മുന്നിലുള്ള അപകടം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ കോവിഡ് സുനാമിയില്‍ ഒഴുകിപ്പോകും

106

Dr . GR Santhosh Kumar എഴുതിയത്

കോവിഡ് പാന്‍റ്റമിക്ക് പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. മുന്നിലുള്ള അപകടം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ അദൃശ്യമായി ഉരുണ്ടുകൂടുന്ന കോവിഡ് സുനാമിയില്‍ ഒഴുകിപ്പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ വിഷയത്തില്‍ വൈദഗ്ദ്യമുള്ളവരുടെ മികച്ച ലേഖനങ്ങള്‍ ധാരാളമായി ഇപ്പോള്‍ വരുന്നുണ്ട്. അതൊക്കെ വായിക്കാന്‍ ശ്രമിക്കുക. അറിവ് കൊണ്ട് മാത്രമേ ഈ രോഗസംക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയു. പ്രാധാനപ്പെട്ട ചില കാര്യങ്ങള്‍ സംക്ഷിപ്തമായി താഴെ എഴുതുന്നു. വായിച്ചു വേണ്ടത് ചെയ്യുക.

1.കോവിഡ് 19 രണ്ടാം തരംഗം നാം വിചാരിക്കുന്നതിനേക്കാള്‍ മാരകമാണ്.
2.വൈറസിന്‍റെ രോഗപ്പകര്‍ച്ച ശേഷി പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. നേരത്തെ ഒരു വീട്ടില്‍ ഒരാളില്‍ നിന്ന് 1-2 പേരിലേക്ക് പകര്‍ന്നിരുന്നത് ഇപ്പോള്‍ വീട്ടിലെ എല്ലാ അംഗങ്ങളിലേക്കും അതിവേഗം പകരുകയാണ്. എല്ലാവരും ഒറ്റയടിക്ക് രോഗകളാവുന്നു.
3.വൈറസിന്‍റെ വേഗത മാത്രമല്ല, തീഷ്ണതയും വര്‍ദ്ധിച്ചതായി കരുതേണ്ടിയിരിക്കുന്നു. മരണനിരക്ക് ക്രമേണ കൂടുന്നു.
4.നേരത്തെ 60 വയസ്സിന് മുകളിലുള്ളവരെയായിരുന്നു രോഗാണു കൂടുതല്‍ ബാധിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. 35 നും 55 നും ഇടയിലുള്ളവര്‍ കൂടുതല്‍ രോഗികളായി തീരുന്നു. അവരില്‍ രോഗം സങ്കീര്‍ണ്ണമാകുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണവും ക്രമേണ കൂടിവരികയാണ്.
5.ഐ.സി.യു കിടക്കകളും വെന്റിലേറ്ററുകളും ഓക്സിജന്‍ സപ്ലെയും കേരള ഗവണ്‍മെന്‍റ് കഴിഞ്ഞ വര്‍ഷം തന്നെ വലിയൊരു രോഗപ്പകര്‍ച്ചയെ മുന്നില്‍ കണ്ട് ആവശ്യത്തിനും അധികമായും തയ്യാറാക്കിയിരുന്നു.
