ഇനിയും തലക്കകത്ത് വെളിച്ചം വീഴാത്തവർക്ക് വേണ്ടി മാത്രം

121

Dr Jinesh PS എഴുതുന്നു

ഇനിയും തലക്കകത്ത് വെളിച്ചം വീഴാത്തവർക്ക് വേണ്ടി മാത്രം

ഇറ്റലിയിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 3.18
ചൈനയിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 4.32
സ്പെയിനിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 2.97
തെക്കൻ കൊറിയയിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 12.27
ജർമനിയിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 8

ആ ഇറ്റലിയിലാണ് 4000-ലധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നത്, 47000-ലധികം പേർ രോഗബാധിതരായിരിക്കുന്നത്.
ചൈനയിൽ 81000 ലധികം പേരെ ബാധിച്ച്, 3255 മരണങ്ങൾ
സ്പെയിനിൽ 21000 ലധികം പേരെ ബാധിച്ച്, ആയിരത്തിലധികം മരണങ്ങൾ
തെക്കൻ കൊറിയയിൽ 8800 ഓളം രോഗികളിൽ 102 മരണങ്ങൾ
ജർമനിയിൽ ഇരുപതിനായിരത്തോളം രോഗികളിൽ 68 മരണങ്ങൾ

നമ്മുടെ അവസ്ഥയോ ?
ഇന്ത്യയിൽഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 0.5
കേരളത്തിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 1.1 ഉണ്ടെന്ന് ഞാൻ കരുതുന്നു. (കൃത്യമായ വിവരം അറിയുന്നവർ പറഞ്ഞു തരണം എന്ന് അഭ്യർത്ഥിക്കുന്നു)
ഓരോ സ്ഥലങ്ങളിലും ജനസാന്ദ്രത കൂടിയ പരിഗണിക്കാം, ചതുരശ്ര കിലോമീറ്ററിൽ… ഇറ്റലി – 206, ചൈന – 150, സ്പെയിൻ – 91.4, സൗത്ത്‌ കൊറിയ – 503, ജർമ്മനി – 232, ഇന്ത്യ – 420, കേരളം – 860

10 ദിവസം കൊണ്ട് ചൈന പണിതുയർത്തിയത് പോലെ ആശുപത്രിയോ തെക്കൻ കൊറിയ ഏർപ്പെടുത്തിയത് പോലെ ലാബ് പരിശോധന സൗകര്യങ്ങളോ നമ്മുടെ നാട്ടിൽ സാധ്യമാകുമോ എന്നറിയില്ല. രണ്ടു കട്ടിലുകൾക്കിടക്ക് നിലത്ത് രണ്ട് രോഗികൾ കിടന്ന് ചികിത്സിക്കാൻ പറ്റുന്ന അസുഖവുമല്ല.

രോഗം വന്നാൽ ചികിത്സ കൊള്ളാം എന്നു പറയുന്നവർ ഈ കണക്കുകളൊന്ന് വായിക്കുക, എന്തുമാത്രം സൗകര്യങ്ങൾ നിലവിലുണ്ട് എന്ന് മനസ്സിലാക്കുക. ചികിത്സ വേണോ പ്രതിരോധം വേണോ എന്ന് ചിന്തിക്കുക, അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കുക,

ശാരീരിക അകലം… സാമൂഹിക ഒരുമ. പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം.
കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. കൈ മുഖത്ത് സ്പർശിക്കാതിരിക്കുക.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. നിരീക്ഷണത്തിൽ ഇരിക്കണമെന്ന നിർദ്ദേശം ലഭിച്ചവർ കൃത്യമായി പാലിക്കുക.
Prevention is better than cure.