ആരാണാവോ ഇവിടുത്തെ സ്കൂൾ സിലബസ് തയ്യാറാക്കുന്നത്? സയന്റിഫിക് ടെമ്പർ ഉള്ളവരാണോ അവർ ?

0
194

ഡോ ഗംഗ എസ് എഴുതിയത്

നമ്മുടെ സ്കൂളുകളിൽ നിലവിൽ പഠിപ്പിക്കുന്നത് കണക്ക് സയൻസ് സാമൂഹിക പാഠം, മലയാളം ഇംഗ്ലീഷ് ഹിന്ദി കമ്പുട്ടർ എന്നിങ്ങനെ വിഷയങ്ങളും ഭാഷയും മാത്രമാണ്.സാങ്കേതിക വൈദഗ്ദ്യം ഉള്ള തൊഴിലാളികളെ കൂട്ടത്തോടെ അട വച്ചു വിരിച്ചിറക്കി വിദേശത്തോ സ്വദേശത്തോ തൊഴിൽ കണ്ടെത്താൻ തുറന്നു വിടുക . അതാണ് ഇവിടുത്തെ വിദ്യാഭ്യാസം കൊണ്ടുള്ള അടിസ്ഥാന ലക്ഷ്യം. (അതിൽ ഏറെക്കുറെ നമ്മൾ വിജയിച്ചു എന്ന് വേണം പറയാൻ). അല്ലാതെ മറ്റെന്താണ്?അതാത് വിഷയത്തിൽ ഉള്ള അറിവ് കൂടാതെ സമാന്തരമായി, ഉയർന്ന പൗരബോധമുള്ള ഉത്തമ പൗരന്മാരെ വാർത്തെടുക്കൽ കൂടി എന്നെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ആയിട്ടുണ്ടോ?ഇല്ല,

ആരാണാവോ ഇവിടുത്തെ സ്കൂൾ സിലബസ് തയ്യാറാക്കുന്നത്? സയന്റിഫിക് ടെമ്പർ ഉള്ളവരാണോ അവർ ? ആരായാലും ഭാവിയെ പറ്റി ദീർഘ വീക്ഷണം ഉള്ള ഉത്തമ പൗര ബോധം ഉള്ളവർ വേണം അത് ചെയ്യേണ്ടത്. എടുത്താൽ പൊന്താത്തത്ര ഡിഗ്രികളും നിരവധി ഭാഷകൾ ഒരുമിച്ച് കൈകാര്യം ചെയ്യാനും അറിയുക എന്നത് മാത്രമാവരുത് അവരുടെ യോഗ്യത.നിർഭാഗ്യവശാൽ, നമ്മുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ സ്വാതന്ത്ര്യാനന്തരം തന്നെ അധികാരികളാൽ അട്ടിമറിക്കപ്പെട്ടുകഴിഞ്ഞു.കുട്ടികളെ സൃഷ്ടിക്കുന്നത് അച്ഛനമ്മമാർ ആണെങ്കിലും സ്റ്റേറ്റിന്റെ ഉത്തരവാദിത്തം ആണ് അവരെ നല്ല പൗരന്മാരായി വാർത്തെടുക്കുക എന്നത്.

Rights and duties of a citizen ( പൗരന്റെ അവകാശങ്ങളും കടമകളും ) എന്തെല്ലാമെന്ന് പ്രായോഗിക തലത്തിൽ സ്കൂളിൽ പഠിപ്പിക്കുന്നുണ്ടോ?പൗര ബോധം, രാജ്യത്തെ പൊതുനിയമങ്ങൾ , ഭരണഘടന എന്നിവയെ കുറിച്ച് അറിയാതെ എങ്ങനെ നല്ല പൗരന്മാർ ആകും?ഉയർന്ന സംസ്കാരം, പൊതു മര്യാദകൾ, പ്രതിസന്ധികളെ അതിജീവിക്കൽ തുടങ്ങി മനുഷ്യ ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ സ്കൂളിൽ പഠിപ്പിക്കുന്നുണ്ടോ?പൊതുസ്ഥലങ്ങളിൽ, ആഘോഷവേളകളിൽ ,ആൾക്കൂട്ടങ്ങളിൽ മറ്റുള്ളവരോട് എങ്ങനെ പെരുമാറണം ?അയൽക്കാരോട് ദരിദ്രരോട് കുട്ടികളോട് മൃഗങ്ങളോട് എങ്ങനെ പെരുമാറണം എന്ന്? പൊതു ഇടങ്ങളിലും വീടുകളിലും ശുചിത്വം പാലിക്കേണ്ടത് എങ്ങനെ?പൊതു സ്ഥലത്തും അന്യരോടും പരിചയക്കാരോടും പുലർത്തേണ്ട അത്യാവശ്യം മര്യാദകൾ?പുകവലിക്കുക, തുപ്പുക, കാർക്കിക്കുക (സത്യത്തിൽ ഇതെന്തിനെന്ന് എനിക്ക് മനസിലായിട്ടില്ല ) തുടങ്ങിഎവിടെ ചെയ്യരുത്, ചെയ്യണം എന്നുള്ളത്?

