ശരിയായ രീതിയിൽ അല്ല മാസ്ക് ഉപയോഗിക്കുന്നതെങ്കിൽ, ഗുണത്തെക്കാൾ ദോഷം !

0
185
എഴുതിയത് – Dr. Jinesh PS & Dr. Deepu Sadasivan
ശരിയായ രീതിയിൽ അല്ല മാസ്ക് ഉപയോഗിക്കുന്നതെങ്കിൽ, ഗുണത്തെക്കാൾ ദോഷം !! പോലീസേനാംഗങ്ങളും അവശ്യ സർവ്വീസിൻ്റെ ഭാഗമായവരും പ്രത്യേകം ശ്രദ്ധിക്കുക.
മാസ്ക് ധരിച്ചാൽ സുരക്ഷിതത്വം കിട്ടും എന്ന ചിന്താഗതി വർദ്ധിക്കുകയാണ്. തികച്ചും തെറ്റായ ധാരണയാണ് ഇത്.
തെറ്റായ രീതിയിൽ മാസ്ക് പലരും ഉപയോഗിക്കപ്പെടുന്നത് കാണുന്നു, പ്രത്യേകിച്ച് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാർ. ഖേദകരമാണ് അവർക്ക് അപകടകരവുമാണ്.
നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പോലീസ് ഉദ്യോഗസ്ഥർ തെരുവിലിറങ്ങി പണിപ്പെടേണ്ടതായി വരുന്നുണ്ട്, ജനങ്ങളുമായി സംവേദിക്കുകയും ഇടപഴകുകയും വേണ്ടി വരുന്നുണ്ട്. സാമൂഹിക വ്യാപനം തുടങ്ങിയാൽ ആരോഗ്യ പ്രവർത്തകർ കഴിഞ്ഞാൽ റിസ്കുള്ള വിഭാഗങ്ങളൊന്നായി അവരെ കരുതാം.
ഇനി മുതൽ ജനങ്ങളുമായി കൂടുതൽ ഇടപഴകാൻ സാധ്യതയുള്ള, കമ്മ്യൂണിറ്റി കിച്ചൻ വർക്കർമാർ, സന്നദ്ധ സേവനം ചെയ്യുന്നവർ എന്നിവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
പോലീസ് സേനാ അംഗങ്ങൾ ഉൾപ്പെടെയുള്ള ഏവരും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !
പൊതുജനങ്ങൾ മാസ്ക് ധരിച്ച് നടക്കേണ്ടതുണ്ടോ?
പൊതുജനങ്ങൾ എല്ലാവരും അനാവശ്യമായി മാസ്ക് ധരിച്ച് നടക്കേണ്ടതില്ല.
സാധാരണ സർജിക്കൽ ഫേസ് മാസ്ക് കൊറോണ വൈറസിനെതിരെ കാര്യമായ സുരക്ഷ തരുന്നില്ല.
3 ലെയർ ഉള്ള സർജിക്കൽ മാസ്ക്കാണ് അൽപ്പമെങ്കിലും പ്രതിരോധം നൽകുന്നത്. അതും പൂർണമായ സുരക്ഷിതത്വം തരുന്നില്ല.
N 95 മാസ്ക് ആണ് ഏറ്റവും സുരക്ഷിതത്വം നൽകുന്നത്.
ആരൊക്കെയാണ് മാസ്ക് ധരിക്കേണ്ടത്?
ചുമ, തുമ്മൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ.
രോഗികൾ
മേൽപ്പറഞ്ഞവരെ പരിചരിക്കുന്നവർ
എന്നിവർ മാത്രമാണ്.
പുറമേ സ്രവകണങ്ങളെ പ്രതിരോധിക്കാൻ പോന്ന പാളി ഉള്ള, 3 ലെയർ മാസ്ക്കാണ് നേരിയ സുരക്ഷ നൽകുന്നത് (കൃത്യമായി ഉപയോഗിച്ചാൽ മാത്രം).
എന്നാൽ ഇന്ന് ഇത് മാർക്കറ്റിലെങ്ങും ലഭ്യമല്ല, 2 ലെയർ, 1 ലെയർ, തുണി മാസ്കുകൾ ഇതൊക്കെയേ ലഭ്യതയുള്ളൂ. ഇത്തരം മാസ്കാണ് ഏറക്കുറേ ഏവരും ധരിച്ചിരിക്കുന്നത്.
