ഹെപ്പറ്റൈറ്റിസ് B, മറഞ്ഞിരുന്നാക്രമിക്കുന്ന കുഞ്ഞു ഭീകരന്‍

1170

Dr. Jamal TM,MD

“ഗള്‍ഫില്‍ പോവാന്‍ വേണ്ടി മെഡിക്കല്‍ എടുത്തതാണ്.. മഞ്ഞപ്പിത്തത്തിന്റെ കുഴപ്പം ഉണ്ടെന്നു പറഞ്ഞു തിരിച്ചു വിട്ടു. ചികിത്സ എടുത്തു ശരിയാക്കിയ ശേഷം തിരിച്ചു വരാന്‍ പറഞ്ഞു” ഇതും പറഞ്ഞു കൊണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി എന്‍റെ കയ്യിലേക്ക് നീട്ടുന്ന ചെറുപ്പക്കാരന്‍,,

പ്രതീക്ഷിച്ചത് പോലെ തന്നെ Hepatitis B ടെസ്റ്റ് പോസിറ്റീവ് ആണ്. പാവം,,അവനു അറിയില്ല ഈ റിപ്പോര്‍ട്ട്‌ അവന്‍റെ ഗള്‍ഫ് സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തും എന്ന് ..

“രോഗിയുടെ ബ്ലഡ്‌ എടുക്കുമ്പോള്‍ അറിയാതെ സൂചി കയ്യില്‍ തറച്ചു .. രോഗി hepatitis B പോസിറ്റീവ് ആണ്.. ഞാന്‍ hepatitis B കുത്തിവെപ്പ് എടുത്തിട്ടില്ല ..എന്ത് ചെയ്യും ?? ” ലാബിലെ സ്റ്റാഫ്‌ ന്റെ പരിഭ്രാന്തമായ ചോദ്യം ..

“hepatitis B ഉള്ള രോഗിയുടെ പ്രസവം എടുക്കുമ്പോള്‍ സ്രവങ്ങള്‍ ശരീരത്തില്‍ ആയി.. എനിക്ക് രോഗം വരുമോ ?”

ഡോക്ടര്‍.. ഞാന്‍ hepatitis B പോസിറ്റീവ് ആണ്.. എനിക്ക് കല്യാണം കഴിക്കാമോ? ഭാര്യക്ക്‌ അസുഖം പകരുമോ?”

ഇതില്‍ ഏതെങ്കിലും ഒരു ചോദ്യം ഒരിക്കലെങ്കിലും കേള്‍ക്കേണ്ടി വരാത്ത ഡോക്ടര്‍മാര്‍ ഉണ്ടാവാന്‍ സാധ്യത ഇല്ല.

എന്താണ് hepatitis B? ഇത്രയ്ക്കു പ്രശ്നക്കാരന്‍ ആണോ അവന്‍? ആണ് എന്ന് തന്നെയാണ് ഉത്തരം. ഇത്തിരിക്കുഞ്ഞനായ ഒരു വൈറസാണ് hepatitis B. ഇത് ബാധിച്ച എല്ലാവര്‍ക്കും പ്രശ്നം ഉണ്ടാവണം എന്നില്ല. പക്ഷെ നേരത്തെ പറഞ്ഞ ഗള്‍ഫ്‌ ചെറുപ്പക്കാരനെ പോലെ ചിലപ്പോള്‍ ജീവിതം വഴി മുട്ടിയേക്കാം.. ലാബിലെ കുട്ടിയെ പോലെ രോഗം പ്രതിരോധിക്കാന്‍ വേണ്ടിയുള്ള ഇമ്മുനോഗ്ലോബുലിന്‍ കുത്തിവെപ്പ് എടുത്തു വലിയൊരു തുക മുടക്കേണ്ടി വരാം.. അസുഖം ഉള്ള കാര്യം മറച്ചു വച്ച് കല്യാണം കഴിച്ചു മറ്റൊരാള്‍ക്ക് കൂടി അസുഖം വരുത്തി വെക്കുമോ എന്ന് ആലോചിച്ചു വിഷമിക്കേണ്ടി വരാം.. ഇതൊന്നുമല്ലെങ്കില്‍ hepatitis B വൈറസ്‌ ന്റെ ആക്രമണം മൂലം കരള്‍ നശിച്ചു പോയോ കരളിലെ കാന്‍സര്‍ പിടിപെട്ടോ മരിക്കേണ്ടിയും വരാം..

