ക്രൂഡോയിൽ വില ഇടിഞ്ഞാലും ധൂർത്തു നടത്താൻ മുടിയനായ പുത്രന്മാരുടെ കൊള്ളയടി

169

ഡോ ജിനേഷ് പി എസ്

നിരവധി രാജ്യങ്ങളിൽ പെട്രോൾ ഡീസൽ വില കുറഞ്ഞു കഴിഞ്ഞു. 35 ശതമാനത്തിൽ അധികം വില കുറഞ്ഞ രാജ്യങ്ങൾ വരെയുണ്ട്. അന്താരാഷ്ട്ര എണ്ണവില കുത്തനെ കുറഞ്ഞതാണ് കാരണം. എന്നാൽ ഇന്ത്യയിൽ പെട്രോൾ-ഡീസൽ നികുതി കൂട്ടുകയാണ് ചെയ്തത്. റോഡ് ആൻഡ് ഇൻഫ്രാ സെസ് ഇനത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ട് രൂപയും എക്സൈസ് തീരുവ ഇനത്തിൽ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുംവർധിപ്പിച്ചു എന്നാണ് വാർത്ത. ഇതോടെ നികുതിയിനത്തിൽ പെട്രോളിന് 10 രൂപയും ഡീസലിന് 15 രൂപയും കൂടി. അതായത് അന്താരാഷ്ട്ര ക്രൂഡോയിൽ വിലയിലുണ്ടായ കുറവ് ജനങ്ങൾ ഇന്ധനം വാങ്ങുമ്പോൾ ലഭിക്കില്ല എന്ന് ചുരുക്കം.

അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ ഇടിവിന് ആനുപാതികമായി ഇല്ല എന്നത് മാത്രമല്ല, ഇന്ധന വിലയിൽ ഒരു രൂപ പോലും ജനങ്ങൾക്ക് കുറച്ചു നൽകുന്നില്ല എന്നതാണ് വസ്തുത. സർക്കാരിന്റെ കയ്യിൽ പണമില്ല എന്നതാവും ന്യായം. ലോക്ക്ഡൗണും തൊഴിലില്ലായ്മ മൂലം ജനങ്ങളുടെ കയ്യിലും പണം ഇല്ല എന്നതാണ് സത്യം. ജോലി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് പേർ. പ്രവാസികൾ അടക്കം ഉണ്ട് ജോലി നഷ്ടപ്പെട്ടവരിൽ. ഈ വരുമാനം ഇല്ലാത്തവരിൽ നിന്നാണ് ഈ തുക നേരിട്ടോ അല്ലാതെയോ ഈടാക്കുന്നത് എന്നോർക്കണം.

ശരി, ആയ്ക്കോട്ടേ… സർക്കാരിന്റെ കയ്യിൽ വരുമാനമില്ല എന്നതാണല്ലോ ന്യായം. പക്ഷേ ഒരുപകാരവുമില്ലാതെ ലക്ഷങ്ങൾ മുടക്കി സൈന്യത്തിന് പൂ വിതറാം. ആരോഗ്യ പ്രവർത്തകരെ ആദരിക്കാനാണ് എന്നാണ് ഭാഷ്യം. മറ്റ് ഏതൊരു തൊഴിലും പോലെ ഒരു തൊഴിലാണ് ആരോഗ്യ പ്രവർത്തനവും. ആദരിക്കുക ഒന്നും വേണ്ട, അംഗീകരിച്ചാൽ മാത്രം മതി. മർദ്ദനം ലഭിക്കാതിരുന്നാൽ മാത്രം മതി. ഒരു ആരോഗ്യ പ്രവർത്തകൻ മരിച്ചാൽ ശവസംസ്കാരം തടയാതിരുന്നാൽ മതി. ഇങ്ങനെയൊക്കെ മാന്യമായി പെരുമാറാൻ ജനങ്ങളെ പ്രേരിപ്പിച്ചാൽ മാത്രം മതി.

ഇനി ആരോഗ്യ പ്രവർത്തകരെ അംഗീകരിക്കാനാണെങ്കിൽ ചെയ്യേണ്ടത് ലക്ഷങ്ങൾ ചെലവാക്കി ഉള്ള കോപ്രായങ്ങൾ അല്ല. അവർക്ക് ആവശ്യമായ രോഗ പ്രതിരോധ സുരക്ഷാ ഉപാധികൾ നൽകുകയാണ് വേണ്ടത്. രോഗപ്പകർച്ച തടയാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ മതി. അതിനാണ് പ്രാധാന്യം നൽകേണ്ടത്. എന്നാൽ ഈ ഷോ കണ്ട്, അതിൽ അഭിരമിച്ച് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യപ്രവർത്തകരും ഉണ്ട്. അവരോട് തർക്കിക്കാനില്ല. ഒന്നേ പറയാനുള്ളൂ… ഇന്ധനവിലയിൽ അധിക നികുതി ചുമത്തി സാധാരണക്കാരെ ഊറ്റിയും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചുമൊക്കെ ശേഖരിക്കുന്ന പണം ദുർവ്യയം ചെയ്യരുത്.