കൊറോണ കാലത്തെ ഇരുചക്രവാഹന യാത്ര

0
81
Coronavirus and your two-wheeler: How to cope

എഴുതിയത്: Dr. Jinesh P S

“വഴിയിൽ തിരക്കൊക്കെ കുറവാണല്ലോ, അപകട സാധ്യത വളരെ കുറവ്. എന്നാൽ പിന്നെ ഹെൽമറ്റ് വേണ്ടല്ലോ ?”
പാടില്ല. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് ധരിക്കാതെ യാത്ര പാടില്ല. റോഡിൽ യാത്രക്കാർ കുറവാണെങ്കിലും ഏതെങ്കിലും സാഹചര്യവശാൽ അപകടത്തിൽ പെട്ടാൽ തലയ്ക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കണം. ഇപ്പോഴത്തെ അവസ്ഥയിൽ ആശുപത്രിയിൽ അഡ്മിഷൻ പരമാവധി ഒഴിവാക്കണം.

അവശ്യ സർവീസ് ജോലികൾ അല്ലാത്തവർ എല്ലാം വീട്ടിൽ തന്നെയിരിക്കണം എന്നാണ്. എങ്കിലും അത്യാവശ്യസമയത്ത് ചിലരെങ്കിലും ബൈക്ക് ഉപയോഗിക്കാതിരിക്കില്ലല്ലോ! മാത്രമല്ല അവശ്യ സർവീസ് ജോലികളിൽ പെടുന്ന ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും മറ്റും ജോലിക്ക് പോകുമ്പോൾ ബൈക്ക് ഉപയോഗിക്കാതിരിക്കുകയും ഇല്ലല്ലോ. ബൈക്കിൽ യാത്ര ചെയ്യുന്നവർ അറിയാൻ,

ഹെൽമറ്റ് കൈമാറി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
അങ്ങനെ ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ ഉപയോഗിക്കുന്നതിന് മുമ്പ് ഹെൽമറ്റ് വൃത്തിയാക്കുക.
ഹെൽമറ്റിന് മുൻഭാഗത്തെ ഗ്ലാസ് പാളി 70 ശതമാനം ആൽക്കഹോൾ അംശം ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാം.
ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷം കൈകൾ സോപ്പും വെള്ളവും, അല്ലെങ്കിൽ 70% ആൾക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

കൈകൾ കഴുകുന്നത് മുൻപ് മുഖത്ത് സ്പർശിക്കാൻ പാടില്ല.
ബൈക്ക് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ബൈക്ക് യാത്രയ്ക്കിടയിൽ മൊബൈൽഫോൺ റിങ്ങ് ചെയ്താൽ, ഫോൺ ഹെൽമെറ്റ് ഇടയിൽ കുത്തിത്തിരുകി സംസാരിച്ചുകൊണ്ട് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
ജോലിക്ക് കയറുമ്പോൾ ബൈക്കിൽ മറ്റുള്ളവർ സ്പർശിക്കാൻ സാധ്യതയുണ്ട് എന്നത് മനസ്സിൽ കരുതുക. അതുകൊണ്ട് അത് ഒഴിവാക്കുന്ന പാർക്കിംഗ് സ്ഥലങ്ങൾ ഉണ്ടെങ്കിൽ അതാവും നല്ലത്.

ബൈക്ക് ഹാൻഡിൽ 70 % ആൽക്കഹോൾ അംശമുള്ള സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്.
അവശ്യ സർവീസിൽ പെടാത്തവർ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് വെട്ടിത്തിരിക്കേണ്ടതില്ല. പകരം എന്തിനാണ് പോകുന്നത് എന്ന രേഖ കയ്യിൽ കരുതുക. ആവശ്യപ്പെട്ടാൽ രേഖ കാണിക്കുക.
ബൈക്കിൽ പെട്രോൾ അടിക്കുമ്പോഴും പണം നൽകുമ്പോഴും ഒന്നര മീറ്ററിൽ കൂടുതൽ ശാരീരിക അകലം പാലിക്കാൻ ശ്രദ്ധിക്കുക.
സന്നദ്ധ സേനാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ഒക്കെ യാത്രചെയ്യുമ്പോൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതാകും ഉചിതം.
ഒരു ബൈക്കിൽ രണ്ടു പേർ യാത്ര ചെയ്യുകയാണെങ്കിൽ മുട്ടിയുരുമ്മി ഇരിക്കുന്നതും മുഖം ചേർത്തു പിടിച്ച് സംസാരിക്കുന്നതും ഒഴിവാക്കുക.

സന്നദ്ധ സേനാംഗങ്ങൾ സേവനങ്ങൾ നൽകാൻ മറ്റു വീടുകളിൽ ചെല്ലുമ്പോൾ ഗേറ്റ് തുറന്നിടാൻ നിർദ്ദേശിക്കുക.
ഗേറ്റ് തുറന്നിടാത്ത സ്ഥലങ്ങളിൽ കാലുകൊണ്ട് തള്ളിത്തുറക്കാൻ ശ്രമിക്കുക.
ബൈക്ക് കൈമാറി ഉപയോഗിക്കുകയാണെങ്കിൽ ചാവി, ഹാൻഡിൽ എന്നിവ വൃത്തിയാക്കിയശേഷം ഉപയോഗിക്കുകയാവും നന്ന്.