ഒറ്റപ്പെട്ടുപോയ സ്ത്രീയെ സ്ത്രീകൾ ചുറ്റും നിന്ന് കുറ്റം പറയും, ഒറ്റപ്പെട്ടുപോയ പുരുഷനെ പുരുഷന്മാർ ഒപ്പം നിന്ന് സഹായിക്കും, അതാണ് വ്യത്യാസം

0
509

ഗംഗ എസ്

ഒറ്റപ്പെട്ടു പോയതും വീണു പോയതുമായ സ്ത്രീയെ വീണ്ടും ഒറ്റപ്പെടുത്താനും കുറ്റം പറയാനും സമൂഹം പ്രത്യേകിച്ച് സ്ത്രീകൾ മുന്നിൽ നിൽക്കും.അതേ സമയം ഒരു പുരുഷൻ ഒറ്റപ്പെട്ടാൽ അല്ലെങ്കിൽ വീഴ്ച ഉണ്ടായാൽ മറ്റു പുരുഷൻമാർ ഒപ്പം നിന്ന് സഹായിക്കും.വീണു പോയതും നിസ്സഹായ ആയതുമായ ഒരു സ്ത്രീ ഒരിക്കലും എഴുന്നേൽക്കരുത്. എല്ലാ കുറ്റവും കഴിയുമെങ്കിൽ അവളിൽ കെട്ടി വയ്ക്കും. അവൾ ആർക്കും മാതൃക ആവരുത് എന്നതാണ് അതിന് പിന്നിലുള്ള പൊതു ബോധം. അത് കണ്ടു മറ്റു സ്ത്രീകൾ ഒരിക്കലും അവളുടെ വഴിയിൽ നടക്കരുത്. ‘പിഴച്ചവളുടെ വഴി ‘എന്ന് അവിടെ ബോർഡ് വയ്ക്കും.

ഗതികേടിൽ എടുത്തണിയേണ്ടി വന്ന പുരുഷ വേഷത്തിന് പിന്നിൽ അവർ, ശ്രീമതി ആനി ശിവ സദാ ഒരു ചിരി ഒരുക്കി വച്ചു. ആ ചിരിക്ക് പിന്നിൽ മനസിലേക്ക് ആണ്ടു പോയ ഒരു കണ്ണീർ നദി ഉണ്ടാവണം . പുറമേ കാണാൻ പറ്റാതെ വറ്റി വരണ്ടുപോയ ഒന്ന്. അവരുടെ ചിരി മലയാളിയുടെ സ്ത്രീയെ കുറിച്ചുള്ള വികലമായ പൊതുബോധത്തെ കീറി കടന്നു പോകുന്ന ഒരു മിന്നലാണ്. അതങ്ങനെ നിൽക്കട്ടെ.

ഇവിടെ എത്ര? എന്ത് സംവിധാനങ്ങൾ ഉണ്ട്? അങ്ങനെ ഏകാകിയായ ഒരു സ്ത്രീയെ സഹായിക്കാനും സംരക്ഷിയ്ക്കാനും. അങ്ങനെ ഒന്നുണ്ടെങ്കിൽ അതെത്ര സ്ത്രീകൾക്ക്‌ പ്രയോജനപ്പെടുന്നു?
അങ്ങനെ ശക്തമായ കുറ്റമറ്റ ഒരു സ്ഥാപനവും സംവിധാനവും ഉണ്ടെങ്കിൽ സ്ത്രീധന പീഡനങ്ങൾ ഉൾപ്പെടെയുള്ള അനുഭവങ്ങളിൽ പെട്ട് ഒറ്റപ്പെടുന്ന, ജീവിതം നിലയ്ക്കുന്ന സ്ത്രീകൾ ആത്മഹത്യ അല്ലെങ്കിൽ വീടകങ്ങളിൽ ഒടുങ്ങേണ്ടി വരില്ലായിരുന്നു.

എഫ്ബിയിലെയും അല്ലാതെയും ഉള്ള സുഹൃത്തുക്കളെ എല്ലാവരെയും കാണാൻ താല്പര്യം ഉണ്ട്. പക്ഷേ സുഹൃത്തല്ലാത്ത ഒരാളെ നേരിട്ട് കാണണം എന്ന് തോന്നുന്നത് ശ്രീമതി ആനി ശിവയെ ആണ്. എന്ത്കൊണ്ടോ,അവരുടെ ചിത്രങ്ങൾ വിഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ കാണുമ്പോൾ , സ്കൂളിൽ പഠിച്ച കുചേലവൃത്തത്തിലെ വരികൾ വിഷാദത്തോടെ ഓർക്കും.

‘എന്ത് കൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിടുന്നു’
ധീരന്മാർ കരയാറില്ല, ധീരകളും.
സല്യൂട്ട് ശ്രീമതി ആനി ശിവ