വാക്സിൻ നിർമ്മിക്കാൻ തീരുമാനിച്ചു എന്നല്ല മുഖ്യമന്ത്രി പറഞ്ഞതെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി

0
317

യുവ ഡോക്ടർ Dr Jinesh PS എഴുതുന്നു 

കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വാക്സിൻ നിർമ്മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു.നിലവിൽ ബഹുഭൂരിപക്ഷം വാക്സിനുകളും നിർമ്മിക്കുന്നത് ബഹുരാഷ്ട്ര കമ്പനികൾ ആണെന്നതിനാൽ അവ വിപണിയെ കേന്ദ്രീകരിക്കുന്ന ലാഭാധിഷ്ഠിതമായ പ്രക്രിയയാണ്. ചിക്കുൻ ഗുനിയയും ഡെങ്കിയും നിപയുമടക്കം പല വൈറൽ രോഗങ്ങളും പടർന്ന് പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാൽ വാക്സിൻ ഗവേഷണത്തിനുള്ള സാധ്യത പരിശോധിക്കുന്നു. സംസ്ഥാനത്ത് ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്സിൻ നിർമ്മാണത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ഡോ. ജേക്കബ് ജോൺ അധ്യക്ഷനായ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. പക്ഷേ അതിനു ശേഷം ഇറങ്ങിയ ട്രോളുകൾ പലതും വളരെയധികം അരോചകമായി എന്ന് പറയാതെ വയ്യ.

കേരളം കോവിഡ് വാക്സിൻ നിർമിക്കാൻ പോകുന്നേ എന്ന് കളിയാക്കലിൽ തുടങ്ങി ആരോഗ്യ മേഖലയെ ഒന്നടങ്കം പരിഹസിക്കുന്ന ട്രോളുകൾ വരെ ഉണ്ടായിരുന്നു.പത്രസമ്മേളനത്തിന്റെ വീഡിയോ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ഉണ്ട്. ആർക്കുവേണമെങ്കിലും കണ്ടു നോക്കാവുന്നതാണ്. കേരളം കൊവിഡ് വാക്സിൻ നിർമ്മിക്കാൻ തീരുമാനിച്ചു എന്നല്ല മുഖ്യമന്ത്രി പറഞ്ഞതെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതിയാവും. ഇന്നോ നാളെയോ കോവിഡ് വാക്സിൻ നിർമ്മിക്കാൻ നമുക്ക് സാധിക്കില്ല എന്ന് മറ്റാരേയും പോലെ അദ്ദേഹത്തിനും അറിയാം. ഭാവിയിലേക്കുള്ള വൈറോളജി-വാക്സിൻ ഗവേഷണ സാധ്യതകൾ പരിശോധിക്കുകയാണ് എന്നാണ് അദ്ദേഹം വ്യക്തമായി പറഞ്ഞത്. അങ്ങനെയൊരു സാഹചര്യം ഒരുക്കിയാൽ അത് ഭാവിയിലേക്ക് ഒരു കരുതലാവും എന്നാണ് അദ്ദേഹം പറഞ്ഞത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണവും ഒക്കെ കേരളത്തിലും വേണമെന്ന് ഇന്നലെ വരെ പറഞ്ഞവരാണ് ഇന്ന് കളിയാക്കുന്നത് എന്നതാണ് രസകരം.

ഭരണാധികാരിയുടെ സ്വപ്നം അല്ലെങ്കിൽ ലക്ഷ്യം എന്നൊക്കെ പറയും. ചിലപ്പോൾ എല്ലാം നിറവേറ്റാൻ പറ്റി എന്ന് വരില്ല. എങ്കിലും ഭാവിയിലേക്കായി ശാസ്ത്രീയമായി പഠനങ്ങൾ നടത്തുക തന്നെ വേണം. ഇതുപോലെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്ന നിരവധി ഭരണാധികാരികൾ ഉണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തികശേഷി താരതമ്യം ചെയ്താൽ മറ്റു പല സംസ്ഥാനങ്ങളേക്കാളും പിന്നിൽ നിന്നിരുന്ന കേരളം ആരോഗ്യമേഖലയിലും വിദ്യാഭ്യാസത്തിലും ഒക്കെ ഇന്ത്യയിലെ ഒന്നാം സ്ഥാനം നേടിയത് അങ്ങനെ ചില ഭരണാധികാരികൾ ഉള്ളതുകൊണ്ടായിരുന്നു. കേരളത്തെക്കാൾ പതിന്മടങ്ങ് സാമ്പത്തിക ശക്തിയുള്ള സംസ്ഥാനങ്ങളേക്കാൾ നേട്ടം കൈവരിച്ചത് ബോധമുള്ള ഭരണാധികാരികൾ ഉള്ളത് കൊണ്ടായിരുന്നു.

