ഡോ കീർത്തി പ്രഭ

2022 ഏപ്രിൽ 28 ന് തിയേറ്ററുകളിലെത്തിയ ‘ജന ഗണ മന’ എന്ന മലയാള സിനിമ, സിനിമാമേഖലയ്ക്കും സിനിമ പ്രേമികൾക്കും പാൻ ഇന്ത്യൻ എന്ന വാക്കിന്റെ അർത്ഥം കൂടുതൽ വ്യക്തമാക്കി കൊടുക്കുകയാണ്.മലയാളികൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട സിനിമയല്ലിത്.ഭാഷാ സംസ്കാര ഭേദമന്യേ ഇന്ത്യയെമ്പാടും പടരേണ്ട ശക്തമായ ഒരു ഉള്ളടക്കമുണ്ട് ‘ജന ഗണ മന’യിൽ.ഒരു കാര്യം കലർപ്പില്ലാതെ പറയാൻ വിയർക്കുന്ന മലയാള സിനിമകൾക്കിടയിൽ ഈ സിനിമ തല ഉയർത്തി തന്നെ നിൽക്കുന്നു.ഇന്ത്യൻ സമൂഹത്തിലെ സാംസ്കാരികമായുള്ള വ്യത്യാസങ്ങളുടെ അതിരുകളും കടന്ന് നീങ്ങാൻ അനുയോജ്യമായ ശക്തമായ പ്രമേയത്തോടെ സാമൂഹത്തോട് ഇത്രയധികം പ്രതിബദ്ധത കാണിക്കുന്ന കലാസൃഷ്ടികൾ സൃഷ്ടിക്കപ്പെടുന്നു എന്നത് അഭിമാനവും പ്രത്യാശയുമാണ്.

 

മാർക്കറ്റിംഗ് തന്ത്രങ്ങളും തൊട്ടാൽ പൊള്ളുന്ന താരങ്ങളും ആണ് പാൻ ഇന്ത്യൻ സിനിമകൾ ഉണ്ടാക്കുന്നത് എന്ന മിഥ്യാ ധാരണയെ ശക്തമായ, ചുട്ടുപൊള്ളിക്കുന്ന പ്രമേയം കൊണ്ട് തുടച്ചു മാറ്റുകയാണ് ‘ജന ഗണ മന’.ഷാരിസ് മുഹമ്മദ് എഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, പ്രിത്വിരാജ്, വിൻസി അലോഷ്യസ്, മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

 

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പലപ്പോഴും പൊളിറ്റിക്കൽ ത്രില്ലറുകൾ ഉണ്ടാകുന്നത്.’ജന ഗണ മന’യിലും അതു തന്നെ സംഭവിക്കുന്നു.പോലീസ് എൻ കൗണ്ടറുകളും ക്യാമ്പസുകളിലെ പോലീസ് അതിക്രമങ്ങളും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിൽ വിദ്യാർത്ഥി സമൂഹവും ക്യാമ്പസ് രാഷ്ട്രീയവും നൽകുന്ന സംഭാവനകളും അധികാരത്തോടുള്ള ആർത്തി മൂത്ത് വിവേകബുദ്ധിയും സ്വബോധവും നഷ്ടപ്പെട്ട് ഭ്രാന്തന്മാരായി മാറുന്നവരും ആൾകൂട്ടങ്ങളുടെയും മാധ്യമങ്ങളുടെയും വിചാരണകൾ അന്ധമായി വിശ്വസിച്ച് അല്ലെങ്കിൽ വിശ്വസിക്കാൻ നിർബന്ധിതരായി കബളിപ്പിക്കപ്പെടുന്നവരും ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന കടുത്ത ജാതീയ ചിന്തകളും എല്ലാം തൊട്ടാൽ പൊള്ളുന്ന യഥാർഥ്യങ്ങളാണ്.അതിനെയൊക്കെയാണ് സിനിമ ഒട്ടും മൃദുവല്ലാതെ തൊടുന്നത്.
മതം, ജാതി, ലിംഗം, വർഗം, നിറം, വംശം, ലൈംഗിക സദാചാരം എന്നിവയുടെയൊക്കെ പേരിലുണ്ടാവുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെയും അതുണ്ടാവാൻ പ്രേരകമായിട്ടുള്ള നമ്മുടെയൊക്കെ ഉള്ളിന്റെയുള്ളിലെ പല അഹന്തകളുടെയും കരണം നോക്കി പുകയ്ക്കുന്നുണ്ട് സിനിമ.

