വാലൻന്റൈൻ കാലവും വെറുപ്പിക്കൽ ഹോർമോണും

205
ജിമ്മി മാത്യു
വാലന്റൈൻ ദിനത്തിൽ പണ്ട് പോസ്റ്റിയത്. ഇപ്പൊ ചില പ്രത്യേക സാഹചര്യങ്ങളിൽ വീണ്ടും പോസ്റ്റുന്നു
വാലൻന്റൈൻ കാലവും വെറുപ്പിക്കൽ ഹോർമോണും 
മനപൂർവമാണ് വാലൻന്റൈൻ പ്രണയ ദിനത്തിൽ ഒരു പോസ്റ്റും ഇടാഞ്ഞത് .
മുന്തിരിങ്ങാ പുളിക്കും !
‘ഒരു കുരു …സോറി, കുറു വടി കിട്ടിയിരുന്നെങ്കിൽ ….വഴിയിലും കഫേസ് കോഫി ഡേയ്സിലും ഒക്കെ ഇരുന്നു സൊള്ളുന്ന വാരസ്യാരുകളെയും , നായരാച്ചികളെയും , നസ്രാണിച്ചികളെയും , സകലമാന ഇച്ചികളെയും –
“വീട്ടി പ്പോടി ….എന്ന് ഓടിക്കാമായിരുന്നു .
സകലമാന ചുള്ളന്മാരെയും ഓരോ കുഞ്ഞടി കൊടുത്തു ഓടിക്കാമായിരുന്നു . അങ്ങനെ സംസ്കാരം സംരക്ഷിക്കാമായിരുന്നു .
തൽക്കാലം നുണലുകളായി പൊട്ടുന്ന കുരുക്കൾ മാന്തിക്കൊണ്ട് വീട്ടിൽ ഇരിക്കാം .
കാരണം എന്റെ കൗമാരത്തിൽ വാലെന്റൈൻസ് ഡേ എന്ന ഒരു സാധനം ഇല്ല ! നഹി ….ന്നു പറഞ്ഞാൽ കുച്ച് നഹി .
ഇന്ന് ഒരു അടാർ കാലമാണ് . പ്രേമം സുന്ദര സുരഭിലവും യൗവന തീക്ഷ്ണവും സർവ സാധാരണവും ആയ കാലം .
പട പടാ കുരുക്കൾ പൊട്ടുന്ന കാലം . കുരുക്കൾ പൊട്ടിക്കാൻ പേടി ഇല്ലാത്ത കാലം . കുരുക്കൾ പൊട്ടിക്കാൻ പേടി ഇല്ലാത്തതു കൊണ്ടാണല്ലോ , അവ പൊട്ടുന്നത് .
പഴേ കാലവും , ഇന്നത്തെ അടാർ കാലവും തമ്മിൽ ഉള്ള ഒരു ജൂധമാണ് നമ്മൾ കേൾക്കുന്ന ഈ കുരു പൊട്ടുന്ന ഒച്ചകൾ . ടമാർ , പടാർ !
അതായത് – ഇന്ന് അടാർ കാലം . അന്ന് – ടമാർ കാലം. മനസ്സിലായില്ലേ ?
ടമാർ , പടാർ !
അയ്യോ – വെടിയുണ്ട വരുന്നു , മാറിക്കളയാം .
ഡിറ്റക്റ്റീവ് മൂസ , മായാവി .
കണ്ണാടി വിശ്വനാഥൻ .
മനസ്സിലായവർ കൈ പോക്കു . ങ്ങാ – നിങ്ങൾ ടമാർ കാലത്തിന്റെ പ്രതിനിധികൾ ആണ് .
ഒന്നും മനസ്സിലായില്ലേ ? സാരമില്ല – സന്തോഷിച്ചാട്ടെ – നിങ്ങൾ അടാർ കാലത്തിന്റേതാണ് .
ടമാർ കാലത്തു പ്രേമങ്ങൾ ഉണ്ടായിരുന്നില്ലേ ? ഉണ്ടായിരുന്നു .