രോഗം വന്നു ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന ചൊല്ല് hepatitis B യുടെ കാര്യത്തില്‍ വളരെ പ്രസക്തമാണ്. hepatitis B ക്ക് ചികിത്സ ലഭ്യമാണ്.. പക്ഷെ വളരെ ചിലവേറിയതാണ്.. ചികിത്സ എടുക്കുക വഴി Hepatitis B വൈറസിന്റെ കടുത്ത ആക്രമണത്തില്‍ നിന്നും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നും വലിയൊരു അളവ് വരെ രക്ഷപ്പെടാമെങ്കിലും പൂര്‍ണമായി ശരീരത്തില്‍ നിന്നും അവനെ പുറംതള്ളാന്‍ പ്രയാസമാണ്.. എന്നാല്‍ ആധുനിക വൈദ്യ ശാസ്ത്രം hepatitis B വൈറസിന് മുന്നില്‍ മുട്ട് മടക്കിയിട്ടില്ല. വസൂരി, പോളിയോ തുടങ്ങിയ അപകടകാരികളായ വൈറസുകളെ നാം മെരുക്കിയ അതേ വജ്രായുധം ഇവിടെയും ഉണ്ട്.. പ്രതിരോധ കുത്തിവെപ്പ് എന്ന ആയുധം.. അതെ , ചെലവ് കുറഞ്ഞതും വളരെ ഫലപ്രദവുമായ പ്രതിരോധ കുത്തിവെപ്പ് നിലവില്‍ ഉണ്ടായിരിക്കെയാണ് നമുക്ക് ചുറ്റും പലരും ഈ വൈറസിന് ഇരയാവുന്നത് എന്നതാണ് സങ്കടകരമായ വസ്തുത ..

മറ്റു പല വൈറസ്‌ രോഗങ്ങളില്‍ നിന്നും എന്താണ് hepatitis B വൈറസിന്റെ വ്യത്യാസം?

 1. രോഗം ഉള്ള ആളുകള്‍ പൊതുവേ പുറമേക്ക് ഒരു ലക്ഷണവും കാണിക്കില്ല . എന്നാല്‍ ഈ അവസ്ഥയിലും അവര്‍ അസുഖം മറ്റുള്ളവരിലേക്ക് പകര്‍ത്താം.
 2. ഒരു പക്ഷെ ഒരു ആയുഷ്കാലം മുഴുവന്‍ കുഴപ്പമൊന്നും ഉണ്ടാക്കാതെ രോഗിയുടെ ശരീരത്തില്‍ നിലനില്‍ക്കാം
 3. രോഗം പകര്‍ന്ന ഉടനെയോ അനേകം വര്‍ഷങ്ങള്‍ക്കു ശേഷമോ പ്രശ്നക്കരനായേക്കാം
 4. AIDS വൈറസിനെക്കാള്‍ വേഗത്തില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാം
 5. മറ്റു പല വൈറസ്‌ രോഗങ്ങളെക്കാള്‍ എളുപ്പത്തില്‍ പ്രധിരോധിക്കാന്‍ കഴിയും

എങ്ങനെയാണ് ഈ വൈറസ്‌ മറ്റുള്ളവരിലേക്ക് പകരുന്നത് എന്ന് നോക്കാം

പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് 250 മില്ല്യന്‍ ആളുകള്‍ ഈ വൈറസിനെ ശരീരത്തില്‍ വഹിക്കുന്നുണ്ട്, 6 ലക്ഷത്തോളം പേര്‍ ഒരു ഒരു വര്‍ഷം hepatitis B വൈറസ്‌ സംബന്ധമായ കരള്‍ രോഗം കൊണ്ട് മരണപ്പെടുന്നുമുണ്ട് . വൈറസ്‌ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന പ്രധാന രീതി ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്തമാണ്. ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളില്‍ പ്രധാനമായും അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകര്‍ന്നവയാണ് കൂടുതല്‍. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയും മയക്കു മരുന്നുകള്‍ കുത്താന്‍ ഉപയോഗിക്കുന്ന സൂചികള്‍ പങ്കു വെക്കുന്നതിലൂടെയുമാണ് രോഗം കൂടുതലും പകരുന്നത് . സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം ആണ് ഇവയില്‍ ഏറ്റവും പ്രധാനം. ഗുദ രതിയിലൂടെ രോഗം പകരാന്‍ സാധ്യത വളരെ കൂടുതലാണ്. ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവരിലും രോഗ സാധ്യത കൂടുതലാണ്.