മദ്യപിച്ചു വഴിയിലും പൊതു ഇടങ്ങളിലും വാഹനങ്ങളിലും വീടുകളിലും അപമര്യാദയായി പെരുമാറരുത് എന്നത് പഠിപ്പിക്കുന്നുണ്ടോ? പൊതു നിരത്തിൽ തന്നെ പാലിക്കേണ്ട ധാരാളം നിയമങ്ങൾ എന്നല്ല മര്യാദകൾ ഉണ്ട്.വാഹനങ്ങളിൽ , റോഡിൽ എങ്ങനെ പെരുമാറണം? ഡ്രൈവിംഗ് നിയമങ്ങൾ അനുസരിക്കാനുള്ളത് ആണെന്ന്? കാൽനടക്കാരും അവകാശങ്ങൾ ഉള്ളവരാണെന്ന്.കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അലിഖിത നിയമം ഗോത്ര സമൂഹത്തിൽ മാത്രമേ ഉള്ളൂവെന്ന് പഠിപ്പിക്കുന്നുണ്ടോ? ശാസ്ത്രം ആണ് പിന്തുടരേണ്ടത് എന്ന് പഠിപ്പിക്കുന്നുണ്ടോ? ആചാരാനുഷ്ടാനങ്ങൾ അല്ല മനുഷ്യത്വത്തെ ആണ് വിലമതിക്കേണ്ടത് എന്ന്?

വിവിധ മതങ്ങളും രാഷ്ട്രീയ പാർട്ടികളും വ്യക്തി ജീവിതത്തിൽ ഇടപെടേണ്ടതില്ല എന്ന് എന്നാണ് പഠിപ്പിക്കുക? സ്‌കൂളിൽ ലിംഗ സമത്വം പഠിപ്പിക്കുന്നുണ്ടോ?തയ്യൽ കുക്കിങ് കായികം തുടങ്ങി എന്തേലും വിഷയങ്ങൾ ജെൻഡർ വ്യത്യാസം ഇല്ലാതെ പഠിപ്പിക്കുന്നുണ്ടോ?(ഞങ്ങളുടെ കാലത്ത് work experience എന്നൊരു പീരിയഡ് ആഴ്ചയിൽ ഒരിക്കൽ ഉണ്ടായിരുന്നു. പാചക പഠനം പെൺകുട്ടികൾക്ക് വേണ്ടിയാണ് . ആൺകുട്ടികൾക്ക് അന്നേരം ഡ്രിൽ ആണ്. ആ കാലം പോയി. രണ്ട് കൂട്ടരും രണ്ടും ഒരുപോലെ പഠിയ്ക്കേണ്ടതാണ്.)നീന്തൽ മലകയറ്റം തുടങ്ങി അതിജീവന മാർഗങ്ങളിലെ അടിസ്ഥാന അറിവുകൾ ആൺപെൺ വ്യത്യാസം ഇല്ലാതെ പഠിപ്പിക്കുന്നുണ്ടോ?

ഒറ്റപ്പെട്ടാൽ, തീ പിടുത്തം, പ്രളയം, പാമ്പ്, നായ തുടങ്ങി മൃഗങ്ങൾ കടിച്ചാൽ, ആരെങ്കിലും ആക്രമിക്കുമ്പോൾ, സ്വയരക്ഷയ്ക്കും മറ്റുള്ളവരെ രക്ഷിക്കാനും എങ്ങനെ ആണ് ജെൻഡർ വ്യത്യാസം ഇല്ലാതെ കുട്ടികൾ നിലവിൽ പഠിയ്ക്കുന്നത്?ഇങ്ങനെ നിരവിധി എണ്ണിയാൽ ഒടുങ്ങാത്ത കാര്യങ്ങളുണ്ട് കുട്ടികൾ പഠിയ്ക്കേണ്ടത്.അതെല്ലാം പ്രൈമറി തലത്തിൽ തന്നെ പഠിച്ചു കഴിയണം. ലിംഗ സമത്വം ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടെ ഹൈസ്‌കൂൾ കഴിയുമ്പോൾ പൂർത്തിയാവണം. വികസിത രാജ്യങ്ങളിൽ ഇതെല്ലാം ആണ് അടിസ്ഥാന വിഷയങ്ങൾ ആയി പഠിപ്പിക്കുന്നതെന്നാണ് എന്റെ പരിമിതമായ അറിവ് . അല്ലെങ്കിൽ എങ്ങനെ ഒരു സമൂഹം മൊത്തത്തിൽ ഒരുപോലെ മര്യാദക്കാർ ആകുന്നത്?പരിഷ്കൃത സമൂഹത്തിൽ കുട്ടികൾക്കും അവകാശങ്ങൾ ഉണ്ട്. അച്ഛനമ്മാർക്കും കുട്ടികളോട് പെരുമാറുന്നതിന് നിയമം ഉണ്ട്. കുട്ടികൾ എന്നല്ല ആരു തന്നെ ആയാലും വീട്ടിൽ അടിമകൾ അല്ല. ഇവിടെ സാധാരണ പോലെ പെരുമാറുന്നത് പലതും പരിഷ്കൃത രാജ്യങ്ങളിലാണെങ്കിൽ അവർ ഉടനെ പോലീസിനെ വിളിക്കും.

