ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗം ആകണം എന്നത് ഇന്ത്യയിൽ ജീവിക്കാൻ ആവശ്യം ആണോ ?

30

ഡോക്ടർ ഗംഗ

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗം ആകണം എന്നത് ഇന്ത്യയിൽ ജീവിക്കാൻ ആവശ്യം ആണോ?

അതോ ആധാർ കാർഡ്, പാൻകാർഡ്, പോലെ അത്യാവശ്യം ആണോ? മുൻപ് അങ്ങനെ ഒരു ആവശ്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഈ മാറിയ കാലത്ത്, കേരളത്തിൽ മൂന്നു പ്രധാന പാർട്ടികളും പിന്നെ ചെറുകിട വേറെയും ഉണ്ട്,അതിലേതെങ്കിലും ഒന്നിൽ ഉറച്ചോ ഉറപ്പില്ലാതെയോ ഇരിയ്ക്കണം എന്ന് നിർബന്ധം ഉണ്ടോ? ഞാൻ ഒരു പാർട്ടിയുടെയും വക്താവ് അല്ല. മെമ്പർ ഷിപ്പും ഇല്ല.
എന്റെ അച്ഛനമ്മമാരോ അധ്യാപകരോ ഒരു പാർട്ടിയിലും ചേർത്തില്ല, അതിനായി പ്രേരിപ്പിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഒന്നിലും ചേർന്നില്ല. അത് അവരുടെ കുറ്റം അല്ല. അക്കാലത്തു അങ്ങനെ ഉള്ളവർ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ രാഷ്ട്രീയം വീട്ടിൽ നന്നായി സംസാരിയ്ക്കാറുള്ളത് കേട്ടിട്ടുണ്ട്. അമ്മയുടെ അച്ഛൻ കോൺഗ്രസ് ആയിരുന്നു. എന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരൻ. അവരും, സ്‌കൂളിലും കോളേജിലും എങ്ങും രാഷ്ട്രീയം പഠിപ്പിച്ചില്ല. മെഡിക്കൽ കോളേജിൽ ക്ലാസ് രണ്ടായി തിരിഞ്ഞിരുന്നു. ഒരു വിഭാഗം psm (progressive students movement ) എന്നും മറു വിഭാഗം soap (students organization against politics ) എന്നും. ksu, sfi യുടെ വകഭേദം. രണ്ടിലും ചേരാതെ നിഷ്പക്ഷമായി നിന്ന അപൂർവം പേരിൽ ഒരാൾ ആയിരുന്നു ഞാൻ. മറ്റുള്ളവരെ എനിയ്ക്ക് അറിയില്ല. ഇനി ഞാൻ മാത്രമേ ആ 200 പേരിൽ ഉണ്ടായിരുന്നോ എന്നും അറിയില്ല.