 

ജാതി, ലിംഗം, വർഗം, വംശം, നിറം എന്നിവയിലെല്ലാം ദുർബലർ എന്ന് സമൂഹം വിലയിരുത്തിയിട്ടുള്ള മനുഷ്യരെ ആക്രമിക്കാനും അവരെ അടിമകളെ പോലെ കണ്ട് അടിച്ചമർത്തി വെക്കാനും വെമ്പൽ കൊള്ളുന്ന നികൃഷ്ടരായ മനുഷ്യരെ കാണിക്കുന്നുണ്ട് ണ്ട് സിനിമ.സാമൂഹികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും അധികാരികളായി വാഴുന്നവരുടെ അന്യായങ്ങൾക്കെതിരെ മിണ്ടാൻ ഭയക്കുന്നവർ പല തരത്തിൽ തങ്ങളെക്കാൾ താഴ്ന്നവർ എന്ന പൊതുബോധത്തിൽ പെട്ട് വലയുന്നവരെ ആക്രമിക്കുന്നതും അവരെ സദാചാരവും മര്യാദയും പഠിപ്പിക്കാൻ വ്യഗ്രത കാണിക്കുന്നതും എന്തൊക്കെ മിഥ്യബോധങ്ങളിൽ നിന്നും നിന്നും മുളച്ചു വരുന്നതാണെന്ന് വ്യക്തമായി പറയുന്നുണ്ട് സിനിമയിൽ.ഇത്തരം മിഥ്യബോധങ്ങൾ എല്ലാ മനുഷ്യരിലും ഉണ്ടാക്കുന്ന ഒരു അടിമത്തം ഉണ്ട്. അത് ഒരു മനുഷ്യന്റെ സാമൂഹിക നിലപാടുകളെ മാറ്റിമറിക്കുകയും അന്യായങ്ങളുടെ വഴികളിലൂടെ സഞ്ചരിക്കാൻ അവരെ പ്രാപ്തമാക്കുകയും ചെയ്യുന്നു.ഈ വിചാരങ്ങളെയെല്ലാം സിനിമ വ്യക്തമായി തുറന്നു കാണിച്ചിട്ടുണ്ട്.

 

അധികാര സ്ഥാനങ്ങളിൽ ഉള്ള വ്യക്തികളിൽ നിന്നും ജാതിവിവേചനം നേരിട്ടതിനെ തുടർന്ന് ജോലിയും പഠനവും ഉപേക്ഷിക്കേണ്ടി വന്നതും ആത്മഹത്യ ചെയ്യേണ്ടി വന്നതുമായ ഒത്തിരി ആളുകൾ ഉണ്ടായിരുന്നതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ രാജ്യമാണ് ഇന്ത്യ.ജാതി മത വിവേചനങ്ങൾക്കെതിരെ പടവാളാകേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെ ജാതീയതയും മതവിദ്വേഷവും പടർത്തുന്നതിൽ പങ്കു വഹിക്കുന്ന കാഴ്ച ഇത്ര അസ്വസ്ഥതകളുണ്ടാക്കുന്ന തരത്തിൽ മറ്റൊരു സിനിമയിൽ കണ്ടിട്ടില്ല.ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ജാതീയതയുടെ വക്താക്കളുടെ കീഴിലാണെന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ എങ്ങനെ ജാതീയ പീഡനങ്ങളുടെയും അവഗണനകളുടെയും കഥകൾ കേൾക്കാതിരിക്കും.

