മെഡിക്കൽ , പോസ്റ്റുമോർട്ടം വിഷയങ്ങളിൽ ലോജിക്ക് ഇല്ലാതെ ഇറക്കിയ സിനിമയല്ല ഇത്, ഡോക്ടറുടെ കുറിപ്പ്

0
1324

Dr Jinesh PS

ഒരു റിവ്യൂ ഒന്നുമല്ല. ഇന്നലെയും ഇന്നുമായി ലഭിച്ച ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രമാണ്.

(Spoiler alert: ദൃശ്യം – 2 കാണാനിരിക്കുന്നവർ വായിക്കാതിരിക്കുന്നതാവും നല്ലത് എന്ന് കരുതുന്നു)
എല്ലാ അസ്വഭാവിക മരണങ്ങളിലും പോസ്റ്റ്മോർട്ടം പരിശോധന നടത്തണം എന്നതാണ് ഇന്ത്യയിലെ നിയമം. കൊലപാതകകേസുകളിൽ മാത്രമല്ല, റോഡ് അപകട മരണങ്ങളിലും മരത്തിൽ നിന്നോ മറ്റോ വീണ് സംഭവിക്കുന്ന മരണങ്ങളിലും ഒക്കെ പോസ്റ്റ്മോർട്ടം പരിശോധന വേണം.കുടുംബ വഴക്കിൽ തലയ്ക്കടിയേറ്റ് ദാരുണ മരണം സംഭവിച്ച യുവാവിന്റെ മൃതശരീരം തീർച്ചയായും പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് വിധേയമാക്കും.

എങ്ങനെയാണ് പോസ്റ്റ്മോർട്ടം പരിശോധന എന്ന് കൂടി ഒന്ന് നോക്കാം. എല്ലാ ആന്തരാവയവങ്ങളും വ്യക്തമായി പരിശോധിക്കുന്നത് പോലെ മസ്തിഷ്കവും പരിശോധിക്കേണ്ടതുണ്ട്. ആദ്യം ചെവിയുടെ ഇരുവശത്തുനിന്നും തലയുടെ മുകളിലൂടെ ഒരു ഇൻസിഷൻ ഇടും. അവിടെ നിന്നും സ്കാൽപ് (തലയോട്ടിക്ക് പുറത്തുള്ള കട്ടിയുള്ള ചർമം. ഇവിടെയാണ് തല മുടി വളരുന്നത്) രണ്ട് വശത്തേക്കും വകഞ്ഞു മാറ്റുന്നു. ഇപ്പോൾ തലയോട്ടി വ്യക്തമായി കാണാൻ സാധിക്കും. രണ്ടു ചെവിക്കും മുകളിലായി തലയോട്ടി വട്ടത്തിൽ മുറിക്കുന്നു. ഇതിന് ഉളിയും ചുറ്റികയും അല്ലെങ്കിൽ ഇലക്ട്രിക് സോ (വാൾ) ഉപയോഗിക്കാം. സാധാരണ കൂടുതലായും ഉപയോഗിക്കുന്നത് ഉളിയും ചുറ്റികയും ആണ്. തലയോട്ടിയുടെ മുകൾഭാഗം മാറ്റി കഴിയുമ്പോൾ വെളുത്ത ഫൈബറസ് ആയ ഒരു സ്തരം (ഡ്യൂറ) കാണാം. സാജിറ്റൽ സൈനസ് സ്കാൽപൽ (സർജിക്കൽ ബ്ലേഡ്) അല്ലെങ്കിൽ കത്രിക ഉപയോഗിച്ച് തുറന്ന ശേഷം ഡ്യൂറ വേർപെടുത്തുന്നു. ഇപ്പോൾ മസ്തിഷ്കം ദൃശ്യ ഗോചരമാകും. ഒപ്റ്റിക് നെർവ്, മിഡിൽ സെറിബ്രൽ ആർട്ടറി തുടങ്ങിയ കണക്ഷനുകൾ അതീവശ്രദ്ധയോടെ കട്ട് ചെയ്യുന്നു. തുടർന്ന് ഇരുവശത്തുമുള്ള ടെൻഡോറിയം സെറിബല്ലൈ അതീവ ശ്രദ്ധയോടെ മുറിക്കുന്നു. ശേഷം സുഷുമ്നയുടെ (സ്പൈനൽ കോർഡ്) മുകൾ ഭാഗം മുറിച്ച് മസ്തിഷ്കം പുറത്തെടുക്കുന്നു. പുറത്തെടുത്ത മസ്തിഷ്കം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു. മസ്തിഷ്കത്തിന്റെ എല്ലാ ഭാഗവും മുറിച്ച് പരിശോധിച്ച് പരിക്കുകളും അസുഖങ്ങളും പ്രായം കൂടുന്നത് മൂലമുള്ള വ്യത്യാസങ്ങളും ഒക്കെ വിലയിരുത്തുന്നു. ഇതെല്ലാം രേഖപ്പെടുത്തുന്നു. കൂടാതെ ഹിസ്റ്റോപത്തോളജി പരിശോധന ആവശ്യമെങ്കിൽ സാമ്പിളുകൾ ശേഖരിച്ച് അയയ്ക്കുകയും ചെയ്യുന്നു.