അത് കൊണ്ട് അന്ന് നഷ്ടമോ ലാഭമോ ഒന്നും ഉണ്ടായില്ല. പഠിച്ചാൽ മാർക്ക് കിട്ടും. സർട്ടിഫിക്കറ്റ് കിട്ടും. അത്രേ ഉള്ളു. അക്കാലത്തു ആധാറും ഐഡിയും പാൻകാർഡും ഒന്നും ഇല്ലായിരുന്നു.ജനിച്ച മണ്ണിൽ ഒരു രേഖയുടെയും തെളിവ് ഇല്ലാതെ ജീവിക്കാൻ അതൊന്നും ആവശ്യമില്ല. മാത്രം അല്ല നിലവിലെ ഒരു പാർട്ടിയിലും ചേരരുത് എന്ന്, വായിച്ച പുസ്തകങ്ങൾ എന്നോട് പറഞ്ഞു. ചേരിചേരാ നയം പാലിക്കുക എന്നതാണ് നയം. ന്യായീകരണം എനിയ്ക്ക് പറ്റില്ല. ശരി എന്ന് തോന്നുന്നത് മാത്രമേ ന്യായീകരിയ്ക്കൂ. മതമോ രാഷ്ട്രീയമോ കുടുബമോ ഇല്ലാതെ നിരവധി ആൾക്കാർ കുറച്ചു നാൾ മുൻപ് വരെ ജീവിച്ചു മരിച്ചു. ഇത് മൂന്നും തമ്മിൽ അന്തർ ധാരയും നൂൽ ബന്ധവും ഉണ്ട്. ജനനമരണ സർട്ടിഫിക്കറ്റ്കൾ പോലും ഇല്ലാതെ ആൾക്കാർ ജീവിച്ചു പോന്നു സ്വതന്ത്ര ഇന്ത്യയിൽ.
സർക്കാർ ജോലിയ്ക്കായ് പി എസ് സി ടെസ്റ്റ് എഴുതി കാത്തിരിയ്ക്കാത്തതു കൊണ്ട് ജോലി ശുപാർശയോ ലിസ്റ്റിൽ മുൻപിൽ വരാനോ ഒന്നും ആരുടെയും അടുത്ത് പോകേണ്ട. സർക്കാർ ജോലി അല്ലാത്തത് കൊണ്ട് സ്ഥലം മാറ്റത്തിനോ പ്രമോഷനോ വേണ്ടി ഒരു പാർട്ടിയിലും ശുപാർശ ചെയ്യേണ്ടി വരുന്നില്ല. വ്യവസായം തുടങ്ങാൻ ഒരു ഉദ്ദേശവും ഇല്ലാത്തതു കൊണ്ട് തന്നെ ഒരു പാർട്ടിയെയും സ്വാധീനിയ്ക്കേണ്ട ആവശ്യമില്ല.സ്വന്തം ആയി ക്വാറികളോ കരിമണൽ ഖനനമോ ചെയ്യാൻ ഉദ്ദേശം ഈ ജന്മത്തു ഇല്ല. പിന്നെ എന്തിന് രാഷ്ട്രീയക്കാരുടെ പിറകെ നടക്കണം ?

അതെല്ലാം പോട്ടെ, സ്വന്തം ആയി സ്വകാര്യ ആശുപത്രി സ്ഥാപിയ്ക്കാൻ ഒരു സാധ്യതയും ഇല്ല. എഴുത്തിൽ എന്തെങ്കിലും കൊള്ളാവുന്ന അവാർഡ് തരാക്കാൻ നല്ല പ്രായത്തിൽ കഴിഞ്ഞില്ല. അന്നായിരുന്നു മേത്തരം അവാർഡുകൾ കിട്ടിയിരുന്നത് എങ്കിൽ ജീവിതത്തിൽ മാറ്റവും ഉണ്ടായേനെ. ഈ അസ്തമയ കാലത്ത് അങ്ങനെ ഉള്ള അതി തീവ്ര ആഗ്രഹം ഇല്ല. ഞാൻ ആരെയും തല്ലുകയോ കൊല്ലുകയോ പീഡിപ്പിയ്ക്കുകയോ വഴക്കും വക്കാണവും ഉണ്ടാക്കുകയോ, അപകടകരമാം വിധംസംഘം ചേരുകയോ ചെയ്യുന്നില്ല. ഒറ്റയ്ക്ക് സംഘം ചേരുക എന്നതാണ് എന്റെ നിലവിലെ രീതി. വെട്ടും കുത്തും ഇല്ലെന്ന് പറയുന്നില്ല. പേപ്പറിൽ എഴുതുമ്പോൾ ഉണ്ട്. തിരുത്തൽ വാദം ഇല്ലെന്ന് പറയുന്നില്ല ഉണ്ട് ഓൺ ലൈനിൽ എഴുതുമ്പോൾ. കോൾ പാടങ്ങളോ നിലങ്ങളോ ഇല്ല.നികത്താൻ കൃഷി ഭൂമി ഇല്ലേയില്ല. കൃഷി നേരിയ തോതിൽ ഉണ്ടായിരുന്നത് ഒക്കെ നിർത്തി. ഇത് വരെ രാജ്യത്തെ അല്ലെങ്കിൽ സംസ്ഥാനത്തെ നിയമങ്ങളോ വഴക്കങ്ങളോ തെറ്റിയ്ക്കാൻ പോയിട്ടില്ല.

