ഇനിയും ലോക്ക് ഡൗൺ നീളുകയോ പൊതുവാഹനങ്ങൾ ഓടാതിരിയ്ക്കുകയോ ചെയ്താൽ സംഭവിക്കാവുന്ന ഗുരുതര പ്രശ്നങ്ങൾ

  0
  145

  Dr Ganga S

  കൊവിഡ് കേസുകൾ കേരളത്തിൽ ഇപ്പോൾ നാമമാത്രമേ ഉള്ളൂ. ഇനി കൊവിഡ് അതിന്റെ വഴിയ്ക്ക് പൊയ്ക്കോട്ടേ. അതിനോടൊപ്പം കുറച്ചു നാൾ കൂടി നടക്കേണ്ടി വരാം. കോവിഡ് രോഗികൾക്ക് vip പരിഗണന കിട്ടുന്നത് നല്ലത് തന്നെ. രാജ്യാന്തര പ്രശസ്തിയും നല്ലത് തന്നെ . പക്ഷേ, ഇനിയെങ്കിലും vip അല്ലാത്ത മറ്റ് രോഗങ്ങൾക്ക് അർഹിയ്ക്കുന്ന ചികിത്സ കിട്ടണം. അല്ലെങ്കിൽ കൊവിഡിതര രോഗങ്ങൾ മൂലം മരിയ്ക്കുന്നവരുടെ എണ്ണം ഉയർന്നേക്കും. അതെല്ലാം അസാധാരണ സാഹചര്യങ്ങളിൽ ഉണ്ടായ സാധാരണ മരണങ്ങളിൽ പെടുത്തി കണക്ക് എഴുതി തള്ളിയേക്കാം. കൊവിഡ് സാധാരണ ഒരു ജലദോഷപ്പനി ആണ്. അതിൽ 20% പേർക്കേ അസുഖം ഗുരുതരം ആവൂ. അവർക്കേ ആശുപത്രി വാസവും ചികിത്സയും ആവശ്യം ഉള്ളൂ. കൊവിഡിൽ മാത്രം ശ്രദ്ധിച്ചാൽ മറ്റ് രോഗങ്ങൾ കൊണ്ടുള്ള morbidities (രോഗാവസ്‌ഥ ) ഉം mortality (മരണ സംഖ്യ ) യും കൂടാൻ സാധ്യത ഉണ്ട്. കഴിഞ്ഞ രണ്ട് മാസം ആയി മറ്റ് എല്ലാ രോഗികളും വെയിറ്റിംഗിൽ ആണ്. ആരോഗ്യ പ്രവർത്തകരുടെ മുഴുവൻ ശ്രദ്ധയും കൊറോണ കവർന്നു എടുത്തിരിയ്ക്കുന്നു. അത് അവരുടെ മാത്രം തീരുമാനം അല്ല, നയമല്ല. നിരവധി മറ്റ് അസുഖങ്ങൾക്ക് കൃത്യ സമയത്തു ടെസ്റ്റുകളും ചികിത്സയും കിട്ടിയില്ലെങ്കിൽ പിന്നെ ചിലപ്പോൾ പിടിച്ചാൽ കിട്ടാതെയും വരും.

  ഏറ്റവും നിർഭാഗ്യവാന്മാരായ കോവിഡിതര രോഗികൾ ഈ പാൻഡെമിക് ഘട്ടത്തിലെ ആണ്. ഇപ്പോൾ തന്നെ ആശുപത്രിയിൽ പോകാൻ തരമില്ലാത്ത മൂന്നാല് രോഗികളുടെ കഥ കേട്ടു.അതിൽ ഒരാൾക്ക് രക്തത്തിലെ പഞ്ചസാര (blood sugar level ) 500 mg യ്ക്ക് മുകളിൽ ആയി. പെട്ടെന്ന് ആയത് അല്ല, മുൻപ് കൃത്യമായി ചെക്ക് അപ്പ് നടത്തിയിരുന്നു. കുറച്ചു ദിവസം ആയി ക്ഷീണം കണ്ടപ്പോൾ ഇൻസുലിൻ നിർത്തി. ഷുഗർ കുറഞ്ഞത് ആണോ എന്ന സംശയം ആയിരുന്നു. അങ്ങനെ ആണ് പ്രമേഹം കൂടിയത്. ചെറിയ തോതിൽ നെഞ്ചു വേദനയും ശരീരത്തിൽ നീരും ഉണ്ട്. രക്തം ടെസ്റ്റ്‌ ചെയ്യാൻ നിവർത്തി ഇല്ല. എങ്ങനെയോ ഗ്ലുക്കോമീറ്റർ ഉള്ള ഒരാളെ കൊണ്ട് നോക്കിച്ചത് ആണ്. 500 ന് മുകളിൽ ആണ് രക്തത്തിലെ പഞ്ചസാര എങ്കിൽ, അതും കുറച്ചു ദിവസങ്ങൾ ആയി തുടരുന്നു എങ്കിൽ, വൃക്കകളെ ബാധിച്ചു തുടങ്ങിയിട്ടുണ്ടാവും, ചിലപ്പോൾ ഒരു സൈലന്റ് ഹാർട്ട് അറ്റാക്കിന്റെ തുടക്കം ആണോ എന്നും സംശയിയ്ക്കാം.

