ഒരാളുടെ തൊഴിൽ ഇല്ലാതാക്കുന്നത് അയാളെ കൊല്ലുന്നതിന് തുല്യമാണ്

0
338

ഡോക്ടർ ഗംഗ എസ്

ലോക്ക് ഡൗൺ

‘ഒരാളുടെ തൊഴിൽ ഇല്ലാതാക്കുന്നത് അയാളെ കൊല്ലുന്നതിന് തുല്യമാണ് ‘

ഏതാണ്ട് ഇതേ അർത്ഥം വരുന്ന ഒരു വാചകം കൊല്ലം ksrtc ബസ് സ്റ്റേഷന് എതിർ വശത്തെ പള്ളിയുടെ മതിലിൽ എഴുതിയിട്ടുണ്ടായിരുന്നു, കുറച്ചു വർഷങ്ങൾ മുൻപ്. (കുറച്ചായി കൊല്ലത്ത് പോകാറില്ല. അത് കൊണ്ട് ആ എഴുത്ത് ഇപ്പോൾ അവിടെ ഉണ്ടോ എന്നറിയില്ല ).കൊല്ലത്തു നിന്നും തൃശൂരിലേക്ക് വരുമ്പോൾ ഓരോ പ്രാവശ്യവും ആ വാചകം മുള്ള് പോലെ കണ്ണിൽ തറച്ചു. പാതാളക്കരണ്ടിയുടെ കൊളുത്ത് പോലെ മനസ്സിൽ ഉടക്കി. കാരണം ഒരു കാലഘട്ടത്തിൽ ഞാനും അതേ അവസ്ഥയിലൂടെ കടന്ന് പോയിരുന്നു. ആ മരണത്തിൽ നിന്ന് ഞാൻ ഉയർത്തെഴുന്നേറ്റു. എല്ലാവർക്കും അത് സാധിച്ചു എന്ന് വരികില്ല.
പറഞ്ഞു വന്നത്,

അനശ്ചിതമായി നീണ്ടു പോകുന്ന ലോക്ക് ഡൗൺ ആണ്. അധികാരികൾക്ക് അത് വെറും ABCD എന്ന അക്കങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിക്കുന്ന കളിയായിരിക്കും.സേഫ് സോണിലിരുന്ന് ഔദ്യോഗിക, സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്ന, കനത്ത ശമ്പളം മാസാമാസം അക്കൌണ്ടിലെത്തുന്നവർക്ക് ഒന്നും പ്രശ്നമല്ല.പക്ഷേ, തലമുറകൾ പോട്ടെ സ്വന്തമായി പോലും കുറച്ചു കാലം ഇരുന്നുണ്ണാൻ ഗതിയില്ലാത്ത, അന്നന്ന് ജോലി ചെയ്ത് അഷ്ടിക്ക് വകയുണ്ടാക്കുന്ന, എന്നിട്ടും കടങ്ങളും പണയങ്ങളും അടവുകളും മാത്രം ഡെമോക്ലസിന്റെ വാൾ പോലെ ജീവിതത്തിന് മുകളിൽ തൂങ്ങി നിൽക്കുന്ന, സാധാരണക്കാർക്കും ദരിദ്രർക്കും അത് കൊല്ലാക്കൊല ആണ്. നിർഭാഗ്വവശാൽ അവരാണ് സാറന്മാരെ ഭൂരിപക്ഷവും.രാവിലെ ബാങ്കുകളിൽ പോയി നോക്കുക. തിരക്കാണ്. കാശ് അക്കൌണ്ടിലിടുന്നവരേക്കാൾ, സ്വന്തമായുള്ള പൊട്ടും പൊടിയും സ്വർണ്ണവും വീടും പറമ്പും പണയപ്പെടുത്തുന്നവരുടെ തിരക്ക്. സാധാരണക്കാരുടെ ബാക്കിയുള്ള കച്ചിത്തുരുമ്പുകൾ ആണ് ഇങ്ങനെ ഓരോന്നായി നഷ്ടപ്പെടുന്നത്.

വാഹനങ്ങൾ സ്ഥാപനങ്ങൾ തുടങ്ങി കൈവശമുള്ള, മൂല്യമുള്ള എന്തും വിൽക്കാൻ കൊണ്ടോടുന്ന ഗതികേടിലാണ് സാറന്മാരേ സാധാരണക്കാർ.അവരിൽ മിക്കവാറും പേരും ആത്മാഭിമാനം ഉള്ളവരാണ്. അത്കൊണ്ട് അവരുടെ ഓട്ടമോ കരച്ചിലോ നൊമ്പരമോ ധർമ്മസങ്കടമോ ആത്മഹത്യയോ വിഷാദമോ നിങ്ങളറിയുന്നില്ല. അറിഞ്ഞാലും അറിയാത്ത ഭാവം നടിയ്ക്കുകയോ ഒറ്റപ്പെട്ട സംഭവം എന്ന പേരിൽ എഴുതി തള്ളുകയേ ഉള്ളൂ എന്നും അറിയാം സാറന്മാരേ.അങ്ങനെ ഓടുന്നവരുടെ കൂട്ടത്തിൽ നിങ്ങളോ രാഷ്ട്രീയക്കാരോ ഉണ്ടാവില്ല.നിന്ന നില്പിൽ ജോലിയും കൂലിയും നഷ്ടപ്പെടുമ്പോഴുള്ള ധർമ്മ സങ്കടം അതനുഭവിച്ചു തന്നെ മനസിലാക്കണം. നിങ്ങൾ അവരിൽപ്പെട്ടവരല്ലല്ലോ. അഥവാ അവരിൽപ്പെട്ടവർ നിങ്ങൾക്കിടയിൽ ഇല്ലല്ലോ.

