ഒരു ദിവസം രാവിലെ നിങ്ങളെഴുന്നേൽക്കുമ്പോൾ ഇതുവരെ ഇല്ലാതിരുന്ന ഒരു ചുമ, ചെറിയൊരു പനി

68

ഡോ.ഹരി കൃഷ്ണന്

നമ്മൾ ഇങ്ങനെ ചിന്തിക്കാൻ സമയമായി

ഒരു ദിവസം രാവിലെ നിങ്ങളെഴുന്നേൽക്കുമ്പോൾ ഇതുവരെ ഇല്ലാതിരുന്ന ഒരു ചുമ, ചെറിയൊരു പനി. കുറച്ചു സമയം കൊണ്ട് പനി ശക്തം, കടുത്ത മേലു വേദനയും തുടങ്ങി. ഉടനടി നിങ്ങൾ ഡോക്ടറുടെ അടുത്തു ചെല്ലുന്നു.. ഇക്കാലത്ത് ന്യായമായും സംശയപ്രകാരം ടെസ്റ്റുകൾ ചെയ്യുന്നു. നിർഭാഗ്യവശാൽ നിങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നു. (അങ്ങനെ ഉണ്ടാവാതിരിക്കട്ടെ)
ഇനി ഒന്നു ആലോചിച്ചു നോക്കൂ.. കഴിഞ്ഞ രണ്ടാഴ്ച മുതൽ നിങ്ങൾക്ക് രോഗബാധയുണ്ടായിരുന്നു. നിങ്ങളതറിഞ്ഞില്ല. നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. അതു സംശയിക്കാൻ പോലും ഒരു വഴിയുമുണ്ടായിരുന്നില്ല. ഈ കാലയളവിൽ നിങ്ങൾ എന്തൊക്കെയാണ് ചെയ്തത്? കോവിഡ് നിയമങ്ങൾ അനുസരിച്ചോ, അതോ അവയെ എല്ലാം നിസ്സാരമാക്കിയോ? കൂട്ടുകാരുമായി ആരുമറിയാതെ ഒത്തുകൂടിയിരുന്നോ ? ഒരു ചെറിയ ബെവ്ക്യു ആഘോഷം? അതോ ഒരു സുഹൃദ് സന്ദർശനം ഏതെങ്കിലും വീട്ടിൽ? നോക്കൂ, നിങ്ങൾ ആലോചിച്ചു നോക്കൂ.

നിങ്ങൾക്ക് രോഗമില്ല. പൂർണ്ണ ആരോഗ്യവാൻ. നിങ്ങളുടെ ജീവിതം സാധാരണ രീതിയിൽ തുടരാൻ അവകാശമുണ്ട്. അങ്ങനെയായിരിക്കും നിങ്ങൾ ചിന്തിച്ചിരിക്കുക. തീർച്ചയായും, ഇപ്പോഴും നിങ്ങളുടെ ആരോഗ്യം നിങ്ങളെ രക്ഷിച്ചേക്കും. ഒരു കുഴപ്പവുമില്ലാതെ നിങ്ങൾ കോവിഡിൽ നിന്ന് മുക്തി നേടിയേക്കും. നിങ്ങൾ ഭാഗ്യവാനാണ്. പക്ഷെ, നിങ്ങളുടെ പ്രിയ സുഹൃത്ത് ഒരു പക്ഷെ, രോഗവുമായി അവരുടെ 80 വയസ്സുള്ള മുത്തച്ഛന്റെ അടുത്ത് സമയം ചെലവഴിച്ചിട്ടുണ്ടാവാം. അദ്ദേഹം ഒരു ഹൃദ്രോഗിയായിരുന്നു. ഇന്ന് അദ്ദേഹമില്ല. നിങ്ങളിൽ നിന്നിറങ്ങിപ്പോയ അതേ വൈറസ് അദ്ദേഹത്തിന്റെ ജീവിതം തീർത്തു.
നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നയാൾ ആ ആസ്തമ രോഗി, ഇപ്പോൾ ICU വിലാണ്. അദ്ദേഹവും കുറേപ്പേർക്ക് രോഗം കൊടുത്തു കാണണം. നിങ്ങളെപ്പോലെയുള്ള ആരോഗ്യമൊന്നും ഇല്ലാത്തവർ. അവരുടെ കാര്യമൊക്കെ രണ്ടാഴ്ച കഴിഞ്ഞാൽ എന്തായിരിക്കുമെന്നാർക്കറിയാം.

