വെളിവില്ലാത്ത ഹിന്ദുത്വ വാദങ്ങൾക്കുള്ള വേദിയാകരുത് സയൻസ് കോൺഫറൻസുകൾ

0
113

ഡോക്ടർ ജിനേഷ് പി.എസ് എഴുതുന്നു

പ്രസവ വിഭാഗം ഡോക്ടർമാരുടെ നാഷണൽ കോൺഫറൻസ് (All India Congress of Obstetrics & Gynaecology) വരികയാണ്. അതിൽ ഹോളിസ്റ്റിക് ഹെൽത്ത് എന്നൊരു വിഭാഗം ചർച്ചകൾ, അഞ്ച് പേരാണ് വിഷയം അവതരിപ്പിക്കുന്നത്.

ആദ്യത്തെയാൾ ജഗ്ഗി വാസുദേവ്. സദ്ഗുരു എന്ന് വിളിക്കപ്പെടുന്ന കക്ഷി. ഇദ്ദേഹത്തിന്റെ, ചന്ദ്രഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുന്നതിന്റെ അപാകത വിവരിച്ചു കൊണ്ടുള്ള വിഡ്ഢിത്തങ്ങൾ നിറഞ്ഞ വീഡിയോ ഏവരും കണ്ടിട്ടുണ്ടായിരിക്കുമല്ലോ ! രുദ്രാക്ഷമാല ഉപയോഗിച്ച് സാമ്പാർ പുളിച്ചത് കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കുന്നുണ്ട് അതിൽ.
പക്ഷേ വലിയ പുള്ളിയാണ്. ആത്മീയതക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് പത്മവിഭൂഷൻ ലഭിച്ചിട്ടുള്ള ആളാണ്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളും ആളുടെ പേരിലുണ്ട്.

രണ്ടാമത്തെയാൾ സന്തോഷ് ജോഷി, അവതരിപ്പിക്കുന്ന വിഷയം പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി വർക്ക്ഷോപ്പ്. ഏത് മുജ്ജന്മം, പുനർജന്മം ഇതൊക്കെ തന്നെ. ഉപബോധമനസ്സിന്റെ ആഴങ്ങളിൽ നിന്ന് മുജ്ജന്മ രഹസ്യങ്ങൾ മനസ്സിലാക്കുമത്രേ, അങ്ങനെ സമാധാനം നൽകുമെന്ന്…
മറ്റൊരാൾ ശ്രീമതി ജയ റോ, അവതരിപ്പിക്കുന്ന വിഷയം വേദാന്ത വിഷൻ. ഇനിയുള്ളത് പ്രണവ് പാണ്ഡ്യ, വിഷയം സയൻറിഫിക് എക്സ്പ്ലനേഷൻ ഓഫ് ഹോളിസ്റ്റിക് അപ്രോച്ച് ഫോർ ബെറ്റർ ഫീറ്റൽ ഡെവലപ്മെൻറ്. ഇനിയുള്ള ഒരാൾ ശിവാനി വർമ്മ, വിഷയം ഹീലിങ്ങ് ദ ഹീലേഴ്സ്. ആളെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. വേൾഡ് സൈക്യാട്രിക് അസോസിയേഷൻ അംബാസിഡർ ആണ് എന്ന് വായിച്ചിട്ടുണ്ട്. അത്രമാത്രം, അതിനാൽ ആളെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.
സയൻസുമായി യാതൊരു ബന്ധവുമില്ലാത്ത, നിരവധി വിഡ്ഢിത്തരങ്ങൾ പറഞ്ഞിട്ടുള്ള ജഗ്ഗി വാസുദേവിനെ പോലെ ഒരാളെ ഒരു സയൻസ് കോൺഫറൻസിൽ പങ്കെടുപ്പിക്കുന്നത് എന്തിനാണ് എന്നുള്ളതാണ് ഒരു ചോദ്യം.

