കുർക്കുമിൻ വേഫറിന് പേറ്റന്റ് ലഭിച്ചത് ശാസ്ത്രീയമായിട്ടല്ല, വാണിജ്യപരമായി മാത്രമാണ് , മനുഷ്യരിൽ പരീക്ഷിക്കാത്തതിനാൽ കാത്തിരിക്കുക

0
199
Dr Jinesh PS
കുറച്ചു വർഷങ്ങൾക്ക് മുൻപ് കേരളം ആഘോഷിച്ച ഒരു വാർത്ത ഉണ്ടായിരുന്നു.
പേവിഷബാധ ചികിത്സയ്ക്ക് പേറ്റന്റ് ലഭിച്ചു എന്ന വാർത്ത. ശിവരാമൻ എന്ന ഒരാൾക്ക് പേറ്റൻറ് ലഭിച്ചു എന്നായിരുന്നു വാർത്ത. ആധുനിക വൈദ്യശാസ്ത്രം ജനങ്ങളെ ചതിക്കുകയാണെന്നെന്നും ശരിയായ ചികിത്സ മറച്ചു പിടിക്കുകയാണ് എന്നുമൊക്കെ തെറിവിളികൾ നടന്നു. പക്ഷേ വർഷം ഇത്രയായിട്ടും പേ വിഷബാധയ്ക്ക് ആ വ്യക്തി അവകാശപ്പെട്ടതു പോലെ ചികിത്സ ഉള്ളതായി തെളിയുക ഉണ്ടായിട്ടില്ല.
കുറേപ്പേർ ഡോക്ടർമാരെയും ആധുനിക വൈദ്യശാസ്ത്രത്തെയും തെറി വിളിച്ചു എന്നത് മിച്ചം.
ഇതിപ്പോൾ എഴുതാൻ കാരണം ശ്രീചിത്രയിൽ നിന്നുള്ള ഒരു വാർത്തയാണ്. കുർക്കുമിൻ വേഫറിന് പേറ്റൻറ് ലഭിച്ചു എന്ന വാർത്ത. ഇതിന് 2018 ജൂൺ 26ആം തീയതി പേറ്റൻറ് ലഭിച്ചിരുന്നു. (Patent No: US 10,004,698 B2)
Image result for curcumin waferക്യാൻസർ കലകളുടെ സർജറിക്കുശേഷം ഈ വേഫർ ഉപയോഗിക്കുന്നതിനെ കുറിച്ചാണ്. അങ്ങനെ ഉപയോഗിച്ചാൽ ക്യാൻസർ പടരുന്നത് തടയാനാകും എന്നാണ് പറഞ്ഞുവയ്ക്കുന്നത്.
അത് ഇനിയും ശാസ്ത്രീയമായി ഉറപ്പുവരുത്തേണ്ട കാര്യമാണ്. കാരണം ഇതുവരെ മനുഷ്യരിൽ പരീക്ഷിച്ചിട്ടില്ല. പരീക്ഷിക്കാതെ ഫലപ്രാപ്തി ഉറപ്പു പറയാനും സാധിക്കില്ല. ചിലപ്പോൾ ഗുണപ്രദം ആവാം ചിലപ്പോൾ ശിവരാമൻ പേവിഷബാധ ചികിത്സ പറഞ്ഞത് പോലെയും ആവാം. അതുകൊണ്ട് ആ ഭാഗം കഴിയാതെ ക്യാൻസർ ചികിത്സയിൽ ഇത് എത്രമാത്രം ഉപയോഗപ്രദമാണ് എന്നു പറയുക വയ്യ.