രോഗ ബാധിതരുടെ ശരീര സ്രവങ്ങളില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടാവും. ഈ സ്രവങ്ങള്‍ ശരീരത്തില്‍ ആയാല്‍, ത്വക്കിലെ ചെറിയ മുറിവുകളോ പോറലുകളോ വഴി അസുഖം പകരാം. ബ്ലേഡ്, കത്തി, ടൂത്ത് ബ്രഷ്, കളിപ്പാട്ടങ്ങള്‍ എന്നിവ പങ്കു വെക്കുന്നതിലൂടെ പോലും രോഗം പകരാം. ഒരേ വീട്ടില്‍ താമസിക്കുന്ന പലരിലും ഒരുമിച്ചു അസുഖം ബാധിക്കുന്നത് ഇത്തരത്തിലാണ്. പലപ്പോഴും എടുത്തു പറയത്തക്ക തരത്തില്‍ വേറെ ഒരു കാരണവും ഇത്തരക്കാരില്‍ കാണാറില്ല താനും..

ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് രോഗം പകരാന്‍ സാധ്യത വളരെ കൂടുതലാണ്. രോഗിയില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള രോഗീ പരിചരണത്തില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും രോഗം പകരാം, രോഗികളുടെ വിവിധ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്ന ലാബ് ജീവനക്കാര്‍ക്കും രോഗ സാധ്യത വളരെ കൂടുതലാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ . അതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ hepatitis B പ്രധിരോധ കുത്തിവെപ്പ് എടുക്കാതിരിക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.

ശരിയായ രീതിയില്‍ അണുവിമുക്തമാക്കാത്ത ശസ്ത്രക്രിയ ഉപകരണങ്ങളില്‍ നിന്നും രോഗം പകരാം. ശാസ്ത്രക്രിയകള്‍ക്കും എന്റൊസ്കോപി തുടങ്ങിയ പരിശോധനകള്‍ക്ക് മുന്നേയും hepatitis B പരിശോധിക്കുന്നതും ഇക്കാരണത്താലാണ് . പച്ച കുത്തല്‍, അക്യൂ പങ്ക്ച്ചര്‍ ചികിത്സ, കൊമ്പ് വെക്കൽ(cupping) എന്നിവ വഴിയും രോഗം പകരാന്‍ സാധ്യതയുണ്ട് .

രോഗം ഉള്ള ആളുടെ രക്തം സ്വീകരിക്കുന്നത് എളുപ്പത്തില്‍ രോഗം പകരുന്ന വഴികളില്‍ ഒന്നാണ് . രക്തം മറ്റുള്ളവരില്‍ കയറ്റുന്നതിനു മുന്നേ hepatitis വൈറസ്‌ ബാധ ഉണ്ടോ എന്ന് ചെക്ക് ചെയ്യാറുണ്ട്. എന്നാല്‍ വൈറസ്‌ ശരീരത്തില്‍ കടന്നു ടെസ്റ്റ് പോസിറ്റീവ് ആവാന്‍ ഏതാനും ആഴ്ചകള്‍ എടുക്കും. വിന്‍ഡോ പിരീഡ് എന്ന് പറയുന്ന ഈ സമയത്ത് രക്തം ദാനം ചെയ്താല്‍ ടെസ്റ്റില്‍ വൈറസ്‌ കണ്ടു പിടിക്കപ്പെടാതെ മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഡയാലിസിസ് പോലെയുള്ള രക്തസംബന്ധമായ ചികിത്സ ചെയ്യുന്ന രോഗികള്‍ക്ക് അസുഖം പകരാന്‍ സാധ്യത വളരെ കൂടുതലാണ്.

അണുബാധയുള്ള ഒരാളുടെ അവയവം സ്വീകരിക്കുന്നത് മൂലവും അസുഖം പകരാന്‍ സാധ്യതയുണ്ട്

വൈറസ്‌ ശരീരത്തില്‍ കടന്നാല്‍ എന്ത് സംഭവിക്കും ??

