24 വയസുള്ള അവിവാഹിതയായ പെൺകുട്ടിക്ക് അബോർഷന് അവകാശമുണ്ട്, എന്നാൽ …

54

Dr Kunjaali Kuttyയുടെ സോഷ്യൽ മീഡിയ കുറിപ്പ്

24 വയസുള്ള അവിവാഹിതയായ പെൺകുട്ടി അബോർഷന് വേണ്ടി പങ്കാളിയുമൊത്ത് വന്നപ്പോൾ മാതാപിതാക്കളെ കൂട്ടി വരാൻ പറഞ്ഞയച്ച നടപടി നിയമപരമായും ധാർമ്മികമായും തെറ്റാണെന്നതിനോട് 100% യോജിക്കുന്നു. തീരുമാനങ്ങളെടുക്കാൻ മാനസികമായി പ്രാപ്തിയുള്ള, പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ രോഗ/ചികിൽസാ വിവരങ്ങൾ ആ വ്യക്തിയുടെ അനുമതിയില്ലാതെ മൂന്നാമതൊരാളോട്, അതിനി മാതാപിതാക്കളായാലും മക്കളായാലും പങ്കാളിയായാലും ഒക്കെ, കൈമാറുന്നത് പേഷ്യൻ്റ് കോൺഫിഡൻഷ്യാലിറ്റിക്കും എത്തിക്സിനും നിരക്കുന്നതല്ല.

പക്ഷേ നമ്മുടെ നാട്ടിൽ ഇത് പാലിക്കാൻ ശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് എന്ത് സംരക്ഷണമാണുള്ളത്? ബന്ധുക്കളോട് പറയാതെ രോഗവിവരം രോഗിയോട് പറഞ്ഞതിന് സുഹൃത്തായ ഡോക്ടർക്ക് തല്ല് കിട്ടിയിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ വന്ന രോഗിയെ രക്ഷിക്കാൻ വേണ്ടി ബന്ധുക്കൾ എത്തുന്നതിന് മുൻപ് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും രോഗി മരിച്ചതിൻ്റെ പേരിൽ കേസുമായി കോടതി കേറിയിറങ്ങുന്ന ഡോക്ടർമാരുണ്ട്. എല്ലാ വിവരവും രോഗിയെയും ബന്ധുക്കളെയും പറഞ്ഞ് മനസിലാക്കിയ ശേഷം ഓപ്പറേഷൻ ചെയ്ത ശേഷം ഗുരുതരമായ അണുബാധ മൂലം രോഗി മരിച്ചതിന് ആദ്യം തെറിവിളിയും പിന്നെ കേസും കിട്ടിയ ഡോക്ടറെ അറിയാം. കെട്ടിടത്തിന് മുകളിൽ നിന്ന് വീണ കുട്ടി മരിച്ച കേസിൽ ഫേസ്ബുക്കിലുള്ള സുഹൃത്തായ ഒരു ന്യൂറോ സർജൻ അയാൾ അറിയാത്ത കാര്യത്തിന് കേട്ട തെറി വിളി ഓർമ്മയുണ്ട്.

കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ, പങ്കാളിയുമൊത്ത് വന്ന് അബോർഷൻ നടത്തുന്നതിനിടയിൽ ആ സ്ത്രീ മരിച്ചു പോവുകയോ മറ്റ് എന്തെങ്കിലും ഗുരുതര കോംപ്ലിക്കേഷനുകൾ ഉണ്ടാവുകയോ ചെയ്താൽ അതിൻ്റെ ഭവിഷ്യത്തുക്കൾ ആ ഡോക്ടർ അനുഭവിക്കേണ്ടി വരില്ലെന്ന് സർക്കാരിനോ സമൂഹത്തിനോ എന്തെങ്കിലും ഉറപ്പ് നൽകാനാവുമോ? ഡോക്ടർമാർ ഡിഫൻസീവ് പ്രാക്ടീസ് ചെയ്യുന്നതിന് സിസ്റ്റവും ഒരു പരിധി വരെ ഉത്തരവാദിയാണ് എന്നാണെനിക്ക് തോന്നുന്നത്.