  ഇതിനെല്ലാം പരിഹാരം ആയിട്ട് വിശദമായ ചെക്ക് അപ്പ് വേണം. കിഡ്നി,ഹാർട്ട് തുടങ്ങി ടെസ്റ്റുകൾ ചെയ്യേണ്ടി വരും. ഷുഗർ നില കുറയ്ക്കാൻ ഉള്ള മറ്റ് മരുന്നുകൾ കൊടുക്കണം, എങ്കിൽ ലാബ് ടെസ്റ്റുകൾ അത്യാവശ്യം. ഇനി കുറയുന്നില്ല എങ്കിൽ അഡ്മിറ്റ്‌ വേണം. ലോക്ക് ഡൗൺ കാലത്തെ അരി ഭക്ഷണം ആണ്. ഭക്ഷണ നിയന്ത്രണം ഇല്ല. ഇതിനെല്ലാം കൂടി ഒരാൾ വാഹനവുമായി വന്നു ആശുപത്രിയിൽ കൊണ്ട് പോകണം. അതിന് ആകെയുള്ള മകൻ ദൂരെ മറ്റൊരു ജില്ലയിൽ ആണ്. എങ്ങനെ എങ്കിലും പിടിച്ചു നിന്ന് ലോക്ക് ഡൗൺ കഴിയുമ്പോൾ ആശുപത്രിയിൽ പോകാം എന്നാണ് മൂപ്പരുടെ തീരുമാനം. മറ്റൊരാൾ കാൻസർ രോഗി ആണ്. അവർക്കും ആശുപത്രിയിൽ പോകാൻ സമയം ആയി. അത്യാവശ്യം ഇല്ലെങ്കിൽ ചെല്ലേണ്ട എന്നാണ് ആശുപത്രിയിൽ നിന്നും പറഞ്ഞു വിട്ടത്. അവർക്ക് വേദന ഉണ്ട്. ഭക്ഷണം കഴിയ്ക്കാൻ ബുദ്ധിമുട്ട്. ഛർദി. എല്ലാം കുറേശ്ശേ ഉള്ളൂ. പക്ഷേ കീമോയുടെ ദിവസം അടുക്കുന്നു. അതിന് മുൻപ് ഉഷാറാവണം. അതിനു അടുത്തുള്ള ആശുപത്രിയിൽ പോയി ചെക്ക് അപ്പ് ചെയ്യണം. രക്തത്തിലെ അണുക്കൾ കുറഞ്ഞോ, കൂടിയോ hb കുറഞ്ഞോ, രക്തം കയയറ്റേണ്ടതുണ്ടോ എന്നെല്ലാം . എങ്കിലും പുറത്ത് ഇറങ്ങാൻ പേടിയുണ്ട്. തല്ക്കാലം കീമോ നീണ്ടാലും വേണ്ടില്ല കൊവിഡ് കിട്ടണ്ടല്ലോ എന്നാണ്.

  ഇനി ഒരാൾ ബൈപാപ്പ് യന്ത്രം ഉപയോഗിയ്ക്കുന്നു. കുറച്ചു ദിവസം ആയി ചില ബുദ്ധിമുട്ടുകൾ. ഉറക്കം കുറവ്. ഉപകരണത്തിന് തകരാർ ആണോ? വാടകക്ക് എടുത്തത് ആണ്. മാസം 5000/-. മക്കൾക്ക് ജോലി ഇല്ലാത്തത് കൊണ്ട് ഇനി ഈ മാസം വാടക എങ്ങനെ അടയ്ക്കും? ബൈപാപ്പ് ഉപയോഗിയ്ക്കുന്നത് ആയത് കൊണ്ട് മറ്റുള്ള ഡോക്ടർമാരെ കാണുന്നതിന് രോഗിക്ക് താല്പര്യമില്ല. അവർക്കും അടുത്ത ജില്ലയിലെ ആശുപത്രിയിൽ പോകണം. ലോക്ക് ഡൗൺ കഴിയട്ടെ എന്ന്. ഇനി ഒരു രോഗിയ്ക്ക് വലിയ ബുദ്ധിമുട്ട് ഇല്ല. കാര്യമായ രോഗി അല്ല നിലവിൽ. പക്ഷേ എന്തോ നെഞ്ചിൽ കുടുങ്ങിയ പോലെ. ഭക്ഷണം കഴിയ്ക്കുമ്പോൾ തടസ്സം. മുന്പില്ലാത്ത വിധം. വെള്ളം കുടിയ്ക്കുമ്പോൾ തടസ്സം ഇല്ല. ഭക്ഷണം കഴിയ്ക്കുമ്പോൾ മുള്ള് പോലെ എന്തോ തടയുന്നു. എന്നാൽ വേദന ഇല്ല. ആശുപത്രിയിൽ പോകാതെ, എങ്ങനെ രോഗം നിർണ്ണയിയ്ക്കും.

