വീണ്ടും ഒരു സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ മണമടിക്കുന്നു

0
149

ഡോക്ടർ: ഗംഗ എസ്

ഇത്രയും നാൾ, മാർച്ചിൽ ലോക്ക് ഡൗൺ ആയ ദിവസം മുതൽ ഇത് വരെ, ഇവിടെ അടുത്തുള്ള രണ്ട് കടകളിൽ മാത്രമേ ഞാൻ പോയുള്ളു.കൂടാതെ, ഒരു തവണ പോസ്റ്റ്‌ ഓഫീസിലും ഇപ്പോൾ രണ്ടു തവണ മീൻ മേടിക്കാനും.(തൃശൂർ കണ്ടിട്ട് രണ്ടര മാസം ആകും ) എല്ലായിടത്തും നടന്നു ആണ് പോയത്. കടകൾ ഓർമ്മയുണ്ട്. അതിൽ സൂപ്പർ മാർക്കറ്റിൽ ആണ് സ്ഥിരം പോകുന്നത്, ആഴ്ചയിൽ രണ്ട് ദിവസം. ഇന്ന് ചെന്നപ്പോൾ തെർമൽ സ്കാനറും പിടിച്ചു നിൽക്കുന്നു ഒരു ചെറുപ്പക്കാരൻ.” വേണ്ടുന്ന സാധനങ്ങൾ മേടിച്ചോളൂ മാഡം.ഇന്ന് വൈകിട്ട് കട അടയ്ക്കും ” -സ്റ്റാഫ് പെൺകുട്ടികൾ.
“ഇനി എന്ന് തുറക്കും. ”
“അറിഞ്ഞു കൂട. വൈകിട്ടത്തെ മീറ്റിംഗിൽ തീരുമാനിക്കും.”
ഇത്രയും നാൾ കാണാത്ത പരിഭ്രമം അവരിൽ കണ്ടു. കൊറോണ അടുത്തെത്തിയിരിക്കുന്നു. ഇവിടുന്ന് 4 -5 കി മി അകലെ. തൃശൂർ അതീവ ഗുരുതരം. എന്ന് വാർത്ത.ഇത് വരെ കോവിഡ് അങ്ങകലെക്കൂടെ പോകുന്ന ഏതോ വാൽ നകഷ്ത്രം ആണ് എന്ന മട്ടിൽ ആയിരുന്നു എല്ലാവരുടെയും പെരുമാറ്റം. തൃശൂർ പെട്ടത് വാളയാർ ചെക് പോസ്റ്റ്‌ വഴി വന്ന കൊറോണ മൂലം ആയിരിയ്ക്കാം. കൊറോണയ്ക്ക് എന്ത് പാസ്സ്?

ജനങ്ങൾ പാസ്സിനായും പാസ്സുമായും കാത്തിരിക്കുമ്പോൾ മൂപ്പര് സുഖമായി അതിർത്തി കടന്നു പോന്നു. വീണ്ടും ഒരു സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ മണമടിക്കുന്നു. ആദ്യത്തെ പോലെ അല്ല. കഴിഞ്ഞ ലോക്ക് ഡൗണിൽ അങ്ങനെ കൊവിഡ് കേസുകൾ ഒന്നും ഇവിടങ്ങളിൽ ഇല്ലായിരുന്നു. ഇപ്പോൾ കൊറോണ സമൂഹത്തിൽ ഇറങ്ങി സഞ്ചാരം തുടങ്ങിയോന്നു സംശയം ഉണ്ട്. കോർപ്പറേഷൻ തൊഴിലാളികൾക്ക്, വെയർ ഹൗസിലെ ചുമട്ടു തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യം കൊവിഡ് പാൻഡെമിക്ക് ആണെന്ന് സമ്മതിക്കാൻ മടിച്ചു. സമ്മതം ആയി വന്നപ്പോഴേക്കും കൈ വിട്ട് പോയി. ഇനി സമൂഹ വ്യാപനം എന്നത് സമ്മതിച്ചിട്ടില്ല. അതിന്റെ ക്രൈറ്റീരിയ ഒത്തു വരുന്നില്ലത്രേ ! ഒത്തു വരുമ്പോഴേക്കും അതും കൈ വിട്ട് പോകുമോ? അതോടൊപ്പം അന്താരാഷ്ട്ര നിലയിൽ കോവിഡ് കണക്കിൽ ഇന്ത്യയ്ക്ക് ലോകത്ത് 4 ആം സ്ഥാനത്തേയ്ക്ക് കയറ്റം കിട്ടി. ഒളിമ്പിക്സിൽ ഒന്നും കിട്ടാത്ത സ്ഥാനം ആണ്.
ഇനി മുന്നിൽ റഷ്യ (15 കോടിയിൽ താഴെ ജനസംഖ്യ ) യും ബ്രസീലും (22 കോടിയിൽ താഴെ). യൂ എസ്സും (34 കോടി ) മാത്രമേ ഉള്ളൂ. ബാക്കി രാജ്യങ്ങൾ എല്ലാം പിന്നിലായി.

