കേന്ദ്രം ആയാലും സ്റ്റേറ്റ് ആയാലും ജനങ്ങൾക്ക് ജീവിക്കാൻ പണം ആയിട്ട് കൊടുക്കാത്തത് എന്ത് കൊണ്ട് ?

66

ഡോ ഗംഗ എസ്

കൊറോണ, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ഒളിച്ചു വയ്ക്കപ്പെട്ട അന്തരം എടുത്ത് പുറത്തിട്ടു. ഇത്രയും കാലം അതവിടെ ഉണ്ടായിരുന്നു, പകൽ പോലെ വ്യക്തം ആയിരുന്നു, എങ്കിലും അത് ചർച്ചയിൽ വന്നില്ല. ആർക്കും ചർച്ച ചെയ്യാൻ താല്പര്യമില്ലാത്ത വിഷയങ്ങൾ ചിലതുണ്ട്. അതിലൊന്ന് ആണ് ഇന്ത്യ എങ്ങനെ ഇത്രയും ദരിദ്രരുടെ രാജ്യം ആയി എന്നത്. രണ്ട് തട്ടിൽ ആയി രണ്ട് തരം പൗരന്മാർ എങ്ങനെ ഉണ്ടായി? ഇപ്പോൾ, കാശും സ്വന്തം വാഹനവും ഉള്ളവർക്ക് ലോക്ക് ഡൗൺ അത്ര കാര്യമായ പ്രശ്നം ഉണ്ടാക്കുന്നില്ല. സർക്കാർ ജീവനക്കാരും പെൻഷൻകാരും ബാങ്ക് ബാലൻസ് ഉള്ളവരും വർക്ക് അറ്റ് ഹോം കാരും മറ്റ് ചില ആൾക്കാരും, ചെറുകിട വ്യാപാരികളും ബുദ്ധിമുട്ട് കാര്യമായി അനുഭവിക്കുന്നില്ല. അവർക്ക് ശമ്പളമോ വരുമാനമോ കുറച്ചു കുറഞ്ഞാലും കിട്ടുന്നുണ്ട്. (ഇവിടുത്തെ ഗ്രോസറി ഷോപ്പുകളിൽ മുൻപത്തെക്കാൾ കൂടുതൽ കച്ചവടം ആണ്. ).അവർക്ക് ആശങ്ക കൊറോണയെ കുറിച്ചേ ഉള്ളൂ. കേവലം ഭക്ഷണം കൊണ്ട് മാത്രം മനുഷ്യന് ജീവിക്കാൻ പറ്റുമോ?

ജോലി ചെയ്യുന്നതിന് എല്ലാവരും പറയുന്ന കാരണം വയറ്റിൽപ്പിഴപ്പ് ആണ്, ഒരു ചാൺ വയറിനായി ആണ് ജീവിക്കുന്നത്. അത് മാത്രം മതിയോ ജീവിക്കാൻ. ലോണുകൾ, വാടക, കറന്റ് ബിൽ, വീട്ടുപകരണങ്ങളുടെ, ഓട്ടോ പോലുള്ള വാഹനങ്ങളുടെ റിപ്പയറുകൾ, മരുന്നുകൾ, ഇങ്ങനെ ഒരു വീട്ടിൽ ചിലവുകൾ ഇല്ലേ. ആഡംബര വസ്തുക്കൾ ആണോ സോപ്പും എണ്ണയും? ഗ്യാസ് സ്‌റ്റവ്, മിക്സി, സൈക്കിൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കേട് വന്നാൽ നന്നാക്കണ്ടേ. ഇതിനൊക്കെ കാശ് എവിടെ? ഇളകിയ കതകിന്റെ പൂട്ട്, നന്നാക്കണ്ടേ? രണ്ട് മാസം ലോക്ക് ഡൗൺ എണ്ണി എണ്ണി തീർത്തു സാധാരണക്കാർ. ഇനി ഇറങ്ങി പണിയ്ക്ക് പോകാമല്ലോ !. (അതിന് ജോലി എവിടെ. മിക്കവരും കഴിയുന്നത്ര പണികൾ മാറ്റി വയ്ക്കുന്നു ) എങ്ങനേലും ജോലി ചെയ്യാൻ (അത് കണ്ടുപിടിക്കണം ) തുടങ്ങുമ്പോൾ ആണ് സാധാരണക്കാർക്ക് മേൽ ഇരുട്ടടി പോലെ വീണ്ടും ലോക്ക് ഡൗൺ !

അല്ല മാളോരേ അറിയാൻ വയ്യാഞ്ഞിട്ട് ചോദിയ്ക്കുകയാണ്. കേന്ദ്രം ആയാലും സ്റ്റേറ്റ് ആയാലും ജനങ്ങൾക്ക് ജീവിക്കാൻ പണം ആയിട്ട് കൊടുക്കാത്തത് എന്ത് കൊണ്ട്? പദ്ധതികൾക്ക് മാത്രം പണം അനുവദിച്ചാൽ മതിയോ? പദ്ധതി പ്രദേശത്തു മാത്രം വൃഷ്ടി ഉണ്ടായാൽ മതിയോ? കച്ചവടക്കാർക്കും വ്യവസായികൾക്കും കോർപ്പറേറ്റ്കൾക്കും വാരിക്കോരി ഉത്തേജന പാക്കേജുകൾ കൊണ്ട് സഹായം ചെയ്യുമ്പോൾ, അവരുടെ ഉൽപ്പന്നങ്ങൾ വിറ്റു പോകണം എങ്കിൽ സാധാരണക്കാരുടെ കൈയിൽ പണം ആവശ്യത്തിന് വേണ്ടേ. കർഷർക്കും ദിവസ കൂലിക്കാർക്കും ആണ് കൈത്താങ്ങു വേണ്ടത്. അവരെ ഒന്നുകിൽ പണിയെടുത്തു ജീവിക്കുന്നതിനായി തുറന്നു വിടുക, അല്ലെങ്കിൽ കാശ് നേരിട്ട് കൊടുക്കുക. 10000/-ഓരോ കുടുംബത്തിനും കൈത്താങ്ങു ആയി കൊടുക്കുക. അതവർ അർഹിയ്ക്കുന്നില്ലേ !

