14 ന് ലോക്ക് ഡൗൺ തീരും, ഒരു കാരണവശാലും നീട്ടില്ല, അപ്പോഴും ആശങ്ക ബാക്കി

72

ഡോക്ടർ. ഗംഗ. എസ്

14 ന് ലോക്ക് ഡൗൺ തീരും, ഒരു കാരണവശാലും നീട്ടില്ല എന്ന് കേട്ടു. അപ്പോഴും ആശങ്ക ബാക്കി. പെട്ടെന്ന് സ്‌കൂൾ വിടും പോലെ ജനങ്ങളെ തുറന്ന് വിട്ടാൽ ഒന്നുകിൽ ഇതുവരെ നിയന്ത്രണാവസ്ഥയിലുള്ള കോവിഡും കൂടി ശ്വാസം കിട്ടിയപോലെ ചിലപ്പോൾ ഓടിയിറങ്ങും. അല്ലെങ്കിൽ തെങ്ങേറ്റക്കാരൻ കൊന്ന തെങ്ങിലേയ്ക്ക് കയറും പോലെ പകർച്ചയുടെ ഗ്രാഫ് ഉയർന്നു കൊണ്ടിരിയ്ക്കും സാവധാനത്തിലോ വേഗത്തിലോ.അതും അല്ലെങ്കിൽ രോഗം നിയന്ത്രിത അവസ്ഥയിൽ തുടരും, സ്റ്റാറ്റസ് കോ. ചിലപ്പോൾ പതുക്കെ പതുക്കെ വൈറസ് സ്ഥലം കാലിയാക്കും. ഇതൊരു പുതിയ വൈറസ് ആക കൊണ്ട് സ്വഭാവവും രീതികളും ശാസ്ത്രജ്ഞർക്കും ആരോഗ്യ വിദഗ്ധർക്കും വ്യക്തമായി മനസ്സിൽ ആയിട്ടില്ല.ഇന്ത്യയിൽ കൊറോണ മൂപ്പരുടെ കച്ചവടം ഇത് വരെ ഉള്ള കണക്ക് വച്ചു നോക്കിയാൽ മോശമാണ്. രോഗബാധിതർ 2301, മരണം 56. ( ഇന്നലത്തെ കണക്ക് ) ഏറെക്കുറെ മലേഷ്യയ്ക്കും ജപ്പാനും തുല്യം. ഇതിന് മുൻപ് സമാനമായ ഏതെങ്കിലും വൈറസിനുള്ള ആന്റിബോഡി ( ക്രോസ് ഇമ്മ്യൂണിറ്റി ) നമ്മുടെ ശരീരത്തിൽ ഉള്ളത് കൊണ്ട് ആണോ അതല്ല ബിസിജി വാക്‌സിനേഷൻ കൊണ്ടാണോ കുരിശ് കണ്ട പിശാചിനെപ്പോലെ മൂപ്പര് കുറച്ചു അകന്ന് നിൽക്കുന്നത് !അത് ഉറപ്പിയ്ക്കണമെങ്കിൽ വിശദമായ പഠനം വേണം. വിവിധ രാജ്യങ്ങളെ കേന്ദ്രീകരിച്ചു ആയത് കൊണ്ട് കൃത്യവും വ്യക്തവും സുതാര്യവുമായ ഡാറ്റാ കളക്ഷൻ വേണം. ഈ സമയത്തു അതത്ര എളുപ്പമല്ല. കൊറോണ കാലം കഴിയുമ്പോൾ തീർച്ചയായും ഉണ്ടാവും.
ചിലപ്പോൾ പഠനത്തിൽ കണ്ടെത്തിയത് സുരക്ഷ കാരണങ്ങളാലോ രാജ്യാന്തര ആഭ്യന്തര താല്പര്യങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ടോ പുറത്ത് വന്നില്ല എന്നുമിരിയ്ക്കും.ഏതായാലും മെഡിക്കൽ വിദ്യാഭ്യാസത്തിൽ പുതിയ ഒരു അധ്യായം തന്നെ ആവും കൊവിഡ് 19.
( ജനങ്ങൾ കൊറോണക്കാലം കഴിയുമ്പോൾ അവരവർക്ക് താല്പര്യം ഉള്ള മറ്റ് വിഷയങ്ങളിലേക്ക് പോകും.കൊറോണയെക്കാൾ വലുത് ആണ് ഇപ്പോൾ, റിയൽ എസ്റ്റേറ്റ് പോലെ ക്ഷീണം ബാധിച്ചു കമ്പോള നിലവാരം ഇടിഞ്ഞ മതവും, രാഷ്ട്രീയവും, മദ്യവും, പാരവെപ്പും കുത്തിത്തിരിപ്പും പരദൂഷണവും മറ്റുള്ളവരെ ചവിട്ടിയിട്ട് മുന്നിൽ ആകാനുള്ള മത്സരവും.നിലനിൽപ്പിന്റെ പ്രശ്നം ആയത് കൊണ്ട് അതൊക്കെ പൂർവാധികം ശക്തമായി തുടങ്ങേണ്ടി വരും. )

