നിങ്ങളൊക്കെ എന്തിനാ പഠിച്ചത് ?

290

Dr Jinesh PS എഴുതുന്നു

പ്രാർത്ഥനാ സൗഖ്യ അനുഭവസാക്ഷ്യം പറഞ്ഞ അമല ആശുപത്രിയിലെ ഡോക്ടർ ശ്രീനിവാസനോട്,

ഒരു കാലമുണ്ടായിരുന്നു. ഗുരുതരമായ അസുഖം വരുമ്പോൾ പ്രാർത്ഥിച്ച് കാത്തിരുന്ന ഒരു കാലം. ജീവൻ തിരിച്ചു കിട്ടിയാൽ പ്രാർത്ഥനയുടെ ഫലം എന്ന് കരുതിയിരുന്ന കാലം. അന്നത്തെ ശരാശരി ആയുസ്സ് 40 വയസ്സ് തികയില്ല. ബഹുഭൂരിപക്ഷവും അതിനുമുൻപ് മരിക്കുകയാണ്. അസുഖം മൂലമോ പരിക്കുപറ്റിയോ മരിക്കുകയാണ്. അതായിരുന്നു ഒരു കാലം. അവിടെനിന്നും ശരാശരി ആയുസ്സ് ഇരട്ടിയോളം ആയി.

ആ പഴയ കാലത്ത് ഉണ്ടാകുന്ന കുട്ടികളിൽ പകുതിയിൽ കൂടുതൽ മരണമടയുകയായിരുന്നു, ഏതെങ്കിലും അസുഖങ്ങൾ മൂലം. അവിടെ നിന്നും ലോകജനസംഖ്യ പതിന്മടങ്ങ് വർധിച്ചു. മെച്ചപ്പെട്ട സാമൂഹ്യ സാഹചര്യങ്ങളോടൊപ്പം മികച്ച ചികിത്സാസൗകര്യങ്ങൾ ലഭ്യമായത് കൂടിയാണ് കാരണം. അന്നൊക്കെ ശാസ്ത്രീയമായ ചികിത്സ സൗകര്യങ്ങൾ ഇല്ലായിരുന്നു. ഇന്ന് സയൻസ് ഓരോ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കണ്ടെത്തി കൊണ്ടിരിക്കുന്നു. ഇനിയും കൂടുതൽ മികച്ച കണ്ടെത്തലുകൾ ഉണ്ടാവുകയും ചെയ്യും. സയൻസ് വളർച്ചയുടെ പാതയിലാണ്.

ആ സമയത്തും അശാസ്ത്രീയതകൾ പ്രചരിപ്പിക്കുന്നത് ഒട്ടും വിരളമല്ല. പക്ഷേ സയൻസ് പഠിച്ച ഒരു ഡോക്ടർ അങ്ങനെ ചെയ്യുന്നത് വഞ്ചനയാണ്. താൻ പഠിച്ച ശാസ്ത്രത്തോടും ചരിത്രത്തോടും അവനവനോടുമുള്ള വഞ്ചന. ഒരു വത്തിക്കാൻ ടൂർ പോകാൻ വേറെ എന്തൊക്കെ വഴികളുണ്ട് !!!അവരോടൊക്കെ ഒന്നേ ചോദിക്കാനുള്ളൂ. “നിങ്ങളൊക്കെ എന്തിനാ പഠിച്ചത് ?” ഗോഡ് ഫാദറിൽ മായികുട്ടിയോട് സ്വാമിനാഥൻ ചോദിച്ച ചോദ്യം.

സയൻസിന് മുൻപിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉണ്ട്, ആ ചോദ്യങ്ങൾക്ക് ഉത്തരം സയൻസ് തന്നെ കണ്ടുപിടിക്കും. അവരവർക്കിഷ്ടമുള്ള യക്ഷിക്കഥകൾ അതിന് പകരമാവില്ല എന്നെങ്കിലും സയൻസ് പഠിച്ചവർ മനസ്സിലാക്കണം.

Advertisements