ഇനി കോവിഡ് സാമൂഹിക വ്യാപനം ആയാൽ, അതിന്റെ ഉത്തരവാദിത്തം വച്ചു കെട്ടാൻ ആൾക്കാരെ കിട്ടി

0
60

Dr Ganga S

ഉം.ആവൂ. അങ്ങനെ എല്ലാം ഭംഗിയായി നടന്നു.നടക്കുന്നു. ഇനി കോവിഡ് സാമൂഹിക വ്യാപനം ആയാൽ, അതിന്റെ ഉത്തരവാദിത്തം വച്ചു കെട്ടാൻ ആൾക്കാരെ കിട്ടി. (സാമൂഹിക വ്യാപനത്തിന്റെ ബൗണ്ടറിയിൽ എത്തിയോ എത്തിനോക്കിയോ കടന്നോ എന്നൊന്നും അറിയില്ല, അങ്ങനെ ഉള്ള, ജനങ്ങൾക്കു അറിയേണ്ടത് ആയ ഒന്നും പുറത്ത് വിടില്ല.അതാണ് ജനാധിപത്യം.) ആരാണ് ഉത്തരവാദികൾ? രണ്ട് മാസമായി അകത്തിരുന്ന നാട്ടുകാർ. എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ജനത്തെ കൊണ്ട് അത് ഞമ്മൾ ഏറ്റു എന്ന് പറയിപ്പിക്കും. ‘അവസാനം ഇരുന്നവർ കട്ടിലൊടിച്ചു ‘ എന്നാണ് ഈ സിദ്ധാന്തത്തിനു പേര്.

അവർ, പൊതുജനം സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുന്നില്ലത്രേ. സാമൂഹിക വ്യാപനം ഉണ്ടായാലും ഇല്ലെങ്കിലും, കൊറോണ പുറത്ത് നിന്ന് വന്നതാണ്. അത് പടർന്നു പിടിയ്ക്കുന്നതു ചേരിയിലായാലും കോളനിയിലായാലും. അതാണ് വസ്തുത. ബസിൽ ആൾക്കാരെ നിറയ്ക്കുന്നത് യാത്രക്കാരോ ബസുകാരോ? അപ്പോൾ ഒരു സംശയം. കൊറോണ വരും മുൻപ് തന്നെ കാലങ്ങൾ ആയി ബസിൽ യാത്രക്കാരെ കുത്തിനിറയ്ക്കുന്നത് സാധാരണക്കാരായ യാത്രക്കാരുടെ ആവശ്യം ആയിരുന്നോ? അവർക്ക് മറ്റു ഗതിയില്ലാഞ്ഞത് കൊണ്ട്, ഗതികേട് കൊണ്ട് പൊതു വാഹനം ഉപയോഗിക്കുന്നു. അല്ലെങ്കിൽ ആരാണ് വളഞ്ഞുകുത്തിയും ഞെങ്ങി ഞെരിഞ്ഞും തൂങ്ങി കിടന്നും യാത്ര ചെയ്യാൻ താല്പര്യം ഉള്ളവർ പ്രത്യേകിച്ച് സ്ത്രീകൾ?

കൊള്ള ലാഭത്തിനു വേണ്ടി, ബസ് ഉടമകളും സ്വന്തം അല്ലെങ്കിൽ സർക്കാർ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും കൂടി ആണ് ഇത്രയും കാലം സാധാരണ ജനങ്ങളെ തീപ്പെട്ടി കൂടിൽ കൊള്ളി നിറയ്ക്കും പോലെ ബസിൽ കുത്തി നിറയ്ക്കാൻ തീരുമാനിച്ചിരുന്നത്.അതല്ലേ സത്യം? സംഘടിത ശക്തിയുടെ ബലം. അത് തടയാൻ ഉള്ള അധികാരം പൊതുജനം എന്ന യാത്രക്കാർക്ക് ഇല്ല.
വിദേശത്ത് (വികസിത രാജ്യങ്ങളിൽ ) പലപ്പോഴായി സഞ്ചരിയ്ക്കുന്ന ഇവിടുത്തെ അധികാരികൾ അവിടങ്ങളിൽ പൊതു വാഹനങ്ങൾ കണ്ടിട്ടില്ലേ? ഇങ്ങനെ ആൾക്കാരെ വാഹനത്തിൽ കുത്തിനിറച്ചിട്ടുണ്ടോ? അവിടങ്ങളിൽ ഇവിടുത്തെ പോലെ ജനസംഖ്യ ഇല്ല എന്നായിരിയ്ക്കും ഉത്തരം. അതാരുടെ കുഴപ്പം? ജനസംഖ്യ നിയന്ത്രണം നടപ്പിൽ വരുത്താഞ്ഞത് വോട്ട് ബാങ്ക് നിറയ്ക്കാൻ ആയിരുന്നില്ലേ? കൊറോണ ചതിച്ചില്ലെങ്കിൽ അതിൽ നമ്പർ വൺ ആകും നമ്മൾ, ആയി തുടരും. അത് വേറെ വിഷയം.
പറഞ്ഞു വന്നത്,,

