ലിംഗ -ജാതി വിവേചനം നമ്മുടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്നും നിലനിൽക്കുന്നുണ്ട്

395

എഴുതിയത് : Dr. K S Madhavan 

നമ്മുടെ സർവ്വകലാശാലകൾ അക്കാദമിക അറിവുത്പാദന കേന്ദ്രങ്ങളാണ് എന്നാണ് നാം കരുതുന്നത്. ഒരു ജനാധിപത്യ രാജ്യത്തിൽ സാമൂഹിക രാഷ്ട്രിയ പ്രക്രിയയോടൊപ്പം ജനാധിപത്യ വൽക്കരിക്കപ്പെടേണ്ട ഒന്നാണ് ആ രാജ്യത്തെ അക്കാദമിക് ജ്ഞാനഉത്പാദന പ്രക്രിയ. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഉന്നത വിദ്യാഭ്യാസ രംഗം ഭരണഘടനാ മൂല്യങ്ങൾക്കനുസൃതമായി ഉൾക്കൊള്ളൽ, തുല്ല്യ അവസരം, സാമൂഹിക നീതി, പ്രാതിനിത്യം എന്നിവയോട് നീതിപുലർത്തി യായിരിക്കണം എന്നു ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള കമ്മീഷനുകൾ ഉൾപ്പടെ പല സംവിധാനങ്ങളും നിർദേശിക്കുന്നത്. ഇതിൽ പ്രധാനപെട്ടതാണ് ലിംഗ -ജാതി വിവേചനം നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇല്ലാതാക്കുക എന്നതു. എന്നാൽ ഇപ്പോഴും ഈ വിവേചനം ശക്തമായിനമ്മുടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിക്കുന്നുണ്ട്.

വിവേചനത്തിന്റെ രൂപങ്ങൾ മുൻവിധി കളും, മറ്റുള്ളവർ തങ്ങളോട് വിധേയത്വപ്പെട്ടു നിന്നുകൊള്ളണമെന്ന മനോഭാവവും സ്ഥാപനപരമായി പ്രവർത്തിക്കുന്നു എന്നതാണ്. വിധേയപ്പെടുത്താൻ ഹീനവും മനുഷ്യത്വ വിരുദ്ധവുമായി രീതികൾ ഉപയോഗിക്കുന്നു എന്നതും അതു ഒരു അവകാശമായി നിലനിത്തുന്ന വ്യക്തികൾ അത്തരം മാർഗങ്ങൾ ഒരു തരം retrospective effect ഇൽ അധികാരത്തിന്റെ ശക്തികൂടി ഉപയോഗിച്ചുകൊണ്ട് നടപ്പാക്കുന്നു എന്നതാണ് ഇന്ത്യൻ ഉന്നത വിദ്യഭ്യാസ മേഖലയിൽ വ്യാപകമായി നിലനിൽക്കുന്ന ജാതി /ലിംഗം/മതം എന്നിവയെ അടിസ്ഥാനപ്പെടുത്തി യുള്ള institutional discrimination. ഇതു ഒരു വ്യവസ്ഥയായിട്ടാണ് നിലനിൽക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരും ഇടപെടുന്നവരും നൂറ്റാണ്ടുകളോളം വേരുകളുള്ള ഈ ഘടനയും ഇതിൽ പ്രിവിലേജ്ഡ് ആണ് എന്നു കരുതുന്ന വ്യക്തികളും അവരുടെ മനോഘടനയും മനസ്ഥിതിയും വിവേചനവ്യവസ്ഥയെനിരന്തരം ശക്തിപ്പെടുത്തുന്ന രീതികൾ അറിഞ്ഞോ അല്ലാതെയോ നിലനിർത്തുന്നു. അതു പരിഹരിക്കാനുള്ള ശ്രമങ്ങളും സംവിധാനം ങ്ങളും പ്രിവിലേജ്ഡ് മുൻവിധിക്കാർ തന്നെ ഒതുക്കി തങ്ങൾക്കനുകൂലമാക്കുന്നു. രോഹിത് വെമുലയുടെ സ്ഥാപനക്കൊലക്കു ശേഷം എങ്ങനെയാണ് അദ്ദേഹം ഗവേഷണം നടത്തിയ സർവകലാശാലാ രോഹിതിന്റെ മരണത്തോട് നിലപാടെടുത്തത് എന്നു നമുക്ക് അറിയാം. തീർച്ചയായും വ്യക്തി/ മനുഷ്യരെ ബോധവൽക്കരിച്ചുകൊണ്ടു മാത്രം പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല ഇതു. കാരണം ഇതു സ്ഥാപനപരമായ വിവേചനവും മുൻവിധികളുടെയും പ്രശ്നമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ഇത്തരം കാര്യങ്ങളിൽ ബോധം ഉണ്ടായിരിക്കേണ്ടത് ഈ രംഗത്തെ നീതിപൂർവമായ പഠന ഗവേഷണ പ്രവർത്തനങ്ങളുടെയും ജനാധിപത്യ സ്വഭാവത്തിനും ഉൾക്കൊള്ളൽ രീതിക്കും ആവശ്യം വേണ്ട കാര്യങ്ങൾ ആണ്. എങ്കിൽ മാത്രമേ ജനാധിപത്യ സത്തയുള്ള ഒരു ജ്ഞാന ഉത്പാദനപ്രക്രിയയെ നിർമിക്കാൻ നമ്മുടെ ഉന്നത വിദ്യാഭാസ രംഗത്തിനു കഴിയു.

പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ സർവ്വകലാശാലകളിൽ മറ്റു വിദ്യാര്ഥികളെപോലെ തന്നെ വിജ്ഞാന നിർമ്മിതിയിൽ ഏർപെടുന്നവരാണ് എന്നുള്ള ബോധം നമ്മുടെ പല പഠന വകുപ്പുകളിലെ ആശാന്മാർക്കും ബോധ്യപ്പെട്ടിട്ടില്ല.ഇത്തരം വിദ്യാർത്ഥികൾക്ക് ഗവേഷണം എന്നതു ഒരു ജീവിത സമരം തന്നെയാണ്. പ്രത്യേകിച്ചു ഇക്കാലത്തു തങ്ങളുടെ യോഗ്യതക്കനുസരിച്ചു ജോലി ലഭിക്കാൻ സാധ്യത വിരളമായ ഭാഷ മാനവിക വിഷയങ്ങളിൽ ഗവേഷണ പഠനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം. കേരളത്തിലെ സ്കൂൾ കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനങ്ങൾ എയ്ഡഡ് മാനേജ്മെന്റുകൾ നിയന്ദ്രിക്കുന്നതുകൊണ്ട് പാർശ്വ വത്കൃത സമൂഹങ്ങളിൽ നിന്നുള്ളവർക്കും പണം കൊടുത്തു ജോലിവാങ്ങാൻ ശേഷി ഇല്ലാത്തവർക്കും ഉന്നത ബിരുദങ്ങളും ഗവേഷണ പഠനങ്ങളും ഗവേഷണ ഡിഗ്രികളും പുറന്തള്ളൽ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആധുനികതയുടെയും മനുഷ്യ തുല്യതയുടെയും മൂല്യത്തിന് പകരമായി ആണ്കോയ്മയുടെയും ജാതി മുൻവിധിയുടെയും അഹം ഹുങ്കിന്റെയും താല്പര്യങ്ങൾ നിലനിർത്തുന്ന വ്യക്തികൾ അധികാരികളായി ആധുനിക ഭരണ സംവിധാനങ്ങളുടെ സ്ഥാപനരൂപങ്ങൾ ഉപയോഗിച്ച് ഇവ നിലനിർത്തുന്നു. ഇത് ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ വിശിഷ്യ ഉന്നത വിദ്യാഭ്യാസരംഗത്തെ സ്ഥാപനപരമായ വിവേചനവും അതിശക്തമായ പുറം തള്ളൽ /social exclusion പ്രക്രിയയായി നിലനിക്കുന്നു. ജീവിത ത്തിനും മരണത്തിനും ഇടയിലെ നിസ്സഹായമായ നിലവിളികളും സ്ഥാപന കൊലകളുമായി ദലിതർ ഉൾപ്പടെയുള്ള പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികളുടെ അക്കാദമിക ജീവിതം ഒടുങ്ങാൻ പാടില്ല എന്നു നാം ആഗ്രഹിക്കുമ്പോഴും ഇവിടെ അതു പരിഹരിക്കാൻ നിര്ദേശിക്കപ്പെട്ടിരിക്കുന്ന സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. താൻ ഏർപ്പെടുന്ന ജ്ഞാന ഉത്പാദന രംഗം നീതിപൂർവം അല്ല തന്നോട് പ്രവർത്തിക്കുന്നത് എന്നും അതു ഹിംസ പരമായി തന്റെ മേൽ വിവേചനത്തിന്റെ ക്രൂരത അധികാര സ്ഥാപനത്താലും അതു പ്രവർത്തിപ്പിക്കുന്ന വ്യക്തികളിലൂടെ സാങ്കേതികത്വത്തിന്റെ ഭാഷയിൽ പ്രതികാരബുദ്ദിയോടെ പ്രയോഗിക്കപ്പെടുന്നു എന്നു ഒരു ഗവേഷക വിദ്യാർത്ഥിനി അധികാരികളോടും പൊതു സമൂഹത്തോടും അഭ്യർത്ഥിച്ചിട്ടു ണ്ടെങ്കിൽ അത്തരം സംവിധാനങ്ങളെ പരിഷ്‌ക്കരിക്കേണ്ടതും ഗവേഷണ പഠനം സൗഹാർദ്ദപര മാക്കേണ്ടതുമായ ഉത്തരവാദിത്യം സർവ്വകാലശാലക്കും പൊതുസമൂഹത്തിനുമുണ്ട്.
കാലിക്കറ്റ് സർവ്വകല ശാല മലയാള പഠന വിഭാഗത്തിലെ ഒരു ഗവേഷകയായ സിന്ധു തന്റെ ഗവേഷണ പ്രബന്ധം സമർപ്പിക്കുന്നതിന്റ ഭാഗമായി തനിക്കു അനുഭവിക്കേണ്ടി വന്നത് ജാതി വിവേചനവും സ്ഥാപനപരമായ പുറന്തള്ളൽ പ്രക്രിയയുമാണ് എന്നു പ്രസ്താവിച്ചുകൊണ്ടുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടു ദിവസങ്ങളായി.

പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇതിനകം തന്നെ ഈ പ്രസ്താവന ഗൗരവപരമായ ഒരു വിവേചനരൂപത്തിന് ഇരയായ ഒരു വ്യക്തിയുടെ, ഒരു സർവകലാശാല ഗവേഷകയുടെ ദുരവസ്ഥയായി, വിശിഷ്യാ ദളിത്‌ വിഭാഗത്തിൽ പെട്ട ഗവേഷണ വിദ്യാർത്ഥിയുടെ public appeal ആയിനിലനിൽക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന വിവേചനത്തിനെയും മുൻവിധിയെയും പറ്റി സ്വയം സാക്ഷ്യമായി ഇതു മാറിയിരിക്കുന്നു. ഇത്തരം വിവേചന രൂപങ്ങളെ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികളും സംവിധാനങ്ങളും ഉടനടി നീതിപൂർവം ഇടപെടണം എന്നു അഭ്യർത്ഥിക്കുന്നു.