 

പ്രവർത്തിക്കുന്ന സമൂഹത്തോട് ഒട്ടും നീതി കാണിക്കാത്ത മാധ്യമങ്ങളുടെ നെറികേടുകൾക്ക് ഇതിൽ കൂടുതൽ എങ്ങനെയാണു ഒരു സിനിമയിലൂടെ മറുപടി കൊടുക്കുക.പല വിധ മാധ്യമങ്ങളും വായനക്കാരെ കണ്ടെത്താൻ സഞ്ചരിക്കുന്ന നാണം കേട്ട വഴികൾ ഇതിൽ കൂടുതൽ എങ്ങനെയാണു ചൂണ്ടി കാണിക്കുക.ധാർമികത കൈവിടാതെ വായനക്കാരെ കണ്ടെത്താൻ ആർക്കാണ് കഴിയുന്നത്? വികാരത്തെ ആളിക്കത്തിച്ച് വികാരങ്ങളിൽ നിന്നും ലാഭമുണ്ടാക്കാൻ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തമ്മിൽ മത്സരിക്കുന്ന കാഴ്ച നമുക്ക് സുപരിചിതമാണെങ്കിൽ കൂടിയും ‘ജന ഗണ മന, യിലേതു പോലെ ഇത്രയും നിശിതമായൊരു വിമർശനത്തിന്റെ, പ്രതിഷേധത്തിന്റെ ഭാഷ അത്ര സുപരിചിതമാവില്ല.

 

സിനിമയുടെ ഘടനയും അതിന്റെ ഒഴുക്കും ചില സംഭാഷണങ്ങളിലെ കല്ലുകടിയും അതിനാടകീയത നിറഞ്ഞ രംഗങ്ങളും എല്ലാം ന്യൂനതകളായി എടുത്ത് പറയാൻ അനുവദിക്കാത്ത ഒരു ഘടകമുണ്ട് സിനിമയിൽ.അതിന്റെ പ്രമേയം.ഇടക്കാലങ്ങളിലായി ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന പലവിധ അനീതികളെയും അവയുടെ കാരണക്കാരെയും കാരണങ്ങളെയും ഓരോന്നായി എടുത്ത് പറഞ്ഞു ഇത്ര രൂക്ഷമായി വിമർശിക്കാൻ കാണിച്ച സൃഷ്ടാക്കളുടെ ധൈര്യവും അതിനുപയോഗിച്ച ഭാഷയും ഒരിക്കലും ആ ന്യുനതകളെപറ്റി ഓർക്കാൻ പോലും സമ്മതിക്കുന്നില്ല.

 

കഥയെഴുതിയ ഷാരിസ് മുഹമ്മദ്,സംവിധാനം ചെയ്ത ഡിജോ ജോസ് ആന്റണി, സിനിമ നിർമിച്ച സുപ്രിയ മേനോൻ,ലെസ്റ്റിൻ സ്റ്റീഫൻ പിന്നെ ഈ സിനിമയുടെ ഭാഗമായ എല്ലാ കലാകാരൻമാരെയും പ്രത്യാശയോടെ അല്ലാതെ കാണാൻ കഴിയില്ല.സാമൂഹിക പ്രതിബദ്ധത എന്നത് തൂക്കി നോക്കി തീരുമാനിക്കുന്നവരിൽ നിന്നും സാമൂഹിക പുരോഗതിയും സാമൂഹിക നന്മയും സംസ്കാരവും ഉയർത്തിപ്പിടിക്കുവാൻ പുറംപൂച്ചുകളിൽ മാത്രം ആശ്വാസം കണ്ടെത്തുന്നവരിൽ നിന്നും ഒരു കൂട്ടം മനുഷ്യർ വ്യത്യസ്തരാവുന്നത് ഇങ്ങനെ ചിലത് പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോളാണ്.പലപ്പോഴും ഓരോ ഇന്ത്യൻ പൗരനും പറയണം എന്ന് തോന്നിയ, പറഞ്ഞ് കഴിഞ്ഞാൽ രാജ്യദ്രോഹി എന്ന് മുദ്ര കുത്തിയേക്കാമെന്നു ഭയന്ന് പറയാതിരുന്ന ഒരുപാടു ചോദ്യങ്ങൾ പൃഥ്വിയുടെ ഉറച്ച ശബ്ദത്തിൽ ചോദിച്ചത് കേട്ടപ്പോൾ ഉണ്ടായ ആത്മ സംതൃപ്തി തന്നെയാണ് ഈ സിനിമയുടെ വിജയം.

