നിങ്ങൾ രോഗാണുവിനെ ശരീരത്തിൽ കയറ്റാതിരുന്നാൽ രക്ഷപ്പെടുന്നത് നിങ്ങൾ മാത്രമല്ല, കുടുംബവും സമൂഹവുമാണ്

81

Dr Jinesh PS ന്റെ സോഷ്യൽ മീഡിയ പോസ്റ്റ് 

ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 33,000 അടുത്ത്, ടെസ്റ്റ് പോസിറ്റിവിറ്റി നിനക്ക് 23.24.നമ്മൾ പീക്ക് എത്തിയിട്ടില്ല എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. വൈകാതെ പീക്ക് എത്തും. അന്ന് ഒരു ദിവസം എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും എന്നത് ചോദ്യമാണ്. ഒരു വർഷം മുൻപ് യൂറോപ്പിലും അമേരിക്കയിലും നടന്നത് ഓർമ്മയുണ്ടോ? ഇറ്റലിയും സ്പെയിനും ഫ്രാൻസും ഇംഗ്ലണ്ടും തകർന്നപ്പോൾ പ്രതിദിനം ഇരുപതിനായിരം കേസുകൾ പോലും അവിടെ ഇല്ലായിരുന്നു. അവിടെയൊക്കെ പിന്നീട് രണ്ടാമതും മൂന്നാമതും തരംഗങ്ങൾ വന്നു. എങ്കിലും ആദ്യത്തെ അത്ര മരണങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കാൻ അവർ പരിശ്രമിച്ചു.

ഡൽഹിയിലെയും ഉത്തർപ്രദേശിലെയും കഴിഞ്ഞ ദിവസങ്ങളിലെ പരമാവധി കേസുകൾ എത്രയെന്ന് നോക്കൂ. അവിടങ്ങളിൽ ആശുപത്രി അന്വേഷിച്ചുള്ള നെട്ടോട്ടവും, ആംബുലൻസിലും വാഹനങ്ങളിലും വെച്ച് സംഭവിച്ച മരണങ്ങളും, ആശുപത്രികളിലെ ഓക്സിജൻ ദൗർലഭ്യവും, വഴിയരികിലെ മൃതശരീരങ്ങളും, സ്മശാനങ്ങളിലെ കാഴ്ചയും നമ്മൾ കണ്ടുകഴിഞ്ഞു. നമ്മുടെ സംസ്ഥാനത്ത് ഇപ്പോഴും പുതിയ കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് അസുഖം പകർന്ന് ലഭിച്ചവരുടെ എണ്ണമല്ല ഇത്, ഒരാഴ്ച മുൻപ് അല്ലെങ്കിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് അസുഖം പകർന്ന് ലഭിച്ചവരുടെ എണ്ണമാണിത്. മുൻപൊക്കെ ഒരു വീട്ടിൽ ഒന്നോ രണ്ടോ പേർ പോസിറ്റീവ് ആകുന്ന കാര്യങ്ങളായിരുന്നു നമ്മൾ കൂടുതലും കേട്ടിരുന്നത്, ഇന്നിപ്പോൾ കുട്ടികളടക്കം ഒരു കുടുംബത്തിലുള്ള എല്ലാവരും പോസിറ്റീവ് ആകുന്ന സംഭവങ്ങൾ വരെ കേട്ടുകൊണ്ടിരിക്കുന്നു. മുൻപുള്ള സ്ട്രെയിൻ മാത്രമല്ല ഇപ്പോഴുള്ളത്. പകർച്ചാ നിരക്ക് കൂടിയ മറ്റ് സ്ട്രെയിനുകൾ ഉണ്ട്.

ഒരു കാര്യം എപ്പോഴും ഓർക്കുക. ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ രോഗികൾ ഒരേ സമയം വന്നാൽ, ആ ലിമിറ്റ് കടന്നാൽ, മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും നടന്നത് ആവർത്തിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അത് മറക്കരുത്. പീക്ക് എത്തുന്നതുവരെയുള്ള കേസുകളുടെ എണ്ണവും അത് കഴിഞ്ഞുള്ള രണ്ടാഴ്ചയും വളരെയേറെ നിർണായകമാണ്.

ഓരോ വ്യക്തിയും ഉത്തരവാദിത്വത്തോടെ മാത്രം പെരുമാറേണ്ട സമയമാണ്. ഇങ്ങനെ ഒരു ഘട്ടത്തിൽ അതിന് കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ന് സാധിക്കാൻ!എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത ആരുമില്ല. ആരോഗ്യവകുപ്പ് കൃത്യമായ അറിയിപ്പുകൾ നൽകുന്നുണ്ട്. ഓരോ ദിവസവും കേരള മുഖ്യമന്ത്രി ജനങ്ങളോട് വീണ്ടും വീണ്ടും പറയുന്നുണ്ട്. സംസ്ഥാനം സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നുണ്ട്. ഇനിയെല്ലാം നമ്മളോരോരുത്തരുടെയും കൂടി കൈയിലാണ്. ഇറ്റലിയും ഇംഗ്ലണ്ടും യുപിയും ഡൽഹിയും ഒക്കെ ആകാതിരിക്കാൻ, അവിടങ്ങളിൽ നടന്നത് പോലുള്ള ഖേദകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മളോരോരുത്തരും അതീവ ജാഗ്രത പുലർത്തേണ്ട അവസരം. അറിയേണ്ടതും ചെയ്യേണ്ടതും ഒക്കെ പഴയ കാര്യങ്ങൾ തന്നെ.

  1. കൃത്യമായി മാസ്ക് ധരിക്കുക. സാധിക്കുമെങ്കിൽ ഡബിൾ മാസ്ക് അല്ലെങ്കിൽ N-95.
  2. ആൾക്കൂട്ടം ഒഴിവാക്കുക.
  3. ഇടുങ്ങിയ സ്ഥലങ്ങളിലും വായുസഞ്ചാരം കുറവുള്ള സ്ഥലങ്ങളിലും മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് പൂർണമായും ഒഴിവാക്കുക.
  4. രണ്ട് മീറ്റർ ശരീരിക അകലം പാലിക്കുക.
  5. കഴിയുന്നതും നേരത്തെ വാക്സിൻ സ്വീകരിക്കുക.
  6. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
  7. അത്യാവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ പൂർണമായി ഒഴിവാക്കുക.

ചുരുക്കിപ്പറഞ്ഞാൽ അത്യാവശ്യം ഇല്ലാതെ പുറത്തിറങ്ങാതിരിക്കുക. കല്യാണങ്ങളും ആഘോഷങ്ങളും ഒക്കെ അല്പം മാറ്റി വെക്കാം. അല്ലെങ്കിൽ വളരെ അടുത്ത ആൾക്കാരെ മാത്രം പങ്കെടുപ്പിച്ച്, അതായത് അഞ്ചോ പത്തോ പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം. ആറോ എട്ടോ ആഴ്ച മാറ്റിവെച്ചു എന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം.
ഈ കാലവും കടന്നു പോകും. ഇതും അതിജീവിക്കും, മുൻപും നമ്മളത് ചെയ്തിട്ടുണ്ട്. അതിന് നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യുക തന്നെ വേണം.