കൊറോണ മരണത്തിനു പ്രാധാന്യം കൊടുക്കുമ്പോൾ മറ്റുള്ളതൊക്കെ ചരമ കോളത്തിൽ മാത്രമാകുന്നു

68

Jithesh T

കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് നെഞ്ചുവേദനയായി മധ്യവയസ്കയായ ഒരു ഉമ്മ വന്നു. അത് MI ( ഹാർട്ടറ്റാക്ക്) ആയിരുന്നു. പക്ഷേ അവർക്ക് നെഞ്ചുവേദന തുടങ്ങിയത് അന്നേദിവസം രാവിലെ ആയിരുന്നു. വീടിനടുത്തുള്ള ഒരു ക്ലിനിക്കൽ കാണിച്ചു, ECG യിൽ നല്ല വാരിയേഷൻ കണ്ടതുകൊണ്ട് ഉടൻ റഫർ ചെയ്തു. സർക്കാർ ആശുപത്രികൾ പലതും covid ആശുപത്രികൾ. സ്വകാര്യ ആശുപത്രികളിൽ ചിലത് പ്രവർത്തിക്കുന്നില്ല. പ്രവർത്തിക്കുന്നവയിൽ നിലവിൽ കൊറോണ കാരണമുള്ള പരിമിതികൾ. ലോക്‌ ഡൌൺ കാരണമുള്ള യാത്രാപ്രശ്നങ്ങൾ. ആശുപത്രിയിൽ എത്തിയാൽ കൊറോണ പിടിക്കുമോ എന്ന ഭീതി. ഈ ആശയക്കുഴപ്പങ്ങളും ആശങ്കകളും കാരണം അവർ വീട്ടിലേക്കാണ് തിരിച്ചു പോയത്. വീണ്ടും വേദന കലശലായപ്പോഴാണ് ആശുപത്രിയിലേക്കു വന്നത്.

ഹൃദ്രോഗത്തിൽ മരണസാധ്യത കൂടുതലുള്ളതും ഏറ്റവും പ്രാധാന്യമർഹിക്കുന്നതും നഷ്ടപ്പെട്ട ആദ്യത്തെ മണിക്കൂറുകളാണ്. ഇത് ഹൃദ്രോഗത്തിന്റെ മാത്രം കാര്യമല്ല, മറ്റു പല അസുഖങ്ങൾക്കും ഇങ്ങനെ തന്നെ. ചിലർക്ക് അൽപനേരം മാത്രം നിലനിൽക്കുന്ന തളർച്ചയോ തലകറക്കമോ ആയിട്ടായിരിക്കാം ഗുരുതര സ്വഭാവമുള്ള അസുഖങ്ങൾ ഉണ്ടാകുന്നത്. നിലവിലെ സാഹചര്യത്തിൽ പലരും അത് അവഗണിക്കുന്നുണ്ടാവും.

കൊറോണയുടെ മാത്രം കണക്കിനും കൊറോണയുടെ മാത്രം മരണത്തിനും പ്രാധാന്യം കൊടുക്കുമ്പോൾ മറ്റുള്ളതൊക്കെ ചരമ കോളത്തിലെ വാർത്തകൾ മാത്രമാകുന്നു. മാർച്ച് 24ന് ഇന്ത്യയിൽ ആദ്യമായി ലോക് ഡൗൺ പ്രഖ്യാപിച്ചത് ശരിയായിരുന്നോ, ആവശ്യമായിരുന്നൊ എന്ന് ഇപ്പോൾ ചർച്ചകൾ നടക്കുന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് ഒരുമിച്ച് അസുഖം വരുന്ന ഭീദിത സാഹചര്യം ഒഴിവാക്കാനായത് ഒരുപക്ഷേ ആ ലോക്ക് ഡൌൺ കൊണ്ട് തന്നെ ആയിരിക്കാം. അല്ല എന്നാണെങ്കിൽ പോലും, മുൻ പരിചയമില്ലാത്ത ഒരു മഹാമാരി മുന്നിൽ വന്നു നിൽക്കുമ്പോൾ ഏതൊരു ഗവൺമെന്റിനും ചെയ്യാവുന്നതും അന്നത്തെ ശരിയും അതായിരുന്നു.

പക്ഷേ അത് കഴിഞ്ഞും ഹോട്ട്സ്പോട്ടുകൾ തരംതിരിച്ച് ഇപ്പോഴും തുടരുന്ന സമ്പൂർണ്ണ ലോക് ഡൗണിനും, മെയ്‌ 3ന് ശേഷം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുടരാൻ സാധ്യതയുള്ളതുമായ ലോക് ഡൗണിന്റെ കാര്യത്തിലും യുക്തിക്കുറവുണ്ട്. ജോലിയും കൂലിയും നഷ്ടപ്പെടുന്നത് കൊണ്ട് ഉണ്ടാവുന്നതും ഉണ്ടായേക്കാവുന്നതുമായ ആത്മഹത്യകളും പട്ടിണികളും പരോക്ഷമായ മറ്റു മരണങ്ങളും, കണക്കിലെടുക്കുമ്പോൾ കൊറോണയുടെ മരണനിരക്ക് 10% ആണെങ്കിൽ പോലും നീതീകരിക്കപെടുന്നില്ല.

