പാമ്പു കടിയേൽക്കുമ്പോൾ

348
Dr Ganga S

പാമ്പ് കടിയേൽക്കുമ്പോൾ —1

പാമ്പ് കടിയെ ചുറ്റിപ്പറ്റി ആണല്ലോ ഇപ്പോൾ വിവാദം ഉണ്ടായത്.

കടിച്ചത് പാമ്പ് ആണോ ആണി കുത്തിയത് ആണോ കല്ല് കൊണ്ടത് ആണോ എന്നൊക്കെ സംശയം ന്യായമായും ഉണ്ടാവാം.(വയനാട് സംഭവം ഇതുമായി ചേർക്കേണ്ടതില്ല )

കടിയേൽക്കുന്നയാളുടെ പരിസരത്ത് പാമ്പോ മാളമോ എല്ലായ്‌പോഴും ഉണ്ടായിക്കൊള്ളണം എന്നില്ല.

ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന കാലം.

മെഡിസിനിൽ അത്യാഹിത വിഭാഗം ഡ്യൂട്ടിയിൽ ചെന്ന ഉടനെ കിട്ടിയ നിർദേശം ആരായാലും എപ്പോൾ ആയാലും, “എന്തോ (വേണം ന്നില്ല) കടിച്ചു “എന്ന് പറഞ്ഞു വന്നാൽ ഒന്നും നോക്കണ്ട വാർഡിൽ അഡ്മിറ്റ്‌ ആക്കിക്കോളൂ.

അത്‌ യൂണിറ്റ് ചീഫിന്റെ സ്റ്റാന്റിംഗ് ഇൻസ്ട്രക്ഷൻ ആണ്.

അതിന് കാരണം, കുറച്ചു ദിവസങ്ങൾ ക്ക് മുൻപ് കാഷ്വാലിറ്റിയിൽ രാത്രിയിൽ രണ്ട് വയസ്സ് ആയ ഒരു കുഞ്ഞിനെ എലി കടിച്ചു എന്നും പറഞ്ഞു കൊണ്ടു വന്നു. കുഞ്ഞിന് പ്രത്യക്ഷത്തിൽ കുഴപ്പമില്ലായിരുന്നു. അത്‌ കളിയ്ക്കുകയാണ്.

എന്നാലും രാത്രിയിൽ വന്നതല്ലേ, ഡ്യൂട്ടി ഡോക്ടർ ഒബ്സെർവഷൻ റൂമിൽ ആക്കി.

പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ കുഞ്ഞു അപസ്മാര ലക്ഷണം കാണിയ്ക്കുകയും, രക്തം ടെസ്റ്റ് ചെയ്തപ്പോൾ വിഷ ബാധ ഏറ്റു എന്ന് കണ്ടെത്തി എങ്കിലും, Asv കൊടുക്കും മുൻപ് കുഞ്ഞു മരിയ്ക്കുകയും ചെയ്തു.

അത്‌ നെഗ്‌ളിജൻസ് വിഷയത്തിൽ കേസ് ആവുകയും ചെയ്തു.

തിരുവനന്തപുരത്തു രാത്രി എത്തുന്നവർക്ക് താമസസൗകര്യം കിട്ടിയില്ലെങ്കിൽ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തി, എന്തോ കടിച്ചു എന്ന് പറഞ്ഞാൽ മതി രാത്രി വാർഡിൽ കഴിഞ്ഞിട്ട് പിറ്റേന്ന് രാവിലെ പോകാം എന്ന് ഒരു തമാശ വർത്തമാനം കൂടി ഞങ്ങൾക്കിടയിൽ ഉണ്ടായി.

പാമ്പുകൾ വിഷം ഇല്ലാത്തവയും വിഷം ഉള്ളവയും ഉണ്ടല്ലോ.

കടിച്ചത് വിഷം ഉള്ളത് ആണോ അല്ലയോ എന്നതാണ് പലപ്പോഴും രോഗിയോടൊപ്പം ഡോക്ടർക്കും വെല്ലുവിളി ആകുക.

വിഷം ഉള്ളത് ആണെങ്കിൽ എത്രയും പെട്ടെന്ന് asv കൊടുക്കണം.

ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്ന വിഷമുള്ള ഇനങ്ങൾ മൂന്ന് ആണ്

1.Elapids ( മൂർഖൻ, രാജവെമ്പാല, ശംഖുവരയൻ ) neuro toxic ആണ് വിഷം. ഞരമ്പുകളെ ബാധിയ്ക്കുന്നു.

 1. Viperids (അണലി മൂന്ന് തരം russell’s viper, saw scaled viper, pit viper ) haemotoxic വിഷം രക്തം കട്ടി യാവുന്നതിനെ ബാധിയ്ക്കുന്നു

3.Hydropids ( കടൽ പാമ്പ്‌ ) myotoxic
വിഷം. പേശികളെ ബാധിയ്ക്കുന്നു.

സാധാരണ പാമ്പ് കടിച്ചാൽ പെട്ടെന്ന് തന്നെ അത്‌ അവിടെ നിന്ന് ഇഴഞ്ഞു പോകും. ചിലപ്പോൾ പാമ്പ് പിന്തുടർന്ന എലിയെ ആവും നമ്മൾ കാണുക.

വിഷം ഇല്ലാത്തത് കടിച്ചാൽ ഒരു നിര പല്ലുകളുടെ ആഴമില്ലാത്ത അടയാളങ്ങൾ കാണും.

വിഷപ്പാമ്പ് കടിച്ചാൽ രണ്ട് സൂചിപ്പാട് കാണും കാണണം എന്നാണ് പൊതു ധാരണ.

ഒരു മി മി തൊട്ട് 4 സെ മി വരെ അകലം ഉണ്ടാവും പാടുകൾ തമ്മിൽ. കടിയ്ക്കുന്ന പാമ്പിന്റെ ഇനം അനുസരിച്ചു ആണ്.

മുറിവിന്റെ ആഴം 1- 8 mm.

എല്ലായ്പോഴും അങ്ങനെ ഇരട്ട അടയാളം കാണണം എന്നില്ല.

ചിലപ്പോൾ വസ്ത്രത്തിൽ തട്ടിയിട്ടോ, ധൃതി യ്ക്കിടെ പല്ല്‌ വഴുതി പോയിട്ടോ, ഒറ്റപ്പാടോ പോറലോ ആയിട്ട് കാണപ്പെടും.

റോസിന്റെയോ തൊട്ടാവാടിയുടെയോ, കള്ളിച്ചെടിയുടെയോ മുള്ള് കൊണ്ടു എന്നും, കുപ്പിച്ചില്ലിൽ ചവിട്ടി എന്നൊക്കെ ആവും ധരിയ്ക്കുക. വിഷ ലക്ഷണം കാണുമ്പോഴേ മനസ്സിലാവൂ.

അങ്ങനെ നിരവധി കേസുകൾ കേട്ടിട്ടുണ്ട്. ഒന്ന് രണ്ടെണ്ണം കണ്ടിട്ടുണ്ട്.

ചിലപ്പോൾ നിരവധി തവണ കടിച്ചിട്ടുള്ള പാടുകൾ കാണും. അതും വിഷം ഉള്ള ഇനം തന്നെ ആവും.

അണലി വർഗ്ഗത്തിൽ പെട്ടവ ആണ് അങ്ങനെ കടിയ്ക്കുന്നത്. മാത്രം അല്ല അവ മറ്റ് പാമ്പുകളിൽ നിന്ന് വ്യത്യസ്തമായി തല പിന്നിലേയ്ക്ക് തിരിച്ചും കടിയ്ക്കും.

ചിലപ്പോൾ കാണത്തക്ക കടിപ്പാട് ഒന്നും ഉണ്ടാവില്ല.

ഉദാ ശംഖുവരയൻ, കടൽ പ്പാമ്പ്, ഫിലിപ്പൈൻ മൂർഖൻ എന്നിവ കടിച്ചാൽ പാടോ വീക്കമോ രക്തമോ നീല നിറമോ ഒന്നും കാണണം എന്നില്ല.

രക്തം പരിശോധിയ്ക്കുമ്പോഴാവും മനസിലാവുക. പ്രത്യകിച്ചു ശംഖു വരയൻ മറ്റുള്ളവയെ അപേക്ഷിച്ചു അപകടകാരി ആണ്.

ഉറക്കത്തിൽ കടിയേൽക്കുകയും മരിയ്ക്കുകയും ചെയ്യുന്നതിൽ പ്രധാന വില്ലൻ ശംഖുവരയൻ ആണ്.വില്ലൂന്നി എന്നും പേരുണ്ട്. അത്‌ കടിച്ചിട്ട് പെട്ടെന്ന് തന്നെ സ്ഥലം വിടും.

ശംഖു വരയൻ കെട്ടിടങ്ങളുടെ ചുവരിലെ വിള്ളലിൽ, പൊത്തിൽ ഒക്കെ കാണപ്പെടാറുണ്ട്. പൂച്ച എലിയെ കൊണ്ടു വന്നു കിടക്കയിൽ ഇട്ടാൽ പാമ്പിനെ ആകർഷിയ്ക്കും.

ചിലപ്പോൾ മരണ കാരണം പോസ്റ്റ്മോർട്ടത്തിൽ ആവും തിരിച്ചറിയുക.