ഇങ്ങനെ ജനവിരുദ്ധ നിയമം ഉണ്ടാക്കുന്നവർക്ക് ഏതെങ്കിലും മാസം ശമ്പളം മുടങ്ങിയിട്ടുണ്ടോ? . സർക്കാർ ജോലിക്കാർ, സമ്പന്നർ, പ്രമുഖർ, ജനപ്രതിനിധികൾ, സ്വകാര്യ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ മെഡിക്കൽ ഷോപ്പുകാർ തുടങ്ങി ഏതാനും ചില വിഭാഗങ്ങൾ ഒഴികെ ആർക്കാണ് ലോക്ക് ഡൗൺ കാലത്ത് വേണ്ടത്ര വരുമാനം ഉള്ളത്?

കച്ചവടക്കാർ പ്രത്യേകിച്ച്, വഴിയോര കച്ചവടക്കാർ തുറന്ന സ്ഥലത്ത് സാധനങ്ങൾ വിൽക്കുമ്പോൾ ആണോ അടച്ചിട്ട എ സി ഉള്ള ബാങ്ക് സൂപ്പർ മാർക്കറ്റ് പോലുള്ള സ്ഥലങ്ങൾ ആണോ കൊറോണ പടർത്തുക? ബെവ്‌കോ യുടെ മുന്നിലുള്ള തിരക്ക്? അത് സർക്കാരിന് ആവശ്യം ഉണ്ട്. വൻകിട സ്ഥാപനങ്ങൾ തുറക്കേണ്ടതും ആവശ്യമുണ്ട്.

കിറ്റ് കൊണ്ട് മാത്രം ജീവൻ നില നിൽക്കില്ല സാറന്മാരെ . ജീവൻ എന്നത് ജീവിതവുമായി ഒട്ടിച്ചേർന്നതാണ്. സാധാരണക്കാരിൽ നിന്ന് വൻ നികുതികൾ പിരിച്ചിട്ട് , വൻ കോര്പറേറ്റ്കൾക്കും വ്യവസായികൾക്കും നിസാര പലിശയ്ക്ക് വായ്പ കൊടുക്കുകയും,, അവരുടെ വൻ കടബാധ്യത എഴുതി തള്ളുകയും, സാധാരണക്കാരുടെ ചെറിയ നിക്ഷേപത്തിന് പോലും ആകർഷകമായ പലിശ കൊടുക്കാതെയും, അവരുടെ കടബാധ്യതകൾ ജപ്തി പോലുള്ള നടപടികളിലൂടെ പിടിച്ചെടുക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം ജനാധിപത്യം ആണിവിടെ. അതവിടെ നിൽക്കട്ടെ.

അടിസ്ഥാന വിഭാഗങ്ങൾ ഇപ്പോഴും താഴെ തന്നെ കിടക്കുന്നതിന്റെ ഉത്തരവാദിത്തം ഇവിടുത്തെ സിസ്റ്റത്തിനും സർക്കാരുകൾക്കുമാണ്. അല്ലാതെ അവരെല്ലാം അലസർ മടിയർ മണ്ടർ ആയത് കൊണ്ടല്ല. അവർ സംഘടിത ശക്തിയല്ല.

പറഞ്ഞു വന്നത്,ആദ്യം എഴുതിയ വാചകം നിങ്ങൾ അധികാരികൾക്ക് നേരേ ആണ് ചൂണ്ടുന്നത് . അനേകം സാധാരണക്കാരേയും പാവപ്പെട്ടവരെയും ലോക്ക് ഡൗൺ എന്ന ആയുധം ഉപയോഗിച്ച് ‘കൊന്നിട്ട്,’ പണക്കാരെ ഉയർത്തെഴുന്നേൽപ്പിച്ചിട്ട്, നിങ്ങൾ അതിന്റെ പാപക്കറയിൽ നിന്ന് ഒരിക്കലും മുക്തരാവില്ല.
കാരണം ഇതൊരു താത്കാലിക പ്രതിഭാസം അല്ല. വൈറസ് എന്ന് മടങ്ങുമെന്ന് ആർക്കും ഉറപ്പ് തന്നിട്ടില്ല.വൈറസിന്റെ മടങ്ങിപ്പോക്ക് കഴിഞ്ഞാലും ലോക്ക് ഡൗണിന്റെ ദൂരവ്യാപകമായ പ്രഹരശേഷി എത്ര ഭീകരമാണെന്ന് അധികാരികൾക്ക് അറിയില്ല എന്ന് പറയുന്നില്ല അത് അവർ അവഗണിക്കുന്നു. കാരണം സമ്പന്നരും പ്രമുഖരും മറ്റ് വേണ്ടപ്പെട്ടവരും സുരക്ഷിതർ ആയിരിക്കുന്നിടത്തോളം കാലം അതവർക്ക് വിഷയം അല്ല.

ഇനി വരുന്നത് വരുന്നിടത്തു വച്ച് കാണാമെന്നും എന്ത് കലാപം ഉണ്ടായാലും അതടിച്ചമർത്താനുള്ള സംവിധാനങ്ങൾ ഒപ്പമുണ്ട് എന്നത് അധികാരികളുടെ മാത്രം സ്വകാര്യ അഹങ്കാരമാണ്. ‘മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ മാറ്റുമത് നിങ്ങളെ താൻ. ‘ ആശയ ഗംഭീരനായ ആശാന്റെ വരികൾ.

പടം ( കടപ്പാട്) : ഒരു പാവം അമ്മ മീൻ വിൽക്കാൻ ശ്രമിച്ചതിന് നിയമപാലകരുടെ ധാർഷ്ട്യം.