മൂക്കിൽ എന്തോ എണ്ണയൊഴിച്ചു, ഞാൻ മുങ്ങിച്ചാകുമെന്നു തോന്നി

0
117

Nasya - Panchakarma treatment at Ancient Veda, Sector 56, Noida .മാനിഷാദ!

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്,ചികിൽസിച്ച് ചികിൽസിച്ച് ആളെക്കൊല്ലുകയുമരുത്.ആയുർവേദത്തിൽ ഫലം ചെയ്യുന്ന ചികിത്സാരീതികളുണ്ടാകാം,പക്ഷെ ശാസ്ത്രം മനുഷ്യശരീരത്തെ മനസ്സിലാക്കുന്നതിൽ റൊമ്പദൂരം മുന്നോട്ടു പോയിട്ടും ആയുർവേദം ഇപ്പോഴും 96 ലെ റാമിനെപ്പോലെ 5000 വർഷം മുൻപത്തെ പഴയ വേദകാല വൈദ്യന്മാർ എവിടെ വിട്ടിട്ടു പോന്നോ അവിടെത്തന്നെ അങ്ങനെ നിന്നു പോയിരിയ്ക്കുകയാണ്.ആധുനിക വൈദ്യശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സ ഉള്ളപ്പോഴും പ്രാകൃതവും അശാസ്ത്രീയവുമായ ചികിത്സാ രീതികൾ അവലംബിച്ച് ആളുകളുടെ ജീവനും ആരോഗ്യവും അപകടത്തിലാക്കുന്നതും, ,
വ്യാജ പ്രചാരണങ്ങളിലൂടെ കൊറോണ പോലുള്ളൊരു മഹമാരിയ്ക്കെതിരെ ഉള്ള പ്രതിരോധ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നതും ശിക്ഷാർഹമായ കുറ്റമാക്കേണ്ടതാണ്.

Kunjaali Kutty ഡോക്ടറുടെ കുഞ്ഞിലേ ഉള്ളൊരു അനുഭവം വായിയ്ക്കൂ, ഡോക്ടർ അന്ന് രക്ഷപ്പെട്ടത് ആരുടെയൊക്കെയോ ഭാഗ്യം😜

കുഞ്ഞിലേ എനിക്ക് ജലദോഷവും മൂക്കൊലിപ്പും മാറിയ കാലമില്ലാരുന്നു. മോഡേൺ മെഡിസിൻ, ഹോമിയോപ്പതി, ആയുർവേദം എല്ലാം മാറി മാറി വീട്ടുകാർ എന്റെ മേൽ പ്രയോഗിച്ചു. ഒരു രക്ഷേമില്ല. അങ്ങനെ ഒരഞ്ചാറ് വയസ്സോ മറ്റോ ആയപ്പോ ആരോ പറഞ്ഞറിഞ്ഞു ഒരു ആയുർവേദ വൈദ്യന്റെയടുത്ത് എത്തിക്കുന്നു. വൈദ്യൻ ‘ഇപ്പ ശര്യാക്കിത്തരാം’ന്ന് പറഞ്ഞു ഒരു എണ്ണയും തന്ന് വീട്ടിലേക്ക് വിടുന്നു.

അടുത്ത ദിവസം രാവിലെ എണ്ണയും എടുത്ത് അച്ഛനും അമ്മയും കൂടി വിളിക്കുന്നു. ഇതേപോലെ എത്ര എണ്ണ തേച്ചതാ, ഇത് ചീള് എന്നും പറഞ്ഞു മൂളിപ്പാട്ടും പാടി വന്ന എന്നോട് കേറി കട്ടിലിൽ കിടക്കാൻ പറഞ്ഞു. ഇനിയിപ്പോ ദേഹത്ത് തേപ്പിക്കാനാവുമോ, അതെന്തിനാ മൂക്കൊലിപ്പിന് ദേഹത്ത് തേയ്ക്കുന്നേന്നൊക്കെ ആലോചിച്ചെങ്കിലും എന്തേലും ആയിക്കൊണ്ട് പോട്ടേന്നുള്ള ചിന്തയിൽ ശടെന്ന് കേറി കിടന്നു. അപ്പോഴാണ് അച്ഛൻ ഒരു ഫില്ലറിൽ എണ്ണ എടുക്കുന്നത് കണ്ടത്. പിന്നെ എല്ലാം പെട്ടെന്നാരുന്നു. ഇത്തിരിയില്ലാത്ത എന്റെ കയ്യും കാലും തലയും എല്ലാം കൂടെ കൂട്ടിപ്പിടിച്ചു ഫില്ലറിലെ എണ്ണ എന്റെ മൂക്കിനകത്തേക്ക്. മരണവെപ്രാളം എന്ന് പറഞ്ഞാൽ ഇതാണ്.

എണ്ണ ഏതെല്ലാമോ റൂട്ടിൽ കൂടെ തലയ്ക്കകത്ത് എവിടെയൊക്കെയോ എത്തിപ്പെടുന്ന ഒരു ഫീൽ. ഇപ്പൊ മുങ്ങിച്ചാവാൻ പോകുമോയെന്ന് പേടിച്ചു. ഒറ്റ സെക്കൻഡിൽ അടുത്ത മൂക്കിലേക്കും ഇതേ പ്രയോഗം. പിടിവിട്ടതും ചാടിയെഴുന്നേറ്റ് ഓടാൻ പോയ എന്നെ wwf ഇൽ വീണവന്റെ മേലെ കേറി ഇരിക്കുന്നത് പോലെ അച്ഛനും അമ്മയും. ഓടാനും പറ്റുന്നില്ല. പതിനഞ്ചു മിനിറ്റോ മറ്റോ കിടക്കണമത്രേ. ആ കിടപ്പിൽ കിടന്നു ചെയ്യാൻ പറ്റുന്ന ഏക കാര്യം കരയുക എന്നതാരുന്നു. കാറികൂവാനുള്ള മാക്സിമം എബിലിറ്റിയിൽ ഞാൻ അത് ചെയ്തു കൊണ്ടിരുന്നു.

