മനുഷ്യശരീരത്തിലെ രക്തമോ മറ്റു അവയവങ്ങളോ ഒന്നും കച്ചവടം ചെയ്യാൻ പാടില്ല എന്നാണ് നമ്മുടെ നാട്ടിലെ നിയമം

200

എഴുതിയത്: Dr Javed Anees

“കുറച്ചു വർഷങ്ങൾക്ക് മുൻപാണ്. എന്റെ നാട്ടിൽ വൃക്കരോഗം പിടിപെട്ട ഒരാളുണ്ടായിരുന്നു. വളരെ സാധുവായ മനുഷ്യൻ. ഒരിക്കൽ ഒരു ബന്ധുമുഖേന കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ നിന്നും 15 ലക്ഷം രൂപയ്ക്ക് വൃക്കയും അവിടെത്തന്നെ ഓപ്പറേഷനും എന്നൊരു വാഗ്ദാനം അയാൾക്ക് ലഭിച്ചു.

തന്നെ കാണാൻ വരുന്ന പലരോടും അദ്ദേഹം ഈ വിവരം പങ്കുവെച്ചു. നാട്ടുകാർ കമ്മിറ്റി ചേർന്ന് അയാൾക്ക് വേണ്ടി പിരിവെടുത്തു. ഇടപാടിന് ഒരു ഇടനിലക്കാരൻ ഉണ്ടായിരുന്നു. നൂലാമാല ഒന്നും ഇല്ലാതെ അസ്സൽ കിഡ്നി എത്തിച്ച് തരാം എന്നേറ്റ അയാൾ നാട്ടിലെ പലർക്കും പടച്ചോനോ നബിയോ പോലെ ഒക്കെ ആയിരുന്നു.

പിരിവ് ഉഷാറായി നടന്നു. ഒരു അഞ്ചുലക്ഷം എത്തിയപ്പോൾ പിരിച്ച തുക ഉടൻ വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. അഡ്വാൻസ് കൊടുത്തില്ലെങ്കിൽ തമിഴ്നാട്ടുകാരൻ ദാതാവ് പിണങ്ങും എന്ന് കടുത്ത സൂചന നൽകി. ആ പണം ദാതാവിന് കൊണ്ടുകൊടുക്കാൻ പോയ അയാളെ പിന്നെ ഇന്നാട്ടിലെ ആരും കണ്ടിട്ടില്ല. രോഗിയും നാട്ടുകാരും ആകെ അങ്കലാപ്പിലായി. കേസ് പോലും കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥ.

ഈ കഥ പല സാമൂഹിക പ്രവർത്തകരോടും പങ്കുവെച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവരുടെ ഒക്കെ നാട്ടിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന കാര്യവും അറിയാൻ കഴിഞ്ഞു. രണ്ട് വൃക്കളിൽ ഒന്ന് ദാനം ചെയ്യാനുള്ള താത്പര്യക്കുറവോ അജ്ഞതയോ ആണ് അടുത്ത ബന്ധുക്കളെ പോലും പണം കൊടുത്തു വൃക്ക വാങ്ങുന്ന മാർഗങ്ങൾ ആരായുന്നതിലേക്ക് എത്തിക്കുന്നത്.

1994 മുതൽ അവയവദാനം സംബന്ധിച്ച വ്യക്തമായ നിയമങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. കേരളത്തിൽ ആദ്യമായി രക്തബന്ധു അല്ലാത്ത ഒരു വ്യക്തിക്ക് സ്വമേധയാ വൃക്കദാനം ചെയ്ത വ്യക്തിയാണ് ഫാദർ ഡേവിസ് ചിറമ്മൽ എന്ന ചിറമ്മലച്ചൻ.

അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ കൊച്ചൗസേപ് ചിറ്റിലപ്പള്ളി അടക്കം ഒരുപാട് പേർ ആ പാത പിന്തുടർന്നു. ഇതുമായി ബന്ധപ്പെട്ട് പരസ്പരം വൃക്ക കൈമാറിയ ബന്ധങ്ങളുടെ സൗഹൃദങ്ങളുടെ വലിയൊരു മുന്നേറ്റവും കേരളത്തിൽ ഉണ്ടായി.