 

“ഒന്നുമില്ലെങ്കിലും അയാളെ കണ്ടാൽ അറിഞ്ഞൂടെ ‘ എന്ന ഒരൊറ്റ ഡയലോഗിൽ നമ്മുടെയൊക്കെ മനസിലുള്ള കപട സംസ്കാര ബോധങ്ങളെയും കപട സദാചാര ചിന്തകളെയും പുറത്തേക്ക് വലിച്ചിട്ടപ്പോൾ ഒന്ന് തലതാഴ്ത്തവരായി ആരെങ്കിലും ഉണ്ടാവുമോ. ഒരാളുടെ രൂപം, നിറം, ശരീര ഘടന, വസ്ത്രം ഇതൊക്കെ നോക്കി വിലയിരുത്തുന്ന സമൂഹത്തിന്റെ വികൃതമായ മനസ്സിനെ ഒരു മറയുമില്ലാതെ തുറന്നിട്ടപ്പോൾ ഉള്ളിന്റെയുള്ളിൽ ഇത് ഞാൻ തന്നെയല്ലേ എന്ന് തോന്നാത്തവർ ഉണ്ടാവില്ല.

 

 

മീഡിയയിലും ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിക്കുന്ന വാർത്തകളെ കണ്ണടച്ചു വിശ്വസിച്ച് അതാണ് സത്യമെന്ന് ഉറച്ച് ആ വാർത്തയുടെ മറ്റു വശങ്ങളും സത്യാവസ്ഥയും അറിയാനോ അതെപ്പറ്റി ചിന്തിക്കാനോ പോലും കഴിവില്ലാത്തവരായി മാറുന്ന ഒരു കൂട്ടം മനുഷ്യരെ സിനിമയിൽ കണ്ടപ്പോൾ ഞാനും നിങ്ങളുമെല്ലാം അക്കൂട്ടത്തിൽ പെടുന്നവർ ആണെന്ന യാഥാർഥ്യം മനസിലായപ്പോൾ എങ്ങനെ ഇതൊക്കെ തിരുത്താൻ കഴിയും എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടാതെ കിടപ്പുണ്ട്.നമ്മുടെ വികാരങ്ങളെ നിയന്ത്രിച്ച് വിവേകത്തെയും ബുദ്ധിയെയും മരവിപ്പിക്കുന്ന ബോധ്യങ്ങൾ നിർമ്മിച്ചെടുക്കുന്നവരെ, ആ വ്യവസ്ഥിതിയെ, അതിലെ അന്യായങ്ങളെ, നിരന്തരം ചോദ്യം ചെയ്യുക.പല വാർത്തകളെയും ഒറ്റനോട്ടത്തിൽ മനസിലാക്കി വികാരഭരതമായി വ്യക്തികളെ ആക്രമിക്കാനോ അന്ധമായി ആരാധിക്കാനോ തോന്നുമ്പോൾ പല വട്ടം ചിന്തിച്ച് പ്രതികരിക്കുന്ന ഒരു മനസ്സ് ഉണ്ടാക്കിയെടുക്കാനുള്ള വഴികാട്ടിയായി ഈ സിനിമയെ കാണാം.
ഇത് തുറന്നു പറച്ചിലുകളുടെ ഒരു തുടക്കം മാത്രമാണ്. ഇനിയുമുണ്ടാകും ഡിജോ ജോസിനും ഷാരിസ് മുഹമ്മദിനും ഒക്കെ ചോദിക്കാൻ ഒരുപാടു ചോദ്യങ്ങൾ.

<3  Dijo Jose Antony
<3 Prithviraj Sukumaran
<3 Suraj Venjaramoodu
<3 Mamtha Mohandas

Leave a Reply
You May Also Like

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും…

വനവരായ വന്തിയ തേവന്റെ സൂപ്പർ കാസ്റ്റ്

പൊന്നിയിൻ സെൽവൻ – വല്ലവരായ വന്തിയ തേവന്റെ സൂപ്പർ കാസ്റ്റ്. ക്രാഷ് കോഴ്സിന് ചേർന്നില്ലെങ്കിലും നോവൽ…

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Jyo Pixel സംവിധാനം ചെയ്ത ‘കുമിൾ’ നല്ലൊരു സാമൂഹ്യാവബോധം നൽകുന്ന ഷോർട്ട് ഫിലിം ആണ്. ഈ…

ബേസിലിന്റെ കഴിവും വലിപ്പവും മലയാളികൾക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല

2022 ലെ മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന് ആണ് ലഭിച്ചത്.പതിനാറ് രാജ്യങ്ങളാണ്…