(ഉറക്കത്തിൽ മരിയ്ക്കുന്ന എല്ലാവരെയും പോസ്റ്റ്‌ മോർട്ടം ചെയ്യണം എന്നാണ് അഭിപ്രായം).

അതേ സമയം മൂർഖൻ കടിച്ചാൽ ആ ഭാഗത്ത്‌ വേദനയും, നീല നിറവും കാണാം. ചിലപ്പോൾ രക്തം വന്നേക്കാം. വിഷം Neuro toxic ആണ്. അത്‌ ഞരമ്പുകളെ ആണ് ബാധിക്കുക.

30-50% കേസുകളിലും വിഷപ്പാമ്പുകളുടെ കടിയിൽ വിഷം ശരീരത്തിൽ കയറാറില്ല.

അത്‌ കൊണ്ടു കടിപ്പാടിൽ അധികം ശ്രദ്ധ കൊടുക്കേണ്ടതില്ല. വിഷം കയറിയോ ഇല്ലയോ എന്നതാണ് പ്രധാനം.

മറ്റ് ജീവികൾ എലി, പൂച്ച, പല്ലി, തേൾ എന്നിവയുടെ കടിയും ഏതാണ്ട് പാമ്പിന്റെ പോലെ തോന്നിയ്ക്കും ചില അവസരങ്ങളിൽ. അങ്ങനെ തെറ്റിദ്ധരിയ്ക്കാറുണ്ട്.

എന്നാലും കടിച്ച ഭാഗത്ത്‌ വേദന, വീക്കം വരിക, നീല നിറം ഉണ്ടാവുക ചെയ്താൽ വിഷം ഉള്ളത് ആണെന്ന് അനുമാനിയ്ക്കാം.

രാജവെമ്പാലയുടെ ഒറ്റ കടിയിൽ ഒരു ആനയെ കൊല്ലാൻ ഉള്ള വിഷം ഉണ്ട്.

(വാവാ സുരേഷ് അത്ര ലാഘവത്തോടെ പിടിയ്ക്കുന്നത് കാണുമ്പോൾ ഇത്രേ ഉള്ളോ എന്ന് നമ്മൾ കരുതും. )

Envenomation ( വിഷബാധ ) ന്റെ പരിണിത ഫലം, ലഘുവാണോ ഗുരുതരം ആണോ എന്നത് നിശ്ചയിയ്ക്കുന്നത് രണ്ട് ഘടകങ്ങൾ ആണ്.

ഒന്ന് കടിച്ച പാമ്പിന്റെ തരവും അവസ്ഥ യും

രണ്ട് കടിയേറ്റ ആളിന്റെ അവസ്ഥ.

 1. പാമ്പിന്റെ ഇനം —

(രാജവെമ്പാല, ആഫ്രിക്കയിൽ കാണപ്പെടുന്ന ബ്ലാക്ക് മാമ്പ, മൂർഖൻ, ശംഖു വരയൻ, ചേനത്തണ്ടൻ അണലി, കടൽ പാമ്പ്‌ ). മുതലായവ കടുത്ത വിഷം ഉള്ളതാണ്.
ബ്ലാക്ക് മാമ്പ നമ്മുടെ നാട്ടിൽ ഇല്ല. രാജ വെമ്പാല കഴിഞ്ഞാൽ ഏറ്റവും വിഷം ഉള്ള പാമ്പ് ആണ്.

വലിപ്പം – —

കുഞ്ഞു പാമ്പ്, (മൂർഖൻ ജനിച്ച ഉടനെ തൊട്ടു വിഷം ഉണ്ട് ,എങ്കിലും മുതിർന്നവർക്ക് മരണ കാരണം ആവില്ല ) നു അത്ര വിഷം ഉണ്ടാവില്ല.

പ്രായപൂർത്തി ആയവയ്ക്കും വലിപ്പം ഉള്ളവയ്ക്കും താരതമ്യേന വിഷം കൂടുതൽ ആയിരിയ്ക്കും.

പാമ്പ് കടിയ്ക്കുന്ന സാഹചര്യം ——

ചവിട്ടുകയോ ഉപദ്രവിയ്ക്കുകയോ ചെയ്‌യുക. അതായത് അതിന് പേടിയും ദേഷ്യവും വേദനയും ഉണ്ടാവുക, വിശന്നിരിയ്ക്കുക, വിഷസഞ്ചിയിൽ വിഷം നിറഞ്ഞിരിയ്ക്കുക എന്നീ സന്ദർഭങ്ങളിൽ കൂടിയ അളവിൽ വിഷം കയറും.

തീറ്റക്കടി അതായത് ഇര ആണെന്ന് കരുതി കടിയ്ക്കുക ആണെങ്കിൽ അത്ര കൂടിയ അളവിൽ വിഷം കുത്തിവയ്ക്കില്ല.

അത്പോലെ മുൻപേ വേറെ ആരെ എങ്കിലും കടിച്ചശേഷം വരുന്ന രണ്ടാം കടി യിൽ താരതമ്യേന വിഷത്തിന്റെ അളവ് കുറവ് ആയിരിയ്ക്കും.

ചത്ത പാമ്പിൽ നിന്ന് ചിലപ്പോൾ വിഷം ഏൽക്കാം. പ്രത്യേകിച്ച് കടൽ പാമ്പിന്റെ.

കടിയേറ്റാൽ എന്തൊക്കെ ചെയ്യാം

ആളിനെ പാമ്പിന്റെ സമീപത്തു നിന്ന് മാറ്റുക.

ആയാസപ്പെടാൻ സമ്മതിയ്ക്കരുത്. ഓടാനോ വേഗത്തിൽ നടക്കാനോ അനുവദിയ്ക്കരുത്. പറ്റുമെങ്കിൽ എടുത്തു മാറ്റുക.

സമാധാനിപ്പിയ്ക്കുക, പറ്റുമെങ്കിൽ കിടത്തുക.

തിന്നാനോ കുടിയ്ക്കാനോ ഒന്നും, പ്രത്യേകിച്ച് മദ്യം, കൊടുക്കരുത്.

നീര് വരാൻ സാധ്യത ഉള്ളതിനാൽ കടിയേറ്റ ഭാഗത്ത്‌ ആഭരണം ഉണ്ടെങ്കിൽ ഊരിമാറ്റുക.

കടിയേറ്റ ഭാഗം ഇളക്കാതെ വയ്ക്കുക..കൈയോ കാലോ ആണെങ്കിൽ ഇളകാതിരിയ്ക്കാൻ ക്രേപ് ബാൻഡേജ് ഉപയോഗിയ്ക്കാം.

വിഷം രക്തത്തിലേക്ക്, ലിംഫിലേയ്ക്ക് വേഗത്തിൽ കയറാതെ ഇരിയ്ക്കുക എന്നതാണ് ആണ് ലക്ഷ്യം.

കടിപ്പാടിൽ കീറൽ, മുറിവ് വലുതാക്കുക തുടങ്ങി ഒന്നും ചെയ്യരുത്. വിഷം രക്തത്തിൽ കലരാനും ബ്ലീഡിങ് ഉണ്ടാവാനും സാധ്യത ഉണ്ട്. പിന്നീട് അണുബാധ ഉണ്ടാവാം.

കടിച്ച ഭാഗം ഹൃദയത്തിന്റെ ലെവൽ നേക്കാൾ ഉയരരുത്. താഴ്ന്നിരിയ്ക്കണം.

വിഷം വായിലൂടെ വലിച്ചെടുക്കാൻ ശ്രമിയ്ക്കരുത്. വായിൽ മുറിവ് ഉണ്ടെങ്കിൽ അതിലൂടെ രക്തത്തിൽ വിഷം കലരാൻ സാധ്യത ഉണ്ട്.

കടിസ്ഥാനം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം.

ഐസ് ബാഗ് ടവ്വലിൽ പൊതിഞ്ഞു വയ്ക്കാം വേദന കുറയ്ക്കാൻ.

കടി ഭാഗത്ത്‌ ഐസ് വയ്ക്കുകയോ ഐസ് പോലെ തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുകയോ ചെയ്യരുത്.

പാമ്പിനെ കഴിയുമെങ്കിൽ തിരിച്ചറിയുക.

നമുക്ക് polivalent anti snake venom (asv)
എന്ന പ്രതി വിഷം ആണുള്ളത്.

വിദേശത്ത് monovalent asv കിട്ടും. അത്‌ ഇവിടെ ലഭ്യമല്ല. വിലക്കൂടുതൽ ആണ്.

അത്‌ കൊണ്ടു കടിച്ചത് ഏതിനം എന്നത് അത്ര പ്രധാനം അല്ല, എങ്കിലും മറ്റ് ലക്ഷണങ്ങൾ ചികിൽസിയ്‌ക്കാൻ പാമ്പിന്റെ ഇനം അറിയുന്നത് ഉപയോഗപ്രദം ആകും.

മുകളിൽ എഴുതിയ വിവിധ ഇനം വിഷങ്ങൾ ഉണ്ടാക്കുന്ന പ്രത്യേകവും വെവ്വേറെയായതും സങ്കീർണ്ണവുമായ അവസ്ഥകൾ കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്.

