പ്രവാസികൾ വരുന്ന വിമാനത്തിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ വിമാനത്തിലുള്ളവർക്കെല്ലാം കോവിഡ് വരാനുള്ള സാധ്യതയില്ലേ ?

84

Jinesh PS

കോവിഡ് പരിശോധന നടത്താതെ വിദേശത്ത് നിന്നും ആളുകളെ വിമാനത്തിൽ കൊണ്ടുവരുന്നത് റിസ്ക്കാണോ എന്നാണ് പലരും ചോദിക്കുന്നത്. വിമാനത്തിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ വിമാനത്തിലുള്ളവർക്കെല്ലാം കോവിഡ് വരാനുള്ള സാധ്യതയില്ലേ എന്നതാണ്  ചോദ്യം. ചോദ്യം ലളിതമാണെങ്കിലും പല ഘടകങ്ങളും പരിഗണിക്കേണ്ടി വരുമെന്ന് തോന്നുന്നു.

ഒരു ക്ലോസ്ഡ് സ്പേസിൽ വളരെയധികം പേർ തിങ്ങി നിറഞ്ഞ് യാത്ര ചെയ്താൽ, അതിൽ ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ മറ്റൊരാൾക്ക് പകരാൻ സാധ്യത ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം. എന്നാൽ അങ്ങനെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ മുൻകരുതൽ സ്വീകരിച്ചാൽ അങ്ങനെ ഉണ്ടാവാൻ സാധ്യത കുറവാണ് എന്നാണ് ഉത്തരം.

  1. വിദേശത്തുനിന്ന് വരുന്നവരിൽ കോവിഡ് സ്ഥിരീകരിച്ചവർ ഉണ്ടെങ്കിൽ, മറ്റൊരാൾക്ക് അസുഖം പകരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ അവർ സ്വീകരിച്ചിരിക്കണം. അതായത് അവർ തീർച്ചയായും N 95 മാസ്ക് ധരിക്കണം. മറ്റുള്ളവരുമായി ശരീരിക അകലം പാലിക്കണം. അവർ സ്പർശിച്ച പ്രതലങ്ങളിൽ മറ്റുള്ളവർ സ്പർശിക്കാൻ സാധ്യതയില്ലാത്ത രീതിയിൽ സീറ്റുകൾ ഒരുക്കണം.
  2. വിദേശത്തുനിന്ന് വരുന്നവരിൽ PCR പരിശോധനാഫലം നെഗറ്റീവ് ആണ് എന്ന് കരുതുക. ഫലം നെഗറ്റീവ് ആണ് എന്ന് കരുതി രോഗം ഇല്ല എന്ന് 100% ഉറപ്പിക്കാൻ പറ്റില്ല. രോഗലക്ഷണങ്ങൾ ആരംഭിച്ച ശേഷം ആദ്യ ആഴ്ചയിൽ ഏതാണ്ട് 70 % കൃത്യത (Sensitivity ആണ് ഉദ്ദേശിക്കുന്നത്) മാത്രമേ പരിശോധനാ ഫലത്തിൽ ഉണ്ടാവൂ എന്ന് പഠനങ്ങൾ പറയുന്നു. സാമ്പിൾ ശേഖരിക്കുന്നത് മുതലുള്ള പല പ്രശ്നങ്ങളും ഇതിന് കാരണമാവാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ആദ്യ ആഴ്ചയ്ക്ക് ശേഷം PCR പരിശോധനയുടെ സെൻസിറ്റിവിറ്റി കുറയുകയാണ്. ഇത് മാത്രമല്ല രോഗലക്ഷണങ്ങൾ ആരംഭിക്കാത്ത അവസ്ഥയിൽ പോലും പകർച്ച ഉണ്ടാകാൻ സാധ്യതയുള്ള അസുഖവുമാണ്. അതുകൊണ്ട് ഏവരും മുൻകരുതൽ സ്വീകരിക്കണം.

