അമേരിക്കയിൽ കൊറോണ സംഹാരതാണ്ഡവം ആടുമ്പോൾ അവരുടെ ചികിത്സ സമ്പ്രദായത്തെ പരിഹസിക്കുന്നവർ ഇതൊന്നു വായിച്ചിരിക്കണം

115

ഗംഗ എസ്

അമേരിക്കയിൽ ഞാൻ പോയിട്ടില്ല. യൂ എസിൽ ജീവിയ്ക്കുന്ന മലയാളികൾ ആയ ചില fb സുഹൃത്തുക്കൾ ഉണ്ടെന്ന് മാത്രം. സഹപാഠികൾ കുറേപ്പേർ യൂ എസ്സിലും കാനഡയിലും യൂ കെയിലും ഒക്കെ ഉണ്ട്. ചിലർ അവിടെ നിന്ന് ബിരുദാനന്തര ബിരുദം എടുത്തിട്ടുണ്ട്. എന്റെ അധ്യാപകർ മിക്കവരും അന്നത്തെക്കാലത്തു വിദേശത്ത് നിന്ന് FRCS MRCP തുടങ്ങി ഡിഗ്രികൾ എടുത്തവർ ആയിരുന്നു. പ്രഗത്ഭർ. യൂ എസ് എ 32.7 കോടി ജനങ്ങൾ ഉള്ള, 50 സ്റ്റേറ്റുകളും ഒരു ഫെഡറൽ ഡിസ്ട്രിക്റ്റും ഉള്ള, ഫെഡറൽ റിപ്പബ്ലിക് ഭരണം ഉള്ള ,വടക്കേ അമേരിക്കയിലെ, ലോകത്തെ അതി സമ്പന്ന രാജ്യങ്ങളിൽ ഒന്ന് ആണ്.

യൂ എസ്സിൽ ആകെ
കൊവിഡ് ബാധിതർ – 330263,
മരണം – 9444
( ഇന്നലത്തെ കണക്ക് ).

നിലവിലെ കണക്ക് വച്ചു, ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച ആദ്യത്തെ 10 ൽ 7 എണ്ണം യൂ എസ് ഉൾപ്പെടെ വികസിത രാജ്യങ്ങൾ ആണ്. ഏറ്റവും കൂടുതൽ പേർ മരിച്ചതിൽ ആദ്യത്തെ 10 ൽ 8 ഉം വികസിത രാജ്യങ്ങൾ ( യൂ എസ് ഉൾപ്പെടെ ) ആണ്. അത് കൊണ്ട് മേല്പറഞ്ഞ രാജ്യങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ പരാജയമോ അപര്യാപ്തതയോ എന്ന് പറയാൻ പറ്റില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ആ രാജ്യങ്ങളിലെ ചികിത്സാ സൗകര്യങ്ങളെയും സമ്പ്രദായങ്ങളെയും താഴ്ത്തിക്കെട്ടാൻ ശ്രമിയ്ക്കുന്നത് ആയി കാണുന്നു. അത് ശരിയല്ല എന്നതാണ് സത്യം. യൂ എസ്സിലെ സ്ഥിതി വച്ചു ആണെങ്കിൽ, കോവിഡിനെ കുറിച്ച് വിവരം ശേഖരിച്ചതിൽ അവരുടെ ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ പാളിച്ച ആകാം. അല്ലെങ്കിൽ അവരുടെ മുന്നറിയിപ്പുകൾ ഭരണാധികാരികൾ അവഗണിച്ചതോ ആവാം. അല്ലെങ്കിൽ അവരുടെ രാഷ്ട്രീയ, സാമ്പത്തിക, കച്ചവട താല്പര്യങ്ങൾ ആകാം . വേണ്ടത്ര മുൻ കരുതൽ എടുക്കാഞ്ഞതിന്റെ കാരണംഅമിത ആത്മ വിശ്വാസം ആകാം. ചിലപ്പോൾ അവരുടെ ആഭ്യന്തര നയങ്ങൾ ആകാം.

കൊവിഡ് പാൻഡെമിക്ക് ആണ്. യൂ എസ്സിന് വൈറൽ ഫ്ലൂ പുതുതല്ല.  100 വർഷം മുൻപ് 2018 ൽ പാൻഡെമിക്ക് ആയ സ്പാനിഷ് ഫ്ലൂവിന് ശേഷം അമേരിക്ക അങ്ങനെ വ്യാപകമായി ഒരു പകർച്ച വ്യാധി നേരിട്ടിട്ടില്ല. അമേരിക്ക എന്നല്ല ഒട്ട് മിക്ക പാശ്ചാത്യ വികസിത രാജ്യങ്ങളും. എന്നാലും, കഴിഞ്ഞ 30 വർഷം ആയി യൂ എസ്സിൽ എല്ലാ വർഷവും 2 ലക്ഷം ആൾക്കാർ ഫ്ലൂവിനോട് അനുബന്ധിച്ചുള്ള അസുഖങ്ങൾ ബാധിച്ചു ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നതായും അതിൽ 3000 തൊട്ട് 40000 പേർ മരിയ്ക്കുന്നതായും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്കുകൾ സൂചിപ്പിയ്ക്കുന്നു. ( ഗൂഗിൾ )