അതല്ല, ഇനി വൈറസിന് അനുയോജ്യമായ കാലാവസ്‌ഥ ഇന്ത്യയിൽ ഇല്ലാഞ്ഞിട്ടാണോ (അന്തരീക്ഷ ഊഷ്മാവ് , ഹ്യൂമിഡിറ്റി, )? ഇതിനെക്കുറിച്ചു വിശദമായ പഠനത്തിന് സമയം വേണം. ഇന്ത്യയോട് കൊറോണയുടെ നിലപാട് എന്താണെന്ന് ഇപ്പോഴും അറിഞ്ഞു കൂട.നമ്മൾ ആണോ കൊറോണയാണോ ആശയക്കുഴപ്പത്തിൽ ആയത്. നമ്മുടെ പ്രതിരോധം പൂർവാധികം ശക്തമാക്കി തുടരുക തന്നെ ഉള്ളു തല്ക്കാലം പോം വഴി. എങ്ങോട്ടാണ് പോക്ക്, എന്താണ് വസ്തുത എന്നതിന് ഈ മാസം കൂടി ഏറ്റവും കുറഞ്ഞത് നിർണ്ണായകം ആണ്. നമ്മൾ ആശ്വസിയ്ക്കാൻ സമയം ആയിട്ടില്ല എന്ന് ചുരുക്കം. മനസ്സിലായത് വച്ചു നോക്കിയാൽ ലോക്ക് ഡൗൺ പിൻവലിച്ചാലും ഭാഗികമായി തുടരേണ്ടി വരും. രാജ്യാന്തരവും ആഭ്യന്തരവുമായ ഗതാഗതം, വ്യോമ മാർഗം ഉൾപ്പെടെ, വീണ്ടും കുറച്ചു കൂടി നീട്ടി വയ്‌ക്കേണ്ടി വരും.അല്ലെങ്കിൽ നിയന്ത്രിതമായി മാത്രം അനുവദിയ്ക്കേണ്ടി വരും.എത്ര അപ്രിയമായാലും സത്യം എപ്പോഴും സത്യം തന്നെ. അടിയന്തിര സാഹചര്യം ഉള്ള ആഭ്യന്തര സർവീസ് ഉൾപ്പെടെ തുടങ്ങിയാലും, കൈ കഴുകി, സാമൂഹിക അകലം സൂക്ഷിച്ചു കൊണ്ട് തന്നെ മുന്നോട്ട് പോകേണ്ടി വരും. മാസ്ക് കുറച്ചു നാൾ കൂടി ധരിയ്ക്കേണ്ടി വരാം. ഇവിടെ നിന്നൊരു പുതിയ ശീലം കൂടി തുടങ്ങേണ്ടതുണ്ട്. വെറുതെയും മുറുക്കിയും കാണുന്നിടത്തൊക്കെ തുപ്പുക, പൊതു ഇടങ്ങളിലും വീടകങ്ങളിലും നിയന്ത്രണം ഇല്ലാതെ പുകവലിയ്ക്കുക, തുടങ്ങി ദുശീലങ്ങൾക്ക് വിരാമം ഇടാം. പൂർണ്ണ മദ്യ വർജ്യം സാധ്യമല്ലെങ്കിലും ഒരു പരിധി വരെ നിയന്ത്രിയ്ക്കാം എന്ന് കൊറോണക്കാലം തെളിയിച്ചു. ലോക്ക് ഡൗൺ പിൻവലിയ്ക്കുമ്പോൾ, കുറച്ചു നാളുകൾ കൂടി, നമുക്ക് ജാഗ്രതയും കരുതലും വേണ്ടി വരും.
.
റിസ്ക് ഉള്ളതും റിസ്ക് ഇല്ലാത്തതുമായ രണ്ട് ഗ്രൂപ്പ്‌ ആയി സമൂഹത്തെ പൊതുവായി തിരിയ്ക്കാം. ഇത്രയും നാൾ എല്ലാവരെയും ഒരുമിച്ചു അവരവരുടെ വീടുകളിൽ, താമസയിടങ്ങളിൽ, തടവിൽ നിർത്തിയത് മാറ്റിയിട്ട്, റിസ്ക് വിഭാഗത്തെയും റിസ്ക് ഇല്ലാത്ത വിഭാഗത്തെയും രണ്ടാക്കി നിർത്താം . റിസ്ക് ഉള്ളവർ : 65 നു മേൽ പ്രായം ഉള്ളവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രമേഹം, രക്ത സമ്മർദ്ദം, ആസ്തമ, COPD , മറ്റ് ശ്വാസ കോശ രോഗങ്ങൾ ഉള്ളവർ, ഹൃദ്രോഗികൾ , ഗുരുതര കാൻസർ രോഗികൾ, കീമോ, ഡയാലിസിസ്, അടുത്ത കാലത്ത് മേജർ സർജറിയ്ക്ക് വിധേയരായവർ, അവയവമാറ്റം നടത്തിയവർ, വിവിധ രോഗങ്ങളാൽ കിടപ്പിൽ ആയവർ, പ്രത്യേകിച്ച് ദീർഘ നാളായി ശയ്യാവലംബികൾ, പ്രതിരോധ ശേഷി കുറഞ്ഞവർ, ഇല്ലാത്തവർ, (സ്റ്റീറോയ്ഡ് തുടങ്ങി മരുന്നുകൾ കഴിയ്ക്കുന്നവർ ), മാനസിക വെല്ലുവിളി ഉള്ളവർ, ഗുരുതര മാനസിക രോഗം നിലവിൽ ഉള്ളവർ, തുടങ്ങിയവർ.
അങ്ങനെ ഉള്ള ആൾക്കാരെ കുറച്ചു കാലം കൂടി പൊതു ജനസമ്പർക്കത്തിൽ നിന്ന് ഒഴിവാക്കേണ്ടി വരും. റിസ്ക് ഇല്ലാത്തവർ, അല്ലെങ്കിൽ റിസ്ക് കുറഞ്ഞവർ : ആരോഗ്യമുള്ള, മറ്റ് അസുഖങ്ങൾ ഇല്ലാത്തവർ 15 – 60 നുമിടയിൽ പ്രായം ഉള്ളവർ.
അവരെ നിയന്ത്രിത സ്വാതന്ത്ര്യത്തോടെ പുറത്ത് വിടാം. വീടുകളിൽ നിന്ന് പോയി വരികയോ ജോലി സ്ഥലങ്ങളിലോ അതിനടുത്തോ താമസിയ്ക്കുക ചെയ്യാം. .

