടാൻ ശ്രമിയ്ക്കുക, അത്‌ അപകടം ആണ്. വിഷം പെട്ടെന്ന് തന്നെ വ്യാപിയ്ക്കാൻ സാധ്യത.

 1. കെട്ടുന്നത് മുറുകുമ്പോൾ വേദന, നീര് ഉണ്ടാവുക.
 • പച്ച മരുന്ന് കഴിച്ചവരിൽ ചിലപ്പോൾ ഛർദ്ദി ഉണ്ടാവാം.
 • കടിസ്ഥാനത്തു കരിയ്ക്കുക, മുറിയ്ക്കുക, കത്തിയ്ക്കുക ആസിഡോ ആൽക്കലീയോ ഒഴിയ്ക്കുക ഒക്കെ സ്വയം ചിലർ ചെയ്യാറുണ്ട്.

 • തുടരും

  ഗംഗ എസ്.