പേറ്റൻറ് ലഭിച്ചു എന്നുപറയുന്നത് ശാസ്ത്രീയമായ ചികിത്സാ രീതിയുടെ മാനദണ്ഡമല്ല. അതൊരു വാണിജ്യപരമായ കാര്യം മാത്രമാണ്. ഫലപ്രാപ്തിയുടെ അംഗീകാരമല്ല, ഒരു വാണിജ്യ കുത്തക അവകാശം മാത്രമാണ്. മഞ്ഞൾ കഴിച്ചാൽ ക്യാൻസർ മാറുമോ, ക്യാൻസറിന് ചുറ്റും മഞ്ഞൾ കെട്ടി വെച്ചാൽ മതിയോ എന്നൊക്കെയുള്ള സംശയങ്ങൾ ധാരാളം വരുന്നുണ്ട്.ഒരു കാര്യമേ പറയാനുള്ളൂ,
ദയവുചെയ്ത് ശാസ്ത്രീയമായ ചികിത്സാരീതികൾ തേടുക, തുടരുക. നിലവിലെ അവസ്ഥയിൽ മഞ്ഞൾ കഴിച്ചത് കൊണ്ടോ അത് ചുറ്റിക്കെട്ടി വച്ച് കൊണ്ടോ ഒരു പ്രയോജനവും ലഭിക്കില്ല. ക്യാൻസർ ചികിത്സയ്ക്ക് ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിൽ തന്നെ ചികിത്സ തേടുക, ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.
Image result for curcumin waferഎത്രയും നേരത്തെ ശാസ്ത്രീയമായ ചികിത്സ ലഭിക്കുന്നോ, അത്രയും മികച്ച റിസൾട്ട് ലഭിക്കും എന്നത് മറക്കരുത്. അതുകൊണ്ടുതന്നെ അശാസ്ത്രീയതയുടെ പിന്നാലെ പോയി വിലയേറിയ സമയം കളയരുത്.
മഞ്ഞളിൻറെ ഗുണങ്ങളെ പറ്റി വിവരിക്കുന്നവരോട്,
അവരോട് ഇപ്പോൾ തർക്കിക്കാനില്ല. ആധുനിക വൈദ്യശാസ്ത്രം നിരവധി മരുന്നുകൾ കണ്ടുപിടിച്ചിരിക്കുന്നത് സസ്യങ്ങളിൽ നിന്ന് തന്നെയാണ്. സുമാർ 400 വർഷങ്ങൾക്ക് മുൻപ് മലേറിയ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന സിങ്കോണ സസ്യത്തിൽ നിന്നാണ് ക്വിനൈൻ എന്ന മരുന്ന് കണ്ടു പിടിച്ചത്, മലേറിയക്കുള്ള ഫലപ്രദമായ ആദ്യ മരുന്ന്. നിരവധി മരുന്നുകൾ അങ്ങനെ കണ്ടുപിടിച്ചിട്ടുണ്ട്. ഇതിനൊക്കെ സസ്യം അതേപടി ഉപയോഗിക്കുകയല്ല ആധുനികവൈദ്യശാസ്ത്രം ചെയ്യുന്നത്. ഗുണകരമായ രാസവസ്തു മാത്രം തിരഞ്ഞെടുത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ദൂഷ്യവശങ്ങൾ ഉള്ള വസ്തുക്കൾ മാറ്റിയശേഷം മാത്രം. ദൂഷ്യത്തേക്കാൾ ഗുണമുള്ളത് മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ.
അതുകൊണ്ട് നിലവിൽ ഈ പേറ്റൻറ് വാർത്ത ആഘോഷിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.
ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാലത്തോളം ഇത് ചികിത്സാരീതിയായി വരുന്നതല്ല. ശാസ്ത്രീയമായി തെളിയിക്കപ്പെടുകയാണെങ്കിൽ ആധുനികവൈദ്യശാസ്ത്രം ഇത് സ്വീകരിക്കുക തന്നെ ചെയ്യും. അതുവരെ മഞ്ഞൾ കഴിച്ചും മഞ്ഞൾ കെട്ടിവെച്ചും ശാസ്ത്രീയമായ ചികിത്സ വൈകിപ്പിക്കരുത്. പ്ലീസ്…
ഇൻഫോക്ലിനിക്കിൽ വിശദമായ പോസ്റ്റ് എഴുതാൻ ശ്രമിക്കുന്നതാണ്. ദീപുവും ആനന്ദും ചേർന്ന് ശാസ്ത്രീയമായ വിവരങ്ങൾ സംയോജിപ്പിച്ച് പോസ്റ്റ് എഴുതും എന്ന് പ്രതീക്ഷിക്കുന്നു.
©ഇൻഫോ ക്ലിനിക്