2006- ഒരു കുനിയാപ്പനി അഥവാ ചിക്കൻ ഗുനിയ കാലം

0
169
Chikungunya - Artemis One Health

ഡോ ഗംഗ എസ്

2006-ഒരു ചിക്കൻ ഗുനിയ കാലം. എനിയ്ക്കും കിട്ടി അനുഗ്രഹം. . ‘കുനിയാപ്പനി ‘ എന്ന് നാട്ടു ഭാഷയിൽ പറയുന്ന വൈറൽ രോഗം .കൊതുക് പരത്തുന്നത് ആണ്. വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിഞ്ഞു. മറ്റാർക്കും പകർന്നില്ല. അസഹ്യമായ സന്ധിവേദന ആണ് ലക്ഷണം. അസുഖം മാറിയാലും ഉടനെ ഒന്നും ഞൊണ്ടൽ മാറില്ല, ടൈഫോയിഡ് ഭീമനെ നീണ്ട കാലം ചുമന്നിട്ടുള്ള ചരിത്രം ഉള്ളത് കൊണ്ട് ഗുനിയ വെറും ശിശു. നാടൊട്ടുക്ക്, ഒരു വീട്ടിൽ ഒരാൾ മിനിമം എന്ന നിലയിൽ ആണ് അന്ന് ഞങ്ങളുടെ നാട്ടിൽ രോഗം പടർന്നത്. ഗ്രാമ പ്രദേശം ആണ്. എവിടെ തിരിഞൊന്ന് നോക്കിയാലും അവിടെല്ലാം മുടന്തുന്ന മനുഷ്യരെ കാണാം.ചന്ത, കല്യാണവീട്, ആശുപത്രി, അമ്പലം അങ്ങനെ എവിടെയും പത്താളിനിടയിൽ ഒരാൾ മുടന്തും. “ങ്ങാ ഇയാൾക്കും കുനിയപ്പനി ആരുന്നു ല്ലേ “ന്നു ആയിരുന്നു മിക്കവാറും തമ്മിൽ കണ്ടാലുള്ള വിശേഷം ചോദിയ്ക്കൽ. അതൊരു പുതിയ അസുഖം അല്ലെങ്കിലും അതിന് മുൻപ് അവിടങ്ങളിൽ ഇങ്ങനെ വ്യാപകമായി കണ്ടിട്ടില്ല..മോഡേൺ മെഡിസിനിൽ വേദന സംഹാരി അല്ലാതെ കാര്യമായി മരുന്നില്ല, വലിയ കുഴപ്പക്കാരൻ അല്ലാത്ത വൈറസ് അല്ലേ, അത് അതിന്റെ വിരുന്ന് കാലം കഴിയുമ്പോൾ ആരും അടിച്ചിറക്കാതെ തന്നെ സ്ഥലം വിടും. മരിച്ചു പോകില്ല എങ്കിലും വേദന കടുത്തത് ആണ്. അസുഖ കാലം കഴിഞ്ഞാലും സന്ധി വേദന കുറച്ചു ദിവസങ്ങൾ കൂടി നീണ്ടു നിൽക്കും , വേദന കൊണ്ട് കുനിഞ്ഞു പോകും. അതാണ് കുനിയാപ്പനി.