കടിച്ചയിടത്തിനു മുകളിൽ ആയി മുറുക്കി കെട്ടരുത്.

അണലി, മൂർഖൻ എന്നിവയുടെ കടിയേറ്റ ഭാഗം നീരും വീക്കവും വന്നു കോശങ്ങൾ നശിച്ചു ആ ഭാഗം തന്നെ ഭാവിയിൽ നഷ്ടപ്പെട്ടേക്കാം.

കഴിവതും വേഗം ആളിനെ വിഷത്തിന് മരുന്നും മറ്റ് സൌകര്യങ്ങളും ഉള്ള ആശുപത്രിയിലേക്ക് മാറ്റുക.

സാധാരണ ആശുപത്രികളിൽ കൊണ്ടു പോയി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.

സമയം ഏറ്റവും വിലയേറിയതാണ്.

 1. കടിയേൽക്കുന്ന ആളിന്റെ
  വലിപ്പം, പ്രായം.

ചെറിയ സൈസ് ഉള്ള വരെയും അതുപോലെ കുട്ടികളെയും വിഷം പെട്ടെന്ന് ബാധിയ്ക്കും, മറ്റുള്ളവരെ അപേക്ഷിച്ച്.

സ്ഥാനം —

രക്ത കുഴലിൽ നേരിട്ട് (ധമനിയിലോ സിരയിലോ ) ഉള്ള വിഷ പ്രയോഗം .

കഴുത്ത്, മുഖം, തല, തുടങ്ങിയ ഭാഗത്തുള്ള കടി കൂടുതൽ ഗുരുതരം ആണ്.

മറ്റസുഖങ്ങൾ —-

കടിയേറ്റയാളിന് ഉള്ള രോഗങ്ങൾ
(ഹൃദ്രോഗം, വൃക്ക രോഗം, ശ്വാസ കോശ രോഗം, കരൾ രോഗം ) ഇതൊക്കെ ചികിത്സയ്ക്കും വിഷശമനത്തിനും തടസ്സങ്ങൾ ഉണ്ടാക്കാം.

ഗർഭിണി ആണെങ്കിലും asv കൊടുക്കണം.

അലർജി, ആസ്തമ തുടങ്ങി അസുഖങ്ങൾ ഉള്ളവർക്ക് മുൻകൂട്ടി വേറെ ചില മരുന്നുകൾ sabutamol inhalation, atropine, adrenaline, തുടങ്ങി മരുന്നുകൾ കൊടുക്കേണ്ടി വരും.

Hydrocortisone എന്ന steroid ഉം അത്യാവശ്യം ആണ്.

Tracheostomy (ശ്വാസ നാളം തുറക്കുക ), air way, ventilator, തുടങ്ങിയ സൗകര്യങ്ങൾ വിഷം കൊണ്ടോ asv കൊണ്ടോ ഉണ്ടാവുന്ന നാടിത്തളർച്ച (paralysis ) യ്ക്കും ശ്വാസ നാളവീക്കത്തിനും (laryngeal oedema ) യ്ക്കും വേണ്ടി വരാം.

വിഷ ബാധ കൊണ്ടു പ്രത്യേകിച്ച് അണലിയുടെ, വൃക്കയുടെ പ്രവർത്തനം കുറയുകയോ നിലയ്ക്കുകയോ ചെയ്താൽ dialysis ചെയ്യേണ്ടി വരും.

പാമ്പ് കടിയേറ്റാലുണ്ടാവുന്ന ലക്ഷണങ്ങൾ

രണ്ട് തരം ഉണ്ട്.

ഒന്ന് ഭയവും ഉത്കണ്ഠയും മൂലം ഉണ്ടാവുന്ന ലക്ഷണങ്ങൾ

രണ്ട്, വിഷം കൊണ്ടുള്ള യഥാർത്ഥ ലക്ഷണങ്ങൾ

.പാമ്പ് കടിയേൽക്കുന്നത്, സാധാരണ ഭയത്തിനും ഉത്ഖണ്ഠയ്ക്കും കാരണം ആകുന്നു.

അത്‌ വിഷം ഉള്ളതോ ഇല്ലാത്തതോ എന്നത് തല്ക്കാലം വിഷയം അല്ല.

കടിയേറ്റു എന്ന മാനസിക ആഘാതം മൂലം ഉള്ള ലക്ഷണങ്ങൾ.

1.കൈകാലുകളിൽ സൂചി കുത്തും പോലുള്ള അനുഭവം, കൈയ്ക്ക് വിറ, തല കറക്കം, വേഗത്തിൽ ശ്വാസോശ്ച്വസം.

 1. ബോധം കെടുക, നെഞ്ചിടിപ്പ് മന്ദഗതിയിൽ ആവുക.
 2. കടുത്ത ഉത്കണ്ഠ ഉണ്ടായിട്ട് യുക്തിരഹിതമായി സംസാരിയ്ക്കുക.

4.ഓടാൻ ശ്രമിയ്ക്കുക, അത്‌ അപകടം ആണ്. വിഷം പെട്ടെന്ന് തന്നെ വ്യാപിയ്ക്കാൻ സാധ്യത.

 1. കെട്ടുന്നത് മുറുകുമ്പോൾ വേദന, നീര് ഉണ്ടാവുക.
 • പച്ച മരുന്ന് കഴിച്ചവരിൽ ചിലപ്പോൾ ഛർദ്ദി ഉണ്ടാവാം.
 • കടിസ്ഥാനത്തു കരിയ്ക്കുക, മുറിയ്ക്കുക, കത്തിയ്ക്കുക ആസിഡോ ആൽക്കലീയോ ഒഴിയ്ക്കുക ഒക്കെ സ്വയം ചിലർ ചെയ്യാറുണ്ട്.

 • ===========

  പാമ്പ് കടിയേൽക്കുമ്പോൾ –2

  ലോകത്ത് ആകമാനം 2500—3000 തരം പാമ്പുകൾ ഉണ്ടെങ്കിലും 500 എണ്ണത്തിനെ വിഷമുള്ളു.

  പാമ്പ് കടി ഒരു പൊതു ജനാരോഗ്യ പ്രശ്നം ആണ് ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ. ഒരു വർഷം രണ്ടര ലക്ഷം പേർക്ക് ഇന്ത്യ യിൽ പാമ്പ് കടിയേൽക്കുന്നുണ്ട്.

  അതിൽ അമ്പതിനായിരം പേർ മരിക്കുന്നു

  . 130 കോടി ജനങ്ങൾ ഉള്ളിടത്തു ഈ കണക്ക് അത്ര കൂടുതൽ അല്ല.

  വിഷം

  പാമ്പിൻ വിഷത്തിൽ 20 ൽ കൂടുതൽ വ്യത്യസ്ത ഘടകങ്ങൾ അടങ്ങിയിരിയ്ക്കുന്നു..

  പ്രധാനമായും ചില എൻസൈമുകൾ, വിഷം (toxin ) തുടങ്ങിയുള്ള പ്രോട്ടീനുകൾ ആണ്.

  വിഷം മൂലമുള്ള ലക്ഷണങ്ങൾ രണ്ട് ആയി തിരിയ്ക്കാം

  1 ശരീരത്തെ ആകെ കൂടി ബാധിയ്ക്കുമ്പോൾ ഉണ്ടാവുന്ന ലക്ഷണങ്ങൾ (systemic )

  2 കടിയേറ്റ ഭാഗത്തെ മാറ്റങ്ങൾ (local )

  കടിയേറ്റ ഭാഗത്തെ ലക്ഷണങ്ങൾ

  6 – 30 മിനിട്ട് കൊണ്ടു ഉണ്ടാവുന്നത്.

  കടിയേറ്റ ഉടനെ തന്നെ ആ ഭാഗത്ത്‌ വേദന ഉണ്ടാവും.ശംഖു വരയനും കടൽ പാമ്പും ഒഴികെ.

  എരിയുന്ന ( burning ) പോലെയോ, പൊട്ടിത്തെറിയ്ക്കുന്ന ( bursting ) പോലെയോ, വിങ്ങുന്ന ( throbbing ) പോലെയോ ആവും വേദന അനുഭവപ്പെടുക.

  നാവ്, വായ, തല, മുറിവിന്റെ ചുറ്റും ഉള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ മരവിപ്പും , ചുട്ടു നീറ്റവും അസ്വസ്ഥതയും ഉണ്ടാവാം.

  കടിവായിൽ നിന്ന് രക്തം കിനിയാം.

  ചുവന്ന തടിപ്പും അടയാളങ്ങളും കാണപ്പെടുന്നു എങ്കിൽ അത്‌ അണലിയു ടെ കടി ആവാം.

  കടി വായയ്ക്ക് ചുറ്റുമുള്ള കോശകലകൾ വീങ്ങിയോ നശിച്ചോ (Necrosis) കാണപ്പെടാം. ചിലപ്പോൾ കടി കിട്ടിയ കാലിന്റെയോ കൈയുടെയോ മുഴുവൻ ഭാഗത്തേയ്ക്ക് necrosis വ്യാപിയ്ക്കും.