(നമ്മുടെ രാജ്യത്തെ കൃത്യം ആയ കണക്കുകൾ ലഭ്യമല്ല. ഓരോ വർഷത്തെയും മൊത്തം ഫ്ലൂ കണക്കുകൾ ആശുപത്രികളിൽ സൂക്ഷിച്ചു വയ്ക്കാറുണ്ടെന്ന് തോന്നുന്നില്ല. ആശുപത്രിയിൽ എത്താത്ത കേസുകൾ ആവും കൂടുതൽ ).അന്നത്തെ സ്പാനിഷ് ഫ്ലൂവിൽ ആറേ മുക്കാൽ ലക്ഷം അമേരിക്കൻ നിവാസികൾ മരിച്ചു. യൂ എസ്സിന്റെ 28 ആം പ്രസിഡന്റ്‌ തോമസ് വൂഡ്രോ വിൽസണിനും ഫ്ലൂ ബാധിച്ചു.ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത അമേരിക്കൻ സൈനികരിൽ നിന്ന് ആണ് അന്ന് ഫ്ലൂ അവിടെ വ്യാപിച്ചത്. അന്നും മാസ്കും ലോക്ക് ഡൗണും ഒക്കെ ഉണ്ടായിരുന്നു . ആസ്പിരിൻ ഗുളിക വലിയ തോതിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. 1940 കളിൽ ആണ് അമേരിക്കയിൽ ആദ്യമായി ഫ്ലൂ വിനുള്ള വാക്‌സിൻ ഉപയോഗിച്ചത്. എന്ത് കാരണം കൊണ്ടായാലും യൂ എസ്സിലെ ഇപ്പോഴത്തെ കൊവിഡ് ബാധിതരുടെ കണക്കുകൾ ആശങ്കപ്പെടുത്തുന്നു. എങ്കിലും, കൊവിഡിനോ കാൻസർ ഉൾപ്പെടെയുള്ള മറ്റ് അസുഖങ്ങൾക്കോ ഉള്ള ചികിത്സ അവിടുത്തെ ആശുപത്രികളിൽ മോശം എന്നർത്ഥം ഇല്ല.

ജി ഡി പി യുടെ 17.7% അവർ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിയ്ക്കുന്നു. (നമ്മൾ ജി ഡി പിയുടെ 1.28 % മാത്രം ആണ് ആരോഗ്യ മേഖലയിൽ ചിലവഴിയ്ക്കുന്നത്. )എറ്റവും മികച്ച കാൻസർ ചികിത്സ അമേരിക്കയിൽ ഉണ്ട് , msk hospital ന്യൂ യോർക്ക് ഉൾപ്പെടെ. നമ്മുടെ ധാരാളം വി ഐ പി കൾ, രാഷ്ട്രീയ, സിനിമ മേഖലകളിൽ നിന്നുള്ളവർ, യൂ എസ്സിൽ പോയി ചികിത്സ ചെയ്തിട്ടുള്ളത്, ചെയ്യുന്നത് അറിയാമല്ലോ. ഈ പുരോഗമന കാലത്തും , മൂന്നാം ലോകത്തെ അല്ലെങ്കിൽ അവികസിത വികസ്വര ദരിദ്ര രാജ്യങ്ങളിലെ വെല്ലുവിളി ആണ് സാംക്രമിക രോഗങ്ങൾ ആയ വൈറൽ ഫ്ലൂ,, കോളറ, ഡിസെന്ററി ( വയറുകടി ), ടൈഫോയ്ഡ്, ക്ഷയം, കുഷ്ഠം, പോഷകാഹാരക്കുറവ് കൊണ്ടുള്ള അസുഖങ്ങൾ മുതലായവ. യൂ എസ്സിൽ ബിസിജി വാക്‌സിനേഷൻ ഇല്ലാത്തതിന്റെ കാരണം അവിടെ ക്ഷയ രോഗം ഇല്ലാത്തത് കൊണ്ട് ആണ്. 50 – 52 നു ശേഷം അവിടെ ടി ബി റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഇല്ലാത്ത അസുഖത്തിന് വാക്‌സിനേഷൻ വേണ്ട. (ബി സി ജി വാക്‌സിനേഷൻ കൊറോണയെ തടയും എന്നൊരു ധാരണ ഉണ്ട് )

