കൊറോണാ വൈറസിനു ആയുർവേദ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യണം എന്ന് പറയുന്നവർ, അതേ അസുഖത്തിന് ഗോമൂത്രം കൊടുക്കുന്നതിനെ പരിഹസിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല

0
239
dr jithesh
ആയിരക്കണക്കിന് കൊല്ലങ്ങളായി ആയുർവേദം ഇവിടെയുണ്ട്. മോഡേൺ മെഡിസിൻ വികസിച്ചു വന്നത് ഈ അടുത്ത കാലത്താണ്. ചർദ്ദിയും വയറിളക്കവും ശരീരത്തിലെ ദോഷം കൊണ്ടാണെന്നാണ് ആയുർവേദത്തിലെ വിശ്വാസം. അതുകൊണ്ടുതന്നെ ഛർദ്ദി-അതിസാരം വന്നാൽ, ശരീരത്തിലെ ‘ദോഷം’ കളയാൻ ചർദ്ദിപ്പിക്കുകയും വയറിളക്കുകയും ചെയ്യുക എന്നതായിരുന്നു ആയുർവേദചികിത്സ. അതായത് നിർജലീകരണത്തിൽ ഇരിക്കുന്ന ശരീരത്തിൽ നിന്ന് ഉള്ള വെള്ളം കൂടി ഊറ്റിക്കളയുക! (ഇതിലും ഭേദം ഞെക്കി കൊല്ലുക അല്ലേ എന്ന് ചോദിക്കരുത്). കോളറ പോലുള്ള വയറിളക്കരോഗങ്ങൾ അക്കാലത്ത് കൊന്നൊടുക്കിയത് ലക്ഷക്കണക്കിന് ആളുകളെയാണ്. മരണ നിരക്ക് കൂടാൻ ഇതേപോലുള്ള പ്രാകൃത ചികിത്സകളും കാരണമായിട്ടുണ്ട്.
ഇതേ പോലെയാണ് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ എന്നുപറഞ്ഞ് ചില അസുഖങ്ങൾക്ക് എന്തെങ്കിലും മരുന്നുകൾ കൊടുത്തിരുന്നത്. മനുഷ്യശരീരത്തിന്റെയും രോഗകാരണങ്ങളുടെയും ABCD പോലും അറിയാതിരുന്ന അക്കാലത്തുള്ള പ്രാകൃത ചികിത്സകൾ തന്നെയാണ് ജനലക്ഷങ്ങളെ കൊന്നൊടുക്കിയിരുന്ന വസൂരി ഉൾപ്പെടെയുള്ള വൈറസ് മഹാമാരികൾക്കും ചെയ്തിരുന്നത്.
മോഡേൺ മെഡിസിൻ (MM) വികസിച്ചു വന്നതിൽ പിന്നെയാണ് ഭീതിതമായ ഈ അവസ്ഥ മാറിയതും മഹാമാരികളെ പിടിച്ചുകെട്ടി, ആയുർദൈർഘ്യം 80ലൊക്കെ എത്തിനിൽക്കുന്നതും.
MM ചികിത്സ എന്നാൽ വൈറസിനെയോ ബാക്ടീരിയയെയോ നേരിട്ട് കൊല്ലുന്ന specific മരുന്നു കൊടുക്കൽ മാത്രമല്ല, അത്തരം മരുന്നുകൾ ഉള്ള അസുഖങ്ങളായാലും അല്ലാത്തതായാലും, supportive treatment വഴിയാണ് പ്രധാനമായും ആളുകളെ രക്ഷപ്പെടുത്തുന്നതും ആരോഗ്യം സംരക്ഷിക്കുന്നതും. കൊറോണക്ക് MM ൽ ഒരു ചികിത്സയും ഇല്ല എന്നു പറയുന്നതിന്റെ അപഹാസ്യത ഇവിടെയാണ്. ( ആരോഗ്യമന്ത്രിയോ പ്രധാനമന്ത്രിയോ പറഞ്ഞു എന്നതുകൊണ്ട് ഒരു അസംബന്ധം, അങ്ങനെ അല്ലാതാകുന്നില്ല).
അടിസ്ഥാന തത്വങ്ങളിൽ നിന്ന് ആയുർവേദം ഒരടി പോലും മുന്നോട്ടു പോയിട്ടില്ല. ദോഷം, ഓജസ്, തേജസ്, തത്വങ്ങൾ അനുസരിച്ച് തന്നെ ഇപ്പോഴും ചികിത്സ. ഈ മരുന്നുകളാണ് കോറോണക്ക് വിതരണം ചെയ്യണമെന്ന് ആയുർവേദ വാദികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതിലെ സയൻസ് എന്താണെന്ന് ചോദിക്കുന്നില്ല, സാമാന്യയുക്തി എന്താണെന്ന് ചിന്തിച്ചു നോക്കാവുന്നതാണ്. ഹോമിയോപ്പതി, ഒരു നാഷണൽ വേസ്റ്റ് ആണെന്ന് മനസ്സിലാക്കി, അത് രൂപംകൊണ്ട ജർമനി ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങളും എടുത്തു തോട്ടിൽ കളഞ്ഞ ഹോമിയോമരുന്നുകൾ കോറോണക്കും നിപ്പക്കും കൊടുക്കണം എന്ന് പറയുന്നതിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.
കെട്ടിപ്പൊക്കിയ ആയുർവേദ-ഹോമിയോ കോളേജുകളും ആ മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമുള്ള ഒരു നാട്ടിലെ ഗവൺമെന്റിന്റെ ഭാഗമായിരിക്കുന്ന ആരോഗ്യമന്ത്രിക്ക് അവരെ തള്ളിപ്പറയാതിരിക്കുക എന്ന ഗതികേടുണ്ട്. അതേറ്റുപിടിച്ച് കൊറോണാ വൈറസിനു ആയുർവേദ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യണം എന്ന് പറയുന്നവർ, അതേ അസുഖത്തിന് ഗോമൂത്രം കൊടുക്കുന്നതിനെ പരിഹസിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.