കോവിഡ് ..അനാവശ്യ ഭീതി പരത്തുന്നു

88

dr jithesh ന്റെ ഫേസ്ബുക് പോസ്റ്റ്

കോവിഡ് ..അനാവശ്യ ഭീതി പരത്തുന്നു..

“കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ ബെഡ് കിട്ടാനില്ല! ഒരു ലോക്ഡൗൺ അനിവാര്യമായേക്കും ”
അടുത്തദിവസം തന്നെ മറ്റു ജില്ലകളിലും ഇങ്ങനെ സംഭവിക്കും…
ആളുകൾ പരിഭ്രാന്തരായി തുടങ്ങിയിരിക്കുന്നു….

ശരിക്കും എന്താണ് വാസ്തവം?

ഒഴിവില്ല എന്ന് പറയുന്നത് ആശുപത്രി ബെഡുകൾ അല്ല, കോവിഡ് ബെഡ്ഡുകൾ മാത്രമാണ്..
എന്നുവച്ചാൽ സർക്കാർ മേഖലയിൽ, ജില്ലാ ആശുപത്രി/ മെഡിക്കൽ കോളേജ് പോലുള്ള ഒന്നോരണ്ടോ സ്ഥാപനങ്ങളിലെ കുറച്ചു ബെഡ്ഡുകളും കുറച്ചു CSLTC കളും…. സ്വകാര്യമേഖലയിലെ വിരലിലെണ്ണാവുന്ന ചില ആശുപത്രികളിലെ കോവിഡിന് വേണ്ടി മാത്രം മാറ്റി വെച്ചിരിക്കുന്ന ചില വാർഡുകളും ICU ബെഡുകളും.അതായത് ഇതേ ആരോഗ്യ സ്ഥാപനങ്ങളിൽ മിക്കതും, ചുരുങ്ങിയത് സ്വകാര്യമേഖലയിലെങ്കിലും ഇതേ സമയത്തുതന്നെ ഒഴിഞ്ഞു കിടക്കുന്ന മറ്റ് വാർഡുകളും മുറികളും ഏറെയുണ്ട്. നോമ്പുകാലം ആയത് കൊണ്ട് പൊതുവേ മറ്റ് ചെറുകിട-ഇടത്തരം ആശുപത്രികളിലും ഒഴിഞ്ഞുകിടക്കുന്ന വാർഡുകൾ ഏറെയുണ്ടാവും. അഡ്മിഷൻ ആവശ്യമുള്ള കോവിഡ് രോഗികളിൽ 99% നും വെറും ഓക്സിജനും സ്റ്റിറോയ്ഡ് മാത്രം മതി…(കോവിഡ് വിദഗ്ധൻ ഡോക്ടർ രാജീവ്‌ ജയദേവൻ ന്യൂസ്‌ ചർച്ചയിൽ ഇന്ന് ഇത് വ്യക്തമാക്കുകയുണ്ടായി. അനുഭവം കൊണ്ട് കേരളത്തിലെ മിക്ക ഡോക്ടർമാർക്കും ഇതിനകം അത് ബോധ്യപ്പെട്ടിട്ടും ഉണ്ടാവും)

എന്നുവെച്ചാൽ അഡ്മിഷൻ ആവശ്യമുള്ള 99% രോഗികളെയും ചെറുകിട-ഇടത്തരം സ്വകാര്യ- സർക്കാർ മേഖലയിലുള്ള ആരോഗ്യ സംവിധാനങ്ങളിൽ തന്നെ കിടത്തി ചികിത്സിക്കാവുന്നതാണ്.അതിനുപുറമേ നിലവിൽ ‘കോവിഡ് ചികിത്സ കേന്ദ്ര’ങ്ങളുടെ ലിസ്റ്റിൽ പെടാത്ത മറ്റ് സ്വകാര്യ ആശുപത്രികളും അവരുടെ അഞ്ചോ പത്തോ ബെഡുകൾ സർക്കാറിന് വേണ്ടി പൂർണ്ണമായും സൗജന്യമായി കൊടുക്കാൻ സമ്മതിച്ചതുമാണ്. താൽക്കാലിക നിയമനത്തിൽ ചില്ലറ സ്റ്റാഫുകളെ നിയോഗിക്കുക മാത്രമേ അവിടങ്ങളിൽ ആവശ്യമുള്ളൂ. (ആ സംവിധാനങ്ങൾ ഇതുവരെ പ്രയോജനപ്പെടുത്തിയതായി അറിവില്ല)