  അതാത് കഴല (lymph node ) കളുടെ വേദനയോടെ ഉള്ള വീക്കം ഉണ്ടാവും. അത്‌ വളരെ പ്രധാന ലക്ഷണം ആണ്. വിഷപ്പാമ്പ് ആണ് കടിച്ചത് എന്ന് വ്യക്തം.

  ഉദാ. കാലിൽ ആണ് കടിയേറ്റത് എങ്കിൽ ഒടിയിലെ (groin ) കഴല, കൈയിൽ ആണെങ്കിൽ കക്ഷത്തെ കഴല.

  കടിച്ച ഭാഗത്തും ചുറ്റും വലിയ തോതിൽ കോശങ്ങൾക്ക് വിഷബാധ യേറ്റു വീക്കവും (cytotoxic action ), necrosis (കല കൾക്ക് നാശം ) ഉം അണുബാധയും ഉണ്ടാവുകയാണെങ്കിൽ കടിയേറ്റയാൾക്ക് അത്‌ മൂലം മരണം സംഭവിയ്ക്കാം.

  Gangrene (കടിയേറ്റ ഭാഗത്തെ രക്തഓട്ടം തടസ്സപ്പെട്ടു കലകൾ നശിച്ചു പോകുക ) elapids (മൂർഖൻ, ശംഖുവരയൻ ) ലും viperids (അണലി ) ലും കാണാം.

  ശംഖു വരയൻ കടിച്ചാൽ കടി സ്ഥാനത്ത് ഒരു ലക്ഷണവും ഇല്ലാതെ വരാം. പ്രധാന പ്പെട്ട സംഗതി ആണ്.

  ജനറൽ അഥവാ ആകപ്പാടെയുള്ള ലക്ഷണങ്ങൾ

  മൂർഖൻ വിഷം ആണെങ്കിൽ 5 മിനിറ്റ് തൊട്ട് -10 മണിക്കൂർ വരെ എടുക്കും ലക്ഷണങ്ങൾ പ്രകടം ആവാൻ.

  അണലി വിഷം ആണെങ്കിൽ 20 മിനിട്ട് മുതൽ മണിക്കൂറുകൾ നീളും.

  കടൽ പാമ്പ് കടിച്ചു 2 മണിക്കൂറിനുള്ളിൽ നിശ്ചയം ആയും കടിയേറ്റയാൾ ലക്ഷണങ്ങൾ കാണിയ്ക്കും.

  ആ സമയം കഴിഞ്ഞാൽ, ലക്ഷണങ്ങൾ ഇല്ലെങ്കിൽ വിഷം കയറിയിട്ടില്ല എന്ന് ഉറപ്പിയ്ക്കാം.

  ഇതിലെ ഒരു ബുദ്ധിമുട്ട് എന്തെന്നാൽ ലക്ഷണങ്ങൾ കൃത്യമായി കാറ്റഗറൈസ് ചെയ്യാൻ പറ്റില്ല.

  എല്ലാ ഇനങ്ങളും ഏത് തരത്തിൽ വേണമെങ്കിലും വിഷബാധയുടെ ലക്ഷണങ്ങൾ ചിലപ്പോൾ എങ്കിലും പ്രകടമാക്കാം.

  പൊതുവായി മാത്രമേ ലക്ഷണങ്ങൾ പറയാൻ പറ്റൂ. നിശിതമായി ഓരോ കള്ളിയിൽ ഓരോ ഇനത്തിന്റെയും ലക്ഷണങ്ങൾ ഒതുക്കാൻ പറ്റില്ല.

  Neurotoxicity (ഞരമ്പിനെ ബാധിയ്ക്കുന്ന വിഷം )

  മൂർഖൻ, ശംഖു വരയൻ, കടൽ പാമ്പ് എന്നിവയുടെ വിഷം ഞരമ്പിനെ ആണ് പ്രധാനമായും ബാധിക്കുന്നത്.

  , ചരിത്രത്തിൽ പുരാതന കാലത്ത്,ചില വിഭാഗം ആൾക്കാർ അമ്പിൽ വിഷം പുരട്ടി എയ്ത് വിട്ട് ശത്രുക്കളെ തളർത്തുമായിരുന്നു.

  D-Tubo curarine.ആണ് ആ വിഷം..അത്‌ ശരീരത്തിൽ ഏറ്റാൽ പേശികൾ തളർന്നു കിടക്കും.

  ( 1900 ന്റെ മധ്യ കാലത്തു curarine രോഗികളെ ശസ്ത്രക്രിയ ചെയ്യുമ്പോൾ ഉപയോഗിച്ചിരുന്നു.

  സർജറി ചെയ്യുമ്പോൾ പേശികൾ തളർന്നു കിട്ടാൻ വേണ്ടി.

  ടെറ്റനസ്, പോളിയോ, തുടങ്ങി അസുഖങ്ങളിൽ മരുന്നായി ഉപയോഗിച്ചിരുന്നു. )

  Curarine നോട്‌ സമാന മായതാണ് മൂർഖൻ വിഷം.

  D tubo curarine ന്റെ 15-40 ഇരട്ടി ശക്തി ആണ് മൂർഖന്റെ വിഷം.

  Curarine ന്റെ പ്രത്യൗഷധം physotigmine, ഉം neostigmine ആണ്.

  Neostigmine മൂർഖന്റെ വിഷം മൂലമുള്ള പേശി തളർച്ചയ്ക്ക് മരുന്നായി ഉപയോഗിയ്ക്കുന്നു.

  വിഷം ഞരമ്പിനെ ബാധിയ്ക്കുമ്പോൾ ഏറ്റവും ആദ്യം കാണുന്ന ലക്ഷണം കൺപോള താഴ്ന്നു പോകുക എന്നത് ആണ് ( ptosis,).

  അത്‌ കൊണ്ടാണ് കടിയേറ്റയാളോട് ഉറങ്ങരുത് എന്ന് പറയുന്നത്. ഉറങ്ങിപ്പോയാൽ ഈ വിലപ്പെട്ട ലക്ഷണം നോട്ട് ചെയ്യാൻ പറ്റില്ലല്ലോ.

  കണ്ണിന്റെ മുഴുവൻ പേശികളും തളർന്നു പോകുക. കണ്ണ് തുറക്കാൻ പറ്റായ്ക. (ophthalmoplegia.)

  അവസാനം വരെ കൃഷ്ണമണികൾ (pupil ) വെളിച്ചത്തോട് പ്രതികരിയ്ക്കും.

  (സാധാരണ മരണത്തോട് അടുക്കുമ്പോൾ കൃഷ്ണമണികൾ വികസിച്ചു ഇരിയ്ക്കും. വെളിച്ചത്തോട് പ്രതികരിയ്ക്കില്ല. )

  അത് കൊണ്ട് ആവാം വിഷപ്പാമ്പ് കടിച്ചു മരിച്ചാലും ജീവൻ പോകുന്നില്ല എന്ന് ഒരു തെറ്റിധാരണ പഴയ കാലത്തുണ്ടായിരുന്നു.

  മൂർഖന്റെ വിഷം ഏറ്റ ആൾ ചിലപ്പോൾ അബോധാവസ്ഥയിൽ ആണെന്ന് തോന്നാം. വിളിച്ചാൽ മിണ്ടണമെന്നില്ല. വിരൽ പോലും അനക്കുകയില്ല.

  ഞരമ്പ് പേശി തളർച്ച (paralysis ) യിൽ ചലിയ്ക്കാൻ ആവാതെ കിടക്കുന്നത് ആവാം. ആളിന് ബോധം നഷ്ടപ്പെടണം എന്നില്ല.

  അപ്പോഴും ആന്റി വെനം കൊടുത്താൽ ചിലപ്പോൾ രക്ഷപ്പെട്ടേയ്ക്കാം.

  വയറിനും നെഞ്ചിനും മദ്ധ്യേ ഉള്ള Diaphragm ആണ് അവസാനം വരെ തളരാതെ പിടിച്ചു നിൽക്കുന്ന പേശി.

  ശ്വസോഛ്വാസത്തെ സഹായിയ്ക്കുന്ന പേശി ആണ്.

  അത്‌ കൊണ്ടു കടിയേറ്റയാളിൽ ശ്വാസ തടസ്സം ഉണ്ടാവുന്നത് അവസാന സ്റ്റേജിൽ എത്തി എന്നതിന്റെ ലക്ഷണം ആണ്.

  മൂർഖൻ കടിച്ചാൽ, കൂടിയ അളവിൽ വിഷം കയറിയിട്ടുണ്ട് എങ്കിൽ, ചികിത്സ കിട്ടിയില്ലെങ്കിൽ 2 മണിക്കൂറിനകം സാധാരണ, ആൾ അബോധാവസ്‌ഥ (coma) യിൽ ആവും.

  ഞരമ്പ് തളർച്ചയുടെ ഭാഗം ആയി ഛർദി, കാഴ്ച്ച മങ്ങുക,രണ്ടായി കാണുക, തലവേദന, തലകറക്കം, വായയ്ക്ക് ചുറ്റും അസ്വസ്ഥത, മരവിപ്പ് അനുഭവപ്പെടുക, വിഴുങ്ങാനോ കുടിയ്ക്കാനോ പ്രയാസം, സംസാരത്തിൽ അവ്യക്തത തുടങ്ങിയ ലക്ഷണങ്ങൾ കാണിയ്ക്കും.