ഇനി വീട്ടിൽ മേൽപ്പറഞ്ഞ റിസ്ക് ഉള്ള ആൾക്കാർ ആരും ഇല്ലെങ്കിൽ ഭാഗ്യം മാറിത്താമസിയ്ക്കണ്ട ആവശ്യം വരുന്നില്ല. പക്ഷേ അങ്ങനെ ഉള്ള കുടുംബങ്ങൾ വളരെ കുറവ് ആണ്. അതല്ല ഒരു വീട്ടിൽ റിസ്ക് ഉള്ള ആൾ ഒന്നേ ഉള്ളു എങ്കിൽ ആ ആളിനെ മാത്രം മാറ്റി താമസിപ്പിയ്ക്കാം. . മറ്റുള്ളവർ വീട്ടിൽ തന്നെ താമസിയ്ക്കട്ടെ. അങ്ങനെ റിസ്ക് ഉള്ള ആൾക്കാർക്ക് വേണ്ടി അതാത് പഞ്ചായത്തുകളിൽ കെട്ടിടങ്ങൾ കണ്ടെത്തിയാൽ അവർക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ട് ഇല്ലാതെ കഴിയാം. ആശുപത്രി പോലെ അല്ല ഒരു റിസോർട്ട് പോലെയോ സാനിറ്റോറിയം പോലെയോ ഉള്ള ഇടങ്ങൾ. ചില വീടുകളിൽ ഒന്നിൽ കൂടുതൽ ആൾക്കാർ, ചിലപ്പോൾ മുഴുവൻ ആൾക്കാരും റിസ്കുള്ള വിഭാഗത്തിൽ പെടുന്നത് ആയിരിയ്ക്കും. അങ്ങനെ ഉള്ളവർ അവിടെ തന്നെ പുറമേ നിന്നുള്ള സമ്പർക്കം ഇല്ലാതെ കഴിയട്ടെ. ഇതിൽ ചില സാമൂഹിക, മാനുഷിക, സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും അനശ്ചിതമായി ലോക്ക് ഡൗൺ നീട്ടിക്കൊണ്ട് പോകാൻ പറ്റിയ സാമ്പത്തിക സാഹചര്യം അല്ല നമ്മുടേത്. അങ്ങനെ ആവുമ്പോൾ ആരോഗ്യമുള്ള ജനവിഭാഗത്തിന് എങ്കിലും ഉപജീവനം സാധ്യമാവുകയും, സാമ്പത്തിക പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിയ്ക്കാൻ സാധിയ്ക്കും. അപ്പോഴും കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയവരെയും സാധ്യത ഉള്ളവരെയും സംശയം ഉള്ളവരെയും ക്വാറന്റൈനിൽ നിർത്തുകയും ചെയ്യണം.