ഇന്ധനവില കൂടിയാൽ ആളുകൾ കുറച്ചു മാത്രമേ ഭക്ഷണം പാചകം ചെയൂ, കക്കൂസിൽ പോകുന്നതും കുറയും

0
75

Jinesh PS

എന്തൊക്കെ രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഗ്യാസിന്റെ വില കൂട്ടുകയും പെട്രോൾ വില സെഞ്ച്വറിയിൽ എത്തിക്കുകയും ചെയ്ത കേന്ദ്ര സർക്കാരിന്‌ പിന്തുണ നൽകുന്നു. പുതിയ ലോക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണത്‌. ഇപ്പോൾ ബുദ്ധിമുട്ട്‌ അനുഭവപ്പെടുമെങ്കിലും സമീപ ഭാവിയിൽ ഏറെ ഗുണം ചെയചെയ്യുന്ന തീരുമാനമാണത്. വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌. ഈ സമയത്ത്‌ സർക്കാരിന്‌ പിന്തുണ നൽകുന്നതിന്‌ പകരം ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കരുത്‌.

ഇന്ധനങ്ങളുടെയും വാഹനങ്ങളുടെയും വരവോടെ ഭക്ഷണവസ്തുക്കൾ ആവശ്യത്തിൽ കൂടുതൽ പല സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന സാഹചര്യം സംജാതമായിരുന്നു. ഗ്യാസിന്റെ സുലഭമായ ലഭ്യതയിലൂടെ പാചകം ചെയ്യാതെ കഴിക്കാറുള്ള പച്ചക്കറികളുടെയും പഴവർഗങ്ങളുടെ ഉപയോഗം കുറഞ്ഞു. വളരെ അനാരോഗ്യകരമായ ഈ പ്രവണതയ്ക്ക് മാറ്റം വരുത്താൻ വേണ്ടിയുള്ള ശ്രമങ്ങളെ ട്രോളുന്നത് അംഗീകരിക്കാനാവില്ല. ഈ തീരുമാനത്തോടെ നോൺവെജ് ഉപയോഗം കുറയ്ക്കാനും പച്ചക്കറി-ഫലവർഗ ഉപയോഗം കൂട്ടാനും തദ്വാര പൊണ്ണത്തടി കുറക്കാനും ഇടവരുന്നതാണ്. മാനസികവും ശാരീരികവും ആയ ആരോഗ്യം വർദ്ധിക്കുമ്പോൾ ആത്മഹത്യകൾ പോലും കുറഞ്ഞു വരും.

ഇന്ധന വില കൂടുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ചുയരും. അരി അടക്കമുള്ള സാധനങ്ങളുടെ വില ഉയരുമ്പോൾ പാചകം കുറയും. ആളുകൾ കുറച്ചു മാത്രമേ ഭക്ഷണം പാചകം ചെയൂ എന്നത്ത് കൊണ്ട് തന്നെ കക്കൂസിൽ പോകുന്നതും കുറയും. അത് വഴി വെള്ളത്തിന്റെ ഉപയോഗം കുറക്കാം. കക്കൂസുകൾ നിർമ്മിക്കാനുള്ള പണം രാജ്യത്തിന്റെ മറ്റ് പുരോഗമന പ്രവർത്തനകൾക്ക് ഉപയോഗിക്കാം.

മാത്രമല്ല, വീടുകളിലെ പാചകം കുറയുമ്പോൾ ഹോട്ടലുകളിൽ പോകാൻ പലരും നിർബന്ധിതരാവും. അങ്ങനെ ഹോട്ടൽ വ്യവസായം തഴച്ചു വളരാനും ഇത് കാരണമാകും. മാത്രമല്ല, ആഹാരം കുറയുന്നതോടെ കൊളസ്ട്രോൾ കുറയില്ലേ? ഇത് മാത്രമല്ല, ഇന്ധനവില വർധിക്കുന്നതോടെ ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുമോ എന്ന ചോദ്യം കൂടി ഇല്ലേ? സ്വന്തമായി വാഹനങ്ങൾ ഉള്ളവർ പോലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ നിർബന്ധിതരാവും. ഇതിലൂടെ യാത്ര ചെയ്യുന്ന വ്യക്തികളുടെ സമ്പാദ്യശീലം വർദ്ധിക്കുകയും പൊതുഗതാഗത സംവിധാനങ്ങൾ ലാഭകരം ആവുകയും ചെയ്യും. ബസ് വാങ്ങാൻ എടുത്ത ലോൺ അടയ്ക്കാൻ പാടുപെടുന്ന പല ബസ് മുതലാളിമാർക്കും ഇതൊരു ഉപകാരമാകും. ഇങ്ങനെ ഇന്ധന ഉപയോഗം കുറയുന്നതോടെ പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾ നശിക്കാത്തിരിക്കുകയും അങ്ങനെ നമ്മുടെ പ്രകൃതിയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കപ്പെടുകയും ചെയ്യും.