കേരളത്തിൽ ടെസ്റ്റ് ചെയ്തവരിലെ മരണനിരക്ക് വെച്ചാണ് 2% എന്ന കണക്ക്. എത്രയൊക്കെ നിഷേധിച്ചാലും അല്പസ്വല്പമൊക്കെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്. ഒരു ലക്ഷണവും ഇല്ലാത്ത നൂറുകണക്കിന് ആളുകൾക്ക് കൊറോണ ബാധിച്ചിട്ടുണ്ടാവും. അപ്പോൾ മരണനിരക്ക് 1%ലും താഴെയാണ്. സാധാരണ സീസണുകളിൽ ഉണ്ടാകുന്ന ഏത് പകർച്ചപ്പനിയുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ കുറവ്. കൊറോണ വന്ന് ഇതുവരെ മരിച്ചവർ ഏതാണ്ടെല്ലാം മറ്റ് ഗൗരവ അസുഖങ്ങൾ ഉള്ളവർ. ഒരുപക്ഷേ ഈ സമയത്ത് ഒരു ജലദോഷം വന്നിരുന്നെങ്കിൽ പോലും മരിക്കുമായിരുന്നവർ.
ലക്ഷക്കണക്കിന് ആളുകൾക്ക് ഒരുമിച്ച് covid വരുന്ന വിദൂര സാധ്യത ഉണ്ടെങ്കിൽ പോലും, ട്രെയിനുകളും ആൾപാർപ്പില്ലാത്ത രണ്ടരലക്ഷം കെട്ടിടങ്ങളും പ്രയോജനപ്പെടുത്തി, ഒരു പരിധി വരെ ഒരു ദുരന്തത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ജനജീവിതത്തെ കാര്യമായി ബാധിക്കാത്ത രീതിയിലുള്ള നിയന്ത്രിതമായ ലോക് ഡൗണിൽ അത്തരമൊരു സാഹചര്യത്തെ കൈപ്പിടിയിൽ ഒതുക്കാനായേക്കും.

കേരളത്തിൽ അഞ്ചിലൊരാൾ പ്രമേഹരോഗിയാണ്. ബ്ലഡ് ഷുഗർ നിയന്ത്രണത്തിൽ പോകുന്നത് അതിൽ 25% മാത്രം. പ്രമേഹത്തെ നിസ്സാരമായി കണ്ട് അവഗണിച്ച് നടക്കുന്ന ആളുകളെ മാറ്റി നിർത്തിയാലും, വലിയൊരു ശതമാനം ആളുകൾക്ക് കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ സഹായം വേണം. ഇത്രയും ദിവസങ്ങൾ അനിയന്ത്രിതമായി തുടരുന്ന ബ്ലഡ് ഷുഗർ കാരണം മാത്രം വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച നൂറുകണക്കിന് ആളുകൾ ഉണ്ടാവും. ഇത്രയും ആഴ്ചകൾ തടി അനങ്ങാതെ വീട്ടിലിരുന്നുകൊണ്ട് ഉണ്ടായിട്ടുള്ള ജീവിത ശൈലി രോഗങ്ങൾ ഉണ്ടാക്കാൻ പോകുന്ന ഭാവിയിലെ ആരോഗ്യപ്രശ്നങ്ങളും മരണങ്ങളും കോവിഡ് കണക്കിൽ വരില്ല.

covid രോഗികളുടെ എണ്ണവും മരണവും കുറച്ചു കൊണ്ടുവരേണ്ടതിന് രാഷ്ട്രീയ- ദേശീയ-അന്തർദേശീയ മാനങ്ങളുണ്ട്. ഒരു സർക്കാറിനെ സംബന്ധിച്ച് അത് അവഗണിക്കാനും അപ്രധാനമായി കാണാനുമാവില്ല. പക്ഷെ, വെറും പാരസെറ്റമോളും വിശ്രമവും മാത്രം ആവശ്യം വന്ന covid രോഗികൾ ആഴ്ചകൾ കഴിഞ്ഞ് ‘കൊറോണ മാറി’ ആഹ്ലാദത്തോടെ പുറത്തേക്ക് വരുന്നത് ആഘോഷിക്കുന്ന കാഴ്ചകൾ കൂടുതൽ അരോചകമായി തുടങ്ങിയിരിക്കുന്നു. അസുഖം വന്നു 45 ദിവസം കഴിഞ്ഞും PCR ടെസ്റ്റ്‌ പോസിറ്റീവ് ആയതിന്റെ പേരിൽ മാത്രം ആ രോഗി ഉള്ള നാടുമുഴുവൻ അടച്ചിടുന്നതിന്റെ അനൗചിത്യം സാധാരണ ജനങ്ങൾ പോലും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.’ആയിരം രോഗികൾ മരിച്ചാലും കൊറോണ കൊണ്ട് ആരും മരിക്കരുത് ‘ എന്ന നിലപാടുമാറ്റി കൂടുതൽ പ്രായോഗികമായ പോളിസിയും പ്രോട്ടോക്കോളും നടപ്പിലാക്കേണ്ട സമയമായിരിക്കുന്നു.