ഇനിയും നാട്ടുകാർ വീട്ടിൽ അടച്ചിരുന്നോ. അല്ലെങ്കിൽ വേണമെങ്കിൽ സ്വന്തം വാഹനത്തിൽ യാത്ര ചെയ്തോ. അല്ലെങ്കിൽ, ക്വാറന്റൈൻ തെറ്റിച്ചു കണ്ടൈൻമെൻറ് സോണും ഹോട്ട് സ്പോട്ടും നിരന്തരം തരും.ക്വാറന്റൈൻ തെറ്റിച്ചവർ ചെയ്യുന്ന കുറ്റത്തിന് ശിക്ഷ നാട്ടുകാർക്കു. എന്തൊരു നല്ല ഉദാരമായ നിയമം. ഇനി കാശില്ല എങ്കിൽ പട്ടിണി കിടന്നു ചാവുകയോ ആത്മഹത്യ ചെയ്യുകയോ എന്തെങ്കിലും ആയിക്കോട്ടെ. ഇനി ഹേർഡ് ഇമ്മ്യൂണിറ്റി ഉണ്ടാക്കാൻ ഉള്ള പദ്ധതി ആണോ? ഇവിടുത്തെ മന്ത്രിമാരും ജനപ്രതിനിധികളും നേതാക്കന്മാരും പൊതു വാഹനം ആണോ ഉപയോഗിക്കുന്നത്? (ശമ്പളം എല്ലാർക്കും കൃത്യമായി കിട്ടുന്നുണ്ട്. അല്ലേ. കിട്ടിയില്ലെങ്കിൽ പറയണേ. ജനങ്ങൾ മുണ്ട് മുറുക്കി ഉടുത്തു, ഭിക്ഷ എടുത്ത് തരും. എത്രയാ ശമ്പളം? കിമ്പളം അല്ല.) സ്വകാര്യ വാഹനം ഉപയോഗിക്കുന്നവർ ആണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്. സാമൂഹിക വ്യാപനം നാട്ടുകാർ അല്ല വരുത്തുന്നത്. അവർക്കറിയില്ല ആരാണ് പുറത്ത് നിന്ന് വന്നു ക്വാറന്റൈൻ തെറ്റിച്ചു ഇറങ്ങി നടക്കുന്നതും ആരൊക്കെ ആയി സമ്പർക്കം പുലർത്തുന്നു എന്നതും.അവരുടെ പേരോ ഐഡന്റിറ്റിയോ നാട്ടുകാർക്ക് അറിയില്ല. പിന്നെങ്ങനെ?

പുറത്ത് നിന്ന് വന്നവരെ, വരുന്നവരെ അകത്തു കർശനമായി വെറും 14 ദിവസം അടച്ചിട്ടിട്ട്, ഇവിടെ അടച്ചിരുന്ന ആൾക്കാർക്ക് ഇറങ്ങി അവരവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സമ്മതിക്കാതെ, ഇപ്പോൾ അവരുടെ പുറത്ത് വച്ചു ചാരുന്നതിന് നാണമില്ലേ.? ഇനി ഒരു വിഭാഗം കൂടി ഉണ്ട്. ആരോഗ്യ പ്രവർത്തകർ.അവർ ജോലി ചെയ്തു കുഴയുമ്പോൾ ബാക്കി പാളിച്ചകൾ അവരുടെ പുറത്തും വച്ചു കെട്ടാം. എന്തെളുപ്പം.അപ്പോഴും (രാഷ്ട്രീയ ) പൂച്ച നാലുകാലിലെ വീഴൂ !പത്താമത്തെ അത്ഭുതം. പുറത്ത് നിന്ന് ആരും നാട്ടിലോട്ട് വരണ്ട എന്ന് പറയാൻ ആർക്കും അവകാശം ഇല്ല. പക്ഷേ അവരെ കൃത്യമായി ക്വാറന്റൈൻ ചെയ്തു നാട്ടുകാരെ രക്ഷിക്കാൻ അധികാരികൾക്കു ഉത്തരവാദിത്തം ഉണ്ട്.

Institutional ക്വാറന്റൈൻ പ്രയോഗികമല്ലെങ്കിൽ, അതിനുള്ള മുദ്ര അല്ലെങ്കിൽ അടയാളം ക്വാറന്റൈൻ ചെയ്യപ്പെടുന്നവരുടെ മേൽ വയ്ക്കണം. അപ്പോൾ ആൾക്കാർക്ക് അവരെ അറിയാൻ പറ്റും. അങ്ങനെ എങ്കിൽ അവർ ഇറങ്ങി നടക്കാനും ധൈര്യപ്പെടില്ല.നാട്ടുകാർ സ്വതന്തമായി ഇറങ്ങി നടന്നേനെ. എന്തൊരെളുപ്പം. കൈ കഴുകാൻ. തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു. അതാണ് ബേജാറ്.
കൊറോണ എല്ലാത്തിന്റെയും കതിരും പതിരും വേർതിരിച്ചു തരും. അല്ല വീണ്ടും സംശയം. ഈ രാഷ്ട്രീയക്കാർ നാട്ടുകാരിൽ പെടില്ലേ?സത്യത്തിൽ ഈ രാഷ്ട്രീയക്കാർക്ക് പാവപ്പെട്ട പൊതു ജനത്തെ കുറിച്ച് എന്തെങ്കിലും മതിപ്പ് ഉണ്ടോ? എന്തായാലും കൊറോണ മതത്തിനെ എന്നപോലെ ജീർണ്ണിച്ച രാഷ്ട്രീയത്തിനും ഒരു അറുതി വരുത്തിയെ പോകൂ എന്ന് വിശ്വസിക്കുന്നു. അല്ലാതെ മറ്റൊന്നിനും തന്നെ തല്ക്കാലം ഈ രണ്ടു മഹാമാരികളെ ഒതുക്കാൻ ഉള്ള കഴിവ് ഇല്ല.

Nb : സത്യം ബ്രഹ്മമാണ് .