  Vasculo toxicity (രക്തക്കുഴലുകളെ ബാധിയ്ക്കുന്നത് )

  നീര് ഉണ്ടാവുക. അണലി വിഷത്തിനു ആണ് അത്‌ കൂടുതലും കാണുക.

  കടിയേറ്റ ഭാഗത്ത്‌ വലിയ തോതിൽ വീക്കവും നീർക്കെട്ടും വ്യാപിയ്ക്കുകയും രണ്ടിൽ കൂടുതൽ അടയാളങ്ങൾ കാണുകയും ചെയ്താൽ അത്‌ അണലി ആവാനാണ് സാധ്യത.

  Haemo toxicity (രക്തത്തെ ബാധിയ്ക്കുന്നത് )

  അണലി വിഷത്തിനു ആണ് ഈ സ്വഭാവം കൂടുതൽ ആയി ഉള്ളത്. അതിൽ russell’s viper (ചേനത്തണ്ടൻ ) നു രക്ത അണലി എന്ന് കൂടി പേരുണ്ട്. ഏറ്റവും അപകട കാരി ആണ്.

  ചേനത്തണ്ടനെ ചിലപ്പോൾ എങ്കിലും മലമ്പാമ്പ് എന്ന് തെറ്റി ധരിയ്ക്കാൻ ഇടയുണ്ട്.

  (അങ്ങനെ ഒരിയ്ക്കൽ, രണ്ട് മൂന്ന് ആൺകുട്ടികൾ മലമ്പാമ്പിന്റെ കുഞ്ഞുങ്ങൾ എന്ന് കരുതി അണലികളെ കൈയിൽ എടുക്കുകയും കടിയേൽ ക്കുകയും ഗുരുതരാവസ്ഥയിൽ ആയി ആശുപത്രിയിൽ കൊണ്ടു പോകുകയും ചെയ്തു. അവർ പിന്നീട് രക്ഷപെട്ടു )

  ശരീരത്തിൽ പല ഭാഗത്തും നിന്നും രക്തസ്രാവം ഉണ്ടാവാം.

  മോണ, കണ്ണ്,, എന്നിവിടങ്ങളിൽ നിന്ന് രക്തം കിനിയും. രക്തം ഛർദ്ദിയ്ക്കുക, ,മൂത്രം രക്തം കലർന്ന് പോകുക, കുത്തി വച്ച ഇടങ്ങളിൽ നിന്ന് രക്തം വരാം. ശരീരത്തിൽ എവിടെ വേണമെങ്കിലും ചുവന്ന പാടും തടിപ്പും പ്രത്യക്ഷപ്പെടാം.

  ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന russell’s viper അഥവാ ചേനത്തണ്ടന്റെ ന്റെ വിഷം ഏറ്റാൽ കനത്ത തോതിൽ രക്തം വിഘടിയ്ക്കും (hemolysis ). അത്‌ വൃക്കയുടെ പ്രവർത്തനം തകരാറിൽ ആക്കും.

  Cardio toxicity (ഹൃദയത്തെ ബാധിയ്ക്കുന്നത് )

  ഹൃദയമിടിപ്പ് കൂടുക, രക്ത സമ്മർദ്ദം കുറയുക, ഇസിജി യിൽ വ്യതിയാനം ഉണ്ടാവുക.
  രക്ത സമ്മർദ്ദത്തിൽ ഉള്ള വ്യതിയാനം 25% അണലി കടിയിലുണ്ടാവും.

  പൊട്ടാസിയം അളവിൽ കൂടി (hyperkalemia ) പെട്ടെന്ന് ഹൃദയ സ്തംഭനം ഉണ്ടാവാം.

  അപൂർവം ആയി ഹൃദയാഘാതം (myocardial infarction ), ഹൃദയ പേശികൾ ചുരുങ്ങുക ( cardiac muscle contraction) വലിയ തോതിൽ മൂർഖൻ വിഷം കൊണ്ട് സംഭവിയ്ക്കാം.

  ഹൃദയാഘാതം എല്ലായ്‌പോഴും വിഷബാധ കൊണ്ടു ആവണം എന്നില്ല,

  അതിനുള്ള മറ്റ് സാധ്യത കൾ ഉദാ പേടി കൊണ്ടു നേരത്തെ ഉണ്ടായിരുന്ന രക്തസമ്മർദ്ദം കൂടിയാലും, നേരത്തെ ഹൃദയാഘാതം ഉണ്ടായിട്ടുള്ള ആൾ ആണെങ്കിലും ചിലപ്പോൾ ഒരു ആഘാതം ഉണ്ടാവാം.

  ( അതിന് ഒരു കഥ യുണ്ട്.

  ഒരാൾ എന്തോ കടിച്ചു എന്ന് തോന്നി നോക്കിയപ്പോൾ ഒരു തവളയെ കണ്ടു.

  ഓ ഇതാണോ എന്ന് സമാധാനിച്ചു. ശരിയ്ക്കും കടിച്ചത് പാമ്പ് ആയിരുന്നു.

  വേറെ ഒരാൾ എന്തോ കടിച്ചു എന്ന് തോന്നി നോക്കിയപ്പോൾ ഒരു പാമ്പിനെ കണ്ടു.
  അപ്പോൾ തന്നെ പേടിച്ചു ഹൃദയാഘാതം ഉണ്ടായി മരിച്ചു, പക്ഷേ കടിച്ചത് തവള ആയിരുന്നു. )

  Renal toxicity (വൃക്കയെ ബാധിയ്ക്കുന്നത് )

  എല്ലാ ഇനം പാമ്പിൻ വിഷവും വൃക്കയുടെ പ്രവർത്തനം തകരാറിൽ ആക്കാം.

  പ്രഷർ താഴുക, രക്തം വിഘടിയ്ക്കുക, രക്തം കട്ട പിടിയ്ക്കാതെയാവുമ്പോൾ മൂത്രത്തിലേയ്ക്ക് ഇറങ്ങുക, പേശികളിൽ നിന്ന് myoglobin എന്ന പ്രോട്ടീൻ രക്തത്തിലൂടെ വരിക, എന്നിവ കൊണ്ടെല്ലാം വൃക്കയുടെ പ്രവർത്തനം തകരാറിൽ ആവാം.

  വൃക്കയുടെ പ്രവർത്തനം തകരാറിൽ ആവുന്ന 30% കേസും russell’s viper ന്റെ കടി കൊണ്ടു ആണ് സംഭവിയ്ക്കുന്നത്.

  മരണത്തിന്റെ പ്രധാന കാരണവും അതാണ്.

  Myo toxicity (പേശികളെ ബാധിയ്ക്കുന്നത് )

  പേശി കലകൾ നശിയ്ക്കുകയും അതിന്റെ പ്രോട്ടീൻ ഘടകം (myoglobins ) മൂത്ര ത്തിലൂടെ പുറത്ത് വരും. അത്‌ വൃക്ക യുടെ പ്രവർത്തനം തകരാറിൽ ആക്കും.

  Eye toxicity

  Indian spitting cobras. വളരെ കൃത്യമായി അവ മുന്നിൽ പെടുന്ന ആളിന്റെ കണ്ണിലേക്ക് വിഷം തുപ്പും. കണ്ണിന്റെ കൃഷ്ണമണിയ്ക്ക് ( cornea ) നാശം ഉണ്ടാക്കുകയും കണ്ണ് മുഴുവൻ ആയും വീക്കം ഉണ്ടാവും. ക്രമേണ കണ്ണ് നശിച്ചു പോകാനും സാധ്യത ഉണ്ട്.

  ഈ ഇനം കേരളത്തിൽ ഇല്ല.

  വിഷം ഏറ്റാൽ ഉള്ള ദീർഘ കാല ലക്ഷണങ്ങൾ

  നീരും വീക്കവും 2-3 ആഴ്ച മുതൽ 3 മാസം വരെ നീണ്ടു നിൽക്കും.

  ചുരുക്കത്തിൽ പാമ്പ് വിഷം ശരീരത്തിൽ
  ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ

  വേദന —- മൂർഖൻ, അണലി

  കൺപോളയുടെ തളർച്ച —– മൂർഖൻ, ശംഖു വരയൻ, russell’s viper (ചേനത്തണ്ടൻ )

  രക്ത സംബന്ധിച്ച് കുഴപ്പങ്ങൾ — അണലി എല്ലാ ഇനവും

  വൃക്കയുടെ പ്രവർത്തന തകരാർ —-

  ചേനത്തണ്ടൻ.

  Asv (anti snake venom ) യോടുള്ള നല്ല രീതിയിൽ ഉള്ള പ്രതികരണം —- എല്ലാ ഇനങ്ങളും.

  ഇത് ഒരു പൊതു കണക്ക് കൂട്ടൽ ആണ്. എല്ലായ്‌പോഴും ഇങ്ങനെ ആകണം എന്നില്ല.

  ………

  കടിയേറ്റ ആളിനെ ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് മാറ്റുക.
  സുരക്ഷിതമായും കംഫോർട്ടബ്ൾ ആയും വേണം കൊണ്ടു പോകാൻ.