ഇങ്ങനെയൊരു സാഹചര്യത്തിൽ ശാരീരിക അകലം വളരെ പ്രധാനമാണ്. കയറുമ്പോഴും ഇറങ്ങുമ്പോഴും രണ്ടുമീറ്റർ ശരീരിക അകലം പാലിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മൂന്നുപേരുടെ ഇരിപ്പിടങ്ങളിൽ നടുവിലത്തെ സീറ്റ് ഒഴിച്ചിടുന്നതാണ് അഭികാമ്യം. ഒരു സീറ്റിൽ ഒരാൾ മാത്രമാണെങ്കിൽ കുറേക്കൂടി നന്നായിരിക്കും. പക്ഷേ അത് പ്രായോഗികമായി എളുപ്പം ആണോ എന്നറിയില്ല.
ഒരു ക്ലോസ്ഡ് അന്തരീക്ഷത്തിൽ എസി പ്രവർത്തിക്കുന്നതിനാൽ ഏവരും N 95 മാസ്ക് ഉപയോഗിക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു. അത് ലഭ്യമല്ലെങ്കിൽ 3 ലെയർ മാസ്ക് എങ്കിലും ഉപയോഗിക്കണം, ഇത് വൈറസ് ശരീരത്തിൽ കടക്കുന്നത് തടയുന്നതിനെ വളരെയൊന്നും സഹായിക്കുന്നില്ല എങ്കിൽപോലും. (വിമാനത്തിനുള്ളിലെ വായുസഞ്ചാരം, എസി പ്രവർത്തനം എന്നീ സാങ്കേതിക കാര്യങ്ങളിൽ കാര്യമായ അറിവില്ല, അതുകൊണ്ട് തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കണം)

വൈറസ് ശരീരത്തിൽ എത്താനുള്ള മറ്റൊരു വഴി വൈറസ് ബാധയുള്ള ഒരാളുടെ തുമ്മലിൽ നിന്നോ ചുമയിൽ നിന്നോ തെറിക്കുന്ന ചെറുതുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളിൽ നമ്മൾ സ്പർശിക്കുകയും ആ കൈ നമ്മുടെ മൂക്കിലോ വായിലോ കണ്ണിലോ ഒക്കെ സ്പർശിക്കുകയും ചെയ്യുമ്പോഴാണ്. ഇത് ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. പരമാവധി പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കുക, കൈ മുഖത്ത് സ്പർശിക്കാതിരിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. 70 % ആൾക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക എന്നതും ചെയ്യാവുന്നതാണ്.

ഓരോ യാത്രക്കു ശേഷവും വിമാനത്തിൽ സീറ്റുകളും മറ്റും അണുവിമുക്തം ആക്കുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിൽ ഒരു യാത്രയ്ക്ക് ശേഷം കുറേ ദിവസങ്ങൾ ഉപയോഗിക്കാതിരിക്കുക എന്ന ഒരു വഴിയുമുണ്ട്. എത്രമാത്രം പ്രായോഗികമാണ് എന്നറിയില്ല. യാത്ര എങ്ങനെ ആയാലും ക്വാറന്റൈൻ നിർബന്ധമാണ്. പല നിർദ്ദേശങ്ങളിലും പല കാലയളവാണ് കാണിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം 14 ദിവസമാണ്. എന്നാൽ കേരളത്തിൽ 28 ദിവസമാണ്. എന്തായാലും ഏറ്റവും കുറഞ്ഞത് 14 ദിവസം നിർബന്ധമാണ്. ഇതിനിടയിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവർ ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സയും ഐസൊലേഷനും സ്വീകരിക്കണം.

ഇതിനിടയിൽ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് തീർച്ചയായും പരിശോധന നടത്തണം. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും രണ്ടാമത്തെ ആഴ്ച ആൻറിബോഡി പരിശോധന നടത്തുന്നത് നന്നായിരിക്കും എന്നാണ് അഭിപ്രായം. ചികിത്സയേക്കാൾ ഉപരി രോഗ സാധ്യതയെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ അത് സഹായിക്കും. പ്രവാസികളെ നാട്ടിൽ എത്തിക്കുമ്പോൾ സ്വീകരിക്കുന്ന മുൻകരുതലുകൾ പോലെ തന്നെ ആവണം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുമ്പോൾ സ്വീകരിക്കേണ്ടതും. ഇപ്പോഴത്തെ അവസ്ഥയിൽ വിദേശത്തുനിന്ന് വരുന്നതിനേക്കാൾ കൂടുതൽ റിസ്ക് ചിലപ്പോൾ ചില സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്.
ഇക്കാര്യങ്ങളിലൊക്കെ വ്യക്തമായ നയം കേരള ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടാവും. ആ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക മാത്രമാണ് ചെയ്യേണ്ടത്.

ഞാൻ എഴുതിയ അഭിപ്രായങ്ങളിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. രോഗത്തെ കുറിച്ച് കാര്യമായ അറിവില്ലാതിരുന്ന സമയത്ത് പല രീതിയിലും നിരവധി പേർക്ക് അസുഖം പകർന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ നമുക്ക് അസുഖത്തെക്കുറിച്ച് കുറെയൊക്കെ ധാരണകൾ ലഭിച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള പ്രതിരോധ രീതികളും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അത് പരമാവധി പാലിക്കാൻ ശ്രമിക്കുക എന്നതാണ് ചെയ്യേണ്ടത്.