മൾട്ടിപ്ളെക്സു തിയേറ്ററുകളോ മാളുകളോ ഓഡിറ്റോറിയങ്ങളോ നിർമ്മിയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല.
സർക്കാർ വക ഭൂമിയോ വനമോ ഒന്നും കൈയേറിയിട്ടില്ല. മിച്ച ഭൂമി പോയിട്ട് ആവശ്യത്തിന് പോലും ഭൂമിയില്ല. ഒരു വിധപ്പെട്ട വികസന പദ്ധതികളിലോ നിർമ്മാണ പണികളിലോ ഇത് വരെ ദർഘാസ്, കോൺട്രാക്ട്, മരാമത്തു ഇടപാടുകളിൽ ഒന്നും ഇല്ല, ഇനിയും ഇല്ല. കൈക്കൂലി നാളിതു വരെ കണ്ടിട്ട് കൂടിയില്ല. പിന്നല്ലേ കള്ളക്കടത്തു. കള്ളപ്പണം. മദ്യപാനം മൃദുവായി പോലുമില്ല ലഹരിവസ്തുക്കൾ ഉപയോഗിക്കാറില്ല. വൈനും ( വല്ലപ്പോഴും ക്രിസ്ത്യൻ സുഹൃത്തുക്കൾ തന്നാൽ ) ഇളനീരും അല്ലാതെ ഒന്നിലും താല്പര്യമില്ല. ആ വിധ സാമഗ്രികൾ ക്രയ വിക്രയം ചെയ്യപ്പെടുന്ന സ്ഥാപനങ്ങളിൽ പങ്കാളിത്തം ഇല്ല. ഞാൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയി നിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല. കെട്ടി വയ്ക്കാനുള്ള പണത്തിനു വിലയുണ്ട്. (ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർടൺ ആണ് ആരാധനാ പാത്രം ). നികുതി വെട്ടിപ്പൊ തട്ടിപ്പോ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല. ഡ്രൈവിംഗ് ചെയ്തിരുന്ന കുറഞ്ഞ കാലത്തിനുള്ളിൽ ആരെയും ഇടിച്ചു ആശുപത്രിയിൽ ആക്കിയിട്ടില്ല. ലൈസൻസ്, ഇൻഷുറൻസ്, എല്ലാം അന്ന് ഉണ്ടായിരുന്നു. ഇപ്പോൾ വണ്ടിയും ഇല്ല ലൈസൻസും ഇല്ല. ഏതെങ്കിലും രോഗികളെ കിട്ടിയാൽ രക്ഷപ്പെടുത്താൻ നോക്കും എന്നല്ലാതെ ആരെയും കൊല്ലാൻ അറിയില്ല.

വൈരാഗ്യം, വിരോധം മുൻപ് ഉണ്ടായിട്ടുണ്ട്, അത് രാഷ്ട്രീയമല്ല. വ്യവസ്ഥയോടും ചില വ്യക്തികളോടും. ബാങ്ക് ലോൺ ഉണ്ട്. അത് ഇത് വരെ കൃത്യമായി അടച്ചു. ഇനി അങ്ങോട്ട് എന്ത് എന്നറിയുകയില്ല. സിബിൽ റേറ്റിംഗിൽ ഞാൻ മുന്നിൽ ആണ് എന്നാണ് വിശ്വാസം. അവരെ മനഃപൂർവം ചതിക്കണം എന്നില്ല. ഞാൻ അല്ല ഇനി കൊറോണ ചതിയ്ക്കുന്നെങ്കിലെ ഉള്ളൂ.
ഇനി കഷ്ടകാലത്തിന് വല്ല പാർട്ടിയോടും ചായ്‌വ് ഉണ്ടായാൽ എതിർ വശത്തേയ്ക്ക് പിടിച്ചു കെട്ടാൻ പരമാവധി ശ്രമിക്കാം. അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങി അസുഖം ഭാവിയിൽ ഉണ്ടായാൽ ചിലപ്പോൾ മറുകണ്ടം ചാടാനും സാധ്യത ഉണ്ട്. സർവോപരി എനിയ്ക്ക് രാഷ്ട്രീയക്കാരെയും അവരുടെ നേതാക്കൾ, അണികൾ, സംഘടനാ പ്രവർത്തനം എല്ലാം പേടി ആണ്. (അത് രഹസ്യം ആണ്) . ഉഗാണ്ടയിലോ ആമസോണിലോ ഒരു ദിവസം ഒറ്റയ്ക്ക് കഴിയാൻ സാധിച്ചാലും കൂടി മേല്പറഞ്ഞവരുമായി സഹകരിയ്ക്കാൻ പറ്റില്ല.