അതും ലഭ്യമായ കണക്ക് വച്ചു നോക്കിയാൽ ടെസ്റ്റ്‌ ചെയ്യപ്പെടാത്ത എത്രയോ കേസുകൾ ഉണ്ടാവും ഇവിടെ. ചില കണക്കുകൾ പ്രകാരം 22% കേസുകൾ മാത്രം ആണ് ഇന്ത്യയിൽ ടെസ്റ്റിലൂടെ കണ്ടു പിടിക്കുന്നത്. ബാക്കി 80% നടുത്തു ടെസ്റ്റ്‌ ചെയ്യപ്പെടാത്ത കേസുകൾ ആണ് എന്നും. അന്യ രാജ്യങ്ങൾ ആണ് പറയുന്നത്. ലോകത്തു നമ്മുടെ രാജ്യത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകത ഉണ്ട്, അത് ജനസംഖ്യയിൽ ആണ്.

അപ്പോൾ ചൈന അല്ലേ 140 കോടിയുമായി മുന്നിൽ ? പക്ഷേ നമ്മുടെ മൂന്നിരട്ടി വലിപ്പം ഉണ്ട് ചൈനയ്ക്ക്. യൂ എസ്സിനും ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പം ഉണ്ട്. അങ്ങനെ നോക്കുമ്പോൾ, ഇന്ത്യയിൽ കൊറോണ സംഹാര താണ്ഡവം നടത്തുമോ എന്ന് നോക്കിയിരിയ്ക്കുന്ന രാജ്യങ്ങൾ ഉണ്ട്. എന്തായാലും, ഇന്ത്യ അതിന്റെ അടുത്ത കാലത്തെ ഏറ്റവും ദൗര്ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നു പോകുന്നു.
ജനസാന്ദ്രതയും ദാരിദ്ര്യവും ആരോഗ്യ മേഖലയുടെ അപര്യാപ്തതയും സർവോപരി എല്ലാം രാഷ്ട്രീയ കണ്ണിലൂടെ മാത്രം നോക്കി കാണുന്ന ഭരണാധികാരികളും ജനങ്ങളും, ജനങ്ങൾ ചത്താലും വേണ്ടില്ല അടുത്ത ഊഴം കാത്തിരിയ്ക്കുന്ന അധികാര ഭ്രാന്ത് പിടിച്ചവരും ചേർന്ന് ഇന്ത്യയെ എവിടെ എത്തിക്കുമോ ആവോ?

(അംബാനിയുടെയും ( 60 ബില്യൺ ഡോളർ ) മുംബൈയിലെ ഭിക്ഷക്കാരൻ കാലു ഭായിയുടെയും ( 2 ഡോളർ ) വരുമാനം കൂട്ടീ ആവറേജ് എടുക്കുമ്പോൾ ജിഡിപി എത്ര? കണക്കിലെ ജാലവിദ്യ.)കൊറോണ മനുഷ്യരെ മാത്രം ബാധിക്കുന്ന വൈറസ് ആയത് കൊണ്ടു ഇന്ത്യയിൽ ഒന്ന് ഇറങ്ങിയാൽ, കന്നു കയത്തിൽ ഇറങ്ങിയ മാതിരി ആവും. കൊറോണയുടെ അർമാദം ഉണ്ടാവല്ലേ !
എങ്കിലും ഇന്ത്യയിൽ തന്നെ ചിലയിടങ്ങളിൽ അത്ര രൗദ്ര സ്വഭാവം കാണിക്കുന്നില്ല കക്ഷി. ഹൃദയം ഇല്ലെങ്കിലും ചെറിയ ഒരു സോഫ്റ്റ്‌ കോർണർ കൊറോണയ്ക്ക് ഇന്ത്യയോട് ഉണ്ട് എന്ന് ചിലർ. കൊറോണ കോർണർ കിക്ക് ആണോ പെനാൽറ്റി കിക്ക് ആണോ തരാൻ പോകുന്നത്. കണ്ടറിയണം. വാക്സിൻ ദൈവങ്ങൾ ആകട്ടെ ദാ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് പറയുന്നത് അല്ലാതെ പ്രസാദിക്കുന്നില്ല. എന്നാലും, എല്ലാവരും ജാഗ്രത കൂട്ടി പേടി കുറയ്ക്കാതെ തന്നെ ഇരിയ്ക്കുക. മാസ്ക്, സാനിട്ടൈസർ, സോഷ്യൽ ഡിസ്റ്റൻസ് മൂന്നും മറക്കരുത്.