എപ്പോഴും കൊറോണയുടെ കമ്പോള നിലവാരം മാത്രം കണ്ടും നോക്കിയും ഇരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

114
ഡോ: ഗംഗ എസ്
എപ്പോഴും കൊറോണയുടെ കമ്പോള നിലവാരം മാത്രം കണ്ടും നോക്കിയും ഇരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്.നിങ്ങളിൽ പ്രമേഹത്തിന്, കൂടിയ (ബി പി) രക്തസമ്മർദ്ദത്തിന്, ഹൃദ്രോഗത്തിന്, ഒക്കെ മരുന്ന് കഴിയ്ക്കുന്നവരുണ്ടാകും.മാനസിക സമ്മർദ്ദം ഇവയൊക്കെ കൂട്ടാൻ സാധ്യത ഉണ്ട്.
ബൈപാസ്, ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞിട്ടു ള്ളവരും ശ്രദ്ധിയ്ക്കണം. കഴിയ്‌ക്കേണ്ട മരുന്നുകൾ മുടങ്ങരുത്.അത്കൊണ്ട് കൊറോണയുടെ അങ്ങാടിനിലവാരം മണിയ്ക്കൂർ വച്ചു നോക്കി ടെൻഷൻ അടിയ്ക്കണ്ട.കൊറോണ വരും പോവും നമ്മളുടെ അസുഖം വന്നാൽ പോവില്ല. ഗ്ളൂക്കോ മീറ്റർ സ്വന്തം ആയിട്ടുള്ളവർ ഇടയ്ക്ക് ചെക്ക് ചെയ്യുക. ബി പി അപ്പാരറ്റസ് ഉള്ളവരും രക്ത സമ്മർദ്ദം നോക്കുക.
ഈ വക ഉപകരണങ്ങൾ കൈവശം ഇല്ലാത്തവരും ഉടനെ ഒന്നും ലാബിലോ ആശുപത്രിയിലോ പോകാൻ സാധിയ്ക്കാത്തവരും കഴിവതും ഭക്ഷണം നിയന്ത്രിയ്ക്കുക, വ്യായാമം ചെയ്യുക, വിശ്രമിയ്ക്കുക. തുടങ്ങിയതിൽ അലംഭാവം വരുത്തരുത്. മരുന്നുകൾ മുടങ്ങരുത്.
Copd, ആസ്തമ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ ഉള്ളവരും ശ്രദ്ധിയ്ക്കുക.
മരുന്നുകൾ മുടങ്ങാതെ കൃത്യമായി കഴിയ്ക്കുക.ഉത്ഖണ്ഠ, മാനസിക പിരിമുറുക്കം, വിഷാദം, വിഭ്രാന്തി മുതലായ മാനസിക അവസ്ഥകൾ അടങ്ങിക്കിടക്കുന്നത് ഉണർന്ന് എഴുന്നേൽക്കാനോ, ഉള്ളത് അധികാരിയ്ക്കാനോ, പുതുതായി പൊട്ടിപ്പുറപ്പെടാനോ സാധ്യത ഉണ്ട്.അങ്ങനെ ഉള്ളവർ കോവിഡ് സംബന്ധിച്ചുള്ള വാർത്തകൾ അധികം കാണുകയോ വായിയ്ക്കുകയോ ചെയ്യരുത്.
ജർമ്മനിയിൽ ധനമന്ത്രി ആത്മഹത്യ ചെയ്തത് ഇതിലേതോ അവസ്ഥയിലൂടെ കടന്ന് പോയത് കൊണ്ട് ആണ്.ഈ സമയത്തു മറ്റ് രോഗങ്ങളുമായി ആശുപത്രികളിൽ കഴിവതും പോകാതിരിയ്ക്കുന്നതാണ് നല്ലത്.കൊറോണക്കാലം കഴിഞ്ഞാലും നമ്മൾ ഭൂരിപക്ഷം പേരും ഇവിടെ ഒക്കെ തന്നെ ഉണ്ടാവും..
പുകവലിക്കാരെ കൊറോണയ്ക്ക് ഭയങ്കര ഇഷ്ടം ആണെന്ന വസ്തുത ഓരോ തവണ വലിയ്ക്കുമ്പോഴും ഓർക്കുക.ഇതൊരു സുവർണ്ണാവസരം ആണ് പുകവലി നിർത്താനും കുറയ്ക്കാനും.