ഡിസെക്റ്റ് ചെയ്ത് തുറന്നുവച്ചിരിക്കുന്ന വയറിനുള്ളിൽ, പരിശോധന നടത്തിയ ഈ മസ്തിഷ്കം നിക്ഷേപിക്കുന്നു. തലയോട്ടിക്ക് ഉള്ളിൽ തുണി നിറച്ചശേഷം മുറിച്ചുമാറ്റിയ തലയോട്ടിയുടെ മുകൾഭാഗം തിരികെ വെക്കുന്നു. രണ്ടു വശത്തേക്കും വകഞ്ഞ് മാറ്റിയ സ്കാൽപ് തിരികെ ആക്കിയ ശേഷം തുന്നുന്നു. തലമുടി ഉള്ളവരിൽ ഈ മുറിവ് കാണാൻ സാധിക്കാത്ത രീതിയിൽ ആയിരിക്കും.
പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്ന സമയത്ത് തലയോട്ടിയിൽ ഉണ്ടാക്കുന്ന ഈ പൊട്ടൽ അങ്ങനെ തന്നെ നിലനിൽക്കും. മരണശേഷം എല്ലുകൾ കൂടിച്ചേരില്ല. പോസ്റ്റ്മോർട്ടം പരിശോധന നടത്തുമ്പോൾ തലയോട്ടിയിൽ ഉണ്ടാക്കുന്ന പൊട്ടൽ പരിക്ക് പറ്റുന്നതുപോലെയേ അല്ല.

ഓർക്കുക കൊലപാതക കേസുകളിൽ മാത്രമല്ല ഇങ്ങനെ പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്നത്. എല്ലാ അസ്വഭാവിക മരണങ്ങളിലും പോസ്റ്റ്മോർട്ടം പരിശോധന നടത്തുകയും മേൽപ്പറഞ്ഞ രീതിയിൽ തലയോട്ടിയും മസ്തിഷ്കവും പരിശോധിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ തലയ്ക്ക് പരിക്കേൽക്കുന്ന മരണങ്ങളിൽ ഒക്കെ പോസ്റ്റ്മോർട്ടം പരിശോധന നടന്നിരിക്കാൻ സാധ്യതയുണ്ട് എന്നു ചുരുക്കം.
മരിച്ചവർക്ക് വേണ്ടി സംസാരിക്കേണ്ടവരാണ് ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ. അവർക്ക് ഹിറ്റ് കേസുകൾ എന്നോ മോശം കേസുകൾ എന്നോ ഒന്നുമില്ല. എല്ലാ കേസുകളും അവർക്ക് പുതിയ കേസുകളാണ്. എല്ലാ കേസുകളിലും കൃത്യമായ പരിശോധനകൾ നടത്തേണ്ടവരാണവർ. അതായത് പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്ന എല്ലാ കേസുകളിലും മുകളിൽ വിരിച്ചതുപോലെ തലയോട്ടിയും മസ്തിഷ്കവും പരിശോധിയ്ക്കുമെന്ന് ചുരുക്കം.


കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം സാധാരണഗതിയിൽ രാവിലെ 8 മണിക്ക് തുറക്കും. പകൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ (സിവിൽ പൊലീസ് ഓഫീസർ) ലെയ്സൺ ഓഫീസർ പദവിയിൽ ജോലിയിലുണ്ട്. കൂടാതെ മറ്റൊരു പൊലീസ് ഓഫീസർ പൊലീസ് വാഹനത്തിന്റെ ഡ്രൈവർ ചുമതലയിലും ഉണ്ട്.സാധാരണഗതിയിൽ വൈകിട്ട് നാല് ആകുമ്പോൾ ഡിപ്പാർട്ട്മെന്റ് അടയ്ക്കും. അല്ലെങ്കിൽ അവസാനത്തെ കേസ് തീരുമ്പോൾ അടക്കും (ചിലപ്പോൾ നാലു മണിക്ക് ശേഷവും കേസുകൾ നീണ്ടു പോകാറുണ്ട്). ഡോക്ടർമാർ ഇരിക്കുന്ന ഭാഗവും പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന ഭാഗവും പൂട്ടും. രണ്ടു ഭാഗത്തേക്കും ഉള്ള മെറ്റൽ ഗ്രിൽ ഗേറ്റ് വലിയ താഴിട്ട് പൂട്ടും. അതിനുശേഷം പുറത്തേക്കുള്ള മെയിൻ ഗേറ്റും ഇതുപോലെതന്നെ പൂട്ടും. ഈ താക്കോലുകൾ എല്ലാം പ്രിൻസിപ്പൽ ഓഫീസിൽ ഏൽപ്പിക്കും. ഓരോ ദിവസവും ഇത് അവിടെയുള്ള രജിസ്റ്ററിൽ ചേർക്കുകയും ചെയ്യും. പിറ്റേ ദിവസം രാവിലെ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം മാത്രമാണ് താക്കോൽ തിരികെ ലഭിക്കുക. രാത്രിയിൽ ഡിപ്പാർട്ട്മെന്റ് തുറക്കുക എന്നത് ഏതാണ്ട് അസംഭവ്യമാണ്. അങ്ങനെ അല്ലാതെ ഏതെങ്കിലും സാഹചര്യത്തിൽ തുറക്കേണ്ടി വന്നാൽ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റ് മേധാവിയുടെയും മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന്റെയും അറിവോ സമ്മതമോ ഇല്ലാതെ നടക്കും എന്ന് തോന്നുന്നില്ല. ആറേഴു വർഷം ജോലി ചെയ്ത ആ കാലത്തിനിടെ ഇങ്ങനെയൊരു സംഭവം കണ്ടിട്ടില്ല.
രാത്രിയിൽ ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് മാത്രമായി ഒരു സെക്യൂരിറ്റി ഓഫീസർ ഇല്ല. എന്നാൽ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ചുമതലയുള്ളവരുടെ ശ്രദ്ധ അവിടെ ഉണ്ടാവും. പക്ഷേ, അവർക്ക് പോലും ഡിപ്പാർട്ട്മെന്റ് തുറക്കാൻ സാധിക്കില്ല.

കോട്ടയം മെഡിക്കൽ കോളേജിലെ കോൾഡ് ചേംബർ (മൃതശരീരം സൂക്ഷിക്കുന്ന മോർച്ചറി) ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് സമീപം ആണ്. അതിലൂടെ ഫൊറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റിന് ഉള്ളിലേക്ക് കയറാൻ സാധിക്കില്ല. ഈ ഭാഗം രാത്രിയിലും തുറക്കാൻ സാധിക്കും. മൃതശരീരം രാത്രിയിലും മോർച്ചറിയിൽ വെക്കാനുള്ള സൗകര്യം ഉണ്ട്.


എക്സ്യുമേഷൻ നടത്തുമ്പോൾ ലഭിക്കുന്ന എല്ലുകൾ പരിശോധിക്കുന്നതും ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ തന്നെയാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള എക്സ്യുമേഷൻ പരിശോധന നടക്കുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ തന്നെയാണ്.
എക്സ്യുമേഷൻ സമയത്ത് ലഭിക്കുന്ന എല്ലുകൾ ഒക്കെ കാർഡ്ബോർഡ് പെട്ടികളിൽ ആണ് സാധാരണ കൊണ്ടുവന്ന് കണ്ടിരിക്കുന്നത്.