അവരെ മാത്രമേ പേടിയുള്ളോ എന്ന് ചോദിച്ചാൽ അല്ല , പാമ്പ്, പട്ടി, ആന ഇത്രയും കൂടി ലിസ്റ്റിൽ ഉണ്ട്.ഇത്രയും കാലം ഒരു പാർട്ടിയിലുമില്ലാഞ്ഞിട്ടു ആരോഗ്യത്തിന് സാരമായ കുഴപ്പങ്ങൾ ഒന്നും ഇല്ല. ചിക്കൻ പോക്സ്, വില്ലൻ ചുമ, മണ്ണൻ, മുണ്ടിനീര്, ടൈഫോയ്ഡ്, ഡെങ്കി, ചിക്കൻ ഗുനിയ തുടങ്ങി അസുഖങ്ങൾ കയറി ഇറങ്ങി പോയത് കൂടാതെ ഇപ്പോൾ ഇനി കൊറോണയുടെ വക വല്ലതും സ്പെഷ്യൽ ട്രീറ്റ് ഉണ്ടോ എന്ന് നോക്കിയിരിയ്ക്കുന്നു. അത് ഒഴിവാക്കാൻ അല്ലെങ്കിൽ ചികിൽസിക്കാൻ രാഷ്ട്രീയം അല്ല മരുന്നുകളോ വാക്‌സിനോ ആണ് വേണ്ടത്.

അല്ല മാളോരേ എന്നെ അല്ല, എന്റെ എഴുത്തിനെ ശരിയ്‌ക്ക് ഒന്ന് നോക്കിയേ. എന്തേലും ഏതേലും പാർട്ടിയുടെ ലക്ഷണം, മണം, നിറം ഇത്യാദി ഉണ്ടോ? പേടിയ്‌ക്കേണ്ട ഈ ഞാൻ, ഞാൻ അറിയാത്ത ഏതോ പാർട്ടിയുടെ വക്താവ് ആണെന്ന് ആരോ എന്നെ ആക്കി. അത് ശരിയ്ക്കും ‘ആക്കിയത് ‘ആണോ? അത് കൊണ്ട് എഴുതിപ്പോയത് ആണ് ഈ കുറിപ്പ്. അല്ല ഇനി ഒരു പാർട്ടിയോട് ചായ്‌വ് ഉണ്ടായിപ്പോയി എന്ന് വച്ചാൽ, സ്വന്തം ബലഹീനതകൾ, കുറ്റവാസന ഒക്കെ ഒളിച്ചു വയ്ക്കും പോലെ രാഷ്ട്രീയ നിലപാടും ഒളിച്ചു വയ്‌ക്കേണ്ടതാണോ ? അത്ര മോശം ഇടപാട് ആണോ രാഷ്ട്രീയം? എന്തെങ്കിലും ഉള്ളതല്ലേ ഒളിപ്പിയ്ക്കാൻ സാധിയ്ക്കൂ. ഇല്ലാത്തത് എങ്ങനെ മൂടി വയ്ക്കാൻ സാധിയ്ക്കും? നിഷ്പക്ഷത എന്നത് കപടമാണോ? ഇത്രയും നാളും ഒരു പാർട്ടിയിലും ഇല്ലാതെ ജീവിച്ചു. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ജീവിയ്ക്കാൻ ഉദ്ദേശം.

Previous articleകറുത്ത സുന്ദരികളുണ്ടോ ?
Next articleഎന്തെല്ലാം ക്രൂരതകളാണ് എവിടെയും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.