ഡേവിസ് ചിറമ്മലിന്റെ ‘സ്നേഹത്തിന്റെ മുറിപ്പാടുകൾ’ എന്ന പുസ്തകം വായിക്കാത്തവർ ഉണ്ടെങ്കിൽ അത് വായിക്കണം. വൃക്കദാനത്തെ കുറിച്ചല്ല ജീവിതത്തെ കുറിച്ചുള്ള ഫിലോസഫി ആണ് ആ പുസ്തകത്തിൽ ഉള്ളത്.

വൃക്കദാനത്തിനു വേണ്ട തയ്യാറെടുപ്പുകളെ കുറിച്ച് ആ പുസ്തകത്തിൽ പറയുന്നത് താഴെ കുറിക്കുന്നു.

“ഒരാൾ വൃക്കദാനം ചെയ്യാൻ തീരുമാനിച്ചാൽ നേരെ ആശുപത്രിയിലേക്ക്പോയി അത് നിർവഹിക്കുവാൻ കഴിയുകയില്ല. അതിന് വൈദ്യശാസ്ത്രവും നിയമവും അനുശാസിക്കുന്ന ഒട്ടേറെ കടമ്പകൾ പിന്നിടേണ്ടതുണ്ട്.

വൃക്കദാനം ചെയ്യുന്ന ആളുടേയും അത് സ്വീകരിക്കുന്ന ആളുടേയും രക്തഗ്രൂപ്പുകൾ പരിശോധിക്കണം.

ദാനം ചെയ്യുന്നയാൾ രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയവയുടെ പരിശോധനകൾക്കും ഇ.സി.ജി, ആൻജിയോഗ്രാം, ഇമേജിങ്ങ്, കിഡ്നി ഫോട്ടോ സ്കാനിങ്ങ്, യൂറിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശോധനകൾക്കും വിധേയമാകേണ്ടതുണ്ട്.

ശസ്തക്രിയ നടത്തുന്ന സർജൻ, അനസ്തേഷ്യോളജിസ്റ്റ്, മനോരോഗ വിദഗ്ദൻ, ഹൃദ്രോഗ വിദഗ്ദൻ, വൃക്കരോഗ വിദഗ്ദൻ തുടങ്ങിയവരുടെ പരിശോധനകളും അനുകൂല റിപ്പോർട്ടുകളും കിട്ടേണ്ടതുണ്ട്. തുടർന്ന് നടക്കുന്ന ടിഷ്യൂ ക്രോസ്മാച്ചിന് ശേഷമേ വൃക്കദാനം എന്ന കാര്യം ഉറപ്പിക്കാൻ കഴിയുകയുള്ളൂ.

ഈ വിദഗ്ദ വൈദ്യ പരിശോധനകളോടൊപ്പം നിയമപരമായ പ്രധാനപ്പെട്ട കടലാസുപണികളും പൂർത്തിയാക്കണം.

ഇലക്ഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, പാസ്പോർട്ട് തുടങ്ങിയവയുടെ കോപ്പികളും മറ്റും സമർപ്പിക്കേണ്ടതുണ്ട്. വൃക്കദാതാവിന്റെ അച്ഛനോ അമ്മയോ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരുടെ സമ്മതപത്രം വേണം.

മാതാപിതാക്കൾ മരിച്ചുപോയവരാണെങ്കിൽ സഹോദരീ സഹോദരൻമാരുടെ സമ്മതപത്രം വേണം. കൃസ്ത്യൻ പുരോഹിതനാണെങ്കിൽ ബിഷപ്പിന്റെ സമ്മതപത്രം വേണം.

ഉന്നതാധികാരിയുടെ സ്വഭാവസർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ഡ്രഗ് അഡിക്റ്റ് അല്ല എന്നതിനുള്ള സർട്ടിഫിക്കറ്റ് തുടങ്ങിയവയും വേണം.

നോട്ടറിയും ജുഡീഷ്യൽ മജിസ്ട്രേറ്റും അറ്റസ്റ്റ് ചെയ്ത സമ്മതപത്രം മുദ്രപത്രത്തിൽ ആയിരിക്കണം. പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് വൃക്കദാനം നടത്തുന്നത് എന്നു കാണിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണം. എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ സാക്ഷ്യപത്രങ്ങൾ വേണം. വൃക്കദാനം ചെയ്യുന്ന ആളെപോലെ വൃക്ക സ്വീകരിക്കുന്ന ആളും ഇവയെല്ലാം സംഘടിപ്പിക്കേണ്ടതാണ്.

