Dr. Jo Joseph
ഈ ദിവസങ്ങളിൽ കേരളത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ പട്ടികടിയും പേവിഷബാധയും. പേവിഷബാധയേറ്റ് കേരളത്തിൽ ഈ വർഷം ജൂലൈ വരെ മാത്രം 20 പേർ മരിച്ചു എന്ന് കണക്ക് ഞെട്ടിക്കുന്നതാണ്.ഇതിൽ തന്നെ 15 പേർ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുത്തിട്ടില്ലായിരുന്നു എന്ന വസ്തുതയും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. കോട്ടയം മെഡിക്കൽ കോളജിൽ MBBS നു പഠിക്കുന്ന കാലത്താണ് ഞാൻ ആദ്യമായി പേവിഷബാധയേറ്റ ഒരു രോഗിയെ അടുത്തു കാണുന്നത്. ഇരുപത്തി നാലാം വാർഡിലെ സെല്ലിൽ അക്കാലത്ത് അപൂർവങ്ങളിൽ അപൂർവമായ rabies രോഗം ബാധിച്ച ആ രോഗിയെ കാണാൻ എല്ലാ ബാച്ചിലെയും കുട്ടികൾ വന്നിരുന്നു എന്നതും ഇന്നുമോർക്കുന്നു.
പട്ടി കടി മാത്രമല്ല മറ്റു മൃഗങ്ങളുടെ കടിയേറ്റാലും പേവിഷബാധ ഉണ്ടാകാം. വ്യക്തിപരമായി ഈ വിഷബാധപ്പേടിയുടെ ഒരു ദുരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.2006 ൽ AIIMS ഡൽഹിയിൽ DM ന് പഠിക്കുമ്പോഴാണ്. ക്യാമ്പസിൽ ധാരാളം കുരങ്ങുകൾ ഉണ്ടായിരുന്നു. ഡ്യൂട്ടിക്കിടയിൽ ഹോസ്പിറ്റലിലെ വാർഡിന്റെ വരാന്തയിൽ വെച്ച് രാത്രി രണ്ടുമണിക്ക് ഒരു കുരങ്ങൻ എന്നെ കടിച്ചു പരിക്കേൽപ്പിച്ചു. കയ്യിലും കാലിലും ക്ലാസ് III bite എന്ന ഗണത്തിൽ പെടുത്താവുന്ന രീതിയിലുള്ള ഗുരുതരമായ മുറിവുകൾ. അതുകൊണ്ടുതന്നെ Anti Rabies Vaccine ന്റെ മുഴുവൻ ഡോസും Immunoglobulin നും എടുക്കേണ്ടി വന്നു. ഡോക്ടർ എന്ന നിലയിൽ ഏറ്റവുമധികം Rabies കേസുകൾ കണ്ടത് ഒറീസയിൽ എംഡിക്ക് പഠിക്കുമ്പോഴാണ്. അതേപ്പറ്റി എന്റെ പുസ്തകമായ “ഹൃദയപൂർവ്വം ഡോക്ടർ” എഴുതിയ കുറിപ്പ് താഴെ പങ്കുവയ്ക്കുന്നു.
*************************************
ഞാൻ ഏറ്റവും എളുപ്പം നിർണ്ണയിക്കുകയും ചികിത്സിക്കുകയും ചെയ്ത രോഗം.
ഞാനൊരു ഹൃദയ രോഗ വിദഗ്ധനായ തിനാലും പത്തുവർഷമായി ആ ശാസ്ത്രശാഖ പ്രയോഗത്തിൽ വരുത്തുന്നയാൾ ആയതിനാലും സ്വാഭാവികമായി നിങ്ങൾ ചിന്തിക്കും ഏതെങ്കിലുമൊരു ഹൃദയരോഗമാണെന്ന്. എന്നാൽ തുടക്കത്തിലെ പിഴച്ചു. ഈ രോഗനിർണയവും ചികിത്സയും 2003 – 2006 കാലയളവിൽ MD ഡിഗ്രിക്ക് വേണ്ടി ഒറീസയിലെ കട്ടക്കിലുള്ള എസ്. സി .ബി മെഡിക്കൽ കോളേജിൽ പഠിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു.
ഒരുകാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ മെഡിക്കൽ കോളേജ്. എന്റെ ജീവിതത്തിലെ “ശുദ്ധീകരണസ്ഥലം” എന്നു ഞാൻ വിശേഷിപ്പിക്കുന്ന സ്ഥലം. വൃത്തിഹീനമായ ക്യാമ്പസ്, അതിനേക്കാൾ മോശമായ രോഗി പരിചരണ സൗകര്യങ്ങൾ, കൂടെ താമസിച്ചിരുന്ന പ്രിയ സുഹൃത്തിനെ ദിശതെറ്റി എത്തിയ വെടിയുണ്ട ഈ ലോകത്തുനിന്നും തുടച്ചുനീക്കിയ, ഓർക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത സ്ഥലം, കരൾ രോഗം മൂലം പ്രിയ പിതാവിനെ നഷ്ടപ്പെട്ട കാലം ,എന്നിങ്ങനെ ജീവിതത്തിലെ നികത്താനാവാത്ത നഷ്ടങ്ങൾ ഏറെയും ഉണ്ടായ 1000ദിനങ്ങൾ.