  ചിലപ്പോൾ ധൃതി കൂട്ടി ആൾക്കാർ കടിയേറ്റ ആളിനെ വലിച്ച് വാരിയും മറ്റും എടുത്ത് കൊണ്ടോടുന്നത് കൂടുതൽ ആയി വിഷം വ്യാപിയ്ക്കാൻ ഇടയാക്കും.

  കടിച്ച ഭാഗം ഇളകുന്നതോ അതിനോടനുബന്ധിച്ച പേശി പ്രവർത്തിയ്ക്കുന്നതോ വിഷം കൂടുതൽ ആയി രക്തത്തിലേക്ക് കയറാൻ സാധ്യത ഉണ്ട്.

  കടുത്ത envenomation ( വിഷബാധ) ഉണ്ടോ എന്നറിയാനുള്ള ലക്ഷണങ്ങൾ

  1. കടിച്ച പാമ്പിന്റെ ഇനം.
 • അതിവേഗത്തിൽ കടി കിട്ടിയ ഭാഗത്തു
  വീക്കം പ്രത്യക്ഷപ്പെടുക.

 • രക്തത്തിൽ വിഷം കലർന്ന ലക്ഷണങ്ങളിൽ ചിലത്.

 • കുഴഞ്ഞു വീഴുക (ബിപി താഴ്ന്ന നിലയിൽ ), ഓക്കാനം, ഛർദ്ദി, കടുത്ത തലവേദന, കണ്പോളകൾക്ക് ഭാരം, കൺപോള ഉയർത്താൻ കഴിയാതിരിയ്ക്കുക, കണ്ണുകളിൽ വേദന, മദ്യപിച്ച പോലെ കുഴയുക.

  1. കടിയേറ്റ് അധികം വൈകാതെ തന്നെ രക്തസ്രാവം ഉണ്ടാവുക.
 • ഇരുണ്ട ബ്രൗൺ നിറത്തിൽ മൂത്രം.
 • കടി സ്ഥലത്ത് നിന്നും, മുൻപേ പാതി ഉണങ്ങിയ മുറിവുകളിൽ നിന്നുള്ള രക്ത സ്രാവം.

 • കടൽപാമ്പ് ആണെങ്കിൽ ശരീരം ഒട്ടാകെ വേദന, പേശി വേദന, വലിവ്, പേശി സ്റ്റിഫ് ആയിട്ടിരിയ്ക്കുക മുതലായ ലക്ഷണങ്ങൾ കടി കിട്ടി 30 മിനിട്ടിനു അകം ഉണ്ടാവും.

 • .ശ്വാസ തടസ്സം

 • പാമ്പ് വിഷത്തിന് ഉള്ള ചികിത്സ asv ( anti snake venom ) കൊടുക്കണമോ,

  കൊടുക്കുന്നെങ്കിൽ എപ്പോൾ ? എന്ന് നിശ്ചയിയ്ക്കുന്നത്
  പേപ്പട്ടി വിഷത്തിനുള്ള ചികിത്സ , arv ( anti rabies vaccine ) പോലെ അത്ര എളുപ്പം അല്ല.

  Arv കൊടുക്കുന്നത് പട്ടിയുടെ കടിയേറ്റ യാളിനാണ്. പേ വിഷബാധ ഉണ്ടോ എന്ന് നോക്കിയല്ല.

  Rabies വിഷം ഏറ്റാൽ 100% മരണം ഉറപ്പാണ്.
  അത്‌ കൊണ്ടു rabies ന്റെ ലക്ഷണങ്ങൾ കാണും വരെ കാത്തിരിയ്ക്കില്ല.

  പക്ഷേ പാമ്പ് വിഷം ഏറ്റ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴേ asv കൊടുക്കൂ.

  വിഷത്തെ അല്ല കടിയേറ്റ ആളിനെ ആണ് ചികിൽസിയ്ക്കുന്നത്.

  കടിച്ചു എന്നത് ശരി ആണോ?

  അഥവാ കടിച്ചത് പാമ്പ് തന്നെ ആണോ?

  ഇനി പാമ്പ് ആണെങ്കിൽ വിഷം ഉള്ളത് ആണോ അല്ലയോ?

  ഇനി വിഷം ഉള്ളത് ആണെങ്കിൽ തന്നെ വിഷം ശരീര ത്തിൽ കയറിയോ?

  എത്ര അളവിൽ ആണ് കയറിയത്?

  (അതിന് കണക്കില്ല. ചെറിയ അളവ് അല്ലെങ്കിൽ മാരക അളവ് )

  എത്ര സമയം കഴിഞ്ഞു?

  വ്യാപകമായി നാശം ഉണ്ടാക്കിയിട്ടുണ്ടോ?

  ഇനി asv കൊടുക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ചെറുതും വലുതും ആയ പാർശ്വ ഫലങ്ങൾ തടയാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉണ്ടോ?

  രോഗിയ്ക്ക് അതിന് മുൻപേ ഉള്ള അസുഖങ്ങൾ ക്ക് കൂടി വേണ്ടത്ര ചികിത്സ യും കരുതലും തയ്യാർ ആക്കിയിട്ടുണ്ടോ?

  എന്ന് എല്ലാം കൂടി ചേർത്ത് സൂക്ഷ്മ നിരീക്ഷണവും ചികിത്സാ പാടവവും മുൻകാല പരിചയവും മനോധർമ്മവും ചികിത്സകന് ഉണ്ടായാൽ നല്ല ഒരു പോസിറ്റീവ് റിസൾട്ട്‌ കിട്ടും.

  ==============

  പാമ്പ് കടിയേൽക്കുമ്പോൾ — 3

  കൊല്ലത്തു 80 കളിൽ ഒരാശുപത്രി (സ്വകാര്യ ) യിൽ മാത്രമേ asv ഉണ്ടായിരുന്നുള്ളൂ. അവിടെ കുറച്ചു കാലം ഡ്യൂട്ടിയിൽ ഇരുന്നിട്ടുണ്ട്.

  രാത്രിയിൽ ആണ് പാമ്പ് കടി കേസുകൾ കൂടുതൽ ആയി വരാറുള്ളത്.

  കടലോര പ്രദേശം ആയിരുന്നത് കൊണ്ട് കടൽ പാമ്പ് ആയിരുന്നു കൂടുതൽ കടികളുടെയും ഉടമസ്ഥർ. ഏൽക്കുന്നതോ മത്സ്യ തൊഴിലാളികൾക്കും.

  ഞാൻ രാത്രി ഡ്യൂട്ടി എടുത്തിരുന്ന ദിവസങ്ങളിൽ അധികം കേസുകൾ വന്നിട്ടില്ല. പക്ഷേ എന്റെ സഹപ്രവർത്തകൻ ആയ മറ്റൊരു ഡോക്ടർക്ക് ഒരു രാത്രിയിൽ എട്ട് കടി കേസുകൾ വരെ വന്നിട്ടുണ്ട്.

  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ മിക്കവാറും രാത്രിയിൽ കുറഞ്ഞത് ഒരു കേസെങ്കിലും കിട്ടും.

  അവിടെയോ അടുത്തെങ്ങുമോ asv ഇല്ലാഞ്ഞത് കൊണ്ട് മിക്കവാറും കേസുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്‌ക്കോ കണ്ണൂർ പാപ്പിനിശ്ശേരി യിലേയ്ക്കോ കൊണ്ടു പോകണം. രണ്ടും ഏതാണ്ട് ഒന്ന് ഒന്നര മണിക്കൂർ വേണ്ടി വരും എത്താൻ. അതിനോടകം ഗുരുതരമാവുന്ന രോഗികൾ രക്ഷപെടാൻ സാധ്യത ഇല്ല.

  ഒരിയ്ക്കൽ രാത്രി രണ്ട് മണിയോടടുപ്പിച്ചു ഒരു 8-10 വയസുള്ള ബാലനെ കൊണ്ട് വന്നു. നോക്കിയപ്പോൾ കുട്ടി ഏറെക്കുറെ അബോധാവസ്ഥയിൽ ആണ്. വൈകുന്നേരം കടി കിട്ടിയത് ആണ്.

  വഴിയിലൂടെ ഓടുമ്പോൾ ചെരുപ്പ് ഊരിപ്പോയി. തെറിച്ചു പോയ ചെരുപ്പ് എടുക്കുമ്പോൾ എന്തോ കാലിൽ കൊണ്ടു. കുട്ടി വകവച്ചിരുന്നില്ല. വീട്ടുകാരും അത്ര ശ്രദ്ധിച്ചില്ല. രാത്രിയിൽ അബോധാവസ്ഥ യിൽ കണ്ടപ്പോൾ ആണ് സംഗതി മനസ്സിൽ ആയത്. കുട്ടി വടകര എത്തിയപ്പോഴേയ്ക്കും മരിച്ചു.

  അസാധാരണവും ദാരുണവും ആയ ചില കേസുകൾ കേട്ടിട്ടുണ്ട് എന്റെ ചെറൂപ്പ കാലത്ത്.

  ഒന്ന് ഒരു വധു ആണ്.
  വിവാഹത്തിന്റെ അന്ന് രാവിലെ പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിനിടയിൽ ചുമരിൽ തൂക്കി ഇട്ടിരുന്ന അലങ്കരിച്ച തിരുപ്പൻ (വാർമുടി ) എടുത്ത് തലയിൽ വയ്ക്കുകയും അതിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കടിച്ചു വിവാഹച്ചടങ്ങിനിടയിൽ വീണ് മരിയ്ക്കുക യും ചെയ്തു.

