ഒരു സിനിമയെ കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഇങ്ങനെ എഴുതുന്നതിൽ ക്ഷമിക്കണം

67

Jinesh PS

ഒരു കാലത്ത് മലയാള സിനിമയിൽ കഥാപാത്രങ്ങൾ മരിച്ചാൽ വായിലും മൂക്കിലും ചോര വരണമെന്ന് നിർബന്ധമായിരുന്നു. മെഡിക്കൽ വിഷയങ്ങളിൽ യാതൊരു ലോജിക്കും ഇല്ലാതെ അസംബന്ധങ്ങൾ കുത്തിനിറച്ച ധാരാളം മലയാളം സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അത്തരം സിനിമകൾ കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഉണ്ടാവുന്നുണ്ട്. ഈ അടുത്ത കാലത്ത് ചർച്ച ചെയ്യപ്പെട്ട അഞ്ചാം പാതിരയിൽ പോലും ചില കല്ലുകടികൾ ഉണ്ടായിരുന്നു. പൊതുവേ നല്ല ബിൽഡപ്പ് ഒക്കെ ആയി വന്ന കഥാതന്തുവിൽ മെഡിക്കൽ വിഷയം വന്നപ്പോൾ ഫ്ലോപ്പ് ആയി. സോൾപിഡം എങ്ങനെ ശരീരത്തിലെത്തുന്നു എന്നതും, വഴിത്തിരിവായ കേസിൽ പ്രഷറിനുള്ള മരുന്ന് കഴിക്കുന്ന വ്യക്തിയിൽ സോൾപിഡം പ്രവർത്തിക്കുന്നില്ല എന്നതുമൊക്കെ ലോജിക്കില്ലാത്ത വിഷയങ്ങളാണ്.

അത്തരത്തിലുള്ള സിനിമകളുമായി താരതമ്യം ചെയ്യാൻ സാധിക്കുന്ന ഒരു ചിത്രമല്ല ദൃശ്യം 2. ഒരുവിധം നന്നായി തന്നെ സംവിധാനം ചെയ്തിരിക്കുന്ന ഒരു ചിത്രം ആണ് ഇതെന്നാണ് അഭിപ്രായം. അത്യാവശ്യം ഹോംവർക്ക് ചെയ്ത് തയ്യാറാക്കിയിരിക്കുന്ന ചിത്രം. മെഡിക്കൽ വിദഗ്ധരുമായി ചർച്ച ചെയ്യുന്നതിന്റെ പ്രയോജനം എപ്പോഴും ഉണ്ടാവും. ഇന്നത്തെ വീഡിയോയിൽ ജീത്തു ജോസഫ് അത് പറയുകയും ചെയ്തു. അതിനെയും ചർച്ചകൾ ഉണ്ടാകുമ്പോൾ മറുപടി പറയാൻ കാണിക്കുന്ന സന്നദ്ധതയേയും അഭിനന്ദിക്കുന്നു.
ഈ സിനിമയിലെ പ്രധാന പൊരുത്തമില്ലായ്മ ഇന്നലെ എഴുതിയ പോസ്റ്റിൽ (click > പോസ്റ്റ് വായിക്കാം )ഞാൻ വിവരിച്ചിരുന്നു. ആ പോസ്റ്റിൽ ആദ്യം എഴുതിയ കാരണം. അതായത് മാറ്റിവയ്ക്കാൻ വേണ്ടി അസ്ഥി ശേഖരിച്ച വിഷയം തന്നെ. ആ പൊരുത്തമില്ലായ്മ ഇപ്പോഴും അതുപോലെ തന്നെ നിലനിൽക്കുന്നു.

കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ സെക്യൂരിറ്റി ഇല്ല എന്ന് ഇന്നത്തെ വീഡിയോയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ തൃശൂർ മെഡിക്കൽ കോളേജിൽ അത് ഉണ്ട് എന്നും അവിടുത്തെ സാഹചര്യം സിനിമയ്ക്ക് വേണ്ടി ഇങ്ങോട്ട് മാറ്റിയതാണ് എന്നും. സിനിമയ്ക്ക് വേണ്ടി ഇങ്ങനെ ഒരു മാറ്റം എന്ന വാദം അംഗീകരിക്കേണ്ടതാണ്.

ഇന്നത്തെ വീഡിയോയിൽ അദ്ദേഹം പറയുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്ന റൂമിൽ (ഓട്ടോപ്സി റൂം) മാത്രമാണ് സിസിടിവി ക്യാമറ ഉള്ളത് എന്നാണ്. അത് ഒരു തെറ്റായ വിവരമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന റൂമിലും സിസിടിവി ക്യാമറ ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഡിപ്പാർട്ട്മെൻറിനുള്ളിൽ പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന സ്ഥലത്തോ, ഡോക്ടർമാരും മറ്റ് ജീവനക്കാരും ഇരിക്കുന്ന സ്ഥലത്തോ സിസിടിവി ക്യാമറ ഇല്ല.

സത്യത്തിൽ അവിടെ സിസിടിവി ക്യാമറ വേണ്ടതാണ്. പലവിധ വിവാദങ്ങളും ഒഴിവാക്കാൻ അത് വളരെയധികം സഹായിക്കും. പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന റൂമിൽ അടക്കം സിസിടിവി ക്യാമറ വേണം എന്ന അഭിപ്രായം ഉള്ള ആളാണ് ഞാൻ. മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജിലെ വിവാദമായ പോസ്റ്റ്മോർട്ടം പരിശോധന സംബന്ധിച്ച് ചർച്ചകൾ നടന്ന സമയത്തും മറ്റും ഇത് ഇവിടെ എഴുതിയിട്ടുമുണ്ട്. അങ്ങനെയൊരു സിസിടിവി ക്യാമറ ഉണ്ടായിരുന്നെങ്കിൽ ഉന്മേഷ് എ കെ എന്ന ഫോറൻസിക് മെഡിസിൻ സ്പെഷലിസ്റ്റ് ഡോക്ടർക്ക് പ്രൊഫഷണൽ ജീവിതത്തിൽ നീണ്ട വർഷങ്ങൾ നഷ്ടപ്പെടില്ലായിരുന്നു.

വിവാദം ആയാൽ ഭരിക്കുന്ന സർക്കാരിന് ഏറ്റവും തലവേദനയുണ്ടാക്കുന്ന വിഷയങ്ങളിലൊന്നാണ് പോസ്റ്റ്മോർട്ടം പരിശോധന സംബന്ധിച്ച വിവാദങ്ങൾ. ചില വിവാദങ്ങൾ എങ്കിലും ഒരു സിസിടിവി ക്യാമറ ഉണ്ടെങ്കിൽ നിലനിൽക്കില്ല. ഒരു സിനിമയെ കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഇങ്ങനെ എഴുതുന്നതിൽ ക്ഷമിക്കണം. സിനിമയല്ല യാഥാർഥ്യം എന്ന് നമുക്ക് ഏവർക്കും അറിയാം. പക്ഷേ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ ഇതൊരു മാധ്യമമാണ്. അത് ഉപയോഗിക്കുന്നു എന്ന് മാത്രം.