അക്കാലത്താണ് ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും എളുപ്പത്തിൽ കണ്ടു പിടിക്കാനും ചികിത്സിക്കാനും കഴിയുകയും ചെയ്യുന്ന ഒരു രോഗത്തെ കണ്ടത്. വന്നപ്പോൾ തന്നെ ശ്രദ്ധിച്ചു, കുതറിയോടാൻ ശ്രമിക്കുന്ന ഒരാളെ കുറച്ചുപേർ ചേർന്ന് വളരെ ശ്രദ്ധാപൂർവ്വം പിടിച്ചു കൊണ്ടു വരികയും രോഗിക്ക് നേരേ ത്രിപാഠി സാർ ചില ആംഗ്യങ്ങൾ കാണിക്കുകയും പിന്നീട് അദ്ദേഹം ചെറിയ ഒ. പി. കടലാസിൽ എന്തൊക്കെയോ കുത്തി കുറിക്കുകയും പെട്ടെന്നുതന്നെ രോഗിയെ അടുത്ത മുറിയിലിരിക്കുന്ന പ്രൊഫസറെ കാണിക്കുകയും, വേഗം രോഗിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്യുന്നു, എന്നാൽ ഞങ്ങളുടെ പ്രധാന വാർഡിൽ ഈ രോഗിയെ പിറ്റേ ദിവസം കണ്ടില്ല. ഒറീസയിൽ സാധാരണ കാണാറുള്ള സെറിബ്രൽ മലേറിയ ആയിരിക്കുമെന്നു ഞാൻ വിചാരിച്ചു. സെറിബ്രൽ മലേറിയയിൽ മരണനിരക്ക് വളരെ കൂടുതലാണ് താനും. ആ രോഗിയെ കുറിച്ചു പിന്നെ ഞാനും അന്വേഷിച്ചില്ല.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ സമാനരീതിയിൽ ഒരു രോഗിയെ കുറച്ചുപേർ ചേർന്ന് എന്റെ അടുത്തെത്തിച്ചു.ഒറീസയിലെ ഏതോ കുഗ്രാമത്തിൽ നിന്നുള്ളവരാണ്. മുറി ഒഡിയയിൽ കുറച്ചു ചോദ്യങ്ങൾ ചോദിച്ചു. പ്രതീക്ഷിച്ച ഒരു ഉത്തരവും ലഭിച്ചില്ല. അവസാനം അറ്റകൈക്ക് ഒരു ചോദ്യം “കിച്ചി കാമ്പുഡിച്ചി കി? “മലയാളം തർജ്ജിമ എന്തെങ്കിലും കടിച്ചോ? മുറി ഒഡിയ മാത്രം അറിയാവുന്ന എന്റെ ഒഡിയയിലെ ചോദ്യം ഇങ്ങനെയാണ്. ഇതാണോ ശരിയായ ഒഡിയ ഭാഷയിലുള്ള ചോദ്യം എന്ന് ഇപ്പോഴും എനിക്കറിയില്ല. കൂടെയുള്ളവർ ഉണ്ട് എന്ന ഭാവത്തിൽ തലയാട്ടി. അപ്പോൾ എന്റെ ഉള്ളിൽ ഒരു ചിരി. ഡയഗ്നോസിസ് കിട്ടി എന്നോർത്തല്ല മറിച്ച് കൂടുതൽ മണ്ടൻ ഒഡിയ ചോദ്യങ്ങൾ ചോദിക്കണ്ടല്ലോ എന്നോർത്തായിരുന്നു.
ഒ പി കടലാസിൽ ഞാൻ എഴുതി.