അച്ഛനമ്മമാരെ നോക്കാൻ വേണ്ടിയോ, അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാനുള്ള ഉപകരണങ്ങൾ ആയിട്ടോ അല്ല മക്കളെ വളർത്തേണ്ടത്. അവർ വിവാഹം കഴിയ്ക്കുന്നത് . അതിവിടുത്ത സംസ്കാരം ആണ് എന്ന് വാദിക്കുന്നവർ ഗോത്ര അപരിഷ്കൃത ജീവിതത്തെ പിന്തുണയ്ക്കുന്നവരാണ്.
പലരും പറയുന്നുണ്ട് കുട്ടികളെ പെരുമാറ്റം വീടുകളിൽ പഠിപ്പിക്കണം. അങ്ങനെയല്ല സ്കൂളിൽ പഠിച്ചത് വീടുകളിൽ ശീലിക്കണം. അല്ലാതെ വീട്ടിൽ നിന്ന് കിട്ടുന്ന സർവ്വ ദുശീലങ്ങളുടെ പാഠങ്ങൾ സ്കൂളിലും നാട്ടിലും പ്രയോഗിക്കുകയല്ല.

രണ്ട് തരം പൗരന്മാർ, ആണും പെണ്ണും, വലിയവനും ചെറിയവനും അല്ലെങ്കിൽ പ്രിവിലേജ്‌ ഉള്ളവനും ഇല്ലാത്തവനും ഉണ്ടെന്നും, അവർക്ക് രണ്ട് തരം നിയമങ്ങൾ ആണുള്ളത് എന്നുമാണ് ഇന്ന് കുട്ടികൾ സ്കൂളിൽ വീട്ടിൽ സമൂഹത്തിൽ നിന്ന് പഠിയ്ക്കുന്നത്.സ്ത്രീവിരുദ്ധത, സദാചാര പോലീസിങ്ങ് , അശ്ലീല കമന്റടി, പരദൂഷണം, അസൂയ, പാരവയ്പ്പ്, എതിരഭിപ്രായങ്ങൾക്ക് നേരേ തെറിവിളി, ആൾക്കൂട്ട ആക്രമണങ്ങൾ, പരസ്യമായ നിയമലംഘനങ്ങൾ, വിവിധ തരം അഹന്തകളുടെ ആൾരൂപങ്ങൾ, , അടിമത്വം , ആൾ ദൈവങ്ങളെ വ്യക്തികളെ , അന്ധമായി ആരാധിക്കൽ , തുടങ്ങിയതെല്ലാം തന്നെ അപരിഷ്കൃതരുടെ പെരുമാറ്റ ദൂഷ്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ ആണെന്ന തിരിച്ചറിവ് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ?

ചുരുക്കത്തിൽ, ഒരു പരിഷ്കൃത സമൂഹത്തിൽ നടപ്പിലാക്കേണ്ട ഉത്തമ സംസ്കാരം നിർഭാഗ്യവശാൽ ഇവിടെയില്ല. അതിന് തക്ക ബോധം ഉള്ളവർ പൊതുവെ നിശബ്ദർ ആണ്. സംഘടിത ശക്തികളെയും അധികാരികളെയും പേടിച്ചാവാം.
നമ്മുടെ സങ്കുചിത ജീവിത വീക്ഷണങ്ങൾ ഒരിക്കലും രാജ്യത്തെ പരിഷകൃതമാക്കില്ല എന്ന് വികസിത രാജ്യങ്ങളിൽ പോയി പഠിച്ചവരും ജീവിച്ചവരും മനസിലാക്കിയിട്ടും നിശബ്ദത പാലിച്ചു. ആ കുറ്റകരമായ മൗനത്തിന് കൊടുക്കേണ്ടി വന്ന വിലയാണ് ഇപ്പോൾ കാണുന്ന അപരിഷ്കൃത ഗോത്ര ഗുഹാ ജീവികൾക്ക് സമാനമായ ജീവിതവും അതിനെ തുടർന്നുള്ള സമകാലിക സാമൂഹിക സംഭവങ്ങളും ദുരന്തങ്ങളും.