  മറ്റൊന്നും ഒരു വധു ആണ്.

  സ്വീകരണച്ചടങ്ങിനിടയിൽ പെൺ കുട്ടി ഒരു കൂടയിൽ നിന്ന് നാരങ്ങ എടുക്കുകയും പാമ്പ് കടിയേൽക്കുകയും ചെയ്തു. അത്‌ കാര്യമാക്കിയില്ല . പക്ഷെ പിന്നീട് മരിയ്ക്കുകയും ഉണ്ടായി.

  ചികിത്സ

  പാമ്പ് വിഷത്തിനുള്ള ചികിത്സ ഓരോ വ്യക്തിയ്ക്കും വ്യത്യസ്തമായിരിയ്ക്കും.

  ഒരേ പാമ്പ് ഒരേ അളവിൽ വിഷം ഒരേ ഭാഗത്ത്‌ രണ്ട് ആൾക്കാരിൽ ഏൽപ്പിച്ചാൽ പോലും രണ്ട് വ്യക്തികളുടെയും ലക്ഷണങ്ങളും ചികിത്സയും പുരോഗതി യും ചിലപ്പോൾ വ്യത്യസ്തമാവാം.

  ഒരാൾ കടിയേൽക്കുമ്പോൾ പൂർണ്ണ ആരോഗ്യവാൻ ആയിരിയ്ക്കാം.

  മറ്റേയാൾ നിലവിൽ തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലം ചിലപ്പോൾ ജീവന് തന്നെ വെല്ലുവിളി നേരിടുന്ന ആളാവാം.

  ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞത് മാതിരി.

  കടുത്ത ശ്വാസം മുട്ട്, കടുത്ത അലർജി, വൃക്ക പ്രവർത്തന തകരാർ , തുടങ്ങിയ രോഗങ്ങൾ മൂലമോ ചിലപ്പോൾ ഡയാലിസിസ്, മേജർ സർജറി ഉദാ ബൈപാസ്, കീമോതെറാപ്പി യ്ക്ക് അടുത്ത് തന്നെ വിധേയമായ ആളായിരിയ്ക്കാം.

  വിഷത്തിന്റെ പരിണിത ഫലങ്ങൾ, asv യുടെ പരിണിത ഫലങ്ങൾ, രോഗിയ്ക്ക് മുൻപേ ഉണ്ടായിരുന്ന ( ഉണ്ടെങ്കിൽ ) അസുഖങ്ങളുടെ പരിണിത ഫലങ്ങൾ ഇങ്ങനെ മൂന്നും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടി വരുന്നു എന്നതാണ് ചികിത്സകൻ നേരിടുന്ന വെല്ലുവിളി.

  Asv തന്നെ ആണ് envenomation നു ഔഷധം.

  Asv കൊടുക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വ ഫലങ്ങൾ നേരിടാൻ
  Adrenaline, corticosteroid, ranitidine, iv fluids,.mannitol തുടങ്ങി മരുന്നുകൾ സ്റ്റോക്ക് ഉണായിരിയ്ക്കണം.

  Asv യ്ക്ക് സഹായത്തിന്, atropine വേണ്ടിവരും.

  ഇതെല്ലാം സാധാരണ എല്ലാ ആശുപത്രി കളിലും മിക്കവാറും സ്റ്റോക്ക് ഉണ്ടാവും.

  Neurotoxic ആണ് വിഷമെങ്കിൽ, അതും കൂടുതൽ ആയി ഞരമ്പ് തളർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ asv മാത്രം കൊണ്ടു കാര്യമില്ല. Neostigmine inj വേണ്ടി വരും.

  രക്തത്തിൽ കിടക്കുന്ന വിഷത്തെ മാത്രമേ asv നിർവീര്യം ആക്കുകയുള്ളു.

  അതിനോടകം കലകളിൽ കടന്നു ചെന്ന് ഞരമ്പ് പേശി തളർച്ച ബാധിച്ചെങ്കിൽ neostigmine തന്നെ വേണ്ടി വരും.

  വെന്റിലേറ്റർ വേണ്ടി വന്നേക്കാം.

  fresh blood (പുതു രക്തം ), plasma, cryoprecipitate, fibrinogen, factor 8 മുതലായവ വേണ്ടി വരുന്നത് കൂടുതലും രക്ത സ്രാവം ഉണ്ടാകുന്ന, രക്തം കട്ട പിടിയ്ക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന അവസരത്തിൽ, പ്രത്യകിച്ചു ചേനത്തണ്ടന്റെ വിഷബാധ യ്ക്ക് ആണ്.

  Fresh blood ഒഴികെ മറ്റുള്ളത് താരതമ്യേന ചെറിയ ആശുപത്രികളിൽ ഉണ്ടാവില്ല.

  വൃക്കയുടെ പ്രവർത്തനം തകരാറിൽ ആയാൽ ( renal failure ) dopamine നും frusemide ഉം വേണ്ടി വരും.

  പ്രഷർ കുറയുന്നു എങ്കിൽ ,dopamine കൊടുക്കേണ്ടി വരും. പ്രഷർ കുറയുന്നത് envenomation കൊണ്ടും asv യുടെ പാർശ്വ ഫലം ആയിട്ടും ആവാം.

  hyperkalemia (potassium കൂടുതൽ ആവുന്ന അവസ്ഥ, കൂടുതൽ ആയി കടൽ പാമ്പ് വിഷത്തിനു ആണ് ) ഉണ്ടായാൽ calcium gluconate, sodium carbonate, ,എന്നിവ വേണ്ടി വരും.

  വൃക്ക പ്രവത്തനം തകരാറിൽ ആണെങ്കിൽ ഡയാലിസിസ് വേണ്ടി വന്നേക്കാം.

  Asv

  തയ്യാർ ചെയ്യുന്നത് പാമ്പ് വെനം ( antigen) കുതിരയിൽ കുത്തിവച്ചു അതിന്റെ സീറം അതിൽ അടങ്ങിയിരിയ്ക്കുന്ന antibody യോടെ എടുത്ത് ശുദ്ധീകരിച്ചു എടുക്കുന്നു. എത്ര ശുദ്ധീകരിച്ചാലും കുതിരയുടെ ചില പ്രോട്ടീനുകൾ ബാക്കി ശേഷിയ്ക്കുന്നുണ്ടാവും. അതാണ് അലർജിയ്ക്ക് കാരണം ആകുന്നത്.

  Asv Polivalent ആണ്.

  നാല് തരം പാമ്പുകൾക്കുള്ള വിഷത്തിന് പ്രതിരോധം ഉണ്ട്.

  രാജവെമ്പാലയ്ക്കുള്ള ആന്റിവെനം നമ്മുടെ നാട്ടിൽ ഇല്ല.

  മനുഷ്യ വാസമുള്ളയിടങ്ങളിൽ സാധാരണ അവ കാണപ്പെടാത്തത് കൊണ്ടും,

  മനുഷ്യനു കടി കിട്ടുക അപൂർവം ആണെന്നതും ആണ് കാരണം എങ്കിലും,

  എങ്ങാനും കടി കിട്ടിയാൽ asv ഉള്ള ആശുപത്രിയിൽ എത്തും വരെ ആൾ ജീവനോടെ ഇരിയ്ക്കുമോ എന്നത് സംശയം ആണ്.

  ഒറ്റ കടയിൽ 600mg വരെ വിഷം ഏല്പിയ്ക്കാൻ കഴിയും.

  2500 മുതൽ 3500 kg (ഇന്ത്യൻ ആന യുടെ ഭാരം. ആഫ്രിക്കൻ ആന യ്ക്ക് 4500kg വരെ ഉണ്ടാവും ) ഭാരം ഉള്ള ആനയെ ഒറ്റ കടിയിൽ കൊല്ലും ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ.

  കുട്ടി വെമ്പാല ഏകദേശം ഒന്നര അടി നീളം ഉള്ളത്, മനുഷ്യനെ കടിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ മരിയ്ക്കും.

  ഇനി അതിന് asv ഉണ്ടാക്കുക ആണെങ്കിൽ തന്നെ monovalent മതിയാവും.

  രാജവെമ്പാല കാണപ്പെടുന്ന സ്ഥലങ്ങളുടെ ഏറ്റവും അടുത്തുള്ള ആശുപത്രികളിൽ സൂക്ഷിച്ചു വച്ചാൽ മതിയാവും.

  Asv ഉപയോഗത്തിന്റെ മാനദണ്ഡം

  താഴെ കാണുന്ന ഒന്നോ അതിൽ കൂടുതലോ ആയ ലക്ഷണങ്ങൾ കാണുമ്പോൾ ആണ്.

  കടി ഭാഗം

  1. കഴലയുടെ വേദനയോടെയുള്ള വീക്കം
  കടിച്ച കാൽ അല്ലെങ്കിൽ കൈയുടെ പാതിയിൽ കൂടുതൽ ഭാഗത്ത്‌ വീക്കം ഉണ്ടാവുക

  2. മണിക്കൂറുകൾക്കു അകം വേഗത്തിൽ വീക്കം വ്യാപിയ്ക്കുക

  ജനറൽ ആയിട്ടുള്ള ലക്ഷണങ്ങൾ

  3. രക്തസ്രാവവും രക്ത പരിശോധനയിൽ ഉള്ള വ്യതിയാനങ്ങൾ.