? Neurotoxic Snake Bite – നാഡിഞരമ്പുകളെ ബാധിക്കുന്ന പാമ്പിൻ വിഷബാധ. ചെയ്യേണ്ട പരിശോധനകളും അഞ്ചു വയൽ എ .എസ് .വി യുടെ കുറിപ്പടിയുമായി രോഗിയെ ത്രിപാഠി സാറിനെ കാണിക്കാൻ കൊണ്ടുപോയി. (എന്റെ ഒഡിയ ഭാഷയിലെ പ്രാവീണ്യം കാരണം ഞാൻ അഡ്മിറ്റ് ചെയ്യുന്ന രോഗികളെല്ലാം ത്രിപാഠി സാറിനെ കാണിക്കണം എന്നൊരു കല്പന എന്റെ പ്രൊഫസർ പുറത്തിറക്കിയിരുന്നു. കാരണം vicarious liability എന്ന് നിയമ തത്വം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.എന്നാൽ കൃത്യം ആറു മാസത്തിനകം അദ്ദേഹം ആ കൽപ്പന പിൻവലിക്കുകയും ബാക്കിയുള്ള രണ്ടരവർഷം എന്റെ മുറി ഒഡിയയുമായി ആ യൂണിറ്റിലെ ഏറ്റവും മികച്ച പോസ്റ്റ് ഗ്രാജുവേറ്റ് ആയിതീരുകയും ചെയ്തു ഞാൻ. മൂന്നു വർഷത്തെ പഠനാവസാനം പ്രമുഖ ദിനപത്രമായ സമ്പാദിന്റെ തലക്കെട്ടുകൾ വായിക്കാൻ ആവുംവിധം ഒഡിയ സ്വായത്തമാക്കിയിരുന്നു.)
രോഗിയുടെ പുരാണം (History) ത്രിപാഠി സാർ വീണ്ടും എടുത്തു. രോഗിയെ വിശദമായി പരിശോധിച്ചു ചില ആംഗ്യങ്ങൾ രോഗിക്കു നേരെ കാട്ടി. ഒന്നും മിണ്ടാതെ ഞാൻ എഴുതിയ കടലാസിലെ neuro toxic snake bite എന്ന ഭാഗം വെട്ടി. എന്നിട്ട് പറഞ്ഞു കാമ്പുഡിച്ചി എന്നാൽ പാമ്പുകടി മാത്രമല്ല മറിച്ച് പട്ടികടിയും ആകാം. എന്നിട്ട് അദ്ദേഹം കാട്ടിയ ആംഗ്യങ്ങൾ എന്നെയും പഠിപ്പിച്ചു. ഒന്നാമത്തേത് രോഗിയുടെ മുഖത്തിന് അടിക്കാൻ ഓങ്ങുന്നതുപോലെ കൈ ഓങ്ങുക. അപ്പോൾ രോഗി ഭ്രാന്തനെപ്പോലെ വിറളി പിടിക്കും. കാരണം അപ്പോഴുണ്ടാകുന്ന വായുവിന്റെ ചെറിയ അനക്കം അയാൾക്ക് സഹിക്കാൻ പറ്റുന്നതല്ല. തന്റെ മുൻപിലെ പ്രാണവായു രോഗിയിൽ ഭയം ജനിപ്പിക്കുന്ന അവസ്ഥ – Aerophobia. വീണ്ടും ത്രിപാഠി സാർ ഒരു ഗ്ലാസ്സിൽ അല്പം വെള്ളം രോഗിക്ക് കുടിക്കാൻ കൊടുക്കാൻ ശ്രമിച്ചു .അതോടെ ആ രോഗി തന്നെ പിടിച്ചുകൊണ്ടുവന്നവരെയെല്ലാം കുതറിച്ചു ഓടാൻ ശ്രമിച്ചു. പച്ചവെള്ളത്തോടുള്ള ഭയം- Hydrophobia. ഇവ രണ്ടും എന്നെ കാണിച്ചശേഷം വെട്ടിത്തിരുത്തിയ ഒ .പി ടിക്കറ്റിൽ അദ്ദേഹമെഴുതി – Rabies. ഡോക്ടർമാർ രോഗനിർണയത്തിൽ അല്പം സംശയം ഉണ്ടാകുമ്പോൾ ഉപയോഗിക്കുന്ന ? എന്ന ചിഹ്നം Rabies എന്ന വാക്കിന് മുൻപിലോ പിൻപിലോ അദ്ദേഹം ഉപയോഗിച്ചില്ല. കാരണം യാതൊരു സംശയവും അദ്ദേഹത്തിനില്ലായിരുന്നു. ആ രോഗത്തെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ വച്ചു നോക്കിയപ്പോഴും ത്രിപാഠി സർ 100% ശരിയായിരുന്നു.
വീണ്ടും എന്തൊക്കെയോ പേപ്പറിൽ കുറിച്ചശേഷം അദ്ദേഹം പ്രൊഫസറിന്റെ അടുത്തുപോയി. രോഗിയുടെ കൂടെ വന്നവർ ഒപി യുടെ പുറത്ത് നിർത്തിയിട്ടിരുന്ന സൈക്കിൾ റിക്ഷയിൽ കയറ്റി വാർഡിലേക്ക് കൊണ്ടുപോയി. പിന്നീട് ആ രോഗിയെയും ഞാൻ കണ്ടിട്ടില്ല. കാരണം ഇത്തരം രോഗികളെ പ്രവേശിപ്പിച്ചിരുന്ന ഇൻഫെക്ഷ്യസ് ഡിസീസസ് വാർഡിലെ കാഴ്ചകൾ കരളലിയിപ്പിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ പിജി സ്റ്റുഡന്റ്‌സ് അങ്ങോട്ട് പോകാറില്ലായിരുന്നു. പോയിട്ട് കാര്യവും ഇല്ലായിരുന്നു. കാരണം ഉറപ്പുള്ളത് ഒന്നുമാത്രം – മരണം.