6.എന്നാല്‍ നാം ഇപ്പോള്‍ കാണുന്നത് എന്താണ്? ഐ.സി.യു കിടക്കകള്‍ അതിവേഗം നിറയുന്നു. വെന്റിലേറ്റര്‍ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണവും ദിനംപ്രതി കൂടുന്നു.
7.രോഗപ്പകര്‍ച്ച ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ എത്ര ഒരുക്കങ്ങള്‍ ചെയ്താലും അവയൊക്കെ മതിയാകാതെ വരും. ഉറപ്പായും സര്‍ക്കാര്‍ ആശുപത്രിയിലോ, സ്വകാര്യ ആശുപത്രിയിലോ നിങ്ങള്‍ക്ക് കിടക്കകള്‍ കിട്ടാതെയാവും
8.ഭാവിയില്‍ ഗുരുതര രോഗികള്‍ക്ക് ഐ.സി.യു ചികിത്സയോ, വെന്റിലേറ്റര്‍ സഹായമോ ലഭ്യമാകാതിരിക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്.
9.നമുക്ക് മികച്ച ഒരു ആരോഗ്യ സംവിധാനമുണ്ട്. നാം ഉറപ്പായും നല്ല ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. ഇതല്ലാം സത്യമാണ്.
10.പക്ഷെ, പുതിയതായി അണുബാധയുണ്ടാവുന്നവരുടെ എണ്ണം കുറയ്ക്കാന്‍ പരാജയപ്പെട്ടാല്‍ എല്ലാ ഒരുക്കങ്ങളും നിഷ്ഫലമായിത്തീരും. ഇപ്പോള്‍ത്തന്നെ രോഗികളായി തീര്‍ന്നവരെയും, വരും ദിവസങ്ങളില്‍ രോഗികളായിത്തീരും വണ്ണം വൈറസ് ഉള്ളില്‍ പ്രവേശിച്ചവരെയും പുതിയതായി രോഗികളായി തീരുന്നവരെയും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയാതെ വരും.
11. എങ്കില്‍ ഉറപ്പായും ഓക്സിജന്‍ ക്ഷാമമുണ്ടാവും. കിടക്കകള്‍ ഇല്ലാതെ വരും. ഡോക്ടര്‍മാര്‍ക്കും നെഴ്സസിനും എല്ലാവര്‍ക്കും പരിചരണം നല്‍കാന്‍ കഴിയാതെ വരും. കൂട്ടമരണങ്ങള്‍ സംഭവിക്കും. ഒരു സംശയവും വേണ്ട. ആര്‍ക്കും!
12.രോഗപകര്‍ച്ച തടഞ്ഞില്ലെങ്കില്‍, നാം ആ ഘട്ടത്തിലേക്ക് നടന്നടുക്കും എന്നതാണ് യാഥാര്‍ത്ഥ്യം.
അതുകൊണ്ട്, ചികിത്സപരിചരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അണുബാധയുണ്ടാകുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാനുള്ള നടപടികള്‍ വേണ്ടപ്പെട്ടവര്‍ സ്വീകരിക്കട്ടെ. എല്ലാത്തിന്റെയും അടിസ്ഥാനം അതാണല്ലോ.