ആട്ടിൻകാട്ടം പോലത്തെ കുഞ്ഞു കുഞ്ഞു സുന്ദര പ്രേമങ്ങൾ . ആനപ്പിണ്ടം പോലത്തെ എമണ്ടൻ അലുക്കുലുത് പ്രേമങ്ങൾ . പക്ഷെ ഒന്നും പൊട്ടിത്തെറിക്കാതിരിക്കാൻ വീർപ്പുമുട്ടി അടച്ചു പിടിച്ച ഏങ്ങൽ പോലത്തെ പ്രേമങ്ങൾ .
ഇന്നോ – കുഞ്ഞു പൊട്ടാസ് റോളുകൾ ടപടപാ പൊട്ടുന്നത് പോലെ പൊട്ടുന്ന പ്രേമങ്ങൾ . കതിനാ വെടി പോലത്തെ ഡും എന്ന് പൊട്ടുന്ന പ്രേമങ്ങൾ .
ഒരിക്കലും പൊട്ടാത്ത , എന്നാൽ നാട്ടുകാരുടെയും വീട്ടുകാരുടെയും കുരു പൊട്ടിക്കുന്ന പ്രേമങ്ങൾ .
വല്യ കാര്യമൊന്നുമില്ലാതെ കുരു പൊട്ടി , മാന്തിക്കൊണ്ട് തെരുവിലൂടെ അലയുന്ന ടമാർ കാലത്തിന്റെ വക്താക്കൾ .
ഈ പ്രണയം , സ്നേഹം – ഇതിന്റെ തന്നെ മറ്റൊരു വശം ആണ് ദേഷ്യം , കൊല്ലൽ എന്ന് ഞാൻ പറഞ്ഞാലോ ?
ഈ അടുത്തു തന്നെ ഒരു രാഷ്ട്രീയ പ്രവർത്തകൻ കൊല്ലപ്പെട്ടു . വാലെന്റൈൻസ് ഡേയിൽ ഗുജറാത്തിൽ കമിതാക്കളെ അടിച്ചോടിക്കാൻ മിനക്കെട്ടിറങ്ങിയ ചിലർ പുലമ്പുന്നത് ടി വി യിൽ കേട്ടു . ലവ് ജിഹാദ് തടയാൻ ആണത്രേ അവർ ഇറങ്ങി ഇരിക്കുന്നത് ! പാട്ടു കേട്ടാലും പുരികം പൊങ്ങിയാലും വികാരം വൃണപ്പെടുമത്രേ .
ഈ പ്രണയവും ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയ കളികളും തമ്മിൽ എന്ത് ബന്ധം ?
പ്രത്യക്ഷത്തിൽ ഇതൊക്കെ തമ്മിൽ അകൽച്ചയിൽ ആണെന്ന് തോന്നുമെങ്കിലും ഇവയൊക്കെ തമ്മിൽ മനുഷ്യ മനഃശാസ്ത്രത്തിന്റെ അന്തർധാരയുണ്ട് !
ഒരൊറ്റ തന്മാത്രയുടെ ചരിത്രം മാത്രം പറഞ്ഞു അത് സ്ഥാപിക്കാൻ ഞാൻ ശ്രമിക്കാം .
ഇല്ല – പ്രണയം ഒന്നും ഒറ്റ തന്മാത്രയിൽ ഒതുക്കാൻ പറ്റുന്ന ഒന്നല്ല . ആ രീതിയിൽ ഉള്ള കുറെ ലേഖനങ്ങൾ വന്നെങ്കിലും . ഹോർമോണുകൾ, പത്തു കോടിയോളം ന്യൂറോണുകൾ , ഓരോ ന്യൂറോണിനും പതിനായിരക്കണക്കിന് ശാഖകളും ജംങ്ഷനുകളും . പതിനായിരം കോടി ജംക്ഷനുകളിൽ ചെലുത്ത പ്പെടുന്ന ആയിരക്കണക്കിന് തരാം തന്മാത്രകളുടെ ആയിരം തരത്തിൽ ഉള്ള പ്രവർത്തങ്ങൾ. ഒന്നും സിംപിൾ അല്ല പ്രഭോ .