എന്നാൽ വൈകുന്നേരം ആ രോഗിയുടെ അമ്മ ആർത്തലച്ചു കൊണ്ട് എന്റെ അടുത്തെത്തി. തന്റെ മകൻ അനുഭവിക്കുന്ന ഭ്രാന്തമായ അവസ്ഥ കണ്ടിട്ട് അവർക്ക് സഹിക്കാനാവുന്നില്ല. തന്റെ മകന്റെ ജീവൻ രക്ഷിക്കാനായി അവർ എന്റെ കാലിൽ വീണു. ലോകത്ത് 100% മരണനിരക്ക് ഒരു രോഗത്തിന് ഉണ്ടെങ്കിൽ അതിതിനു മാത്രമാണെന്ന് ഒഡീഷയിലെ ദരിദ്ര ഗ്രാമത്തിൽ നിന്നുള്ള ആ സ്ത്രീക്ക് അറിയില്ലല്ലോ. ഞാൻ ഇത്തരം രോഗികൾക്ക് മയക്കം കൊടുക്കാറുള്ള diazepam ഇഞ്ചക്ഷൻ കൊടുക്കാനുള്ള നിർദേശം എഴുതിയ കടലാസ് അവർക്ക് കൊടുത്തു. തന്റെ മകന്റെ ജീവൻ രക്ഷിക്കാനുള്ള എന്തോ ദിവ്യൗഷധം ലഭിച്ചെന്ന പ്രതീക്ഷയിൽ അവർ അടുത്ത മെഡിക്കൽ സ്റ്റോറിലേക്ക് ഓടി. ഞാൻ അവരുടെ ഓട്ടം ഒരു നിമിഷം നോക്കി നിന്നു. പിന്നീട് ആ അമ്മയെയും ഞാൻ കണ്ടിട്ടില്ല
ഇത്തരം ഒന്നോ രണ്ടോ രോഗികളെ മാസത്തിൽ ഞാനെന്റെ പി .ജി പഠന കാലഘട്ടത്തിൽ കണ്ടിരുന്നു. ഒറ്റ ചോദ്യം മാത്രം ചോദിച്ചാൽ മതിയായിരുന്നു ഇത്തരം രോഗികളിൽ ഈ രോഗം സംശയിക്കാൻ- ഈയിടെയെങ്ങാനും പട്ടി കടിച്ചിട്ടുണ്ടോ? രോഗം നിർണയിക്കാൻ രണ്ട് പരിശോധനകൾ മാത്രം – വായു രോഗിയുടെ നേരെ ഊതി അയാളിൽ ഭയം ജനിപ്പിക്കുക. അല്പം ദാഹജലം കൊടുത്ത് ഭയം വീണ്ടും വർദ്ധിപ്പിക്കുക. രക്തപരിശോധനയും സ്കാനിങും.ഒന്നും വേണ്ട. ചികിത്സാവിധിയോ അതിലും എളുപ്പം. Admit in Infectious Disease unit എന്ന് എഴുതി വിട്ടാൽ മാത്രം മതി. കൊടുക്കാൻ ഒരു മരുന്നു പോലും എഴുതിയില്ലെങ്കിലും ആരും ഒന്നും ചോദിക്കുകയുമില്ല. കൊടുക്കാനായി Inj Diazepam 5 mg ദിവസം രണ്ടുനേരം എന്ന് ആരെങ്കിലും ഒന്നെഴുതിയാൽ എന്തൊരു മഹാനുഭാവലു എന്ന് സഹപാഠികൾ ചോദിക്കും. 2006 കട്ടക്കിൽ നിന്നും പഠനം പൂർത്തിയാക്കി കോറോമണ്ഡൽ എക്സ്പ്രസിൽ കയറി ശുദ്ധീകരണസ്ഥലത്തെ വാസം കഴിഞ്ഞു വന്നതിനുശേഷം ഇത്രയും എളുപ്പം കണ്ടുപിടിക്കാവുന്ന ഈ രോഗം ഞാൻ കണ്ടിട്ടില്ല. ഇനി ജീവിതത്തിൽ ഒരിക്കലും കാണാൻ ഇടവരുത്തരുതേ എന്നു മാത്രമാണ് പ്രാർത്ഥന.