  എല്ലാവരും ആശുപത്രിയിൽ പോകുന്നത് കഴിവതും ഒഴിവാക്കുന്നു. കൊവിഡ് പേടി. കൂടാതെ പൊതു വാഹനം ഇല്ല. സ്വകാര്യ വാഹനം ഉള്ളവർക്ക് അത് നിസ്സാര പ്രശ്നം ആണ്. എല്ലാ രോഗങ്ങളും കൊറോണ പനിയെപ്പോലെ പെട്ടെന്ന് വന്നു പോകുന്നത് അല്ല. കൃത്യമായി ചികിത്സ കിട്ടിയില്ലെങ്കിൽ, വേണ്ട ടെസ്റ്റുകൾ വേണ്ട സമയത്തു ചെയ്തില്ലെങ്കിൽ, ചിലപ്പോൾ കൂടുതൽ സങ്കീർണ്ണമാകും. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കേണ്ടി വരും. ഇതിനിടയിൽ ചില കോവിഡ് പക്ഷക്കാരുടെ അഭിപ്രായങ്ങൾ വന്നിരുന്നു.  ” ഇപ്പോൾ ആർക്കും ആശുപത്രിയിൽ പോകണ്ടേ? ഇത്രയും ആൾക്കാർ വെറുതെ രോഗം ഇല്ലാതെ ആശുപത്രിയിൽ കാശ് ചിലവഴിയ്ക്കാനും സ്വകാര്യ ആശുപത്രികളെ കൊഴുപ്പിയ്ക്കാനും പോയിരുന്നതാണ്. ഇപ്പോൾ ആർക്കും മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലല്ലോ.”

  ഇങ്ങനെ ഒറ്റയടിക്ക് മറ്റ് രോഗികളെ രോഗം അഭിനയിയ്ക്കുന്നവരാക്കി മാറ്റിയത് അങ്ങേയറ്റം ദുഖകരം ആണ്. സാധാരണ രോഗികൾക്ക്, പ്രത്യേകിച്ച് പാവങ്ങൾക്ക് സംഘടനകൾ ഇല്ല. രോഗങ്ങൾക്ക് സ്ഥിരത ഇല്ലാത്തതും, സ്ഥിരം രോഗികൾ അല്ലാത്തവർ ഒരു സമൂഹം അല്ലാത്തതും, രോഗികൾ പൊതുവെ എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നത് കൊണ്ടും സംഘടന ഉണ്ടാക്കാനുള്ള മാനസികാവസ്ഥ അല്ലാത്തത് കൊണ്ടും അവർ ഒറ്റപ്പെട്ടവർ ആണ്. അവർക്ക് വേണ്ടി വാദിക്കാൻ ആരുമുണ്ടാവില്ല. ലോക്ക് ഡൗൺ അല്ലാത്ത കാലത്തും അവരിൽ പാവങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ചു അവഗണന അനുഭവിക്കുന്നവർ ആണ് . ലോക്ക് ഡൗൺ അവരുടെ ദുരിതം കൂട്ടി. കരൾ, വൃക്ക, ഹൃദയ സംബന്ധമായ രോഗികൾക്ക് ചികിത്സ വൈകും തോറും കാര്യങ്ങൾ കൈവിട്ട് പോകും.

