ഡോ. കെ എസ് മാധവൻ
മതപൗരത്വ നിയമം ഹിന്ദുരാഷ്ടത്തിലേക്കുള്ള ചുവടുവയ്പ്പാണ്. ഹിന്ദുത്വത്തിനും ഹിന്ദു രാഷ്ട്രത്തിനും പൗരത്വം എന്ന സങ്കല്പം ഇല്ല. പ്രാചീന മധ്യകാല ഇന്ത്യയിലെ ജാതിവർണ്ണ വരേണ്യ മൂല്യങ്ങളിലാണ് ഹിന്ദുരാഷ്ട്രം അതിന്റെ രാഷ്ട്രിയ സാധു കാരണം നേടുന്നത് . അതുകൊണ്ട് ഹിന്ദുത്വത്തിനു ജനത എന്ന സങ്കല്പം ഇല്ല, തുല്യ പൗരത്വ സങ്കല്പവും ഇല്ല. സ്വാമി- ദാസ ബന്ധം മാത്രമാണ് ഹിന്ദു രാഷ്ട്രത്തിന്റെ ജനസങ്കല്പം. പൗരത്വം എന്നതു പ്രത്യേകിച്ച് ജനാധിപത്യ പൗരത്വം എന്നതു ആധുനിക ജനാധിപത്യ ദേശരാഷ്ട്രത്തിന്റെയും ഭരണഘടന ജനാധിപത്യത്തിന്റെയും അടിത്തറയാണ്. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ ജനായത്ത ഭരണക്രമവും മതനിരപേക്ഷ പൗരത്വ സങ്കല്പവും വിദേശിയമാണെന്നു വാദി ച്ചുകൊണ്ടാണ് ഹിന്ദുത്വ വാദികൾ ബ്രിട്ടീഷ് വിരുദ്ധ ദേശിയ സ്വതന്ത്രസമരത്തിന്റെ ജനാധിപത്യ മുല്യങ്ങൾക്കെതിരെ ബ്രാഹ്മണ്യ ഹിന്ദുരാഷ്ട്രവാദവും ജാതി വരേണ്യ ദേശീയതയും ഹിന്ദുത്വ ശക്തികൾ ഉയർത്തിക്കൊണ്ടു വന്നത്. ആ ജാതിഹിന്ദുത്വവും ബ്രാഹ്മണ്യ ദേശീയവാദവും എക്കാലത്തും എതിർത്ത ഒരു സങ്കല്പമാണ് മതേതര തുല്യ പൗരത്വ സങ്കല്പവും ഭരണഘടന ജനാധിപത്യവും. ഇന്ത്യൻ ഭരണഘടന വിദേശിയമാണെന്നു വാദിക്കുന്ന ഇവരാണ് നമ്മുടെ ഭരണഘടനക്ക് പകരമായി ധര്മശാസ്ത്രങ്ങളുടെ അടിത്തറയിൽ ബ്രാഹ്മണ്യ ഹിന്ദു ധർമ്മങ്ങൾക്കനുസൃതമായ മത ധർമ്മശാസ്ത്ര നിയമങ്ങൾ ഭരണഘടനയാക്കണമെന്നു വാദിക്കുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ നമ്മൾ രൂപപ്പെടുത്തിയ മതേതര ജനാധിപത്യ ദേശ രാഷ്ട്രവും തുല്യ പൗരത്വം ഉറപ്പാക്കുന്ന ഭരണഘടന ജനാധിപത്യവും വികസനോന്മുഖ ക്ഷേമരാഷ്ട്ര സങ്കല്പവും മതസംസ്കാര ദേശീയതയിലേക്കും ഹിന്ദുത്വ സമഗ്രാധിപത്യ ഭരണവ്യവസ്ഥയിലേക്കും വഴിമാറി എന്നതാണ് മതപൗരത്വ നിയമവും ദേശിയ പൗരത്വ കണക്കെടുപ്പ് രജിസ്റ്ററും ദേശിയ ജനസംഖ്യ രജിസ്റ്ററും കാണിക്കുന്നത്. ഇന്ത്യൻ ദേശിയ സ്വാതന്ത്ര സമരത്തെ ഇന്ത്യൻ ഗ്രാമങ്ങൾ ഏറ്റെടുത്തതും ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രക്ഷോഭ മായിത്തീർന്നതും നിസ്സകരണ പ്രക്ഷോഭത്തിലൂടെയും നിയമലംഘന പ്രസ്ഥാനത്തിലൂടെയുമാണ് എന്നതു ഈ മതപൗരത്വ നിയമത്തെ മുൻ നി ര്ത്തി നമുക്കു ആലോചിക്കാൻ കഴിയണം. ജനാധിപത്യത്തെയും മതേതര ദേശരാഷ്ട്ര ത്തെയും തുല്യ പൗരത്വത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കൊളോണിയൽ വിരുദ്ധ ദേശിയ സ്വാതന്ത്ര സമരം നമുക്ക് വഴികാട്ടിയാണ്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായുള്ള ദേശിയ പ്രക്ഷോഭം ആവശ്യമായിവന്നിരിക്കുന്നു. ഭരണഘടന സാക്ഷരതയും പൗരത്വ ബോധവും അതിന്റെ അടിത്തറയാണ്. ഭരണഘടനയുടെ ധാർമികതയും ദർശനവും ഉള്ളടങ്ങിയ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നമ്മുടെ നിത്യ ജീവിതത്തിന്റെ കരുതലും കാതലുമായി ചേർത്തുപിടിക്കുക. നമ്മൾ ഓരോരുത്തരും ഭരണഘടനയുടെ കാവലാളാകുക.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.