(വസൂരിയ്ക്ക് നമ്മൾ ഇപ്പോൾ വാക്‌സിനേഷൻ കൊടുക്കുന്നില്ല. അത് രാജ്യത്തിൽ നിന്ന് നിർമ്മാർജനം ചെയ്തത് കൊണ്ട് ആണ്. )ഇന്ത്യയിൽ ഒരു വർഷം 1 ലക്ഷത്തിൽ 84 പേർക്ക് ടിബി ടെസ്റ്റ്‌ പോസിറ്റീവ് ആകുന്നു. ഇവിടെ ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ളത് യൂ പി യിൽ ആണ്.
അത് കൊണ്ട് ആണ് പ്രതിരോധ വാക്‌സിൻ ആയ ബി സി ജി, ജനിച്ച ഉടനെ കുട്ടികൾക്ക് കൊടുക്കുന്നത്. വികസിത രാജ്യങ്ങളിൽ യൂഎസ് ഉൾപ്പെടെ, കാൻസർ, പക്ഷാഘാതം, ഹൃദ്രോഗം, അൽഷിമേഴ്‌സ്, മറവി രോഗം (ഡിമെൻഷ്യ) , പാർക്കിൻസോണിസം തുടങ്ങിയ അസുഖങ്ങൾ ആണ് പ്രധാനമായും കൂടുതൽ ഉണ്ടാവുന്നത്. അവരുടെ ഉയർന്ന ജീവിത ശൈലി ആണ് അതിന് കാരണം. (പ്രായം ആയവരുടെ എണ്ണം വികസിത രാജ്യങ്ങളിൽ കൂടുതൽ ആണ്. ) അതിനുള്ള മികച്ച ചികിത്സാ സൗകര്യം അവിടെ ഉണ്ട്.

ഇനി ഇവിടെ, ഇന്ത്യയിൽ ആയാലും കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായാൽ നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും കൂടുതൽ ആയി ഒന്നും ചെയ്യാൻ പറ്റിയെന്ന് വരില്ല. ലക്ഷക്കണക്കിന് രോഗികളെ ചികിൽസിയ്ക്കാൻ തക്ക സൗകര്യം തല്ക്കാലം നമുക്കില്ല. ലക്ഷങ്ങൾ കോടികളിലേയ്ക്ക് എത്തിയാൽ.. എത്താതിരിയ്ക്കട്ടെ, സകല ആരോഗ്യ പ്രവർത്തനവും നിഷ്പ്രഭമാകും.അത്രയും എത്താതിരിയ്ക്കാൻ ആണ് നമ്മൾ നോക്കുന്നത്. അത്കൊണ്ട് ആണ് സാമ്പത്തികമായി ഗുരുതര വെല്ലുവിളികൾ ഉണ്ടായിട്ടും ഇനി ഉണ്ടാവാൻ സാധ്യത ഉണ്ടായിട്ടും, ഇവിടെ പ്രതിരോധ നടപടികൾ ആയ രോഗികളെ കണ്ടെത്തൽ, ഐസൊലേഷൻ, റൂട്ട് മാപ്പിങ്, ക്വാറന്റൈൻ, ലോക്ക് ഡൗൺ, സാമൂഹിക അകലം പാലിയ്ക്കൽ, മാസ്ക്, സാനിറ്റയിസർ ഉപയോഗിയ്ക്കൽ, ശുചിത്വം പാലിയ്ക്കൽ, തുടങ്ങിയവ കൊണ്ട് കഴിവതും കൊറോണയെ അകറ്റി നിർത്താൻ ശ്രമിയ്ക്കുന്നത്. യൂ എസ്സിൽ ധാരാളം കൊറോണ ടെസ്റ്റുകൾ ചെയ്യുന്നുണ്ട്. അങ്ങനെ ആണ് 3 ലക്ഷം രോഗബാധിതർ എന്ന കണക്ക് വന്നത്. അവർ ചെയ്യാവുന്നിടത്തോളം ചെയ്യുന്നുണ്ട്. അത്രയും രോഗികളെ നമുക്ക് ടെസ്റ്റ്‌ ചെയ്യുന്നത് നിലവിലെ സാഹചര്യത്തിൽ പ്രയാസം ആണ്.

നമ്മുടെ ആരോഗ്യ പ്രവർത്തനം അവരുടേതുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ഇവിടെ നമ്മുടെ ആരോഗ്യ പ്രവർത്തകർ പരിമിതമായ സൗകര്യങ്ങളിലും ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നുണ്ട്. നമ്മുടെ ഡോക്ടർമാരും നഴ്‌സുമാരും ഫിസിയോ തെറാപ്പിസ്റ്റുകളും ഫാര്മസിസ്റ്റുകളും വിദേശ രാജ്യങ്ങളിൽ കഴിവ് തെളിയിച്ചു ജോലി ചെയ്യുന്നുണ്ട്. നിലവിൽ ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രി സൗകര്യങ്ങളുടെയും കൊറോണ ടെസ്റ്റ്‌ കിറ്റുകളുടെയും ജനസംഖ്യ അനുപാതികമായുള്ള കുറവ് ആണ് നമുക്ക് ഉള്ള വെല്ലുവിളി. അതിനെ മറികടക്കാൻ കൂട്ടായ പ്രവർത്തനം കൊണ്ട് പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്.

Nb : ഇത് എഴുതാൻ കാരണം യൂ എസ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ ചികിത്സ യെയും ആരോഗ്യ രംഗത്തെയും കുറിച്ച് ചില ട്രോളുകളും മോശം അഭിപ്രായങ്ങളും കാണുകയും കേൾക്കുകയും ചെയ്തു. നിർഭാഗ്യകരം ആണ്.

Advertisements