  സ്വകാര്യ ആശുപത്രികളിൽ കൂടി കൊവിഡ് ടെസ്റ്റ്‌ ചെയ്യാനുള്ള ഏർപ്പാട് വേണം. എന്നാലേ അവിടെ രോഗികളെ തടസ്സം കൂടാതെ അഡ്മിറ്റ്‌ ചെയ്യാനും സർജറി, സ്കോപ്പി തുടങ്ങി പരിശോധനകൾ ചെയ്യാനും മറ്റും സാധിയ്ക്കൂ. അത്യാഹിത വിഭാഗത്തിൽ പെട്ടവർക്ക് എപ്പോൾ ആയാലും ചികിത്സ കിട്ടുന്നുണ്ടാവും. ആർക്കാണ് ചികിത്സ അത്യാവശ്യം എന്ന് പുറമെ നിന്ന് ഒരാൾക്ക് നിശ്ചയിയ്ക്കാൻ ആവില്ല. Chronic illness (ദീർഘ കാലമായി ഉള്ള അസുഖം ) ഉള്ള ഒരാൾക്ക് കൃത്യമായ ചെക്ക് അപ്പുകൾ ഒഴിവാക്കാൻ പറ്റില്ല.

  എമർജൻസി സർജറികളെ പോലെ തന്നെ അത്യാവശ്യം അല്ലാത്ത സർജറികളും പ്രാധാന്യം അർഹിയ്ക്കുന്നതാണ്. രോഗികൾക്കും പഴയ പോലെ ആശുപത്രിയിൽ പോകാൻ പേടി. അവരുടെ ആശങ്ക മാറണം. എല്ലാ അസുഖങ്ങളും തുടക്കം പോലെ അല്ല. ഒടുക്കം. രണ്ട് മാസം കഴിയും വരെ മറ്റ് അസുഖങ്ങൾ കൊറോണയെ പേടിച്ചു മാറി നിൽക്കില്ല.എല്ലാവർക്കും ടെലി മെഡിസിൻ മാത്രം പോരാ. അത് വളരെ ആശ്വാസം ആണെങ്കിലും.

  പലർക്കും ധാരാളം രോഗ സംശയങ്ങൾ ഉണ്ട്. സ്കാനും സ്‌കോപ്പികളും ഉണ്ട് മാറ്റി വച്ചത് ഉണ്ട്. സാമ്പത്തികം ഇല്ലാത്തത് കൊണ്ട് പ്രൈവറ്റ് ആശുപത്രിയിൽ പോകാൻ കഴിയാത്തവർ ഉണ്ട്. വരുമാനം ഇല്ലാത്തത് കൊണ്ട് ഇനി പ്രൈവറ്റിൽ ചികിത്സ വേണ്ട എന്ന് വെച്ചവർ ഉണ്ട്. ബസോ ഓട്ടോയോ ആണ് സ്വന്തമായി വാഹനം ഇല്ലാത്തവരുടെ ആശ്രയം.പാവപ്പെട്ട രോഗികൾ പൊതുവെ ബസിലോ തീരെ അവശത ആണെങ്കിൽ ഓട്ടോ പിടിച്ചോ പോകുന്നവരാണ്. സ്വന്തം ആയി വാഹനം ഉള്ളവരെ പോലെ അല്ല, അവർ ഈ കാല ഘട്ടത്തിൽ ഒരുപാട് ആലോചിക്കും. പോകണമോ വേണ്ടയോ എന്ന്. .കൊറോണ ജനങ്ങളെ രണ്ടായി തിരിച്ചു. സ്വന്തം വാഹനവും കാശും ഉള്ളവരും അത് രണ്ടും ഇല്ലാത്തവരും.സ്വന്തം വാഹനം ഇല്ലാത്തവരുടെ ദുരിതം കൂടുകയേ ഉള്ളൂ. പൊതുവാഹനം സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചു ഏറ്റവും പെട്ടെന്ന് തന്നെ തുടങ്ങണം. 20 -50 കി മി അകലെ ഉള്ള റെഫറൽ ആശുപത്രിയിൽ പോകേണ്ടവർ മടിച്ചു നിൽക്കുക ആണ്. വെയിറ്റ് ചെയ്യുക ആണ്. ഉള്ളവർക്ക് ഒന്നും പ്രശ്നം അല്ല. ഇല്ലാത്തവർ ഇപ്പോൾ കൊവിഡിനെയും ഇല്ലാത്ത വരുമാനത്തെയും ഉള്ള രോഗങ്ങളെയും പേടിയ്ക്കുന്നു. ആശങ്ക പ്പെടുന്നു.