ഈ റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും വൃക്കദാനത്തിന് അനുവാദം തരേണ്ട അധികാരികൾ മുമ്പാകെ ആശുപത്രി അധികാരികൾ സമർപ്പിക്കും. ധനലാഭമോ മറ്റെന്തെങ്കിലും പ്രതിഫലമോ പ്രതീക്ഷിക്കാതെയാണ് വൃക്കദാനം എന്നു ബോധ്യപ്പെട്ടാൽ അനുവാദം ലഭിക്കും. പിന്നീട് രക്തഗ്രൂപ്പിന്റെ ‘ക്രോസ്മാച്ച്’ നടത്തും. തുടർന്ന് ഓപറേഷന്റെ തീയതി നിശ്ചയിക്കും.

അതു നിശ്ചയിച്ചാലും വൃക്ക കൊടുക്കുന്ന ആളുടേയും സ്വീകരിക്കുന്ന ആളുടേയും തൽസമയത്തെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് ഓപ്പറേഷൻ നടത്തുക.

ഓരോ കടമ്പകളും ഒരു ഗോവണിയുടെ പടികൾ പോലെയാണ്. ഓരോ പടിയിലും നടക്കുന്ന ടെസ്റ്റുകളുടെ ഫലം പ്രതികൂലമായാൽ താഴെക്കിറങ്ങുവാൻ നിർബന്ധിതനാകും. വൃക്ക കൊടുക്കാനുള്ള തീരുമാനം ഉപേക്ഷിച്ചാലും ഓരോ പടിയിലുംവെച്ച് പിന്തിരിയാൻ സാധിക്കും.”

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കുറഞ്ഞ ചിലവിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നുണ്ട്. ഫാദർ ഡേവിസ് ചിറമ്മൽ ഇഖ്റ ആശുപത്രിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം അർഹരായവർക്ക് 2.5 ലക്ഷം അല്ലെങ്കിൽ അതിനു താഴെ തുകക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തു കൊടുക്കും എന്നറിയുന്നു.

എല്ലാറ്റിനും മെനക്കെടാൻ മടിയുള്ളവർ ആണ് നമ്മൾ. മുകളിൽ കാണിച്ച കടലാസ് ശരിയാക്കൽ, ഈ രംഗത്ത് പരിചയമുള്ളവരുടെ നിർദേശം തേടുന്ന പക്ഷം, നേരായ വഴിയിൽ വൃക്ക നൽകുന്നവർക്കും സ്വീകരിക്കുന്നവർക്കും അത്ര പ്രയാസം ഉള്ള ഒന്നല്ല. പിന്നീട് വരാവുന്ന ഒട്ടനവധി നിയമ പ്രശ്നങ്ങൾക്ക് ഉള്ള പ്രതിരോധവുമാണ് ഈ കടലാസ് ശരിയാക്കലിന്റെ രഹസ്യം.

മനുഷ്യശരീരത്തിലെ രക്തമോ മറ്റു അവയവങ്ങളോ ഒന്നും കച്ചവടം ചെയ്യാൻ പാടില്ല എന്നാണ് നമ്മുടെ നാട്ടിലെ നിയമം. (1994-Transplantation of Human Organ Act). 2011-ലെ ഭേദഗതി പ്രകാരം അവയവ കച്ചവടം പത്തുവർഷം തടവും ഒരു കോടി രൂപ പിഴയും വിധിക്കാവുന്ന കുറ്റമാണ്.

അതുകൊണ്ട്, നാട്ടുകാരിൽ നിന്ന് നിയമവിരുദ്ധമായ വൃക്ക കച്ചവടത്തിന് പണം പിരിക്കരുത്. പണം കൊടുത്ത് വൃക്ക നൽകാൻ അല്ലെങ്കിൽ വാങ്ങാൻ ഒരാളെ തയ്യാറാക്കുന്നതിന് പിറകിൽ വലിയൊരു ചൂഷണം ഉണ്ട് എന്ന സത്യം അറിയുക. അതിന് നമ്മളായിട്ട് കൂട്ടുനിൽക്കരുത്.”

 

Advertisements