എപ്പോഴും കൊവിഡ്, വാക്സിൻ, വെന്റിലേറ്റർ, ഓക്സിജൻ എന്ന് മാത്രം വിചാരിക്കാതെ, പോസിറ്റിവ് ആയ കുറച്ചു ചിന്തകൾ

0
57

ഡോക്ടർ ഗംഗ എസ്

എപ്പോഴും കൊവിഡ്, വാക്സിൻ, വെന്റിലേറ്റർ, ഓക്സിജൻ എന്ന് മാത്രം ചിന്തിയ്ക്കുമ്പോൾ ഒരു നെഗറ്റീവ് ഫീൽ ആണ്. അത്കൊണ്ട്, മാറി ചിന്തിക്കാം.വർത്തമാന കാലത്തെ അതിജീവിക്കുക മാത്രമല്ല ഭാവിയിലേക്കും കൂടി നോക്കേണ്ടതുണ്ട്.കൊറോണയ്ക്ക് ശേഷം എന്താണ് അവശേഷിക്കുക?ഭൗതിക സമ്പത്ത് ഏതായാലും ഇവിടെ തന്നെ ഉണ്ടാവും. കൊറോണയ്ക്ക് അതിൽ താല്പര്യമില്ല. മനുഷ്യർ അതും ഏത് പ്രായത്തിൽ ഉള്ളവരും എടുക്കപ്പെടും എന്നാണ് നിലവിൽ കൊറോണ ഗോഡൗണിന് മുന്നിൽ എഴുതിവച്ചിരിയ്ക്കുന്നത്. വൈറസ് ഏതെങ്കിലും രീതിയിൽ അപ്രത്യക്ഷമായി കഴിഞ്ഞാൽ കൊറോണയ്ക്ക് മുൻപുള്ള ലോകം പുനസ്ഥാപിക്കപ്പെടുമോ?

ഉറപ്പില്ല. എന്നാലും, നമുക്ക് മുന്നിലുള്ള ഒരു ഉദാഹരണം, സ്പാനിഷ് ഫ്ലൂ പോയതിനു ശേഷം ലോകം പൂർവാധികം ഉഷാറായി. മനുഷ്യ രാശിക്ക് ഭീഷണിയായി ഏത് അന്തകവിത്ത് വന്നാലും, ഏത് കേടുപാടുകളും തീർക്കാൻ പ്രകൃതിയ്ക്ക് സ്വമേധയാ കഴിയും. ഏതായാലും ഇവിടെ അങ്ങനെ ഒന്ന് പൂർവ്വ സ്ഥിതിയിലാകാൻ സമയം എടുക്കും.രാഷ്ട്രീയ സാമ്പത്തിക സമവാക്യങ്ങൾ മാറി മറിയുമോ?
പുതു ലോകത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുക തന്നെ ചെയ്യും. മുമ്പന്മാരിൽ ചിലർ പിമ്പന്മാരാകും. തിരിച്ചും. തർന്നടിഞ്ഞ ചിലത് ഉയർത്തെഴുന്നേൽക്കും. ഉയരത്തിൽ നിന്ന ചിലതൊക്കെ തകരും നാമാവശേഷമാകും.ജനങ്ങൾ ഇതുവരെ പുലർത്തിയിരുന്ന ആരോ വിതക്കും ചക്കി കൊയ്യും അമ്മ കുത്തും ഞാൻ തിന്നും എന്ന മനോഭാവം വെടിഞ്ഞ് സ്വന്തം ദൗർബല്യങ്ങൾ, അവകാശങ്ങൾ തിരിച്ചറിയുകയും ഉണർന്നെഴുന്നേൽക്കുകയും ചെയ്യണം.

തീർച്ചയായും. വാക്സിൻ, അനുബന്ധ അസംസ്കൃത സാധനങ്ങൾ, മരുന്നുകൾ, രോഗിക്കും ആശുപത്രിയ്ക്കും വേണ്ടി വരുന്ന മറ്റ് സാധന സാമഗ്രികളുടെ നിർമ്മാണം, സേവനങ്ങൾ, അവയുടെ ഗതാഗതം, തൊഴിൽ, ഇൻഷുറൻസുകൾ തുടങ്ങി മേഖലകൾ കരുത്തർജ്ജിക്കും. സാമൂഹിക കാഴ്ചപ്പാടുകളിൽ വലുതായ മാറ്റങ്ങൾ വരുമോ?തീർച്ചയായും ഉണ്ടാവും. മല്ലനും മാതേവനും കഥ പോലെ ഇത്രയും കാലം സുഹൃത്തുക്കളായി അഭിനയിച്ചവരെയും യഥാർത്ഥ സുഹൃത്തുക്കളെയും തിരിച്ചറിയാൻ കഴിഞ്ഞു .സാമൂഹിക സുരക്ഷയും മുൻഗണനയും ഇല്ലാത്തവർ ആരെന്ന് തിരിച്ചറിയപ്പെട്ടു.

