വ്യാജപരസ്യക്കാർക്ക് ഒത്താശ ചെയ്തു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇങ്ങനെ അധഃപതിക്കരുത്

46

Dr.Jinesh PS

ഈ പതിനൊന്നാം തീയതി മലയാള മനോരമ പത്രത്തിന്റെ മുൻ പേജിൽ വന്ന ഒരു പരസ്യമാണ്. ഒരു പെയിന്റിന്റെ പരസ്യമാണ്.

“കൈകൾ സാനിറ്റൈസ് ചെയ്യുന്നത് കൊണ്ട് മാത്രം സുരക്ഷിതരായിരിക്കാൻ സാധിക്കുമോ ?” എന്ന് ചോദിച്ചുകൊണ്ടാണ് വിവരണം തുടങ്ങുന്നത്. “ഈ പെയിന്റ് പൂശിയാൽ ഭിത്തിയിലുള്ള 99% ബാക്ടീരിയകളെയും നശിപ്പിക്കുന്നു, ശ്വാസകോശത്തെ ബാധിക്കുന്ന ഹാനികരമായ വാതകങ്ങളുടെ (SOx, NOx) അളവ് കുറയ്ക്കുകയും വൈറൽ സംക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു” ഇങ്ങനെയാണ് തുടർന്നുള്ള വിവരണം. അവസാന വാചകം പ്രത്യേകം ശ്രദ്ധിക്കണം. “ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്ന് അംഗീകാരം ലഭിച്ചത് കൊണ്ട് ഈ പെയിന്റ് വീടിന്റെ സാനിറ്റൈസർ ആണെന്ന് പറയാവുന്നതാണ്”

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗീകരിച്ചു എന്ന പേരിൽ നടത്തുന്ന കച്ചവടമാണ്, അതിനുവേണ്ടിയുള്ള പരസ്യമാണ്.  ഈ പെയിന്റ് എങ്ങനെ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നു എന്നുകൂടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞാൽ കൊള്ളാം. അങ്ങനെ അണുക്കളെ നശിപ്പിക്കുന്ന പെയിന്റ് ആണെങ്കിൽ ആശുപത്രികളിലെ തീയേറ്ററുകളിലും മറ്റും ഇത് ഉപയോഗിച്ചാൽ മതിയല്ലോ !

ആശുപത്രികളിലെ തിയേറ്ററുകൾ അണുവിമുക്തമാക്കാൻ വേണ്ടി ഓരോ വർഷത്തിലും ആഴ്ചകളോളം അടച്ചിടാറുണ്ട്. ഇമ്മാതിരി പെയിന്റ് ഉണ്ടെങ്കിൽ പിന്നെ അത് വേണ്ടെന്നു വെക്കാമോ ?!!! ഐഎംഎ ഭാരവാഹികൾ ജോലിചെയ്യുന്ന ആശുപത്രികളിലെ ശസ്ത്രക്രിയ മുറികളിൽ ഈ പെയിന്റ് ആണോ അടിച്ചിരിക്കുന്നത് ???ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നൈതികത, വിശ്വാസ്യത, ശാസ്ത്രീയത എന്നിങ്ങനെ ചില വാക്കുകൾ ഉണ്ട്.

ഒന്നോർത്തു നോക്കൂ… ഈ കോവിഡ് കാലത്ത് മീഡിയ ചർച്ചകളിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം ലഭിച്ച സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മറ്റു ഡോക്ടർ സംഘടനകൾക്കോ, നേഴ്സിംഗ് സംഘടനകൾക്കോ, ആരോഗ്യ മേഖലയിലെ മറ്റു സംഘടനകൾക്കോ നിങ്ങൾക്ക് ലഭിച്ച അത്ര സ്പേസ് കിട്ടിയിട്ടില്ല. അതിൽ കുറ്റപ്പെടുത്തുകയല്ല, പക്ഷേ ജനങ്ങൾക്കിടയിൽ അത്രയധികം പ്രാതിനിധ്യം കിട്ടിയ ഒരു പ്രൊഫഷണൽ സംഘടന ഇതുപോലുള്ള കച്ചവടത്തിന് കൂട്ടുനിൽക്കരുത്.
ജനങ്ങളിൽ പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്.

ഇന്ത്യൻ മെഡിക്കൽ കൗൺസിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തമ്മിൽ ചിലർക്ക് മാറി പോകാറുണ്ട്. മെഡിക്കൽ മേഖലയിലെ ഉന്നതതല ഗവേണിങ് ബോഡി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആണ്. മെഡിക്കൽ വിദ്യാഭ്യാസവും ചികിത്സയും തുടങ്ങി മെഡിക്കൽ മേഖലയിലെ എല്ലാ കാര്യങ്ങൾക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആണ്. ഇപ്പോൾ അത് നാഷണൽ മെഡിക്കൽ കമ്മീഷൻ ആയി മാറി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നത് ഡോക്ടർമാരുടെ ഒരു തൊഴിലാളി സംഘടന മാത്രമാണ്. മറ്റു പല തൊഴിലാളി സംഘടനകളും പോലെ ഒരു സംഘടന. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആണ് എന്ന് തെറ്റിദ്ധരിക്കരുത്. പല തവണ പറഞ്ഞ കാര്യമാണ്, ഒരിക്കൽ കൂടി പറയുന്നു. ജനങ്ങൾക്കിടയിലും മാധ്യമ ചർച്ചകൾക്കിടയിലും സ്പേസ് ലഭിക്കുന്ന ഒരു പ്രൊഫഷണൽ സംഘടന ഇങ്ങനെ അധപ്പതിക്കരുത്.!