Chikungunya virus pathogenesis: From bedside to bench - ScienceDirect

അതോടെ ആൾക്കാർ ആകെ പരിഭ്രാന്തർ ആയി. പല വഴിയ്ക്ക് പാഞ്ഞു. പലരും കമ്മ്യൂണിസ്റ്റ് പച്ച, അരച്ച് ഇടുന്നു. ചിലർ ഇടിച്ചു പിഴിഞ്ഞ് ഉള്ളിൽ കഴിയ്ക്കുന്നു.അപ്പോൾ ആണ്, ഒരിടത്തു ആൾക്കാർ ചികിത്സയ്ക്ക് കൂട്ടത്തോടെ പോകുന്നതായി അറിഞ്ഞത്. ഇതിന് മുൻപ് കേട്ടിട്ടില്ലാത്ത ഒരു നാട്ടു വൈദ്യൻ ചികിത്സ തുടങ്ങിയത്രെ ! ചിക്കൻ ഗുനിയ സ്പെഷ്യലിസ്റ്റ്. അവിടെ പുതിയ ബസ് സ്റ്റോപ്പ്‌ വന്നു. ബസുകാർ ആ സ്ഥലത്തിന് കുനിയാ മുക്ക് എന്നും പേരിട്ടു. ആശുപത്രികളിലേക്കാൾ തിരക്ക് ആണ് അയാൾക്ക്. അവിടെ ആൾക്കാർ ദൂരെ നിന്നും വരെ വരുന്നു.സർക്കാർ വകയും സ്വകാര്യ മേഖലയിലുമായി പേരെടുത്ത 4 – 5 ആശുപത്രികൾ കൊല്ലത്തു ഏതാനും കി മി ചുറ്റുവട്ടതായി ഉള്ളപ്പോൾ ആണ് ഈ ഗംഭീര ചികിത്സ.രോഗികൾ കൂടി കൂടി വന്നു. റോഡ് ബ്ലോക്കി വണ്ടികൾ കിടന്നു. ചിക്കൻഗുനിയ പെട്ടെന്ന് ഭേദം ആവും അത്രേ. രോഗം മാറിയവർ സാക്ഷ്യപ്പെടുത്തിയത് കേട്ടും കണ്ടും ആൾക്കാർ കൂടുതൽ ആയി പൊയ്ക്കൊണ്ടിരുന്നു. എന്നോടും സാക്ഷ്യം പറഞ്ഞു ചിലർ, ഒരു നേരത്തെ മരുന്ന് കഴിച്ചപ്പോൾ തന്നെ ഭേദം ആയി ന്ന്. അധികം ആയില്ല, ഒരു ദിവസം കേട്ടു ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു, ക്ലിനിക് പൂട്ടി എന്ന്.


മൂപ്പര് കൊടുത്തു കൊണ്ടിരുന്നത് കാൻസർ രോഗികളിൽ ഉപയോഗിയ്ക്കുന്ന വേദന സംഹാരിയും കുളമ്പ് രോഗത്തിന്റെ മരുന്നും കൂടിയാണ്. കാൻസർ രോഗത്തിന് കൊടുക്കുന്ന മരുന്ന് എന്ന് ഉദ്ദേശിച്ചത് വേദന സംഹാരി ട്രമഡോൾ ആവും. അത് സാധാരണ അത്ര കുഴപ്പമില്ല, അമിത ഡോസ് അല്ലെങ്കിൽ. കുളമ്പ് രോഗത്തിന്റെ മരുന്ന് എന്താണെന്ന് പിടിത്തം കിട്ടിയില്ല . കാടിയിൽ കലക്കി കുടിയ്ക്കാൻ പറഞ്ഞാലും ആൾക്കാർ ചെയ്യും. ഉറപ്പ് ആണ്. വൈദ്യൻ അല്ല കംബൗണ്ടർ ആണ്. എന്ന് വച്ചാൽ ഏതോ മൃഗാശുപത്രിയിൽ കുറച്ചു നാൾ സഹായി ആയോ മറ്റോ നിന്നിരുന്നു. അത്രേ ഉള്ളു യോഗ്യത. ( നാട്ടിലുള്ള നാൽക്കാലികൾക്ക് അത് തന്നെ ധാരാളം എന്ന് അയാൾ വിചാരിച്ചു കാണും.) എത്ര ഡോസിൽ ആണോ കൊടുത്തിരുന്നത് എന്നറിയില്ല. എന്തോ ഭാഗ്യത്തിന് രോഗികൾ ആരും മരിച്ചതായി കേട്ടില്ല.
………
ഓരോ അസുഖത്തിനും എന്തെങ്കിലും കേട്ട പാതി കേൾക്കാത്ത പാതി മരുന്നോ പച്ചിലയോ ചെടിയോ അതാത് വിഷയത്തിൽ അടിസ്ഥാന യോഗ്യത ഉള്ളവർ പറഞ്ഞാലല്ലാതെ കഴിയ്ക്കരുത്. കമ്മ്യൂണിസ്റ്റ് പച്ച കാടുപോലെ വളരുന്ന ചെടി ആണ്. അത് മനുഷ്യനോ മൃഗത്തിനോ ഭക്ഷണം അല്ല. മരുന്നും അല്ല.അത് പോലെ ഒരു ഡോക്ടർ, രോഗ വിവരം കേട്ടോ രോഗിയെ കണ്ടോ എഴുതാത്ത മരുന്നുകൾ കഴിവതും കഴിയ്ക്കരുത്. മരുന്നായാലും വിഷം ആയാലും എല്ലാം കടന്ന് പോകേണ്ട രണ്ട് പ്രധാനപ്പെട്ട പാവം അവയവങ്ങൾ ഉണ്ട് ശരീരത്തിൽ. അവയെ ധർമ്മ സങ്കടത്തിൽ ആക്കരുത്. ഒന്ന് , മനുഷ്യ ശരീരത്തിലെ അടുക്കള ആയ കരൾ.. അവിടെ ആണ് മെറ്റബോളിസം നടക്കുന്നത്. അതായത് പാചകം. ആമാശയത്തിൽ നിന്ന് ഭക്ഷണം വലിച്ചെടുത്തു, പോർട്ടൽ വെയ്ൻ വഴി എത്തുന്നത് കരളിൽ ആണ്. അത് പോലെ വിഷ വസ്തുക്കളുടെ നിർവീര്യമാക്കൽ (ഡീറ്റോക്സിഫിക്കേഷൻ ) നടക്കുന്നത് കരളിൽ ആണ് .മരുന്നുകൾ വിഘടിച്ചു വേർതിരിച്ചു എടുക്കുന്നതും മൂപ്പര് ആണ്. മദ്യം ഉൾപ്പെടെ. കീടനാശിനികൾ, രാസവസ്തുക്കൾ ( മീനിലിടുന്ന അമോണിയ, ഫോർമാലിൻ, ബെന്സോയിക് ആസിഡ്, ബ്രോയ്‌ലർ കോഴിയിലെ ആന്റിബയോട്ടിക്, കൃഷിയിൽ ഉപയോഗിയ്ക്കുന്ന രാസ വളങ്ങൾ ) തുടങ്ങി എല്ലാം കരളിൽ എത്തുന്നു.