മാത്രമല്ല ഗ്യാസിനും ഇന്ധനങ്ങൾക്കും വില കൂടുന്നതോടെ ജനങ്ങൾ പുതിയ വഴികൾ തേടും. അത്തരത്തിലുള്ള ഇന്നവേറ്റീവ് ആശയങ്ങൾ നമുക്ക് ഭാവിയിലേക്കുള്ള മുതൽക്കൂട്ടാവും. മാത്രമല്ല വില കൂട്ടുമ്പോൾ വീടുകളിൽ തന്നെ ഭക്ഷണ മാലിന്യങ്ങളിൽ നിന്നും മറ്റും ഗ്യാസ് ഉത്പാദിപ്പിക്കാനുള്ള താൽപര്യവും വർദ്ധിക്കും. ദിനംപ്രതി ക്ഷയിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളായ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് പകരം ഒന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ജനകീയ പങ്കാളിത്തത്തോടെ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിൽ വർദ്ധനവ് ഉണ്ടാക്കാനും ഈ പദ്ധതി കൊണ്ട് സാധിക്കും. ഇത്തരത്തിലുള്ള ഒരു ഘട്ടത്തിൽ അടുപ്പ് കത്തിക്കാൻ ചാണകം കുഴച്ച് വട്ടത്തിൽ പരത്തി ഉണക്കി ഉണ്ടാക്കുന്ന ചാണകം വരളി ഉപയോഗിക്കാമോ എന്ന ചോദ്യം ഉയർന്നു വരില്ലേ? അപ്പോൾ കൂടുതൽ ചാണകത്തിന് വേണ്ടി കൂടുതൽ പശുക്കളെ വളർത്തും. കൂടുതൽ പശുക്കൾ ഉണ്ടേൽ പിന്നെ കൂടുതൽ ഓക്സിജൻ, കൊമ്പ് വഴിയുള്ള റേഡിയേഷൻ അബ്‌സോർപ്ഷൻ വഴി കാൻസർ പ്രതിരോധം… അങ്ങനെ എന്തൊക്കെ സാധ്യതകളാണ് മുന്നിൽ തെളിയുന്നത്!!! മാത്രമല്ല, ഗോബർഗ്യാസ് ഉപയോഗം കൂടില്ലേ? ഗോബർ ഗ്യാസിൽ പാചകം ചെയ്താൽ വൈറ്റമിനുകൾ കൂടുമോ എന്ന ചോദ്യവും നമ്മുടെ മുന്നിലുണ്ട്.

ഇന്ധന വില കുറഞ്ഞു നിന്നതിനാൽ കൂടുതൽപേർ വാങ്ങിക്കുന്നത് മൂലമുള്ള പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യം കൂടി സാധിക്കുന്ന ലക്ഷണമാണ്. പണപ്പെരുപ്പം നിയന്ത്രിച്ചാൽ തീവ്രവാദി ആക്രമണങ്ങൾ വരെ തടയാൻ സാധിക്കും എന്നറിയാമല്ലോ! തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവർ പോലും കുഴഞ്ഞു വീണു മരിച്ച സാഹചര്യമുണ്ടായ രാജ്യമാണ്. ഉപഭോഗം കുറയുന്നതോടെ ക്യൂ നിയന്ത്രിക്കാൻ സാധിക്കും എന്നും, കുഴഞ്ഞു വീഴുന്ന മരണങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇത്രയുമൊക്കെ പ്രയോജനം ലഭിക്കുന്ന അവസ്ഥയിൽ ഇന്ധനം വാങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സന്നദ്ധത കാണിക്കുകയും രാഷ്ട്ര പുനർനിർമാണത്തിൽ പങ്കാളികളാവുകയും ചെയ്യണമെന്നാണ് ഇത്തരുണത്തിൽ പറയാനുള്ളത്. രാജ്യ താല്പര്യം മനസ്സിലാക്കി പരമാവധി സഹകരിച്ച്‌ രാജ്യത്ത്‌ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുള്ള ഈ ശ്രമത്തിന്‌ വഴിയൊരുക്കണം.

പ്രയോജനം അവലോകനം ചെയ്താൽ തുച്ഛമായ വർദ്ധനവ് മാത്രമാണ് വരുത്തിയിരിക്കുന്നത് എന്ന് ഏവരും മനസിലാക്കണം. അത് മാത്രമല്ല എല്ലാവരും മറച്ചുവെക്കുന്ന ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. ഇത് എല്ലാവരെയും ബാധിക്കുന്ന വിഷയമല്ല. ഇന്ധനം വാങ്ങുന്നവരെയും ഭക്ഷണം പാചകം ചെയ്യുന്നവരെയും ആഹാരം കഴിക്കുന്നവരെയും മാത്രമേ ബാധിക്കൂ. അതുകൊണ്ടുതന്നെ വിമർശനങ്ങൾ കൊണ്ട് ലോകത്തിലെ ഏറ്റവും പ്രയോജനപ്രദമായ പദ്ധതിയെ മുളയിലെ നുള്ളാൻ മനപ്പൂർവ്വം ശ്രമിക്കരുത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനൊപ്പം.