  പ്രമേഹം, രക്ത സമ്മർദ്ദം കൊളസ്‌ട്രോൾ, യൂറിയ, ക്രിയാറ്റിൻ ഒക്കെ കൂടുമ്പോൾ പലപ്പോഴും ലക്ഷണങ്ങൾ കാണണം എന്നില്ല. ഹാർട്ട് അറ്റാക്കിനും ചില കാൻസറുകൾക്കും എല്ലായ്‌പോഴും വേദനയോ മറ്റ് ലക്ഷണങ്ങളോ കാണണം എന്നില്ല. തക്ക സമയത്തു പരിശോധിച്ചു രോഗനിർണ്ണയം നടത്തിയില്ല എങ്കിൽ, നിയന്ത്രണാതീതം എങ്കിൽ നിശബ്ദ കൊലയാളി ആയ രക്ത സമ്മർദ്ദം, പ്രമേഹം, എന്നി അടിസ്ഥാന രോഗങ്ങൾ മസ്തിഷ്കാഘാതം, ഹാർട്ട് അറ്റാക്ക്, വൃക്കയുടെ പ്രവർത്തന തകരാർ എന്നിവയിൽ പര്യവസാനിക്കാൻ സാധ്യത നില നിൽക്കുന്നു. പാർശ്വവൽക്കരിയ്ക്കപ്പെട്ട ആൾക്കാരുടെ ഇപ്പോഴത്തെ എന്നല്ല എക്കാലത്തെയും രോഗ സാമ്പത്തിക വാഹന പ്രശ്നങ്ങൾ ആരും അഡ്രസ് ചെയ്യാറില്ല. ഇപ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളായി. ഒരു അത്യാഹിതം ആണെങ്കിൽ ആംബുലൻസ് വന്നു കൊണ്ട് പോകും. അല്ലെങ്കിൽ ആൾക്കാർ എങ്ങനെ എങ്കിലും ആശുപത്രിയിൽ എത്തിക്കും എന്നത് ആശ്വാസം ആണ്.

  ശരീരം എപ്പോഴും രോഗാവസ്ഥയിൽ അപകട സൂചനയായി നിലവിളിക്കണം എന്നില്ല. സ്വകാര്യ വാഹനം ഇല്ലാത്ത വീട്ടുകാർ എങ്ങനെ ആശുപത്രിയിൽ വരികയും പോവുകയും ചെയ്യും അതും സർക്കാർ ആശുപത്രിയിൽ? അതിനെല്ലാം പരിമിതികൾ ഉണ്ട്. കൂടാതെ പ്രൈവറ്റിൽ കനത്ത ബില്ലും. ശരിക്കും രോഗികൾ ആയ സാധാരണക്കാർ കൊവിഡ് എന്ന ചെകുത്താനും ലോക്ക് ഡൗൺ എന്ന കടലിനും മദ്ധ്യേ ആണ്. അവർക്ക് വേണ്ടി പറയാൻ ആരുമില്ല. അവർക്ക് സോഷ്യൽ മീഡിയ ശീലമില്ല. മാധ്യമങ്ങളിൽ പിടിപാടില്ല.

  അവർ രോഗവും ആശങ്കയും പേടിയും കൊണ്ട് വലഞ്ഞു വീടുകളിൽ കാത്തിരിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് ലാബ് ടെസ്റ്റ്‌ ഇല്ലാതെ, ഭക്ഷണം നിയന്ത്രണം ഇല്ലാതെ കഴിച്ചു ,വ്യായാമം ചെയ്യാതെ ഉള്ള രോഗം കൂടുകയോ സങ്കീർണ്ണം ആവുകയോ ചെയ്യാൻ സാധ്യത വേറെ ഉണ്ട്. പുതിയ രോഗികൾ കൂടും. ലോക്ക് തുറക്കുമ്പോൾ ആശുപത്രിയിൽ പോകാൻ കാത്തിരിയ്ക്കുന്ന നിരവധി രോഗികൾ ഉണ്ട്. നിയന്ത്രണാതീതമായ രോഗങ്ങളുടെ ഒരു തള്ളിക്കയറ്റം ആകും ലോക്ക് ഡൗൺ കഴിയുമ്പോൾ. ഭൂരിഭാഗവും കൊവിഡിനെ കൊണ്ടല്ല, മറ്റ് അസുഖങ്ങൾ കൊണ്ടാണ് വലയാൻ പോകുന്നത്. ഇനിയും ലോക്ക് ഡൗൺ നീളുകയോ പൊതുവാഹനങ്ങൾ ഓടാതിരിയ്ക്കുകയോ ചെയ്താൽ രോഗികളും ഒപ്പം ഉള്ളവരും കി.മി കളോളം നടന്നു വഴിയിൽ കുഴഞ്ഞു വീഴുന്നത് ഉത്തരേന്ത്യയിൽ അല്ല ഇവിടെ കേരളത്തിലെ വാർത്തയിൽ കാണാം. അവർക്ക് വേണ്ടി പറയാൻ ആരുമില്ലല്ലോ !