. പാൻഡെമിക് കാലത്ത് വരുമാനം / ശമ്പളം മുടങ്ങാതെ കിട്ടിയവരും , വരുമാനത്തിൽ കുറവ് വന്നവർ അല്ലെങ്കിൽ ഇല്ലാത്തവരും, പ്രിവിലേജ്‌ ഉള്ളവരും ഇല്ലാത്തവരും, ഇന്റർനെറ്റ്‌ സൗകര്യം ഉള്ളവരും ഇല്ലാത്തവരും, സമ്പന്നരും ദരിദ്രരും, സ്വകാര്യ വാഹനം ഉള്ളവരും ഇല്ലാത്തവരും, എന്നിങ്ങനെ രണ്ട് കൂട്ടർ ആയി എല്ലായിടത്തും വേർതിരിയ്ക്കപ്പെട്ടു.ആ അന്തരം ഇവിടെ തന്നെ ഉണ്ടായിരുന്നെങ്കിലും പരസ്പരം ശ്രദ്ധിയ്ക്കപ്പെടാതെ ഇത്രയും കാലം മറഞ്ഞിരിയ്ക്കുകയായിരുന്നു. കൊറോണ അതിന്റെ മറ പൊളിച്ചിട്ടു. കൊവിഡ് പ്രോട്ടോകോൾ ഒക്കെ കർക്കശമായത് പാവങ്ങൾക്കും സാധാരണക്കാർക്കും മാത്രം. Fb യല്ല സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇതിന് പുറത്താണ് ജീവിതം. യാഥാർഥ്യങ്ങൾ കയ്പ്പുള്ളതാണ് സാധാരണക്കാരായ മിക്കവരുടെയും ജീവിതത്തിൽ.Survival of the fittest എന്ന പരിണാമ സിദ്ധാന്തം ഇവിടെ ഓർക്കുന്നു .

ലോക ജനസംഖ്യയിൽ ഗാണ്യമായ കുറവ് ഉണ്ടാകുമോ? സ്പാനിഷ് ഫ്ലൂ കഴിഞ്ഞ് ജനജീവിതം കുറച്ചു കാലം കഴിഞ്ഞ് സാധാരണ നിലയിൽ ആയി. ഏതാണ്ട് അന്നത്തെ ലോക ജനസംഖ്യയായ 180 കോടിയിൽ മൂന്നിലൊന്ന് പേർക്കും രോഗം ബാധിച്ചതായും ഏകദേശം 50 – 100 മില്യൺ ആൾക്കാർ മരണപ്പെടുകയും ചെയ്തുവെന്നാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്. അന്ന് കണക്കുകൾ രേഖപ്പെടുത്താൻ ഇന്നത്തെ പോലെ ഇന്റർ നെറ്റ് വഴി ഏകീകൃത സമ്പ്രദായം ഇല്ലായിരുന്നു. അന്ന് വാക്സിൻ കണ്ട് പിടിച്ചിട്ടില്ല. എന്നിട്ടും ഏതാണ്ട് മനുഷ്യ കുലം അതിനെ അതിവേഗം അതിജീവിച്ചു ലോക ജനസംഖ്യ ഇന്നത്തെ 800 കോടിയ്ക്കടുത്തായി.

കൊറോണയ്ക്ക് ശേഷം ആണ് സെൻസസ് എടുക്കേണ്ടത്.മനുഷ്യന്റെ ,പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിലെ, ഇനിയുള്ള ആയുസ്, മാനസികമായും ശാരീരികമായും ഉള്ള ആരോഗ്യം, മുതലായവയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കൊറോണയ്ക്ക് കഴിയുമോ? അത് കണ്ടറിയേണ്ടിയിരിക്കുന്നു.മുൻപ് കരുതിയിരുന്നത് പോലെ ആധുനിക ലോകവും അത്ര സുരക്ഷിതമല്ല എന്നും മനുഷ്യ രാശിയ്ക്ക് മേലുള്ള ഏറ്റവും വലിയ ഭീഷണി യുദ്ധമോ അണ്വായുധമോ മാത്രം അല്ല എന്ന തിരിച്ചറിവ് ഉണ്ടായിരിയ്ക്കുന്നു.കൊറോണനന്തരം സാമ്പത്തിക ബാലൻസ് തകർച്ചയിൽ ആയ വിഭാഗം ജനതയുടെ മാനസിക ആരോഗ്യം മുൻപത്തെ പോലെ അതിവേഗം പുനസ്ഥാപിയ്ക്കപ്പെടുകയില്ല. വിഷാദം ഒരു സാമൂഹിക വിഷയം തന്നെ ആവും.

കൊറോണ വീണ്ടും വീണ്ടും ജനിതക മാറ്റങ്ങൾക്ക് വിധേയമായി മനുഷ്യരുടെ പ്രതിരോധങ്ങളെ അതിജീവിക്കുമോ മനുഷ്യനുള്ള കാലങ്ങളോളം ഭൂമിയിൽ ഉണ്ടാവുമോ?കൊറോണ വൈറസ് പ്രകൃതിജന്യമാണെങ്കിൽ പുതിയ അഡ്വാൻസ്ഡ് വാക്സിനുകൾ വരുമ്പോൾ അല്ലെങ്കിൽ മ്യൂട്ടേഷൻ ആവർത്തിച്ചാവർത്തിച്ചു ഭസ്മാസുരനെ പോലെ സ്വയം ഇല്ലാതാവുകയോ ശക്തി ക്ഷയിക്കുകയോ ചെയ്യുമായിരിക്കും.കൃത്രിമ വൈറസ് ആണെങ്കിൽ ഭാവി പ്രവചനം അസാധ്യം ആവും.ഒരിയ്ക്കലും eradicate ചെയ്യാൻ കഴിയാത്ത മാരണം ആയി തീരുമോ? കുറഞ്ഞ കാലത്തെ പഠനമേ നിലവിൽ ഉള്ളൂ. ഇതിനെല്ലാം ഗവേഷകരും ശാസ്ത്ജ്ഞാരും ക്രമേണ അന്വേഷിച്ചറിഞ്ഞു, പഠിച്ച് ഉത്തരം തരുമായിരിക്കും.നമ്മുടെ പോലെ തന്നെ കൊറോണയുടെ ഭാവി ജാതകവും ഇനി അറിയാൻ പോകുന്നേയുള്ളു.