കോവിഡ് ചികിത്സയിൽ ഗണ്യമായ ചെലവ് വരുന്നത്, ഒരു എയർബോൺ ഡിസീസിനെ സംബന്ധിച്ച്, 15 % TPR ഉള്ള, എന്നുവച്ചാൽ ചുറ്റോടു ചുറ്റും കോവിഡ് രോഗികൾ ഉള്ള ഒരു പാൻഡെമിക് കാലത്തിലെങ്കിലും അനാവശ്യം എന്ന് പറയാവുന്ന ആപാദചൂഢം മൂടുന്ന PPE kit നാണ്. (20000- 30000 രൂപ വരെ പ്രൈവറ്റ് ആശുപത്രികളിൽ ഇൻഷുറൻസ് കവറേജിൽ പോലും പെടാത്ത ഈ PPE kit ന് മാത്രം ഈടാക്കുന്നു)

അതുപോലെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് നെഗറ്റീവ് ആയാൽ മാത്രമേ ഡിസ്ചാർജ് ചെയ്യൂ എന്ന നിർബന്ധബുദ്ധി ഒഴിവാക്കിയാൽ കുറേ ബെഡ്ഡുകൾ ആ രീതിയിലും ലാഭിക്കാം… അങ്ങനെയാണെങ്കിൽ complications ഇല്ലാത്ത ഒരു കോവിഡ് നുമോണിയ രോഗിയെ ചികിൽസിക്കാൻ ഒരു ലക്ഷം രൂപയൊന്നും വേണ്ട, ഒരു ഇടത്തരം ആശുപത്രിയിൽ അതിന്റെ പത്തിലൊന്നു മതിയാകും. MBBS കഴിഞ്ഞിറങ്ങിയ ഒരു ഡോക്ടർക്കോ ഒരു ഹൗസ് സർജനോ ചികിത്സിക്കാവുന്ന അസുഖം മാത്രമാണ് കോവിഡ് നുമോണിയ. Complications ഉണ്ടാകും എന്ന് തോന്നിയാൽ, മറ്റെല്ലാ അസുഖങ്ങളുടെ കാര്യത്തിലും ചെയ്യുന്നതുപോലെ ഹയർ സെന്റർ കളിലേക്ക് റഫറൽ ആവാം.

പറഞ്ഞുവരുന്നത്, കോവിഡ് ചികിത്സ Decentralise ചെയ്താൽ കേരളത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിൽ കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായാലും അതൊരു ബാധ്യതയാവില്ല.ലോക്ക് ഡൌൺ എന്ന അറ്റകൈ പ്രയോഗം ഒരു ദുരന്തമാണ്… ഒരുപക്ഷേ കോവിഡ് എന്ന അസുഖത്തെക്കാൾ വലിയ ദുരന്തം! മുന്നിലുള്ള വഴികൾ അടയുന്നതിന് മുമ്പ് ആ ബ്രഹ്മാസ്ത്രം പ്രയോഗിക്കുന്നത് ഒരു സമൂഹത്തിനോട് ചെയ്യുന്ന ക്രൂരത കൂടിയാണ്.

(ഒരു ശരാശരി ആരോഗ്യ പ്രവർത്തകൻ എന്ന നിലയിലുള്ള നിരീക്ഷണങ്ങളും അഭിപ്രായങ്ങളും മാത്രമാണ് ഇവിടെ പങ്കുവെച്ചത്. തെറ്റുണ്ടെങ്കിൽ അറിവുള്ളവർക്ക് തിരുത്താം)