അനിയൻ ഉണ്ടായിട്ട് രണ്ടു കൊല്ലമോ മറ്റോ ആയിട്ടുള്ളൂ. വീട്ടിൽ വരുന്ന മലക്കറിക്കാരി സരസ്വതിയമ്മ എപ്പോഴും പറയാറുണ്ട്, നീ ഇവരുടെ മോനല്ല, ഞാൻ പണ്ട് മലക്കറീം കൊണ്ട് വന്നപ്പോ വഴീൽ കിടക്കുന്നത് കണ്ടു കുട്ടയിൽ എടുത്തു വെച്ച് ഇവർക്ക് കൊണ്ടന്ന് കൊടുത്തതാണെന്ന്. അമ്മയുടെ മുന്നിൽ വെച്ചാണ് പറയുന്നത്. അമ്മ ഒരു ചെറുചിരിയോടെ നിക്കുകയല്ലാതെ നിഷേധിച്ചിട്ടില്ല.
ഇതൊക്കെയാണ് മനസ്സിൽ കൂടെ പോയത്. ഇനിയിപ്പോ ഇവർക്ക് കുഞ്ഞുണ്ടായത് കൊണ്ട് എന്നെ കൊന്ന് വല്ലയിടത്തും കൊണ്ടുകളയാനുള്ള പരിപാടിയാണോ എന്നൊക്കെ സംശയിച്ചു. ഏതായാലും കൂടുതൽ ആലോചിച്ചു കാട് കയറുന്നതിന് മുന്നേ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു. തലയൊക്കെ കറങ്ങി എഴുനേറ്റ് നിൽക്കാനുള്ള ശക്തി പോലുമില്ലാതെ ഞാൻ നനഞ്ഞ പഴന്തുണി പോലെ അവിടെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോ ഛർദ്ദിച്ചു. മൂക്കിലേക്ക് പോയ എണ്ണയും രാവിലെ കുടിച്ച ചായയും പിന്നെ വയറ്റിൽ ഉണ്ടാരുന്ന വേറെന്തൊക്കെയോ കൂടെ കൺട്രോളില്ലാത്ത ഛർദ്ദിൽ.

അന്ന് ഉച്ച കഴിഞ്ഞപ്പോ പനി തുടങ്ങി. പനിയെന്നു പറഞ്ഞാൽ അസാധ്യ പനി. വൈകുന്നേരമായപ്പോൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടും. വീട്ടുകാർ എടുത്തോണ്ട് ആശുപത്രിയിലേക്ക് ഓടി. പിന്നെ എല്ലാം ഒരു അവ്യക്തതയായിരുന്നു. മൂന്നാല് ദിവസം കഴിഞ്ഞു റേഞ്ച് കിട്ടാൻ. രണ്ടു ദിവസം കൂടെ കഴിഞ്ഞപ്പോ വീട്ടിലേക്ക്. ഏകദേശം പിന്നേം രണ്ടാഴ്‌ചയെടുത്തു സാധാരണ നിലയിലേക്ക് എത്താൻ.

വളർന്നു കഴിഞ്ഞു മെഡിസിനൊക്കെ പഠിച്ചപ്പോഴാണ് മനസിലായത്, എണ്ണയും ഛർദ്ദിലും ഒക്കെ കൂടി ശ്വാസകോശത്തിൽ കേറി ആസ്‌പിറേഷൻ ന്യുമോണിയ എന്ന, മരണകാരണം വരെ ആയേക്കാവുന്ന കണ്ടീഷൻ ആയിരുന്നു അതെന്ന്. ഞാനുമായി വഴക്കിടുന്ന എല്ലാ അവസരങ്ങളിലും അച്ഛനെയും അമ്മയെയും ഇമോഷണൽ ബ്ളാക്മെയിലിംഗിനായി ഞാനീ സംഭവം ഉപയോഗിച്ചിരുന്നു എന്നതാണ് വസ്തുത. ഒടുവിൽ മനസിന് പക്വതയൊക്കെ വന്ന്, അവർക്കിത് മെൻഷൻ ചെയ്യുന്നത് തന്നെ മനഃപ്രയാസമുണ്ടാക്കുന്നതാണ് എന്ന് മനസിലായപ്പോഴാണ് നിർത്തിയത്.

ഇതൊക്കെ ഇന്നിപ്പോ ഓർക്കാൻ കാരണം കൊറോണയെ നേരിടാൻ മൂക്കിലൂടെ വെളിച്ചെണ്ണ ഒഴിച്ചാൽ മതിയെന്ന് ആയുഷ്‌കാർ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ധൈര്യമുള്ളവർക്ക് വേണമെങ്കിൽ ചെയ്തു നോക്കാവുന്നതാണ്. ദയവായി കുട്ടികളെയും എതിർക്കാൻ ശാരീരിക ശേഷിയില്ലാത്തവരെയും ബലമായി ചെയ്യിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു.

പിഎസ്: ആയുർവേദം പഠിച്ച ഒരു ഫ്രണ്ടിനോട് ഇതേപ്പറ്റി പറഞ്ഞപ്പോ അയാൾ പറഞ്ഞതാണ്, സൈനസൈറ്റിസിനുള്ള അണുതൈലം എന്നൊരു എണ്ണയുണ്ട്, അതാവാം അന്ന് എന്റെ മൂക്കിൽ അടിച്ചു കേറ്റിയതെന്ന്. തീർച്ചയില്ല.