വൈറസ്‌ ശരീരത്തില്‍ പ്രവേശിച്ച ആളുകളില്‍ 70% പേരിലും പ്രത്യേകിച്ച് ഒരു ലക്ഷണവും ഉണ്ടാവില്ല എന്നതാണ് വസ്തുത. 30% പേരില്‍ മാത്രമേ ചിലപ്പോള്‍ പനി, ചെറിയ മഞ്ഞപ്പിത്തം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവാറുള്ളൂ.. വൈറസ്‌ ബാധയേറ്റ വ്യക്തിയുടെ രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും സാധാരണ നിലയില്‍ ആണെങ്കില്‍ ശരീരം സ്വയം വൈറസില്‍ നിന്ന് രക്ഷ നേടാനുള്ള സാധ്യത 95% ആണ്. നിര്‍ഭാഗ്യവാന്മാരായ ബാക്കി 5% ആളുകളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലും വൈറസ്‌ സ്ഥിരമായി ശരീരത്തില്‍ നിലയുറപ്പിച്ചു chronic hepatitis എന്ന അവസ്ഥയിലേക്ക് പോവാന്‍ സാധ്യത ഉണ്ട്. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പ്രസവ സമയത്ത് പകര്‍ന്നു കിട്ടുന്ന അസുഖവും chronic സ്റ്റേജ് ആവാന്‍ സാധ്യത കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ എത്തിയാല്‍ പിന്നെ എന്ത് ചെയ്താലും വൈറസ്‌ പൂര്‍ണ്ണമായി ശരീരത്തില്‍ നിന്ന് വിട്ടു പോവാതെ വരാം . എങ്കിലും ഒരു വര്‍ഷത്തില്‍ ഇത്തരം ആയിരം പേരില്‍ അഞ്ചു പേര്‍ക്ക് അസുഖം തനിയെ മാറിപോവാന്‍ സാധ്യത ഉണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു..

വൈറസ്‌ ബാധ ഉള്ളയാളുടെ ശരരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളിലും വൈറസ്‌ കാണുമെങ്കിലും പ്രധാനമായും പ്രവര്‍ത്തിക്കുന്നത് കരളിലാണ്. ചിലരില്‍ കരളിനു പ്രത്യേകിച്ച് കുഴപ്പം ഒന്നും ഉണ്ടാകാത്ത രീതിയില്‍ ജീവിത കാലം മുഴുവന്‍ ഇവ നിന്നേക്കാം.ഇത്തരം ആളുകളെ chronic carrier എന്നാണു പറയുന്നത്. മറ്റു ചില ആവശ്യങ്ങള്‍ക്ക് വേണ്ടി രക്തം പരിശോധിക്കുന്ന സമയത്ത് വൈറസ്‌ ബാധ കണ്ടെതുന്നവരില്‍ ഭൂരിഭാഗവും chronic carriers ആയിരിക്കും. എന്നാല്‍ മറ്റു ചിലരില്‍ കരളിനു വ്യാപകമായ നാശം സംഭവിച്ചു അതീവ ഗുരുതരമായ Fulminant Hepatitis എന്ന അവസ്ഥയിലേക്ക് പോയേക്കാം. മറ്റു ചിലരില്‍ ചെറിയ തോതിലുള്ള നാശം കുറെ നാളുകളായി തുടര്‍ന്നു കൊണ്ട് അവസാനം സിറോസിസ് എന്ന ഗുരുതരമായ കരള്‍ രോഗത്തില്‍ എത്തിപ്പെടാം. മറ്റു ചിലരില്‍ കരളിനെ ബാധിക്കുന്ന കാന്‍സര്‍ ആയിരിക്കാം പരിണിത ഫലം. പലപ്പോഴും സിറോസിസ് വന്ന ശേഷമാവും വൈറസ്‌ ശരീരത്തില്‍ ഉണ്ടായിരുന്നു എന്ന് അറിയുന്നത് തന്നെ.

hepatitis B അണുബാധ കണ്ടുപിടിക്കപ്പെട്ടാല്‍ എന്ത് ചെയ്യണം?