നമ്മൾ കഴിയ്ക്കുന്ന വസ്തുക്കളിൽ ശരീരത്തിന് ദോഷം ആയവ നിർവീര്യം ആക്കാൻ കരൾ പരമാവധി ശ്രമിയ്ക്കും. . ചിലപ്പോൾ അതിന് കഴിഞ്ഞില്ല എന്ന് വരും. ഇനി കരളിന്റെ പാചകം കഴിഞ്ഞു, ഭക്ഷണം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പാർസൽ ആയി കൊടുത്തയയ്‌ക്കേണ്ടത് ഊബർ വിഭാഗം ആയ ധമനികളിൽ കൂടി ആണ്.ആവശ്യത്തിനുള്ളത് അയച്ചു കഴിഞ്ഞാൽ ബാക്കി അടുക്കളയിൽ, കരളിൽ, തന്നെ സംഭരിച്ചു വയ്ക്കും. അതിൽ ചിലപ്പോൾ വിഷകരമായതും കാണും. ഉദ. ആവശ്യത്തിലും അധികം ആയ ഇരുമ്പ്, ചെമ്പ്, കൊഴുപ്പ്, ഒക്കെ അടുക്കളയിൽ തന്നെ സൂക്ഷിയ്ക്കും. അങ്ങനെ ഉള്ള വസ്തുക്കൾ കരളിന്റെ പ്രവർത്തനം തകരാറിൽ ആക്കും. ശരീരം ഉപയോഗിച്ച് കഴിഞ്ഞു ബാക്കി ആയ അവശിഷ്ടങ്ങൾ പുറത്ത് കളയുന്ന കാന ആണ് വൃക്കകൾ. അവിടെ യൂറിയ ഉൾപ്പെടെ ഉള്ള അവശിഷ്ടങ്ങളും വിഷവും മരുന്നുകളും പുറം തള്ളുന്നു.