ഇത് മാനസികമായ ഒരു മിഥ്യാ സുരക്ഷാ ബോധത്തിനപ്പുറം കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ദുർബലമാണ്.
പോലീസ് സേനാംഗങ്ങളുടെ ഉപയോഗത്തിൽ കണ്ട അപാകതകൾ
മാസ്ക് മൂക്കും താടിയും കവർ ചെയ്ത് വേണം വെയ്ക്കാൻ. പലരും മൂക്ക് കവർ ചെയ്യാതെ വെച്ചിരിക്കുന്നത് കണ്ടു.
മാസ്ക് വെച്ചാൽ പിന്നെ ഒരു കാരണവശാലും അതിൻ്റെ മുൻഭാഗത്ത് കൈ കൊണ്ട് തൊടാൻ പാടുള്ളതല്ല. എന്നാൽ മിക്കവരും അത് പാലിക്കുന്നില്ല.
കൈ കൊണ്ട് തൊട്ടാൽ മാസ്കിൽ പറ്റിയിരിക്കുന്ന രോഗാണുക്കളും മറ്റും കയ്യിൽ പറ്റി അത് മുഖേന രോഗബാധയുണ്ടാവാം. ആയതിനാൽ മാസ്ക് അഴിക്കുമ്പോൾ പോലും കെട്ടിയിരിക്കുന്ന വള്ളിയിൽ പിടിച്ച് വേണം അഴിക്കാൻ.
തുണി മാസ്ക് ഉപയോഗം !
പലരും തുണികൾ കൊണ്ടുള്ള മാസ്ക് ഉപയോഗിക്കുന്നത് കണ്ടു. ഇത് യാതൊരു രീതിയിലുള്ള പ്രയോജനം തരുന്നില്ല എന്നതാണ് സത്യം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറച്ചുപിടിക്കുന്ന പ്രയോജനം ലഭിച്ചേക്കും എന്ന് മാത്രം. വൈറസ് ഉള്ളിലേക്ക് കയറുന്ന കാര്യത്തിൽ കാര്യമായ പ്രയോജനം ഒന്നും ലഭിക്കില്ല. മാത്രമല്ല ചിലപ്പോൾ സ്രവങ്ങൾ പറ്റിപ്പിടിച്ചിരിക്കാനും സാധ്യതയുണ്ട്. അത് അപകടകരമാണ്.
സൈക്കിൾ യാത്ര ചെയ്യുമ്പോൾ ധരിക്കുന്ന മാസ്ക് ചിലർ ഉപയോഗിച്ചു കാണുന്നു. മുകളിൽ പറഞ്ഞതുപോലെ തന്നെ ഇതും വലിയ പ്രയോജനം ചെയ്യില്ല.
മാസ്ക് ഇടയ്ക്ക് താഴ്ത്തി, ജനങ്ങളോട് സംസാരിക്കുകയും പിന്നീട് തിരിച്ച് വെയ്ക്കുകയും ചെയ്യുന്നവരെ കണ്ടു. അപകടമാണ്. മാസ്കിൽ കൈ കൊണ്ട് തൊടേണ്ടി വന്നാൽ, മാസ്ക് ഈർപ്പം നിറഞ്ഞതായാൽ അത് മാറ്റി പുതിയത് വെക്കേണ്ടതാണ്.
മാസ്ക് ഉപയോഗിക്കുന്നതിനു മുൻപും പിൻപും കൈ നിർദ്ദിഷ്ട രീതിയിൽ ശുചിയാക്കേണ്ടതാണ്.
മാസ്ക് ദീർഘ സമയം വെക്കുന്നത് അപകട സാധ്യത കൂട്ടും, മാസ്ക് നശിപ്പിക്കുന്നത് അണുവിമുക്തമാക്കുന്ന രീതിയിൽ വേണം. അലക്ഷ്യമായി ഉപയോഗിച്ചാൽ അതും രോഗവ്യാപനത്തിന് കാരണമാവാം. ഊരിയെടുത്ത ശേഷം പുറത്ത് വലിച്ചെറിയരുത്. അടപ്പുള്ള വേസ്റ്റ് ബിന്നിൽ മാത്രമേ നിക്ഷേപിക്കാവൂ.