പക്ഷെ നമുക്ക് ചെയ്യാനായി ചില കാര്യങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു.

1.പുറത്തു പോകുന്നത് അത്യാവശ്യമില്ലാത്തവരും, ശാന്തമായി വീട്ടിലിരിക്കാന്‍ കഴിയുന്നവരും വീട്ടിനുള്ളില്‍ തന്നെ കഴിയുക. അത്രയും തിരക്കും ആള്‍കൂട്ടവും കുറയും.
2.ഒരു കാരണവശാലും മാസ്ക് താഴ്ത്തി സംസാരിക്കരുത്. മാസ്ക്കില്ലാതെ സംസാരിക്കുമ്പോഴാണ് പ്രധാനമായും വൈറസ് പകരുന്നത്.
3. എല്ലാ മീറ്റിംഗുകളും പാര്‍ട്ടികളും ചടങ്ങുകളും ഒഴിവാക്കുക.
4.വരുന്ന ഒരു മാസം ഒരു കല്യാണത്തിനും പോകരുത്. ഒരു കല്യാണവും നടത്തരുത്.
5.മരിച്ചത് നിങ്ങളല്ലെങ്കില്‍ / മരിച്ചയാളെ സംസ്കരിക്കേണ്ടത് നിങ്ങളല്ലെങ്കില്‍, ഒരു മരണാനന്തര ചടങ്ങിനും പങ്കെടുക്കരുത്. അത്തരം ചടങ്ങുകളില്‍ മൃതശരീരം ഒഴിച്ച് മറ്റെല്ലാവരും രോഗം പരത്തും.
6.വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളില്‍ കഴിവതും കയറാതിരിക്കുക. കഴിയാതിരിക്കുക.
7.നിങ്ങള്‍ ഇരിക്കുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടുക. എങ്കില്‍ വൈറസിന് ഉള്ളില്‍ തങ്ങി നിന്ന് പകരാന്‍ കഴിയില്ല.
8.ഒരു കാരണവശാലും ഒരു തിരക്കിലും പങ്കാളികളാവരുത്
9.സംഘം ചേര്‍ന്നിരുന്ന് മദ്യപാനം രോഗപകര്‍ച്ച കൂട്ടുന്ന ശീലമാണ്. സൂക്ഷിക്കുക.
10.കാപ്പികടകളിലും ഭക്ഷണശാലകളിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കലും, കൂടിയിരുന്നുള്ള സംഭാഷണവും നിങ്ങളിലേക്ക് രോഗാണു വരുന്നതിനും, നിങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗാണു സഞ്ചരിക്കുന്നതിനും കാരണമാകും. ഭക്ഷണം കഴിക്കുമ്പോള്‍ (ഒരു മാസത്തേക്ക്) മിണ്ടരുത്.
11.വൈറസ് പുല്ലാണ് എന്ന് കരുതി പെരുമാറുന്നവരെ സൂക്ഷിക്കുക. അവരോടൊപ്പം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്രിമറ്റോറിയങ്ങളിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍, അവരില്‍ നിന്ന് കര്‍ശനമായി അകലം പാലിക്കുക.
12.മാനസികാരോഗ്യം നിലനിറുത്തുക. അമിതമായ ഉത്കണ്ഠയും വിഷാദവുമുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടി കാണിക്കരുത്. ഉത്കണ്ഠയും വിഷാദവും നിങ്ങളുടെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, ജീവനെ അപകടപ്പെടുത്തുകയും ചെയ്യും.

ഇത്രയും കാര്യങ്ങള്‍ അതീവ നിഷ്കര്‍ഷയോടെ ഒരു മാസം ചെയ്യുക. ഒരു മാസം കഴിയുമ്പോള്‍ വൈറസ് അപ്രത്യക്ഷമാകും എന്നല്ല പറയുന്നത്. രോഗപ്പകര്‍ച്ചയുടെ ഈ കുതിച്ചുചാട്ടം അടങ്ങും. നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇപ്പോള്‍ തന്നെ രോഗബാധിതരായി ആശുപത്രികളില്‍ നിറയുന്നവരുടെ ഇടയിലേക്ക് പുതിയ രോഗികളായി നിങ്ങള്‍ക്ക് പോകേണ്ടി വരില്ല. ഒരു മാസം കഴിഞ്ഞ് രോഗം പിടിപെട്ടാലോ എന്നാലോചിച്ച് നാം പരിഭാന്തരാകേണ്ടതില്ല. രോഗസംക്രമണത്തിന്‍റെ കുതിപ്പ് കുറയ്ക്കാനായാല്‍, നിങ്ങള്‍ രോഗികളായാല്‍ പോലും ഏത് ആശുപത്രിയിലും ഉറപ്പായും നിങ്ങള്‍ക്ക് കിടക്കയുണ്ടാവും. രോഗം തീഷ്ണമായാലോ എന്നോര്‍ത്ത് ഉത്കണ്ഠ വേണ്ട. തിരക്കില്ലാത്ത ഐ.സി.യുകള്‍ നിങ്ങള്‍ക്ക് വേണ്ടി ഒരുങ്ങിയിരിക്കും. ഒക്സിജന് ഒരിക്കലും ക്ഷാമവും ഉണ്ടാകില്ല. എന്തുവേണമെന്ന് തീരുമാനിക്കുക.