Dr.Jinesh P S writes..

മൂക്കിൽ കൂടി രക്തം വരുന്നത് കണ്ടിട്ടുണ്ടോ ? ഇറ്റിറ്റ് തുള്ളിതുള്ളിയായി വരുന്നത്… അല്ലെങ്കിൽ ചീറ്റുന്നത്… ???

മൂക്കിന് പരിക്കൊന്നും ഇല്ലാതെ മൂക്കിൽകൂടി രക്തം വരുന്നത് കണ്ടിട്ടുണ്ടോ ?

ഞാൻ കണ്ടിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ജോലിചെയ്യുന്ന കാലത്ത് ധാരാളം കണ്ടിട്ടുണ്ട്.

ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്ത കാലത്ത് മറ്റു ചിലത് കണ്ടിട്ടുണ്ട്. ശ്വാസനാളിയിലും മൂക്കിലും രക്തം നിറഞ്ഞ് കണ്ടിട്ടുണ്ട്.

മൂക്കിനുള്ളിൽ പരിക്കുപറ്റിയ കേസുകൾ ആയിരുന്നില്ല കൂടുതലും. പരിക്ക് തലയോട്ടിക്ക് ആയിരുന്നു. തലയോട്ടിയുടെ അടിഭാഗം പൊട്ടി രക്തം താഴോട്ട് വരുന്നത്. ബേസ് ഓഫ് സ്കൾ ഫ്രാക്ച്ചർ എന്നു പറയും.

മസ്തിഷ്കം സംരക്ഷിക്കപ്പെടുന്നത് തലയോട്ടിക്ക് ഉള്ളിലാണ്. അത്യാവശ്യം നല്ല ബലമുണ്ട് ഈ കവചനത്തിന്. മസ്തിഷ്കം അഥവാ തലച്ചോറിനെ സംരക്ഷിക്കുന്നത് ഇവനാണ്.

തലയോട്ടിക്ക് പുറത്ത് സ്കാൽപ് ഉണ്ട്. അവിടെ ആണ് തലമുടി നിൽക്കുന്നത്. ഇതും നല്ല പ്രതിരോധം നൽകുന്നുണ്ട്. പക്ഷേ അതിശക്തമായ ആഘാതം ഉണ്ടാകുമ്പോൾ തലയോട്ടിക്ക് പൊട്ടൽ ഉണ്ടാകുന്നു. അങ്ങനെ തലയോട്ടിയുടെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന പൊട്ടൽ അടിയിലേക്ക് വ്യാപിക്കുന്നു. അതാണ് ബേസ് ഓഫ് സ്കൾ ഫ്രാക്ചർ. ഇതിലൂടെയാണ് മൂക്കിലേക്ക് രക്തം വരുന്നത്.

തലയോട്ടിക്ക് മാത്രമല്ല തലച്ചോറിനും പരിക്ക് ഏൽക്കുന്നു. ചിലപ്പോൾ ചതവുകൾ, ചിലപ്പോൾ രക്തസ്രാവം… തലച്ചോറിനെ സംരക്ഷിക്കുന്ന തലയോട്ടിക്ക് ഉള്ളിലെ സ്തരങ്ങൾക്കുള്ളിൽ ഇവമൂലം അമിത സമ്മർദ്ദം രൂപപ്പെടുന്നു. തലയോട്ടിക്ക് പരിക്ക് പറ്റാതെ തന്നെ ചിലപ്പോൾ തലച്ചോറിന് പരിക്കുപറ്റാം.

ചിലപ്പോഴൊക്കെ തലയോട്ടി പൊട്ടി തലചോറ് പുറത്തു വന്ന് കണ്ടിട്ടുണ്ട്. തലച്ചോറ് എന്നുപറയുമ്പോൾ ഏതാണ്ട് ചോറിന്റെ നിറം. മങ്ങിയ വെള്ള നിറം. ഗ്രേ മാറ്ററിന് കുറച്ച് ചാരനിറം. വൈറ്റ് മാറ്റർ മങ്ങിയ വെള്ള നിറം. രക്തത്തിന്റെ ചുവപ്പുനിറവും ആയി കുഴഞ്ഞ് കുഴമ്പ് പരുവത്തിൽ തലയോട്ടിക്ക് പുറത്ത്, തലമുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്നതുവരെ കണ്ടിട്ടുണ്ട്.

ഇരുചക്ര വാഹന അപകടങ്ങളിൽ മരണകാരണമാകുന്ന പ്രധാന സംഭവം തലയ്ക്കേൽക്കുന്ന പരിക്ക് ആണ്. കേരളത്തിൽ ഓരോ വർഷവും 1300 ലധികം പേരാണ് ഇരുചക്ര വാഹനാപകടങ്ങളിൽ മരണമടയുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും മരണമടയുന്നത് തലയ്ക്കേറ്റ പരിക്കുകൾ മൂലമാണ്. ചിലപ്പോൾ കൂടെ മറ്റു പരിക്കുകളും ഉണ്ടായെന്നിരിക്കാം.

ഹെൽമറ്റ് ധരിച്ചാൽ ഒരു പരിധിവരെ തലയ്ക്ക് ഏൽക്കുന്ന പരുക്ക് തടയാൻ സാധിക്കും. ഈ 1300 മരണങ്ങളിൽ നല്ലൊരു ശതമാനം നമുക്ക് തടയാൻ സാധിക്കും.

ഇപ്പോഴും തലയുടെ ഇടതു വശത്ത് ഒരു ചെറിയ കുഴി ഉണ്ട്. പണ്ടൊരു യാത്രയിൽ സംഭവിച്ചതാണ്. ഒരു ഇടുക്കി യാത്രയിൽ. കോട്ടയത്തുനിന്ന് ഇടുക്കി വരെ ഹെൽമെറ്റ് വെച്ചായിരുന്നു ഓടിച്ചത്. അവിടെ എത്തിയപ്പോൾ ഫോറസ്റ്റ് ഓഫീസിൽ കയറി ഇറങ്ങിയ ശേഷം കാറ്റ് ആസ്വദിക്കാനായി ഹെൽമെറ്റ് പുറകിലിരുന്ന ആളുടെ കയ്യിൽ കൊടുത്തു. അപ്പോഴാണ് വീണത്. ഇടുക്കി സർക്കാർ ആശുപത്രി… പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം. ഭാഗ്യത്തിന് രക്ഷപെട്ടു. ഇന്നും ഇടയ്ക്ക് അര സെൻറീമീറ്റർ ആഴമുള്ള ആ കുഴിയിൽ വിരലിട്ട് കറക്കാറുണ്ട്.

10 മിനിറ്റ് നേരത്തേക്ക് കാണിച്ച അലംഭാവത്തിന്റെ ഓർമ്മപ്പെടുത്തൽ… ഭാഗ്യത്തിന് മാത്രം തലചോറ് പുറത്തു വന്നില്ല. അതുകൊണ്ട് ഇപ്പോഴും ഇങ്ങനെ എഴുതാം, വായിക്കാം.

ഇനി ഒരിക്കലും ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യില്ല.

വിദേശരാജ്യങ്ങളിലെ പോലെയുള്ള റോഡുകൾ കിട്ടിയിട്ട് മാത്രമേ ഹെൽമറ്റ് ധരിക്കൂ എന്ന് പറയുന്നവരോട് ഇതിൽ കൂടുതൽ പറയാൻ ഒന്നുമില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.