ഇനിയും പാവങ്ങൾക്ക് ബാങ്ക് വഴി ലോൺ എന്തിന്. ഉള്ള ലോണുകൾ തന്നെ അടയ്ക്കാൻ കഷ്ടപ്പെടുമ്പോൾ.. അതോ അവരെല്ലാം ബാങ്ക് ബാലൻസ് ഇല്ലാത്തവരും കടക്കാരും ആയത് അവരുടെ മാത്രം പ്രശ്നം കൊണ്ട് ആണോ? 95 ലക്ഷം കോടിയുടെ നോട്ടുകൾ രാജ്യത്ത് ക്രയ വിക്രയം ചെയ്യുന്നതിന് കറങ്ങി കൊണ്ടിരിയ്ക്കുന്നു. (നോട്ട് നിരോധന കാലത്തെ കണക്ക് ആണ് ).പെട്ടെന്ന് ഒരു രാത്രിയിൽ കറക്കം നിലച്ചു. അപ്പോഴും നോട്ടുകൾ ഉണ്ട്. എവിടെ ആണോ നിന്നത് അവിടെ നോട്ടുകൾ 2000, 500, 200, 100, 50, 20, 10, ഉം ബാക്കി നാണയങ്ങളും നിശ്ചലം ആയി കെട്ടി കിടപ്പുണ്ട്. അത് പാവങ്ങളിലേയ്ക്ക് ഒഴുകട്ടെ.

ലോക്ക് ഡൗണോടെ ഈ നോട്ടുകൾ ഏത് മാളങ്ങളിൽ ആണ് ഒളിച്ചത്? അതായത് നോട്ടുകൾ ഇപ്പോഴും ഉണ്ട്. റിസർവ് ബാങ്ക് നോട്ടുകളെ തിരിച്ചു വിളിച്ചിട്ടില്ല. സാധാരണക്കാരുടെ, പാവങ്ങളുടെ കൈകളിൽ കൂലി ആയി എത്തുന്നില്ല എന്നേ ഉള്ളൂ. അത് പുറത്ത് എത്തിയ്ക്കുക. 130 കോടിയിൽ ഏകദേശം 100 കോടിയും സാധാരണക്കാരും പാവങ്ങളും ആണ്. അവരുടേതും കൂടിയാണ് ഇന്ത്യ. ഇവിടുത്തെ എല്ലാ സമ്പത്സമൃദ്ധിയിലും അവർക്കും തുല്യമായി അർഹത ഉണ്ട്. ദാരിദ്ര്യം ഒരു മഹാമാരിയല്ല. പണക്കാർക്ക് പകരില്ല. കൊറോണയാണോ ദാരിദ്ര്യം ആണോ വലുത്. ഏത് വേണം? അത് സ്വയം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഇടത്താണ് അവർ ജീവിക്കുന്നത്.

ഇനി ദാരിദ്ര്യം, പട്ടിണി കടുപ്പം ആണോ നിങ്ങളുടെ മുന്നിൽ ആത്മഹത്യ എന്ന വഴി തുറന്നു കിടപ്പുണ്ട്. അതിനും കയറും നഞ്ചും പാഷാണവും മേടിക്കാൻ നയാപൈസ ഇല്ലല്ലോ. അപ്പോൾ പിന്നെ? പൊതു വാഹനം ഓടുന്നെങ്കിൽ (ഓടിയാൽ അല്ലേ സാധാരണക്കാർക്കും പാവങ്ങൾക്കും ജോലിക്ക് പോകാൻ പറ്റൂ.അതിന്റെ കൂലി സാധാരണ ക്കാർക്ക് ഇനി താങ്ങാൻ ആവുമോ എന്നത് വേറെ. ) അതിൽ കയറിയോ നടന്നോ പോയി റെയിൽ പാളത്തിൽ തല വയ്ക്കാം. ചിലവില്ല. അല്ലെങ്കിൽ കടലിലോ കായലിലോ മക്കളെ വലിച്ചെറിഞ്ഞു കൂടെ ചാടാം. അതിനൊന്നും ലോക്ക് ഡൗൺ തടസ്സം അല്ല. സോഷ്യൽ ഡിസ്റ്റൻസ് പാലിയ്ക്കണം എന്നേ ഉള്ളൂ. പണിയെടുക്കാനേ പുറത്ത് ഇറങ്ങരുത് എന്നുള്ളു, കൂട്ടം ചേരരുത് എന്നുള്ളൂ. കൊറോണ പടർത്തരുത് എന്നേ ഉള്ളൂ. ആത്മ (നിർഭരമായ ) ഹത്യ ചെയ്യുന്നതിൽ നിന്ന് അവരെ ആരും തടയില്ല. പക്ഷേ അത്രയും കൊണ്ടെത്തിയ്ക്കരുത്. അവരുടെ കടുത്ത ദാരിദ്ര്യത്തിന് എന്താണ് മറുപടി? കൊറോണ പാൻഡെമിക്ക് ആണെന്നോ? അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നാണോ മറുപടി?