സാമൂഹിക അയിത്തവും (മാനസിക അടുപ്പം നിലനിർത്തിക്കൊണ്ട് ) കൈകഴുകൽ യജ്ഞവും, മൂക്ക്‌, കണ്ണ്, വായ് എന്നിവിടങ്ങളിൽ തീണ്ടാതെയും തൊടാതെയും ഇരിയ്ക്കുന്നതിനൊപ്പം മാനസിക ഉല്ലാസത്തിന് ഉള്ള വഴികളും കണ്ടു പിടിയ്ക്കുക.സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി അനുസരിയ്ക്കുക.
സ്പെഷ്യൽ വാർത്ത
മദ്യപാനം തീവ്രമായിട്ടുള്ളവർക്ക് മൃദുവാക്കാനോ അല്ലെങ്കിൽ പൂർണ്ണമായും നിർത്താനോ ഉള്ള സുവർണ്ണാവസരം ഉണ്ടാക്കിയതിന്, പെണ്ണുങ്ങൾ രഹസ്യമായി കൊറോണയ്ക്ക് പ്രാർത്ഥന ഗീതങ്ങളും പൂജാപുഷ്പങ്ങളും അർപ്പിയ്ക്കാൻ സാധ്യത ഉണ്ട്.കരുതി ഇരിയ്ക്കുക . ചിലപ്പോൾ വൈറസിന് ആവാഹനവും മദ്യപന് ഉച്ചാടനവും കിട്ടാൻ സാധ്യത കാണുന്നു. സൈക്കിയാട്രിസ്റ്റുകൾ മദ്യം ഡോസ് എഴുതിയാലും ( അവർ മദ്യം പ്രീസ്ക്രൈബ് ചെയ്യാൻ സാധ്യത ഇല്ല ) ബ്രാൻഡ് എഴുതൂല്ല. ജനറിക് നെയിം മാത്രമേ എഴുതാവൂ. അതാണ് നിയമം.അതായത് കമ്പനികളെ പ്രമോട്ട് ചെയ്യാൻ പാടില്ല എന്നാണ് കീഴ്‌വഴക്കം.അല്ലെങ്കിൽ വിസ്‌കി, ബ്രാണ്ടി, റം തുടങ്ങിയവയൂടെ റെപ്പുമാർ (പ്രതിനിധികൾ ) ബാഗും ബാഗിൽ കുപ്പിയുമായി ഡോക്ടറുടെ വീട്ടുവരാന്തയിലോ ആശുപത്രിയിലോ കിറുങ്ങിയോ കറങ്ങിയോ നടക്കാൻ സാധ്യത ഉണ്ട്.എത്തിലേറ്റഡ് സ്പിരിറ്റ് (ഈതൈൽ ആൽകോഹോൾ ) ഒരു ടേബിൾ സ്പൂൺ രാത്രി ഭക്ഷണം കഴിഞ്ഞിട്ട് എന്ന് എഴുതിയത്‌ കണ്ട് ഞെട്ടണ്ട.
എന്നാലും ബെവ്‌കോയിലെ വിൽപ്പനക്കാരൻ അയാളുടെ മനോധർമ്മം പോലെ തരും.
ഡോക്ടർമാർ കട്ടായം തരില്ല എന്ന് തീരുമാനിച്ചാൽ, പിന്നെ വാർഡ് മെമ്പർ കുപ്പിയ്ക്ക് ഒപ്പ് ഇട്ട് തരാൻ ശുപാർശ പോയിട്ടുണ്ട്.ഒപ്പിന് കുപ്പി അല്ല കുപ്പിയ്ക്ക് ഒപ്പ്‌ എന്നതാണ് പുതിയ മുദ്രാവാക്യം.
കൊറോണയുടെ സൂപ്പർ ശക്തി നോക്കണേ.എങ്ങനെ ആയാലും നമ്മുടെ അക്ക (ആൾ കേരള കുടിയൻസ് അസോസിയേഷൻ) എവിടെവേണമെങ്കിലും സമ്മർദ്ദം ചെലുത്തി തരാക്കും.
കുറിപ്പടി : മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഉദ്ദേശിച്ചിട്ടുള്ള പോസ്റ്റ് ആയത് കൊണ്ട് മദ്യം സംബന്ധിച്ചുള്ള വിവരങ്ങൾ ആധികാരികമല്ല, എഴുത്തുകാരിയുടെ ഭാവന ഉണർന്നത് കൊണ്ടാണ്.