ശരീരത്തില്‍ വൈറസ്‌ കണ്ടെത്തി എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചികിത്സ എടുക്കേണ്ട കാര്യമില്ല. വൈറസിന്‍റെ അളവ്, പ്രവര്‍ത്തന തീവ്രത, ശരീരത്തിന് സംഭവിച്ച തകരാറുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രോഗികളെ പല കാറ്റഗറി ആയി തിരിക്കലാണ് ചികിത്സയുടെ ആദ്യ ഘട്ടം. ഇതിനായി ചില രക്ത പരിശോധനകളും ultrasound സ്കാനിങ്ങും ആവശ്യമുണ്ട്. രക്ത പരിശോധനകളില്‍ ചിലത് അല്പം ചിലവേറിയതുമാണ്. വൈറസിന്റെ അളവും പ്രവര്‍ത്തന തീവ്രതയും താരതമ്യേന കുറവും കാര്യമായ നാശം കരളിനു സംഭവിചിട്ടില്ലാത്തതുമായ ആളുകള്‍ chronic കാരിയര്‍ വിഭാഗത്തില്‍ പെടുന്നു. ഇത്തരം ആളുകള്‍ക്ക് ചികിത്സ ആവശ്യമില്ല. ചികില്‍സിച്ചത്‌ കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല താനും. പക്ഷെ വൈറസ്‌ കൂടുതല്‍ ശക്തി പ്രാപിച്ചു ശരീരത്തില്‍ നാശം വിതച്ചു തുടങ്ങുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു ഉറപ്പു വരുത്തേണ്ടതുണ്ട്.

വൈറസിന്‍റെ അളവും പ്രവര്‍ത്തന തീവ്രതയും കൂടുതല്ലുള്ള ആളുകള്‍ chronic active hepatitis എന്ന വിഭാഗത്തില്‍ പെടുന്നു. അത്തരം ആളുകള്‍ക്ക് ചികിത്സ ആവശ്യമാണ്. ദീര്‍ഘ കാലം തുടരേണ്ടതും ചിലവേറിയതുമാണ് ചികിത്സ. വൈറസ്‌ നെ ചെറിയ അളവിലേക്ക് ഒതുക്കി ശരീരത്തിന് സംഭവിക്കുന്ന കേടുപാടുകളില്‍ നിന്ന് വലിയ ഒരളവു വരെ രക്ഷപ്പെടാമെങ്കിലും പൂര്‍ണമായും വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യത കുറവാണ്. ചെറിയൊരു ശതമാനം ആളുകള്‍ പൂര്‍ണമായും രോഗവിമുക്തി നേടാറുമുണ്ട്.

ഇവിടെയാണ്‌ രോഗ പ്രതിരോധത്തിന്‍റെ പ്രസക്തി. എങ്ങനെയെല്ലാം ഈ വൈറസിനെ പ്രതിരോധിക്കാം എന്ന് നോക്കാം .