ശരിയായി ഉപയോഗിച്ചാൽ പോലും ആറു മണിക്കൂർ ആണ് മാക്സിമം ഒരു മാസ്ക് ഉപയോഗിക്കാൻ പറ്റുന്നത്.
കൃത്യമായ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് മാസ്ക് ധരിക്കേണ്ടതില്ല എന്നത് ഉൾക്കൊണ്ട് നടന്ന ചിലരെ നിർബന്ധിച്ച് മാസ്ക് ഇടീപ്പിച്ച സംഭവങ്ങൾ ഉണ്ടായി എന്ന് പറയുന്നു. അത് തിരുത്തപ്പെടേണ്ടതാണ്.
ഇതിന് മറ്റൊരു വശം കൂടിയുണ്ട്,
ലോകമെമ്പാടുമുള്ള മാസ്ക് ഉൾപ്പെടെയുള്ള മെഡിക്കൽ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ കടുത്ത ദൗർലഭ്യത.
സമൂഹത്തിലെ മറ്റു വിഭാഗങ്ങളിലുള്ളവർ അനാവശ്യമായി ഉപയോഗിച്ച് തീർക്കുകയോ, വാങ്ങിക്കൂട്ടി വെക്കുകയോ ചെയ്താൽ ക്ഷാമം കൂടും. നിർണ്ണായക സമയം വരുമ്പോൾ മുൻ നിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും മാസ്ക്കിന്റെ ലഭ്യതക്കുറവുണ്ടാക്കും, അത് കൂടുതൽ രോഗവ്യാപനത്തിലേക്കും നയിച്ചേക്കും.
നിയമ പാലകർ എടുക്കേണ്ട സുരക്ഷാ നടപടികൾ
രോഗിയോട് അടുത്ത് ഇടപഴകുമ്പോ ചുമ, തുമ്മൽ എന്നിവയിലൂടെ തെറിക്കുന്ന ചെറുതുള്ളികൾ മൂക്കിലൂടെയും വായിലൂടെയും മറ്റും ശരീരത്തിൽ പ്രവേശിക്കുമ്പോഴും, ചുമ, തുമ്മൽ എന്നിവയിലൂടെ തെറിക്കുന്ന തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളിൽ കൈ കൊണ്ട് സ്പർശിച്ച ശേഷം ആ കരം വായിലോ മൂക്കിലോ കണ്ണിലോ തൊടുമ്പോഴും രോഗം പകരാൻ സാധ്യതയുണ്ട്.
തുണി മാസ്കുകൾ ഉപയോഗിച്ചാൽ അതിൽ സ്രവങ്ങൾ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്, അത് അപകടകരമാണ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ശാരീരിക അകലം പാലിക്കുക എന്നതാണ്. ഒന്നിൽ കൂടുതൽ മീറ്റർ അകലം ഉണ്ടെങ്കിൽ നന്നായിരിക്കും.
മിനിമം 1 മീറ്റർ എങ്കിലും അകലെ നിന്ന് സംസാരിക്കുക. വാഹനങ്ങൾക്കുള്ളിലേക്ക് തലയിട്ട് നോക്കുന്നതും, വാഹനങ്ങളിൽ തൊടുന്നതും അപകടകരമാണ്.
കൈകളുടെ ശുചിത്വം – കഴിയുന്നത്ര പ്രാവശ്യം നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ കൈകൾ കഴുകുക. കൈകൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.
കഴുകാൻ പറ്റാത്ത സാഹചര്യങ്ങളിൽ സാനിറ്റൈസർ ഉപയോഗിക്കുക.
ശാസ്ത്രീയമായ അവബോധം ഉള്ളവരാവുക, സർക്കാർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കി അത് ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരെ മാസ്ക് ധരിക്കാനും മെഡിക്കൽ നിർദ്ദേശങ്ങൾ സ്വീകരിക്കാനും പ്രേരിപ്പിക്കുക.
മാസ്ക്ക് ധരിച്ചാൽ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവർ ഉണ്ടാവാം, അവരോട് തർക്കിക്കാൻ വേണ്ടി പറയുന്നതല്ല. അവർക്കുകൂടി ഗുണം ലഭിക്കാൻ വേണ്ടി പറയുന്നതാണ്.
ഇൻഫോ ക്ലിനിക്ക് വിശദമായ പോസ്റ്റുകൾ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. ലിങ്ക് കമന്റിൽ.
Info Clinic