വിവാഹവും മാമോദീസയും പുര കൂദാശയും ശവസംസ്കാരം പോലും ലളിതമായി നടത്താൻ വൈറസ് നമ്മെ പഠിപ്പിച്ചു, പക്ഷേ, എത്ര നാളത്തേക്ക്?

0
97
ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത
(യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ)

ദേവാലയങ്ങളിലെ അസംഖ്യം പൊൻ, വെള്ളിക്കുരിശുകളുടെ ശേഖരവും മറ്റ് സ്വർണ്ണ സമ്പാദ്യവുമെല്ലാം വിറ്റ് ദരിദ്രർക്ക് പങ്ക് വെച്ചാൽ എത്രയോ ജീവിതങ്ങൾക്ക് അർത്ഥവും നിറവും രുചിയുമുണ്ടാകും. പല ദേവാലയങ്ങളിലും കുന്നുകൂട്ടി വെച്ചിരിക്കുന്ന സ്വർണ്ണ, വെള്ളിക്കുരിശുകൾ ഇന്ന് ഉപയോഗശൂന്യമായി സ്വയം വിലപിക്കുകയാണ്.

അവയുടെയിടയില് എവിടെയോ ഇരുന്ന് ക്രിസ്തുവിന്റെ ഒരു തടിക്കുരിശ് ചിരിക്കുന്നുണ്ട്. പ്രളയകാലത്തും ഈ തടിക്കുരിശ് ഒന്നു ചിരിച്ചതാണ്. പക്ഷെ വെള്ളം പിന്വാങ്ങിയപ്പോള് പൊന്കുരിശുകള് പകരംവീട്ടി. തടിക്കുരിശിനെ അവര് വീണ്ടും ഒരു മൂലക്കൊതുക്കി. വൈറസ് കളമൊഴിയുമ്പോഴും വീണ്ടും പൊന്കുരിശുകള് കീഴ്പ്പെടുത്തുമെന്ന് ക്രിസ്തുവിന്റെ തടിക്കുരിശിന് നന്നായറിയാം.
വിവാഹവും മാമോദീസയും പുര കൂദാശയും ശവസംസ്കാരം പോലും ലളിതമായി നടത്താൻ വൈറസ് നമ്മെ പഠിപ്പിച്ചു. പക്ഷേ, എത്ര നാളത്തേക്ക്? ഇതുവഴി നാം ലാഭിച്ച പണം ഉപയോഗിച്ചാല് എത്രയോ നിര്ധനര്ക്ക് കുടുംബജീവിതവും വിവാഹവും സാധ്യമാക്കാന് കഴിയും.
കോടിക്കണക്കിന് ദരിദ്രർ തലയ്ക്കു മീതെ ഒരു കൂര പോലുമില്ലാതെ അന്തിയുറങ്ങുമ്പോൾ ശതകോടികൾ മുടക്കി നാം കെട്ടിപ്പൊക്കിയ ദേവാലയ രമ്യഹർമ്മ്യങ്ങൾ ഇന്ന് മാറാല പിടിച്ച് അടഞ്ഞുകിടക്കുകയാണ്. ഇനിയെന്ന് തുറക്കാന് കഴിയുമെന്ന് നിശ്ചയവുമില്ല.
ആ സ്ഥാനത്തൊക്കെ ചെറിയ ദേവാലയങ്ങൾ നിർമ്മിച്ച് ബാക്കി പണം കൊണ്ട് കുറെ അനാഥാലയങ്ങൾ നിർമ്മിച്ചിരുന്നെങ്കിൽ ഇന്ന് ലോക്ഡൗൺ കാലത്ത് വീടില്ലാത്തതിനാൽ വീട്ടിലിരിക്കാൻ കഴിയാത്ത എത്രയോ പേർക്ക് വീടുകൾ ഉണ്ടാകുമായിരുന്നു. നിങ്ങൾക്ക് ഒരേ സമയം സമ്പത്തിനെയും ദൈവത്തെയും ആരാധിക്കാൻ സാദ്ധ്യമല്ലെന്ന് പഠിപ്പിച്ച യേശുവിന്റെ അനുയായികൾ ആ യേശുവിനെ അർത്ഥവത്തായി പിന്തുടരാൻ ധനാർത്തിയും ആഢംബരവും ഒഴിവാക്കണം.
ഈ നാളുകളില് മിക്കവാറും എല്ലാ ആള്ദൈവങ്ങളും മുറിവൈദ്യന്മാരും പ്രത്യേക രോഗശാന്തിദാദാക്കളുമെല്ലാം ഒളിവിലാണ്. അവരുടെ ആത്മീയവ്യവസായത്തിനും വൈറസ് വലിയ ഭീഷണിയാണ് ഉയര്ത്തിയത്. വൈറസ് അപ്രത്യക്ഷമായാല് ഉടന് ഇക്കൂട്ടര് വീണ്ടും പ്രത്യക്ഷപ്പെടും.
ഈ വൈറസ് നമ്മെ കൈകഴുകാന് ശീലിപ്പിച്ചു. ഇനി നമ്മള് ഓരോ തവണ കൈകഴുകുമ്പോഴും നാം സ്വായത്തമാക്കിയ ജാതീയതയുടെയും വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും വര്ഗീയതയുടെയും പുരുഷാധിപത്യത്തിന്റെയും ആഡംബരത്തിന്റെയും ധനാര്ത്തിയുടെയും ലഹരി ആസക്തിയുടെയുമൊക്കെ വൈറസുകളെക്കൂടി കഴുകി പുറത്താക്കുവാന് നമുക്ക് കഴിയണം. ദേവാലയങ്ങളുടെ വാതില് അടഞ്ഞുകിടക്കുമ്പോഴും മനസ്സുകളുടെ വാതില് തുറക്കപ്പെടട്ടെ. താല്ക്കാലികമായി നാം ശാരീരികമായ അകലം പാലിക്കുമ്പോഴും ശാശ്വതമായ സാമൂഹിക അടുപ്പത്തിലേക്കും ഒരുമയിലേക്കും അത് നമ്മെ നയിക്കട്ടെ.