ജഗ്ഗി വാസുദേവിനെ പോലെ ഒരാളെ ഒരു സെക്കുലർ സ്റ്റേജിൽ ഇരുത്തിയിരിക്കുന്നു എന്നുള്ളതാണ് രണ്ടാമത്തെ വിഷയം. സയൻസ് സംവദിക്കുന്ന വേദിയിൽ ആണോ മുജ്ജന്മ പുനർജന്മം വാദങ്ങൾ വാരിവിതറേണ്ടത് ? അവിടെയാണോ സന്തോഷ് ജോഷിമാരെ വിളിച്ച് തീർത്തും അശാസ്ത്രീയമായ ഹിപ്നോട്ടിസം ചർച്ച ചെയ്യേണ്ടത് ? ഇതിൻറെ പേരിൽ ഒക്കെ മണ്ടത്തരം പ്രചരിപ്പിക്കാൻ അവസരം കൊടുക്കേണ്ട കാര്യം എന്ത് ?

പ്രസവ വിഭാഗം ഡോക്ടർമാരുടെ സമ്മേളനം ആയതുകൊണ്ടായിരിക്കാം ഹോളിസ്റ്റിക് അപ്രോച്ച് ഫോർ ബെറ്റർ ഫീറ്റൽ ഡെവലപ്മെൻറ് സെമിനാർ! നിങ്ങളൊക്കെ അഞ്ചുവർഷം എംബിബിഎസും മൂന്നുവർഷം ഗൈനക്കോളജിയും പിന്നെ പല മേഖലകളിൽ ഫെലോഷിപ്പും ഒക്കെ ചെയ്തിട്ടും ഇങ്ങനെ ഒക്കെ ഉള്ള വിഷയങ്ങൾ ഒരു കോൺഫറൻസിൽ അവതരിപ്പിക്കുന്നു എങ്കിൽ എന്തോ പ്രശ്നം ഉണ്ട് എന്നെങ്കിലും മനസ്സിലാക്കണം.

പൗരാണികതയിൽ ഊന്നിയ രാഷ്ട്രീയവും ഹിന്ദു രാഷ്ട്രീയവുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സയൻസ് കോൺഫറൻസ് അതിനുള്ള വേദിയല്ല. അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും ആണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുഖ്യശത്രുക്കൾ. ഇവ മൂന്നും കാരണം രക്ഷിക്കപ്പെടാമായിരുന്ന നിരവധി ജീവനുകൾ നഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ. നിരവധി മണ്ടത്തരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ ജനങ്ങളെ ചൂഷണം ചെയ്ത് വിവിധ മതവിഭാഗങ്ങളിലെ പ്രഭാഷകർ പണം സമ്പാദിക്കുന്ന രാജ്യമാണ് ഇന്ത്യ. മരിച്ചുപോയ ആൾക്ക് ജീവൻ തിരിച്ച് കിട്ടുമെന്ന് വിശ്വസിപ്പിച്ച്, കുടുംബത്തെ മൃതദേഹത്തിന് ചുറ്റും മൂന്നുമാസം കാത്തു നിർത്തി, അനാചാര പ്രക്രിയകൾ നടത്തി, തട്ടിപ്പു നടത്തിയത് ഈ കേരളത്തിലെ മലപ്പുറത്താണ്. ഹോമം നടത്തി ഹൈസ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവൻ ഹോമിച്ചത് പത്തനംതിട്ട ജില്ലയിലാണ്. വിഷ്വൽ ഹിസ്റ്റീരിയയിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന പാസ്റ്റർമാരും ഈ സാക്ഷര കേരളത്തിൽ ധാരാളം. ഇന്ത്യയിലെ പൊതുവായ അവസ്ഥ ഇതിലും എത്രയോ മോശം. ഇവിടെയാണ് സയൻസിന്റെ വേദിയിൽ അശാസ്ത്രീയ പ്രവാചകർ കയറിയിരിക്കുന്നത്.