  20WBCT ടെസ്റ്റ്. രക്തം കട്ടി ആവുന്നുണ്ടോ എന്നുള്ള ടെസ്റ്റ്.

  4. ഞരമ്പ് തളർച്ചയുടെ ലക്ഷണങ്ങൾ

  5. ഹൃദയ സംബന്ധമായ വ്യതിയാനങ്ങൾ, ഇസിജി യുൾപ്പടെ

  6. വൃക്ക സംബന്ധിച്ച് വ്യതിയാനങ്ങൾ

  വൃക്കയുടെ പ്രവർത്തനം അവതാളത്തിൽ ആവുക.

  (കടിയേറ്റ് പേശി തളർച്ച ബാധിച്ചാൽ പ്രത്യേകിച്ച് മൂർഖൻ, ശംഖു വരയൻ വിഷത്തിനു എതിരെ asv യ്ക്ക് വലിയ റോൾ ഇല്ല. ഞരമ്പ് പേശി തളർച്ച യ്ക്കുള്ള Neostigmine ആണ് പ്രതിഔഷധം )

  കടിസ്ഥാനത്തു മാത്രം ലക്ഷണങ്ങൾ ഉണ്ടാവുകയും ശരീരത്തിൽ വ്യാപിച്ചിട്ടില്ല എങ്കിൽ asv ഏതാനും മണിക്കൂർ കൾക്കുള്ളിൽ കൊടുക്കണം.

  Asv കൊടുത്തു കൂടാത്ത അവസ്ഥ,

  അങ്ങനെ ഒന്നില്ല പൊതുവെ. ഗർഭിണികൾ ഉൾപ്പെടെ എല്ലാവർക്കും കൊടുക്കണം.

  മുൻപ് anti tetanus serum, arv, asv മുതലായവ എടുക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായിട്ടുള്ളവർക്ക് പ്രത്യേക ശ്രദ്ധയും മറ്റ് തയ്യാറെടുപ്പുകളും വേണം.

  കടുത്ത ആസ്തമ രോഗിയ്ക്ക് ശരീര ത്തിൽ വിഷം വ്യാപിച്ചിട്ടുണ്ടെങ്കിൽ മാത്രമേ കൊടുക്കൂ.

  Adrenaline കൊടുത്തത് കൊണ്ടു മാത്രം asv മൂലമുള്ള അലർജി ചിലപ്പോൾ മാറില്ല.

  ആസ്തമക്കാർക്ക് salbutamol inhale ചെയ്യാം.

  മൂർഖൻ, ശംഖുവരയൻ എന്നിവ കടിച്ചിട്ട് രണ്ട് മണിക്കൂറിനകം മരിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ സുഖം പ്രാപിയ്ക്കും.

  പക്ഷേ അണലിയ്ക്ക് കൂടുതൽ സമയം നിർണ്ണായകമാണ്.

  എന്നാല്പിന്നെ മറ്റ് മരുന്നുകൾക്ക് പോലെ TD കൊടുക്കരുതോ? എന്ന ചോദ്യം സ്വാഭാവികം ആയി വരാം.

  Asv യുടെ പ്രത്യകത കൊണ്ട് TD ടെസ്റ്റ് ഡോസ് കൊടുക്കരുത്.

  Asv കൊണ്ടുള്ള പാർശ്വ ഫലങ്ങൾ (allergic reactions )

  എല്ലാവർക്കും asv യോട് അലർജി ഉണ്ടാവണം എന്നില്ല. ചിലർക്ക് മാത്രമേ ഉണ്ടാവൂ.

  അതും വളരെ കുറച്ചു പേരിൽ മാത്രമേ ഗുരുതര പാർശ്വ ഫലങ്ങൾ കാണപ്പെടു.

  Early, ആദ്യം തന്നെ കാണപ്പെടുന്നത് & late, പിന്നീട് കാണപ്പെടുന്നത് എന്നിങ്ങനെ രണ്ടായി ആയി തിരിയ്ക്കാം.

  (Anaphylaxis എന്നത് ഏറ്റവും അപകടം ഉള്ള, പെട്ടെന്ന് ഉണ്ടാവുന്ന ഒരു പാർശ്വ ഫലം ആണ്. )

  ആദ്യം കാണപ്പെടുന്ന പാർശ്വ ഫലങ്ങൾ

  10- 180 minutes.

  ചൊറിച്ചിൽ, പനി, ചുമ, ഓക്കാനം, ഛർദ്ദി, നെഞ്ചിടിപ്പ്, വയറുവേദന തുടങ്ങി പല ലക്ഷണങ്ങൾ ഉണ്ടാവാം.

  Adrenaline, cpm , hydrocortisone, ranitidine, paracetamol, iv fluid തുടങ്ങിയ ത് വേണ്ടിവരും.

  അതിൽ തന്നെ ചെറിയ വിഭാഗം ആൾക്കാർ ക്ക് ജീവന് ഭീഷണി ഉള്ളത്ര anaphylaxis ഉണ്ടാവാം.

  പ്രഷർ കുറയുക, ശ്വാസ തടസ്സം,angio oedema നീര് പ്രത്യകിച്ചു laryngeal oedema (ശ്വാസ നാളത്തിൽ വീക്കം ) തുടങ്ങിയ ലക്ഷണങ്ങൾ കാണാം.

  പനി
  1-2 മണിക്കൂർ കഴിഞ്ഞു കുളിരും കുടച്ചിലും പനി, പ്രഷർ കുറയുക.

  പിന്നീട് ഉണ്ടാവുന്ന പാർശ്വ ഫലങ്ങൾ

  Late serum sickness

  കടുത്ത അലർജി, 1- 12 ദിവസത്തിനകം കാണപ്പെടുന്നു.

  പനി, ശരീരം ഒട്ടാകെ വേദന, പേശി വേദന , ഓക്കാനം ഛർദി, വയറിളക്കം, ചൊറിച്ചിൽ, സന്ധി വേദന, വൃക്ക വീക്കം. തുടങ്ങി ലക്ഷണങ്ങൾ ഉണ്ടാവാം.

  Cpm, prednisolone തുടങ്ങി മരുന്നുകൾ കൊടുക്കാറുണ്ട്.

  വീണ്ടും envenomation ലക്ഷണങ്ങൾ കാണുക.

  Asv കൊടുത്തു കഴിഞ്ഞ് രോഗിയുടെ നില മെച്ചപ്പെട്ടതിന് ശേഷം,

  24-48 മണിക്കൂറിനകം, വീണ്ടും വിഷബാധ യുടെ ലക്ഷണം കാണിയ്ക്കുക ചിലപ്പോൾ സംഭവിയ്ക്കാറുണ്ട്. മൂർഖൻ, അണലി യ്ക്ക് ആണത് കൂടുതലും അങ്ങനെ ഉണ്ടാകുന്നത്.
  കാരണങ്ങൾ

  ചികിത്സയുടെ ഫലം ആയി രക്തയോട്ടം മെച്ചപ്പെടുമ്പോൾ കടിച്ച ഭാഗത്ത്‌ നിന്ന് വീണ്ടും വിഷം ഇളകി രക്തത്തിൽ കയറുക.

  കലകളിൽ ചെന്ന് അടിഞ്ഞു കിടക്കുന്ന വിഷം ഇളകി വീണ്ടും സിരകളിലേക്ക് എത്തുക.

  asv കൊടുത്തു ആളിന്റെ ആരോഗ്യ നിലയും പ്രഷറും സാധാരണ ഗതിയിലേക്ക് തിരിച്ചു വരുമ്പോൾ ആണ് അത്‌ സംഭവിയ്ക്കുക.

  Asv യുടെ പരിണിത ഫലം ആണ്.

  വീണ്ടും asv കൊടുക്കുക എന്നതാണ് ചികിത്സ.

  വിഷബാധ യ്ക്ക്
  Asv കൂടാതെ ഒപ്പം മറ്റ് മരുന്നുകൾ കൊടുക്കും .

  വേദന

  കടുത്ത വേദന ഉണ്ടെങ്കിൽ മോർഫിൻ കിട്ടുമെങ്കിൽ, കൊടുക്കാം.

  വാക്‌സിൻ

  Tetanus toxoid (TT) ഉം tetanus immunoglobin ഉം കൊടുക്കും.

  മുറിവ് പഴുക്കാതിരിയ്ക്കാൻ antibiotcs കൊടുക്കും.

  Rehabilitation

  ചിലർ എല്ലാം ഭേദം ആയി പോയാലും ചിലപ്പോൾ ആഴ്ചകൾ, അല്ലെങ്കിൽ മാസങ്ങൾ, വർഷം കഴിഞ്ഞും വീണ്ടും ചില ലക്ഷണങ്ങൾ ആയി വരും. അവർക്ക് കൗണ്സിലിംഗ് വേണ്ടി വന്നേക്കാം.

  ഡോ. ഗംഗ എസ്.