പോസ്റ്റുമോർട്ടം നമ്പർ രജിസ്റ്റർ ചെയ്താൽ പരിശോധന ആരംഭിക്കുകയായി. ഏതൊക്കെ എല്ലുകൾ ഉണ്ട് എന്നത് കൃത്യമായി രേഖപ്പെടുത്തും. മാത്രമല്ല ഓരോ എല്ലുകളിലും എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടെങ്കിൽ അതെല്ലാം രേഖപ്പെടുത്തും. ശേഷം എല്ലുകൾ വൃത്തിയാക്കാൻ ആരംഭിക്കും. വെള്ളത്തിൽ നന്നായി കഴുകി ഉണക്കിയെടുത്ത ശേഷം അതിസൂക്ഷ്മമായ വിശദമായ പരിശോധന ആരംഭിക്കും. എല്ലുകളിൽ ഉള്ള പരിക്കുകൾ, പ്രായം, പുരുഷനോ സ്ത്രീയോ തുടങ്ങിയ കാര്യങ്ങളൊക്കെ വിശദമായി പരിശോധിക്കും. ഇതിന് ഏതാനും ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ എടുക്കാം. ആ കാലമത്രയും എല്ലുകൾ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ തന്നെ സൂക്ഷിക്കും. ആ സമയത്ത് ഇത് സീൽ ചെയ്ത് വയ്ക്കാറില്ല. ഓരോ ദിവസവും സീൽ ചെയ്യുകയും അഴിക്കുകയും എന്നത് പ്രായോഗികമല്ല എന്നതിനാൽ ആവണം. ചിത്രത്തിൽ ഈ ഭാഗങ്ങളിൽ ഒന്നും അസ്വാഭാവികത ഇല്ല.

ഒപ്പം തന്നെ രാസ പരിശോധനയ്ക്കും ഡിഎൻഎ പരിശോധനയ്ക്കും എല്ലുകൾ അയക്കുകയും ചെയ്യും. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും കെമിക്കൽ എക്സാമിനേഴ്സ് ലാബിലേക്കും ആണ് സാമ്പിളുകൾ അയക്കുക. ഇങ്ങനെ അയക്കുമ്പോൾ കൃത്യമായി സീൽ ചെയ്താണ് അയക്കുക. ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കുന്നത് കോടതി മുഖാന്തരവും രാസപരിശോധനയ്ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ കൊടുത്ത് നേരിട്ടും ആണ്.


മരിച്ച ഉടനെ പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്നതിനേക്കാൾ വെല്ലുവിളികൾ നിറഞ്ഞതാണ് ജീർണിച്ച ശരീരത്തിലെ പോസ്റ്റ്മോർട്ടം പരിശോധന. കാരണം ജീർണ്ണിക്കുമ്പോൾ പല ലക്ഷണങ്ങളും തെളിവുകളും നഷ്ടപ്പെട്ട് തുടങ്ങും.മറ്റേതൊരു വിഭാഗവും പോലെ തന്നെ ഒരു ടീം വർക്ക് ആണ് ഫോറൻസിക് മെഡിസിൻ വിഭാഗത്തിലും നടക്കുന്നത്. ഡോക്ടർമാരും ജൂനിയർ ലാബ് അസിസ്റ്റന്റുമാരും സഹായികളും ഒക്കെ അടങ്ങുന്ന ഒരു ടീം വർക്ക്. പലപ്പോഴും വിവാദങ്ങളും കുത്തുവാക്കുകളും മാത്രം കേൾക്കുന്ന ഒരു വിഭാഗമെന്ന നിലയിൽ ഇത്രയെങ്കിലും പറയേണ്ടതുണ്ട്.


മെഡിക്കൽ വിഷയങ്ങളും പോസ്റ്റുമോർട്ടം പരിശോധനയും ഒക്കെ സംബന്ധിച്ച് യാതൊരു ലോജിക്കും ഇല്ലാതെ നിരവധി അസംബന്ധങ്ങൾ കുത്തിനിറച്ച ധാരാളം മലയാളം സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള സിനിമകളുമായി താരതമ്യം ചെയ്യാൻ സാധിക്കുന്ന ഒരു ചിത്രമല്ല ഇത്. ഒരുവിധം നന്നായി തന്നെ സംവിധാനം ചെയ്തിരിക്കുന്ന ഒരു ചിത്രം ആണ് ഇതെന്നാണ് അഭിപ്രായം. എങ്കിലും ചില ചോദ്യങ്ങൾ വന്നപ്പോൾ ഉത്തരങ്ങൾ തിരഞ്ഞു എന്ന് മാത്രം.


ഇനി ഒരു ചോദ്യം.എല്ലുകൾ ആസിഡിൽ മുക്കി നശിപ്പിച്ചാൽ ഡിഎൻഎ പരിശോധന നടത്താൻ സാധിക്കുമോ, ഫലം ലഭിക്കുമോ ?