എന്താണോ സയൻസ്, അതിനു നേർവിപരീതമാണ് പൗരാണിക കാലത്ത് എന്തോ ഉണ്ടായിരുന്നു എന്നുപറയുന്ന ഊഹാപോഹങ്ങൾ. ആ ചിന്ത കൊണ്ടാണ് പുഷ്പകവിമാനം ആദ്യത്തെ വിമാനം ആകുന്നത്, ലോകത്തിനു മുൻപിൽ നമ്മൾ പരിഹാസ്യരാവുന്നത്. തെളിയിക്കപ്പെട്ടത് മാത്രം സയൻസ് സ്വീകരിക്കുമ്പോൾ, ഊഹാപോഹങ്ങളും പൗരാണികതയും പറയുന്നത് മതങ്ങളാണ് എന്നെങ്കിലും മനസ്സിലാക്കുക. വിഷയങ്ങളുടെ ശാസ്ത്രീയ മാനദണ്ഡവും പ്രശ്നമാണ്, ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിലെ സെക്കുലർ സ്പെയിസിൽ ഒരു മതത്തിന്റെ കടന്നുകയറ്റവും പ്രശ്നമാണ്.

സ്ഥാനം ഏറ്റെടുത്തപ്പോൾ ഹോമം നടത്തിയ ഐഎംഎ അധ്യക്ഷനെ നമുക്കിവിടെ ഓർക്കാം, ബഹിരാകാശത്തേക്ക് റോക്കറ്റ് അയയ്ക്കുമ്പോൾ തേങ്ങ ഉടയ്ക്കുന്നതും നമുക്കിവിടെ ഓർക്കാം, സയൻസ് പഠിപ്പിക്കുന്ന പരിയാരം മെഡിക്കൽ കോളേജിൽ മോഹനനെ അതിഥിയായി വിളിച്ചതും നമുക്കിവിടെ ഓർക്കാം, സൈക്യാട്രിയുടെ അടിസ്ഥാനപ്രമാണങ്ങൾ മഹാഭാരതത്തിൽ ഉണ്ട് എന്നു പറഞ്ഞ് ഐഎംഎ അധ്യക്ഷനെയും നമുക്കിവിടെ ഓർക്കാം, വർഗ്ഗീയതയുടെ അപ്പസ്തോലനായ- ഉത്തമ സന്താനങ്ങൾ ഉണ്ടാകാൻ അദ്ഭുത പൊടി പ്രോത്സാഹിപ്പിച്ച പ്രവീൺ തൊഗാഡിയയെ ഐഎംഎ വേദികളിൽ ക്ഷണിച്ച മെഡിക്കൽ നേതൃത്വത്തെയും നമുക്കിവിടെ ഓർക്കാം…
ഇതിന്റെയെല്ലാം അനുരണനമായാണ് ജനങ്ങൾ അശാസ്ത്രീയതയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നടന്നുകയറുന്നത് എന്നും നാം ഓർക്കേണ്ടതുണ്ട്. അവിടെയാണ് വാക്സിൻ വിരുദ്ധതയും വാക്സിൻ വിരുദ്ധരും ക്യാൻസറിനെയും സോറിയാസിസിനെയും ചൂഷണം ചെയ്യുന്ന ശാസ്ത്ര വിരുദ്ധരും ഉദയം ചെയ്യുന്നത്.

സയൻസ് പഠിച്ചവർക്ക് ഇല്ലാത്ത സയൻസ് അവബോധം ജനങ്ങൾക്ക് ഉണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. ഒരു കാര്യം കൂടി, തെളിവില്ലാത്ത ഹിന്ദുത്വ വാദങ്ങൾക്കുള്ള വേദിയാകരുത് സയൻസ് കോൺഫറൻസുകൾ. ശാസ്ത്രചിന്തയുടെ സെമിനാറുകളിൽ മത-രാഷ്ട്രീയം കുത്തി കയറ്റരുത്. ബിജെപി അല്ലെങ്കിൽ സംഘപരിവാർ ഹിന്ദുത്വ പറയുന്നതുപോലെയല്ലത്. സയൻസ് കോൺഫറൻസുകളിൽ അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ജനങ്ങളെ വഞ്ചിക്കുകയാണ്…
സയൻസ് പഠിച്ച ഡോക്ടർമാർ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്.
“നീ എന്തിനാ പഠിച്ചത്” ഗോഡ് ഫാദറിൽ സ്വാമിനാഥൻ മായിൻകുട്ടിയോട് ചോദിക്കുന്ന ചോദ്യം …

Advertisements