നിങ്ങൾ ഭക്ഷണം വാങ്ങിക്കാൻ പോയ സ്ഥലത്ത് വർത്തമാനം പറഞ്ഞു നിന്ന നിങ്ങളുടെ കോളനിയിലെയാൾ രക്താതിസമ്മർദ്ദക്കാരനും പ്രമേഹരോഗിയുമായിരുന്നു. മാത്രവുമല്ലാ ചിലപ്പോൾ വൈറസിനെ അയാളിലൂടെ വീട്ടിലേക്കുമെത്തിച്ചിരിക്കും. അവരുടെ ഭാര്യ സോറിയാസിന് മരുന്നു കഴിക്കുന്നുണ്ടാവാം. അല്ലെങ്കിൽ അതു പോലത്തെ നമ്മുടെ രോഗപ്രതിരോധ ശക്തിയെ കുറയ്ക്കുന്ന മരുന്നുകൾ. ഇവരൊന്നും നിങ്ങളുടെ അത്രയും ആരോഗ്യമുള്ളവരല്ല. ഭാഗ്യമുള്ളവരുമല്ല. ആരോരുമില്ലാതെ ICU വിൽ ഇവർ മരിച്ചും പോയേക്കാം. ഇതെല്ലാം സംഭവിച്ചത് നിങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് എന്നാലോചിക്കുമ്പോൾ.മാസ്ക് ധരിക്കാൻ മടി കാണിച്ചില്ലായിരുന്നെങ്കിൽ.മാസ്കുള്ളപ്പോൾ തന്നെ അതു താഴ്ത്തി അവരോടൊക്കെ സംസാരിച്ചത് ഓർക്കുമ്പോൾ.അവരോടൊക്കെ അടുത്തിടപഴകിയത് ഓർമ്മ വരുമ്പോൾ.സുഹൃത്തിന് ഹസ്തദാനം കൊടുത്തതോർക്കുമ്പോൾ ഒരു കുറ്റബോധം വരുന്നുണ്ടോ?

എനിക്ക് ഒരു കുഴപ്പവുമുണ്ടായില്ല. പക്ഷെ, അവർ?ശാരീരിക അകലം അത്തരക്കാർക്കു വേണ്ടിയാണ്.മാസ്കുകൾ ധരിക്കുന്നത് അത്തരക്കാർക്കു വേണ്ടിയാണ്. ഈ സമൂഹത്തിനു വേണ്ടിയാണ്. ദയവ് ചെയ്ത് ശപഥം ചെയ്യുക, എന്നിൽ നിന്ന് രോഗം മറ്റൊരാളിലേക്ക് പടരുകയില്ലാ എന്ന്. അതിന് ആദ്യം വേണ്ടത്, നിങ്ങൾക്ക് രോഗം ഇപ്പോൾ നിങ്ങളറിയാതെ ഉണ്ടാവാനിടയുണ്ട് എന്നു മനസ്സിലാക്കുകയാണ്. അതിനനുസരിച്ച് പ്രവർത്തിക്കുകയാണ്. ഇപ്പോഴും നമുക്ക് പൂർണ്ണമായി അറിഞ്ഞു കൂടാ ഈ രോഗത്തിന്റെ സ്വഭാവം. പക്ഷെ, ഒന്നുറപ്പാണ്. ചില ചെറു കാര്യങ്ങൾ കൊണ്ട് നമുക്കീ വ്യാധിയെ പിടിച്ചു നിർത്താനാവും. ഈ സമൂഹത്തിനു വേണ്ടി, ഒത്തൊരുമയോടെ, അകലത്തിൽ നിന്ന്, മൂക്കും വായും മറച്ച്, കൈ ശുചിത്വം ഉറപ്പാക്കിക്കൊണ്ട്.

Advertisements