എന്നാൽ സിംപിൾ ആയ ഒരു തന്മാത്രയുടെ ചരിത്രം നോക്കാം – ഓക്സിടോസിൻ .
പത്തിരുപത്തഞ്ചു കോടി വര്ഷങ്ങള്ക്കു മുൻപാണത് സംഭവിച്ചത് . ഉരഗങ്ങളിൽ ഉള്ള വാസോടോസിൻ എന്ന ഒരു ഹോർമോൺ ഉണ്ടാക്കുന്ന ഒരു ജീൻ . വാസോടോസിൻ – രക്ത സമ്മർദം , സോഡിയം, ജലം എന്നിവയുടെ നിയന്ത്രണം ഒക്കെ നടത്തുന്ന ഒരു ഹൌസ് കീപ്പിങ് ഹോർമോൺ ആയിരുന്നു . ഒരു പാവം . പെട്ടന്ന് ഈ ജീൻ എങ്ങനെയോ രണ്ടു കോപ്പികൾ ആയി . ഒരു തെറ്റ് . കോപ്പി യിങ് എറർ .
ഇതിൽ ഒരു കോപ്പി വാസോപ്രെസ്സിൻ എന്ന പഴേ പ്രവർത്തങ്ങൾ ഉള്ള ഹോർമോണിന്റെ ജീൻ ആയി തുടർന്നു . മറ്റേ കോപ്പി ഉണ്ടായത് , ആദ്യ കാല സസ്തനികളിൽ ആണ് . ആ ജീൻ പരിണാമ വഴികളിലൂടെ സഞ്ചരിച്ചു , ഓക്സിടോസിൻ എന്ന ഹോർമോൺ ഉണ്ടാക്കുന്ന ജീൻ ആയി .
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ആണ് ഓക്സിടോസിൻ ആദ്യം ഏറ്റെടുത്ത ഒരു ചുമതല . മുലയിൽ നിന്ന് പാല് ചുരത്താൻ മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിൽ നിന്ന് ഓക്സിടോസിൻ വരണം !
മുലയൂട്ടുന്ന അമ്മയിലും കുഞ്ഞിലും ഓക്സിടോസിൻ ധാരാളം ഒഴുകുന്നു . അമ്മയും കുഞ്ഞും തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നു .
ഓമനത്തം ഉള്ള ഒരു കുഞ്ഞിനെ കാണുന്ന നമ്മൾ ഓരോരുത്തരിലും ഓക്സിടോസിൻ സ്രവിക്കപ്പെടുന്നുണ്ട് . അത് നമ്മുടെ ആക്രമണ സ്വഭാവത്തെ കുറക്കുന്നു . നമ്മളെ തരളിത ഹൃദയർ ആക്കുന്നു .
ചില സസ്തനികളിൽ പ്രേമം ഉണ്ട് . അമ്മയും അച്ഛനും ജീവിതകാലം മുഴുവൻ ഉള്ള ബന്ധങ്ങളിൽ ഏർപ്പെടുന്നു . പ്രയറി വോൾ എന്ന ഒരു തരാം വെരുകിൽ അങ്ങനെ ആണ് . ഈ തരം വോളിന്റെ ഓക്സിടോസിൻ റിസെപ്റ്റർ എടുത്തു , ജനറ്റിക് എഞ്ചിനീയറിംഗ് വഴി സാധാരണ ഭാര്യ ഭർതൃ ബന്ധം ഇല്ലാത്ത തരം വോളുകളിൽ വച്ചാൽ , അവ ജീവിത കാലം മൊത്തം പ്രണയ ജോഡികൾ ആയിരിക്കും !
