കേരളം കോവിഡ് മുക്തമായാലും ഹോട്ട് സ്പോട്ടുകളായ കർണാടകയെയും തമിഴ്നാടിനെയും സൂക്ഷിക്കണം

128

Dr. Ganga S

ലോകത്ത് ആകെ ഇത് വരെയുള്ള കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ലക്ഷം കഴിഞ്ഞു. മരണം. 13,6048. ഏറ്റവും കൂടുതൽ രോഗികൾ – യൂ എസ് 6,44417. ഇന്ത്യ – രോഗികൾ 12456. മരണം — 423. യൂ എസിൽ 31ലക്ഷത്തിൽ പരം കൊറോണ ടെസ്റ്റുകൾ ചെയ്തു. , ഇറ്റലി 10 3/4 ലക്ഷം, സ്പെയിൻ 6 ലക്ഷം, ഇന്ത്യ 2 1/ 2 ലക്ഷത്തിനു അടുപ്പിച്ചു മാത്രം. ടെസ്റ്റ്‌ പോസിറ്റീവ് ആകാത്തിടത്തോളം കോവിഡ് ആണെങ്കിൽ കൂടി ന്യൂമോണിയയുടെയോ മറ്റ് ശ്വാസകോശ രോഗങ്ങളുടെയോ അകൗണ്ടിൽ ആവും കണക്കാക്കുക. ഇന്ത്യയിൽ രോഗികളുടെ എണ്ണം ലോക്ക് ഡൗൺ കാലത്തും കൂടുന്നത് തിരിച്ചറിയപ്പെടാത്ത രോഗവാഹകർ സമൂഹത്തിൽ ഉണ്ട് എന്നതിന്റെ സൂചന ആണ്.

കോവിഡിന്റെ ലക്ഷണങ്ങൾ മറ്റ് ശ്വാസകോശ രോഗങ്ങളുടേതിന് സമാനം ആയിരിയ്ക്കും. ശ്വാസകോശ സംബന്ധ രോഗികൾ നമ്മുടെ രാജ്യത്തു കുറവല്ല. കേരളത്തിൽ കോവിഡ് കേസുകൾ കുറഞ്ഞു എന്നൊരു ധാരണ ഉണ്ട്. ഇനി പേടിയ്ക്കാനില്ല. മഹാമാരി ഒഴിഞ്ഞു പോയി എന്ന്. അതൊരു തെറ്റിദ്ധാരണ ആണ്. സാവധാനം ആണെങ്കിലും ഇന്ത്യ കോവിഡ് ഗ്രാഫിൽ മുകളിലോട്ട് കയറി കൊണ്ടിരിയ്ക്കുകയാണ്. 212 കോവിഡ് ബാധിത രാജ്യങ്ങളിൽ ആദ്യ 25 രാജ്യങ്ങളിൽ ഇന്ത്യ 20 താമത് ആണ്. അതൊരു ശുഭ സൂചന അല്ല. വുഹാൻ തെക്കിനിയിൽ നിന്നിറങ്ങിയ കൊറോണത്തി അങ്ങനെ ഒന്നും ഒഴിഞ്ഞു പോകില്ല തല്ക്കാലം എങ്കിലും. ലോകം മുഴുവൻ ഒരു റൗണ്ട് വലത്തു വച്ചു കഴിഞ്ഞു വെറും 3 1/2 മാസം പ്രായം ഉള്ള കക്ഷി. ജനങ്ങളെ എല്ലാം അകത്തു അടച്ചിട്ടിട്ട് ഒറ്റയ്ക്ക് ലോകം ചുറ്റുകയാണ്.

കേരളം ഒരു ഒറ്റപ്പെട്ട ദ്വീപ് അല്ല. ഇന്ത്യ രാജ്യത്തിന്റെ ഒരു സ്റ്റേറ്റ് മാത്രം ആണ്. ഹോട്ട് സ്പോട്ടുകൾ ആയ കർണാടകയും തമിഴ്നാടും ആയി കേരളം അതിർത്തി പങ്കിടുന്നുണ്ട്. എത്ര അടച്ചാലും ഒരാളോ മറ്റോ ഒളിച്ചു കടന്നാൽ മതിയല്ലോ. ലോക്ക് ഡൗൺ മാത്രം കൊണ്ട് കൊറോണയെ തളയ്ക്കാൻ പറ്റുകില്ല. ടെസ്റ്റ്‌ വ്യാപകമായി ചെയ്യണം. ലക്ഷണങ്ങൾ ഇല്ലാതെയും രോഗികൾ ഉണ്ടാവും. രോഗലക്ഷണം ഇല്ലാതെ കൊറോണ പോസിറ്റീവ് ആണെങ്കിൽ അവർ കാരിയർ ആവും. ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ മുഴുവനും ഇനി കൊറോണ ഫ്രീ ആയി തീർന്നാലും കാര്യമില്ല. അത് കഴിയുമ്പോൾ എന്താണ് സംഭവിയ്ക്കുക.

ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ജനവാസമുള്ള രാജ്യങ്ങളിൽ മുഴുവനും ഉണ്ട്. അവർ മാത്രം അല്ല വിദേശികളും വരുമല്ലോ. അതായത്, നമ്മുടെ അന്താരാഷ്ട്ര ഗതാഗത സർവീസ് തുറക്കുമ്പോൾ, ഏതെങ്കിലും രാജ്യത്ത് കൊറോണ ഉണ്ടെങ്കിൽ നമ്മളും സുരക്ഷിതമല്ല എന്നർത്ഥം. ലോക്ക് ഡൗണുകൾ പിൻവലിച്ചു വീണ്ടും ജനങ്ങൾ സംസ്ഥാനാന്തര, രാജ്യാന്തര യാത്ര തുടങ്ങുമ്പോൾ കോവിഡ് ഉള്ള സംസ്ഥാനമോ രാജ്യമോ ഏതെങ്കിലും ഉണ്ടെങ്കിൽ വീണ്ടും നമ്മൾ ആദ്യം തൊട്ടു തുടങ്ങണം.സ്പാനിഷ് ഫ്ലൂ രണ്ട് വർഷം ആണ് നീണ്ടു നിന്നത്. 18–20 വരെ. അത് അന്ന് വാക്‌സിൻ കണ്ടു പിടിച്ചിട്ടില്ലാഞ്ഞത് കൊണ്ട് ആണെന്ന് പറയാം. കോവിഡിന് വാക്‌സിൻ കണ്ടു പിടിയ്ക്കാൻ ഒന്നര വർഷം എടുത്തേക്കും. ചിലപ്പോൾ അതിനും മുൻപേ ആവും. അത് വരെ നമ്മൾ ഏതായാലും സുരക്ഷിതർ അല്ല.

കോവിഡ് കിട്ടിയവരും കിട്ടാത്തവരും. എന്ന് രണ്ട് വിഭാഗം ആയി കഴിഞ്ഞു ലോക ജനത. . രോഗം കിട്ടാത്തവർ സുരക്ഷിതർ ആവണമെങ്കിൽ ഒന്നുകിൽ വാക്‌സിൻ വരണം അല്ലെങ്കിൽ ഹേർഡ് ഇമ്മ്യൂണിറ്റി ഉണ്ടാവണം. ഇപ്പോഴും ദുരൂഹമാണ് ഈ വൈറസിന്റെ ജനനത്തെ കുറിച്ച് ഉള്ള വസ്തുതകൾ. വവ്വാലിലും ഈനാംപേച്ചിയിലുമൂണ്ട് കൊറോണ എന്നും അവിടുന്നാണ് തുടക്കം എന്നും ചരിത്രം. പക്ഷേ ഈ ജീവികൾ ഒക്കെ മുൻപും ചൈനയിൽ ഉള്ളതാണ്. പെട്ടെന്ന് എന്തുണ്ടായി? കൊറോണ വൈറസ് ഉണ്ട് കേരളത്തിലെ വവ്വാലുകളിലും . പക്ഷേ അത് ഉപദ്രവകാരിയല്ല. പിന്നെ ? ഉപദ്രവകാരിയല്ലാത്ത വൈറസിൽ അപകടകരമായ പ്രോട്ടീൻ കയറ്റിയത് ആണോ അതോ സ്വയം മ്യൂട്ടേഷൻ സംഭവിച്ചത് ആണോ, സാധ്യത കുറവ് ആണ്. അത് കണ്ടു പിടിയ്ക്കട്ടെ. കോവിഡ് ബാധിച്ചു ഭേദം ആയവരുടെ പ്ലാസ്മ, അതായത് രക്തത്തിലെ wbc, rbc, പ്ളേറ്റ്ലറ്റ് തുടങ്ങിയവ അരിച്ചു മാറ്റിയ ദ്രവം രോഗികൾക്ക് കൊടുത്തു കൊണ്ടുള്ള പരീക്ഷണം വിജയകരം ആണ്. തല്ക്കാലം ആശ്വസിയ്ക്കാം.

പ്ലാസ്മയിൽ കൊറോണയ്ക്ക് എതിരായ ആന്റിബോഡി ഉണ്ട്. അത് രോഗിയ്ക്ക് കൊടുക്കുമ്പോൾ, വൈറസിനെതിരെ പ്രതിരോധിയ്ക്കും. അതിനെ പാസ്സീവ് ഇമ്മ്യൂണൈസേഷൻ എന്ന് പറയുന്നു. ആന്റിജൻ കുത്തി വച്ചു ആന്റിബോഡി ശരീരത്തിൽ ഉണ്ടാക്കുന്നതിനെ , അങ്ങനെ രോഗത്തെ പ്രതിരോധിയ്ക്കുന്നതിനെ , ആക്റ്റീവ് ഇമ്മ്യൂണൈസേഷൻ എന്ന് പറയും. 6 – 7 രാജ്യങ്ങൾ യൂ എസും ചൈനയും ഉൾപ്പെടെ കോവിഡിനു വാക്‌സിൻ കണ്ടു പിടിയ്ക്കാൻ ഉള്ള ശ്രമങ്ങളിൽ ആണ്.
വാക്‌സിൻ കണ്ടു പിടിച്ചില്ലെങ്കിൽ കൊറോണ 2022 വരെ ഇവിടെ ഒക്കെ കറങ്ങി നടക്കാം എന്ന് ചില സൂചനകൾ. . ചിലപ്പോൾ 2025 വരെ. അത്രയും നീണ്ടു പോകില്ല അതിന് മുൻപ് വാക്‌സിൻ വരും അല്ലെങ്കിൽ കൊറോണ പോകും എന്ന് പ്രതീക്ഷിക്കുന്നു.

ഇനി പോയില്ലെങ്കിൽ , ലോക ജനസംഖ്യയിലും സമ്പത്തികത്തിലും തകർച്ച ഉണ്ടാവും. ലോകം തന്നെ മാറിപ്പോകും. ഒരുറപ്പും കൊറോണയുടെ കാര്യത്തിൽ ആർക്കും തരാൻ പറ്റാത്തത് കൊണ്ട്, നമുക്ക് ചെയ്യാവുന്നത്, സാമൂഹിക അകലം, ശുചിത്വം പാലിയ്ക്കുക. ഓർക്കുക നമ്മൾ ഇപ്പോഴും പൂർണ്ണമായും സുരക്ഷിതർ അല്ല.