 1. ചെലവ് കുറഞ്ഞതും 96% വരെ വൈറസ്‌ ബാധയില്‍ നിന്ന് സംരക്ഷണം തരുന്നതുമായ ഒരു വാക്സിന്‍ ഇന്ന് നിലവിലുണ്ട്. എല്ലാവരും എടുതിരിക്കേണ്ട ഒരു കുത്തിവെപ്പ് ആണിത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള രോഗീ പരിചരണത്തില്‍ ഏര്‍പ്പെടുന്ന എല്ലാവരും ലാബ്‌ ജീവനക്കാരും ഡയാലിസിസിന് വിധേയരാവുന്ന രോഗികള്‍, അടിക്കടി രക്തം കയറ്റേണ്ട അസുഖം ഉള്ളവര്‍ തുടങ്ങിയ വിഭാഗം ആളുകള്‍ നിര്‍ബന്ധമായും കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്‌. ആദ്യത്തെ കുത്തിവെപ്പിനു ശേഷം ഒരു മാസം തികയുമ്പോളും ആറു മാസം തികയുമ്പോളും ഓരോ ഡോസ് വീതം എടുക്കണം. മൊത്തം 3 ഡോസ്. 5 വര്‍ഷം കഴിയുമ്പോള്‍ ബൂസ്റ്റെര്‍ ഡോസ് എല്ലാവര്‍ക്കും വേണ്ടതില്ല. വാക്സിന്‍ എടുത്ത ഭൂരിഭാഗം ആളുകളും 5 വര്‍ഷത്തിനു ശേഷം വേണ്ടത്ര അളവിലുള്ള പ്രധിരോധ ശേഷി നിലനിര്‍ത്തുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് .
 2. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങൾ ശീലമാക്കുക. ഒന്നിലധികം ലൈംഗീക പങ്കാളികൾ ഉള്ളവർ, ലൈംഗിക തൊഴിലാളികളെ സമീപിക്കുന്നവർ എന്നിവർ ഗർഭ നിരോധന ഉറ ധരിക്കാൻ ശ്രദ്ധിക്കുക.
 3. അമ്മയില്‍ നിന്നും കുഞ്ഞിലേക്കുള്ള രോഗ വ്യാപനം തടയാന്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്‌. ഇത്തരത്തിലുള്ള രോഗ പകര്‍ച്ച ഭൂരിഭാഗവും നടക്കുന്നത് പ്രസവ സമയത്തോ അതിനു തൊട്ടു മുന്‍പോ ആണ്. ജനിച്ച ഉടനെ കുഞ്ഞിനു hepatits B Immunoglobulin കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്‌ . ആദ്യത്തെ ഡോസ് വാക്സിനും അതോടൊപ്പം തന്നെ തുടങ്ങണം. വാക്സിന്‍ മാത്രം എടുത്താല്‍ കുഞ്ഞു രോഗപ്രതിരോധ ശേഷി നേടുന്നതിനു മുന്നേ തന്നെ വൈറസ്‌ ശരീരത്തില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട് . അമ്മയുടെ ശരീരത്തില്‍ വൈറസ്‌ ലോഡ് വളരെ കൂടുതലാണെങ്കിൽ ഗര്‍ഭകാലത്ത് വൈറസിന് എതിരെയുള്ള മരുന്നുകള്‍ കഴിക്കുന്നതും കുഞ്ഞിലേക്ക് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും.
 4. മയക്കു മരുന്ന് കുത്തിവെക്കുന്ന സ്വഭാവമുള്ളവര്‍ അത് നിര്‍ത്തുകയോ ചുരുങ്ങിയ പക്ഷം സൂചി പങ്കു വെക്കാതിരിക്കുകയോ ചെയ്യുക.
 5. നേരത്തെ അസുഖം ഉള്ള രോഗികളെ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
 6. അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ രക്തം സ്വീകരിക്കുന്നത് ഒഴിവാക്കുക.
 7. രോഗികളുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാരും മറ്റു സ്റ്റാഫും വേണ്ട സുരക്ഷാ മുന്‍കരുതല്‍ എടുക്കുക.
 8. രക്ത, അവയവ ദാനത്തിനു മുന്നേ കൂടുതല്‍ കൃത്യതയുള്ള ടെസ്റ്റുകള്‍ ഉപയോഗിച്ച് സ്ക്രീനിംഗ് നടത്തുക.

9 പച്ചകുതല്‍, acupuncture, കൊമ്പുവെക്കൽ തുടങ്ങിയവയില്‍ നിന്നും കഴിവതും മാറി നില്‍ക്കുക.

ഇനി ആദ്യം സൂചിപ്പിച്ച സംഭവങ്ങളിലേക്ക് വരാം. മെഡിക്കല്‍ ഫിറ്റ്നെസ് സ്ക്രീനിംഗ് സമയത്ത് hepatitis B പോസിറ്റീവ് ആയി കണ്ടാല്‍ മറ്റു രാജ്യങ്ങളിലേക്ക് ജോലിക്ക് പോവാന്‍ പ്രയാസമാണ്. കാരണം പൂര്‍ണമായി hepatitis B മാറി രക്ത പരിശോധന നെഗറ്റീവ് റിപ്പോര്‍ട്ട്‌ കിട്ടാന്‍ സാധ്യത വളരെ കുറവാണ്. ചെറിയൊരു ശതമാനം ആളുകളില്‍ അങ്ങനെ സംഭവിക്കാമെങ്കിലും അതിനു വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാം

രോഗിയുടെ സ്രവങ്ങള്‍ ദേഹത്ത് ആയാലോ രക്തം എടുക്കാന്‍ ഉപയോഗിച്ച സൂചി കയ്യില്‍ തറച്ചാലോ എന്ത് ചെയ്യണം ?

hepatitis B വാക്സിന്‍ എടുത്ത ആള്‍ ആണോ അല്ലയോ എന്നതാണ് ആദ്യത്തെ ചോദ്യം. വാക്സിന്‍ എടുത്തിട്ടില്ലാത്ത ആള്‍ ആണെങ്കില്‍ hepatitis B immunoglobulin എത്രയും പെട്ടന്ന് എടുക്കുകയും വാക്സിന്‍ തുടങ്ങി വെക്കുകയും വേണം. immunoglobulin മരുന്നിനു വില അല്‍പ്പം കൂടുതലാണ്.