പണ്ട് ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. ശാസ്ത്രബോധമുള്ള ഒരു പ്രധാനമന്ത്രി. അദ്ദേഹം വിദ്യാഭ്യാസസ്ഥാപനങ്ങളും ഐഐടികളും എയിംസും ഗവേഷണ സ്ഥാപനങ്ങളുമൊക്കെ ആരംഭിക്കാൻ പരമാവധി പരിശ്രമിച്ചു. പൊതുമേഖലയിൽ തന്നെ വാക്സിൻ നിർമ്മിക്കാൻ ശ്രമിച്ചു. പിന്നീട് വന്ന ഭരണാധികാരികൾ വാക്സിൻ നിർമാണവും ഗവേഷണവും ഒക്കെ സ്വകാര്യകമ്പനികൾക്ക് അടിയറവെച്ചെങ്കിലും ഇങ്ങനെയും ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് മറക്കരുത്. അദ്ദേഹം ഗോമൂത്രത്തിൽ നിന്നും പ്ലൂട്ടോണിയം വേർതിരിക്കാൻ നടന്നില്ല. ചാണകത്തിൽ ഗവേഷണം നടത്താൻ കോടികൾ തുലച്ചു കളഞ്ഞില്ല. പ്രതിമകൾ കെട്ടിപ്പൊക്കി ഷോ കാണിച്ചില്ല. സ്വന്തം പേര് തുന്നിയ കോട്ട് ധരിച്ചില്ല. പശുവും ചാണകവും ഗോമൂത്രവും അല്ലായിരുന്നു അയാളുടെ അടിസ്ഥാന രാഷ്ട്രീയം. അയാളുടെ പേര് ജവഹർലാൽ നെഹ്റു, ശാസ്ത്ര അവബോധം ഉണ്ടായിരുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രി. അങ്ങനെയുള്ള പലരുടെയും സ്വപ്നങ്ങളും ലക്ഷ്യങ്ങളും പ്രതീക്ഷകളുമാണ് ഈ രാജ്യത്തെ മുന്നോട്ടു നയിച്ച് ഇവിടെ വരെ എത്തിച്ചത്.

കേരളത്തിലും അതേ, ഇതുവരെ ഭരിച്ച ഇടത്-വലത് സർക്കാരുകളുടെ പ്രവർത്തികളുടെ ഫലമാണ് ഇന്നത്തെ കേരളം. പ്രവർത്തനങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും കേരളം ഒരു ഉത്തർപ്രദേശ് ആകാതിരുന്നതിന്റെ ക്രെഡിറ്റ് ഇതുവരെ ഭരിച്ചവർക്കൊക്കെ ഉള്ളതാണ്. ഭരിച്ചവർക്ക് മാത്രം എന്ന് പറയുന്നില്ല, സാമൂഹ്യ ഒരുമയും കാഴ്ചപ്പാടുകളും ഉണ്ടായിരുന്ന കേരള സമൂഹത്തിന്റെ പ്രതിഫലനമാണ് ഇന്നത്തെ കേരളം. അവിടെ ഒരു മുഖ്യമന്ത്രി വൈറോളജി ഗവേഷണത്തെ കുറിച്ചും വാക്സിൻ ഗവേഷണത്തെ കുറിച്ചും പറയുന്നു. അസാധ്യമായ ഒന്നല്ല അത്. പക്ഷേ ഒട്ടും ലളിതവും അല്ല. ആത്മാർത്ഥമായി ശ്രമിച്ചാൽ വർഷങ്ങൾകൊണ്ട് സാധിക്കാവുന്ന ലക്ഷ്യമാണ്. പരാജയപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എങ്കിലും എന്തിനുമേതിനും ഒരാൾ പറയാത്ത കാര്യത്തിലുള്ള കളിയാക്കലും ട്രോളുകളും കുറച്ചൊരു അക്രമമാണ്.ശാസ്ത്രം എന്ന് കേൾക്കുമ്പോൾ കാള വാലുപൊക്കി ഇടുന്ന ചാണകത്തിലെ പ്ലൂട്ടോണിയത്തെ കുറിച്ച് ചിന്തിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. കേരളത്തിന് എയിംസ് അനുവദിച്ചു കിട്ടാത്തതിൽ പൊട്ടിച്ചിരിക്കുന്നവർ ബാറ്ററി ഇട്ടോ ഇടാതെയോ വാറ്റിയടി തുടർന്നോളൂ എന്ന് മാത്രമേ പറയാനുള്ളൂ. പക്ഷേ, ആ ട്രോളുകൾ പങ്കുവെച്ച കോൺഗ്രസ് സുഹൃത്തുക്കളോട് ചിലത് പറയാനുണ്ട്. നിങ്ങൾ പിണറായി വിജയനോട് വിയോജിപ്പ് രേഖപ്പെടുത്തുകയോ അയാളെ വിമർശിക്കുകയോ ചെയ്യൂ. അയാൾ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തോട് യോജിക്കാനോ വിയോജിക്കാനോ വിമർശിക്കാനോ ഉള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്. വിയോജിപ്പുകളും വിമർശനങ്ങളും ട്രോളായി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നിങ്ങൾക്കുണ്ട്. പക്ഷേ, നിങ്ങൾക്ക് കൂടി പങ്കാളിത്തമുള്ള ഈ നാടിന്റെ നേട്ടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും റദ്ദ് ചെയ്യുന്ന രീതിയിൽ അപഹസിക്കരുത്.