വൃക്കകൾക്ക് ചില വിഷവസ്തുക്കൾ, മരുന്നുകൾ, (അമിത അളവിൽ വേണം എന്നില്ല ചിലപ്പോൾ ചെറിയ അളവിലും മതിയാവും പ്രത്യേകിച്ച് വൃക്കകൾക്ക് പ്രവർത്തനത്തകരാർ ഉണ്ടെങ്കിൽ ) തുടങ്ങി അരിയ്ക്കുമ്പോൾ കേട് വന്നേക്കാം. ചിലപ്പോൾ വൃക്ക മുൻപേ തന്നെ പ്രവർത്തന തകരാർ ഉള്ളത് ആയിരിയ്ക്കും.ചിലപ്പോൾ കയ്യാലപ്പുറത്തെ തേങ്ങ പോലെ കേട് ആവാൻ കാത്തിരിയ്ക്കുക ആവാം. ഉന്തിന്റെ കൂടെ തള്ള് എന്ന പോലെ ആവും വിഷവസ്തുക്കൾ കൂടി അരിപ്പയിൽ എത്തുമ്പോൾ. മൂപ്പര് ചിലപ്പോൾ കാന അങ്ങടച്ചു ലോക്ക് ഡൗൺ ചെയ്തു കളയും. വൃക്കയിലൂടെ അരിച്ചു പുറത്തു പോയില്ലെങ്കിൽ അവ, മരുന്നുകൾ ഉൾപ്പെടെ രക്തത്തിൽ കൂടി വെറുതെ ചുറ്റി കറങ്ങി, ഇഷ്ടം തോന്നുന്ന മറ്റ് അവയവങ്ങളിൽ ചെന്ന് കേറും അവിടെ കസേരയിട്ടിരിയ്ക്കും. അത് കൊണ്ടു ആണ് കണ്ണിൽ കണ്ടതോ കേട്ടറിഞ്ഞതോ ആയ മരുന്നുകളോ, ചെടിയോ, ഭസ്മമോ ( ലോഹങ്ങൾ ആണ് ഉള്ളത് ചിലതിൽ മെർക്കുറി ) ഒന്നും കഴിയ്ക്കരുത് എന്ന് പറയുന്നത്. കാര്യം അവനവന്റെ അടുക്കളയും ഡ്രയിനേജും ആണെങ്കിലും എത്രത്തോളം പ്രവർത്തന ക്ഷമം ആണെന്ന് ചിലപ്പോൾ അറിയണം എന്നില്ല.

കൊറോണയ്ക്ക് hcq അഥവാ ഹൈഡ്രോക്സി ക്ളോറോക്യുൻ ഫലപ്രദം എന്ന് കേട്ടും വായിച്ചും സ്വയം മേടിച്ചു കഴിയ്ക്കരുത്.
അത് മലേറിയ, sle ( systemic lupus erythramatosis ), ആമവാതം ( rheumatoid arthritis ) തുടങ്ങി അസുഖങ്ങൾക്കു കൊടുക്കുന്ന മരുന്ന് ആണ്. ഹൃദയം സംബന്ധമായ അസുഖങ്ങൾ, കണ്ണിന് അസുഖം (retinopathy ), മരുന്നിനോട് അലർജി ഉള്ളവർ ശ്രദ്ധിക്കണം.
ഒരു മരുന്ന് ഒരാളിൽ പ്രവർത്തിയ്ക്കും പോലെ അല്ല ചിലപ്പോൾ മറ്റൊരാളിൽ.
ഒരു മരുന്ന് രോഗിയ്ക്ക് കൊടുക്കുമ്പോൾ
അറിയേണ്ടതും ശ്രദ്ധിയ്‌ക്കേണ്ടതും ആയ ഘടകങ്ങൾ
1:മറ്റ് എന്തെല്ലാം അസുഖങ്ങൾ ഉണ്ട് ( co morbidities )
2: വയസ്സ്,
3 :ശരീര ഭാരം,
4 : ശാരീരിക അവസ്ഥ (ഗർഭിണി )
5 : നിലവിൽ കഴിയ്ക്കുന്ന മറ്റ് മരുന്നുകളുമായിട്ടുള്ള ഇന്റർ ആക്ഷൻസ് (പ്രതിപ്രവർത്തനം )
6 :മരുന്നിന്റെ പാർശ്വഫലങ്ങൾ
7 : മരുന്നുകളോടുള്ള അലർജിയുടെ മുൻ ചരിത്രം,
ഇങ്ങനെ എല്ലാം പരിഗണിച്ചിട്ട് ആണ് ഒരു ഡോക്ടർ മരുന്ന് എഴുതുന്നത്. സംശയം ഉണ്ടെങ്കിൽ lft (liver function test ) rft (renal function test ) യും ചെയ്ത് നോക്കും. അത് കൊണ്ട് hcq മേടിച്ചു വച്ചിട്ടുണ്ടെങ്കിൽ സ്വയം കഴിയ്ക്കും മുൻപ് ഡോക്ടറുടെ ഉപദേശം തേടുക.
ഗംഗ എസ്