നേരത്തെ വാക്സിന്‍ എടുത്തിട്ടുള്ള ആളാണെങ്കില്‍ ശരീരത്തിലെ വൈറസ്‌ നെ പ്രധിരോധിക്കുന്ന antibody യുടെ അളവ് എത്രയെന്നു പരിശോധിച്ചു നോക്കണം. വൈറസിനെ പ്രധിരോധിക്കാന്‍ വേണ്ട മിനിമം അളവ് antibody രക്തത്തില്‍ ഉണ്ടെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല. എന്നാല്‍ antibody ലെവല്‍ മിനിമത്തിലും താഴെ ആണെങ്കില്‍ immunoglobulin കുത്തിവെപ്പ് എടുക്കണം. അതോടൊപ്പം തന്നെ ഒരു ബൂസ്റ്റെര്‍ ഡോസ് വാക്സിനും എടുക്കണം. ഒരു മാസത്തിനു ശേഷം വീണ്ടും antibody പരിശോധിച്ച് വേണ്ടത്ര അളവില്‍ എത്തിയിട്ടുണ്ടെങ്കില്‍ പിന്നീട് ഒന്നും ചെയ്യേണ്ടതില്ല. എന്നാല്‍ antibody ലെവല്‍ വീണ്ടും കുറവാണെങ്കില്‍ ബാക്കിയുള്ള 2 ഡോസ് വാക്സിന്‍ മുഴുവനായും എടുക്കേണ്ടതുണ്ട്‌ .

വാക്സിന്‍ തുടങ്ങി വച്ച് മുഴുവനാക്കാത്ത ഒരാള്‍ക്കാണ് ഈ അവസ്ഥ എങ്കില്‍ അയാളെ വാക്സിന്‍ എടുത്തിട്ടില്ലാത്ത ആളായി കണക്കാക്കി വേണം ചികിത്സിക്കാന്‍ .

അടുത്തത് കല്യാണ പ്രശ്നം.. ലൈംഗിക ബന്ധത്തിലൂടെ വൈറസ്‌ പങ്കാളിക്ക് പകരാന്‍ സാധ്യതയുണ്ട്. കല്യാണത്തിന് മുന്നേ തന്നെ പങ്കാളിയെ വാക്സിന്‍ എടുപ്പിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഇതിനു ചില പ്രായോഗിക തടസ്സങ്ങള്‍ ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. അത് സാധ്യമല്ലെങ്കില്‍ കല്യാണത്തിന് ശേഷം എടുപ്പിക്കാം.. antibody ലെവല്‍ വേണ്ടത്ര ആവുന്നത് വരേക്കു ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കുകയെ വഴിയുള്ളൂ..

സിറോസിസ്, കരളിലെ കാന്‍സര്‍ തുടങ്ങിയ മാരകമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഒരു വൈറസിനെ കുറിച്ച് നമ്മള്‍ മനസിലാക്കി. വളരെ നിശ്ശബ്ദമായി ആക്രമിക്കുന്ന ഇവനെ തിരിച്ചറിയാന്‍ തന്നെ വളരെ വൈകിയേക്കാം. ഈ സമയം കൊണ്ട് മറ്റു അനേകം പേരിലേക്ക് വൈറസ് നമ്മിലൂടെ എത്തിപ്പെടുകയും ചെയ്യാം. പൂര്‍ണ്ണമായി ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയില്ല പലപ്പോഴും..ചികിത്സ ചെലവ് കൂടിയതുമാണ്.. എന്നാല്‍ വേണ്ടത്ര മുന്‍കരുതലിലൂടെയും മികവുറ്റ ഒരു വാക്സിനിലൂടെയും ഈ വൈറസിനെ ഏതാണ്ട് പൂർണ്ണമായും പ്രതിരോധിക്കാം.. മികച്ച പ്രതിരോധ സംവിധാനങ്ങള്‍ നിലവിലുള്ള ഒരു അസുഖത്തിന് കീഴടങ്ങേണ്ടി വരുന്നത് ഒരു പരിഷ്കൃത സമൂഹത്തിനു ഒട്ടും ഭൂഷണമല്ല. അതിനാൽ ഒന്നേ പറയാനുള്ളൂ ..വാക്സിൻ എടുക്കൂ സന്തോഷിക്കൂ ..!!!

കടപ്പാട് : Info Clinic