ഭർത്താക്കന്മാരുടെ മൂക്കിലേക്ക് ഓക്സിടോസിൻ സ്പ്രേ അടിച്ചാൽ അവർ കൂടുതൽ വിശ്വസ്തർ ആയിരിക്കും . ചുള്ളത്തി ആയ ഒരു ശാസ്ത്രജ്ഞ വന്നു സംസാരിച്ചാൽ (ഭാര്യ ഇല്ലാത്ത സമയത് ) പഞ്ചാര അടിക്കാൻ മടി കാണിക്കും . ഈ ശാസ്ത്രജ്ഞന്മാരുടെ ഓരോ പരീക്ഷണങ്ങളെ .
കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾക്ക് മനസ്സിലായി – പ്രേമത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഓക്സിടോസിന്റെ അദ്ഭുതങ്ങൾ . ഞാനും നിങ്ങളും , ഒരു രണ്ടു മൂന്നു കൂട്ടുകാരും ചേർന്നിരുന്നു സംസാരിക്കുന്നു എന്ന് വക്കുക . പഴേ കഥകൾ പറയുന്നു . ആശകളും അഭിപ്രായങ്ങളും പങ്കു വക്കുന്നു . സുഹൃത് ബന്ധം ഉടലെടുക്കുന്നു .
ഓക്സിടോസിൻ ഭയങ്കരമായി കൂടുന്നു . സന്തോഷം തരുന്നു .
മറ്റുള്ള സുഹൃത്തുക്കളെ വിശ്വസിക്കാൻ ഉള്ള ടെൻഡൻസി ഓക്സിടോസിൻ കൂട്ടുന്നു . പരസ്പര വിശ്വാസ ഹോർമോൺ .
ഇതോടു കൂടി ഓക്സിടോസിൻ ഒരു അദ്ഭുത സംഭവം ആയി ശാസ്ത്ര ലോകം വാഴ്ത്തുകയാണ് സുഹൃത്തുക്കളെ , വാഴ്ത്തുകയാണ് .
ലോകം രക്ഷിക്കാൻ ജല വിതരണ പൈപ്പുകളിൽ ഒക്കെ ഓക്സിടോസിൻ വിതറണം ! ആളുകൾ നന്നാവട്ടെ . എന്താ കഥ .
ഈ അടുത്ത കാലത്താണ് ഓക്സിടോസിന്റെ വേറെ ചില പ്രശ്നങ്ങൾ ആളുകൾക്ക് മനസ്സിലായി തുടങ്ങിയത് .
സുഹൃത്തുക്കൾ തമ്മിൽ ബന്ധം വളർത്തുന്നതോടൊപ്പം , അപരിചിതരെ ഒറ്റപ്പെടുത്തുന്നതിൽ ഓക്സിടോസിൻ പങ്കു വഹിക്കുന്നു . ശത്രുക്കളുമായി ദേഷ്യം അത് ഇരട്ടിപ്പിക്കും . സംഘം ചേർന്ന് ശത്രുക്കളെ വക വരുത്താൻ ഉള്ള വാഞ്ച അത് കൂട്ടും .!
നമ്മൾ മലയാളികൾ ആണെങ്കിൽ , ചില മന ശാസ്ത്ര ടെസ്റ്റുകളിൽ , ഓക്സിടോസിൻ മലയാളികളോടുള്ള സ്നേഹം കൂട്ടുന്നതോടൊപ്പം , ബംഗാളികളോടുള്ള ദേഷ്യവും കൂട്ടും !
അതായത് , ഗ്രൂപ്പുകൾ തമ്മിൽ സ്നേഹം കൂട്ടുന്ന പ്രക്രിയ , മനുഷ്യരിൽ അന്യ വിദ്വെഷം ആയി മാറാം !
വയറിംഗ് ഡിഫെക്ട് – ജന്മനാ ഉള്ള ഒരു തകരാർ . ജാഗ്രതെ ! അത് ഉപയോഗിക്കുന്നവർക്കെതിരെയും ജാഗ്രതൈ ! ( ജിമ്മി മാത്യു )