കേരളത്തിൽ നാളെ കോവിഡ് വാക്സിനേഷൻ (കോവിഷീൽഡ്) ആരംഭിക്കുകയാണല്ലോ… രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച Kunjaali Kutty സ്വന്തം അനുഭവം എഴുതുന്നു:
“ആദ്യ ഡോസ് കോവിഡ് വാക്സിൻ എടുത്തപ്പോൾ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കുത്ത് കിട്ടിയ സ്ഥലത്ത് മൂന്നാല് ദിവസം വേദനയുണ്ടായിരുന്നു എന്ന് മാത്രം. സാധാരണ ഫ്ലൂ വാക്സിൻ എടുക്കുമ്പോൾ ഉണ്ടാകാറുള്ള വേദനയേക്കാളും കുറച്ച് കൂടി കൂടുതലായി തോന്നി. രണ്ടാമത്തെ ഡോസ് അങ്ങനെയായിരുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് വാക്സിൻ എടുത്തത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞതും ഒരു പനിക്കോള് തുടങ്ങി. താമസിയാതെ കിടുകിടെ വിറയ്ക്കാനും. അപ്പഴേ ഓടി വീട്ടിൽ പോയി. വീട്ടിൽ ചെന്ന് കുറച്ച് കഴിഞ്ഞതും ശക്തമായ ഫ്ലൂവിൻ്റെ ലക്ഷണങ്ങൾ തുടങ്ങി. ശരീരവേദന, വിറയലോട് കൂടിയ പനി. മൂന്നാല് ലെയർ ഉടുപ്പുകളിട്ടിട്ടും തണുപ്പും വിറയലും. 2 പാരസെറ്റമോൾ കഴിച്ചു. രാത്രി കിടന്നിട്ട് ഉറക്കവും വരുന്നില്ല. വയർ വേദന, പനി, കുളിര്. അവസാനം എപ്പോഴോ ഉറങ്ങി.
രാവിലെ എഴുന്നേറ്റപ്പോ പനിയും കുളിരും ശരീരവേദനയും എല്ലാം പമ്പ കടന്നിരിക്കുന്നു. ശരിക്ക് ഉറങ്ങാനാവാത്തതിൻ്റെ ക്ഷീണം മാത്രമേ ഉള്ളൂ. ജോലിക്ക് പോയി. ഇന്നലത്തെ ലക്ഷണം കണ്ടിട്ട് ഇന്ന് സിക്ക് ലീവെടുക്കേണ്ടി വരുമെന്നാണ് കരുതിയത്. എൻ്റെ കൂട്ടുകാരിലും സഹപ്രവർത്തകരിലും മിക്കവാറും പേർക്ക് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഇതേ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചിലർക്കൊക്കെ രണ്ടു ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നിരുന്നു. എന്നാൽ ചിലർക്ക് ഇത്തരത്തിൽ യാതൊരു പ്രശ്നവും ഉണ്ടായതുമില്ല! ഈ ലക്ഷണങ്ങൾ കണ്ട് ആരും പേടിക്കേണ്ടതില്ല. നിങ്ങളുടെ ശരീരത്തിൻ്റെ പ്രതിരോധ വ്യവസ്ഥ വാക്സിനോട് പ്രതിപ്രവർത്തിച്ച് പ്രതിരോധമുണ്ടാക്കുന്നതിൻ്റെ ലക്ഷണമാണത്.”
വാക്സിൻ ടൈപ് : ഫൈസർ-ബയോൺടെക്
**
(കുഞ്ഞാലിക്കുട്ടി ഒരു ഡോക്ടറാണ്, അധ്യാപകനാണ്. )
ഈ അവസരത്തിൽ ഒന്നേ പറയാനുള്ളൂ… ധൈര്യമായി കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുക. പല മഹാമാരികളിൽ നിന്നും ഈ ലോകത്തെ കരകയറ്റിയത് വാക്സിനേഷനാണ്.